‘രോഗികളുടെ അനുഗ്രഹം എനിക്കുള്ള അവാര്‍ഡ്’

By on May 2, 2017
Lincy (1)

‘രോഗികളുടെ അനുഗ്രഹം എനിക്കുള്ള അവാര്‍ഡ്’

2016ലെ ദേശീയ ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേള്‍ അവാര്‍ഡ് നേടിയ കൊടുങ്ങല്ലൂര്‍ താലുക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഈസ്റ്റ് പുത്തന്‍ചിറ ഇടവകാംഗമായ പി.ജെ. ലിന്‍സിയുടെ സേവനപാതയിലൂടെ…

ഇരുപത്തിയാറു വര്‍ഷം നഴ്‌സിങ് രംഗത്ത് ജോലി ചെയ്തുവെന്നതായിരുന്നില്ല കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് – വണ്‍ സ്റ്റാഫ് നഴ്‌സ് പി.ജെ. ലിന്‍സിയെ 2016ലെ നാഷ്‌നല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡിനര്‍ഹയാക്കിയത്; 2016ല്‍ കേരള സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് അവരെ തേടിയെത്തിയതും ജോലിയിലെ സീനിയോറിറ്റിയായിരുന്നില്ല. ഇക്കാലമത്രയും ലിന്‍സി തന്റെ സേവനരംഗത്ത് പ്രദര്‍ശിപ്പിച്ച കര്‍ത്തