വിഷാദരോഗം വരുന്ന വിധം

By on May 2, 2017

വിഷാദരോഗം വരുന്ന വിധം

‘വിഷാദരോഗം’ എന്നൊരു രോഗമുണ്ട്. ഇംഗ്ലീഷില്‍ ‘ഡിപ്രഷന്‍’ എന്നു പറയും. ഇതൊരു മാനസികാവസ്ഥയാണ്. ഇതു ബാധിച്ചവരെ കണ്ടാലറിയാം. എപ്പോഴും വിഷാദം, ദുഃഖം, സന്തോഷക്കുറവ്, ഒന്നിലും താല്‍പര്യമില്ല, സദാനേരവും ക്ഷീണം, തളര്‍ച്ച. ഉറക്കംപോലും ശരിയാവാത്ത അവസ്ഥ, അകാരണമായുള്ള നിരാശാബോധം, മ്ലാനത ഇതൊക്കെയാണ് വിഷാദരോഗികളുടെ ലക്ഷണം.
വല്ലപ്പോഴുമൊക്കെ ഈ ലക്ഷണങ്ങളില്‍ ചിലതൊക്കെ ആര്‍ക്കും ഉണ്ടാകാം, അതു സ്വാഭാവികം. ഏതാനും മണിക്കൂറുകളോ ഒരു ദിവസമോ കഴിഞ്ഞാല്‍ അതൊക്കെ വിട്ടുമാറും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വന്നുപെടുന്ന ഈ മാനസിക കാലാവസ്ഥാമാറ്റത്തെ ഭയപ്പെടാനില്ല.
എന്നാല്‍ ഈ അവസ്ഥ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സൂക്ഷിക്കണം. അത് ആ വ്യക്തിയുടെ സ്വഭാവത്തിന്റെ അടര്‍ത്തി മാറ്റാനാവാത്ത ഭാഗമായി തീരുമ്പോഴാണ് അപകടം. ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. തന്നെ ആര്‍ക്കും വേണ്ടെന്നും താന്‍ ഈ ലോകത്തിന് ഭാരമാണെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നുമൊക്കെ കക്ഷി ചിന്തിച്ചുകൂട്ടൂം. ആ ചിന്ത അയാളെ ആത്മഹത്യയിലേക്കുവരെ നയിച്ചേക്കാം. പേരുകേട്ട ചില കലാകാരന്മാരും എഴുത്തുകാരും കവികളുമൊക്കെ ആ വഴി തിരഞ്ഞെടുത്തതായി നാം വായിച്ചിട്ടുണ്ട്.
യഥാര്‍ഥ വിഷാദരോഗം മൂര്‍ഖന്‍പാമ്പിനെപ്പോലെ വീരശൂരനാണെങ്കില്‍, നീര്‍ക്കോലിയെപ്പോലെ നിരുപദ്രവകാരിയായ വിഷാദ രോഗങ്ങളുമുണ്ട്. ഇതു ചില വ്യക്തികളില്‍, ചില സമയങ്ങളില്‍, ചില പ്രത്യേക കാരണങ്ങളാല്‍ സംഭവിക്കുന്നതാണ്. അതിനു ചികിത്സയുണ്ട്, തക്കസമയത്ത് ചെയ്യണമെന്നു മാത്രം.
ഉദാഹരണത്തിന് സാമാന്യം മദ്യപിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മദ്യം കിട്ടാതെ വരുമ്പോള്‍ വിഷാദരോഗം വരാം. സ്ഥിരമായി കുടിച്ചിരുന്നതാണ്. ഇപ്പോള്‍ രക്ഷയില്ല. എപ്പോള്‍ നോക്കിയാലും വീടിന്റെ ഉമ്മറത്ത് വന്നിരിക്കും. ഭാര്യ വന്നു വിളിച്ചാല്‍, അവിടെ നിന്നു മാറി മറ്റൊരിടത്ത് കുറ്റിയുറപ്പിക്കും. എപ്പോഴും ചിന്തയാണ്. ഭക്ഷണം പോലും വേണ്ട. മദ്യമില്ലാത്ത ഈ ലോകം കക്ഷിക്ക് ഉപ്പില്ലാത്ത കഞ്ഞിപോലെയും മധുരമില്ലാത്ത ചായപോലെയുമായിരിക്കുമെന്നു പറഞ്ഞാല്‍ അതിലഘൂകരണമായിരിക്കും. കണ്ടാല്‍ കഞ്ചാവടിച്ചിരിക്കുകയാണെന്നു പോലും തോന്നിയേക്കാം. അങ്ങനെയല്ല.
ഈ ഘട്ടത്തിലാണ് നാം അവരെ പ്രത്യേകം സൂക്ഷിക്കേണ്ടത്. അല്‍പ്പം എഴുതാനും വായിക്കാനും കഴിവുള്ളയാളാണ് ടിയാന്‍ എങ്കില്‍, കൂടുതല്‍ ശ്രദ്ധിക്കണം. ഈ ഘട്ടത്തിലാണ് അസ്തിത്വ ചിന്ത കടന്നുവരുന്നത്. സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ലോകം… എന്നു കവി പാടിയതിനെ ‘മദ്യത്തില്‍ നിന്നു ദിക്കുന്ന ലോകം, മദ്യത്താല്‍ വൃദ്ധി തേടുന്നു’ എന്നൊക്കെ പാടാന്‍ തുടങ്ങും. ‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്ന കവിത ‘മദ്യമാണഖിലസാരമൂഴിയില്‍’ എന്നു മാറ്റിപ്പാടും. ഈ ലോകം മദ്യപന്മാരെ പീഡിപ്പിക്കുകയാണെന്നും അവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും കക്ഷി ചിന്തിക്കാനും പറയാനും തുടങ്ങും. സാധാരണയായി ഈ അവസ്ഥ ഏറെ സമയം നീണ്ടുനില്‍ക്കാറില്ല. എങ്ങനെയെങ്കിലും സുഹൃത്തുക്കള്‍ വഴിയോ മറ്റോ ടിയാന്‍ എവിടെ നിന്നെങ്കിലും സാധനം അകത്താക്കുന്നതോടെ തല്‍ക്കാലം ഈയിനം വിഷാദരോഗം മാറിക്കൊള്ളും.
രാഷ്ട്രീയക്കാരെ സാധാരണ ബാധിക്കുന്ന ഒരിനം വിഷാദരോഗമുണ്ട്. അതിനെ അലോപ്പതിയില്‍ രാഷ്ട്രീയ വിഷാദ രോഗമെന്നു പറയും. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക, അധികാരം നഷ്ടപ്പെടുക, അണികള്‍ അകന്നുപോകുക, പഴയ അഴിമതികള്‍ വെളിച്ചത്തുവരിക ഇത്യാദി ദുര്യോഗങ്ങളുണ്ടായാല്‍, രാഷ്ട്രീയ വിഷാദരോഗം കലശലാവും.
സാധാരണയായി ഇടത്തരം നേതാക്കളെയാണ് ഇതു ബാധിക്കുക. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. തന്നെ പാര്‍ട്ടി കൈവിട്ടെന്നുള്ള ചിന്തയാണ് ഈയിനം വിഷാദരോഗത്തിന്റെ അടിസ്ഥാനം. അപൂര്‍വമായി, രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ കഴിച്ചുകൂട്ടിയവര്‍ക്കും വിഷാദരോഗം ബാധിക്കാം. തൊണ്ണൂറ് വയസായാലും ഇപ്പോഴും തനിക്ക് എംഎല്‍എയാവാനും മന്ത്രിയാവാനും മറ്റാരേക്കാളും യോഗ്യതയുണ്ടെന്നും എന്തുകൊണ്ട് തന്നെ മന്ത്രിയാക്കുന്നില്ലെന്നും ഇവര്‍ ആലോചിച്ചുകൊണ്ടിരിക്കും. പുതിയ നേതാക്കള്‍ വളര്‍ന്നു വരുന്നതിനെ ഇവര്‍ സ്വാഗതം ചെയ്യില്ല. എന്നുമാത്രമല്ല, വഴിമുടക്കി കിടക്കുകയും ചെയ്യും. ഇങ്ങനെയുള്ളവരെയാണ് ഗവര്‍ണറായും മറ്റും നാടുകടത്തുന്നത്. പക്ഷേ, രണ്ടോ മൂന്നോ വര്‍ഷം ഗവര്‍ണറായശേഷം അവര്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍, വീണ്ടും വിഷാദരോഗത്തിലേക്ക് വഴുതിമാറും.
ആ ഘട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അല്ലെങ്കില്‍ സ്വപ്‌നാംബുളിസം പോലെയുള്ള അസ്‌ക്കിതകളുണ്ടാകും. ഉറക്കത്തില്‍ നടക്കുക, ഉറക്കം നഷ്ടപ്പെടുക തുടങ്ങിയവയാണ് അധികാരം നഷ്ടപ്പെടുമ്പോഴുണ്ടാകാവുന്ന സാധാരണ പ്രശ്‌നങ്ങള്‍. കേന്ദ്രത്തിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ടു കഴിയുന്നവരും പാതയോരങ്ങളില്‍ നിന്നു മദ്യക്കടകള്‍ നീക്കിയതുകൊണ്ട് മദ്യം കിട്ടാതെ വലയുന്നവരും കേരളത്തില്‍ ഇന്ന് ഏറെയുണ്ട്. വൈദ്യശാസ്ത്ര വിധിപ്രകാരം ചികിത്സ വേണ്ടാത്തവരാണ് ഇവരെങ്കിലും അവരുടെ മാനസികാവസ്ഥ നാം കാണാതിരുന്നു കൂടാ. ചുരുങ്ങിയ പക്ഷം ഒരു സാമൂഹ്യസേവനം എന്ന നിലയിലെങ്കിലും ഇവരുടെ കാര്യം നാം ചിന്തിക്കണം. എങ്ങനെയെങ്കിലും അധികാരത്തിലേക്കും മദ്യഷാപ്പിലേക്കും അടിവച്ചടി വച്ചു നടന്നു മുന്നേറാനുള്ള വഴികളാണ് നാം അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്.
ബീക്കണ്‍ ലൈറ്റ്
പോയപ്പോള്‍…
ഔദ്യോഗിക വാഹനങ്ങള്‍ക്കു മുകളിലെ ബീക്കണ്‍ ലൈറ്റ് ഇനി വേണ്ടായെന്ന കേന്ദ്ര നിര്‍ദേശം അല്‍പം കടന്നകയ്യായി പോയിയെന്നാണ് ജീവന്റെ അഭിപ്രായം. അതിനൊരു പത്രാസ് വേറെയായിരുന്നു. ചുമന്ന ബീക്കണ്‍ ലൈറ്റിട്ട വാഹനത്തിന്റെ പിന്‍സീറ്റില്‍ ചാരിക്കിടന്ന് പത്രം വായിച്ചും മൊബൈല്‍ഫോണില്‍ സംസാരിച്ചും കൊണ്ട് ചീറിപാഞ്ഞുപോകുന്ന ആ പോക്കിലെ സ്റ്റൈല് ചില്ലറയല്ല. പല മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്റ്റൈല്‍ മന്നന്മാരായി വാണിരുന്നത് ഇനി പഴങ്കഥയാവുകയാണ്. ഗവര്‍ണരും മന്ത്രിമാരും പൊലിസ് തമ്പ്രാക്കന്മാരും അങ്ങനെ നോക്കിനില്‍ക്കുന്നതു തന്നെ നമ്മുടെ ജനാധിപത്യത്തിന് എത്ര അഭിമാനകരമായിരുന്നു.
ബീക്കണ്‍ കാറിന്റെ പിന്നാലെ അംഗരക്ഷകപടകൂടിയാവുമ്പോള്‍ ആ കാഴ്ച കണ്ടു നില്‍ക്കുന്നവര്‍ക്കൊക്കെ രോമാഞ്ചം വരുന്ന ഒരു കാലമുണ്ടായിരുന്നു. മുന്നില്‍ വന്നുനില്‍ക്കുന്ന കാറില്‍ നിന്ന് കൈകൂപ്പി വിശാലമായി ചിരിച്ചു പുറത്തിറങ്ങുന്ന മന്ത്രി. തൊട്ടു പിന്നില്‍ ജീപ്പുകളില്‍ നിന്നു ചാടിയിറങ്ങുന്ന പൊലിസ് ഉദ്യോഗസ്ഥര്‍. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി മന്ത്രിക്ക് വഴിയുണ്ടാക്കുന്ന സാദാ പൊലിസ്. ശരിക്കും നമ്മുടെ ജനാധിപത്യം തരളിതമാവുന്ന അവസരങ്ങളായിരുന്നു അവയൊക്കെ.
ഇനി പറഞ്ഞിട്ടു കാര്യമില്ല. കേന്ദ്രത്തിന്റെ തീരുമാനമാണ്. എന്നു മാത്രമല്ല, കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രി മോദിയുമൊക്കെ ലൈറ്റില്ലാ വണ്ടികളാക്കി അവരുടെ കാറുകളെ മാറ്റുകയും ചെയ്തു കഴിഞ്ഞു. അപ്പോള്‍ സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും അനുഭവിച്ചേ തീരു.
എന്തു ചെയ്താലും ഇതിന്റെ പിന്നില്‍ ഒരു ദുഷ്ടലാക്കുണ്ടെന്നു പറയുന്നവര്‍ ബീക്കണ്‍ ലൈറ്റ് മാറ്റുന്നതിനെപറ്റിയും പറയുന്ന ഒരു കാര്യമുണ്ട്. ബീക്കണ്‍ ലൈറ്റ് മാറ്റിയത് നരേന്ദ്രമോദി പറഞ്ഞതു പോലെ വിഐപി സംസ്‌കാരം ഇല്ലാതാക്കാനല്ല. വേറൊരു ലക്ഷ്യമാണത്.
കേന്ദ്രമന്ത്രിമാരായാലും സംസ്ഥാന മന്ത്രിമാരായാലും പലരേയും ചിലപ്പോള്‍ ജനം നോട്ടമിട്ട് വച്ചിട്ടുണ്ടാകും. വോട്ടു വാങ്ങി പോയശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത ഇത്തരക്കാര്‍ എവിടെയുമുണ്ടാകാം അങ്ങനെയും ഇവരെ നേരിട്ടു കാണാനും വേണ്ടിവന്നാല്‍ കയ്യേറ്റം ചെയ്യാനും വരെ മടിക്കാത്ത പൗരന്മാരെന്ന പഹയന്മാരുമുണ്ടാവാം. ഇവരുടെ കണ്ണില്‍ പെടാതിരിക്കാനാണത്രെ, മന്ത്രിമാരുടെയും മറ്റും ബീക്കണ്‍ അഴിച്ചു മാറ്റുന്നത്. ഏതായാലും മോദി ചെയ്ത നല്ല കാര്യങ്ങളില്‍ ഒന്നാണ് ബീക്കണ്‍ പരിഷ്‌കാരമെന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>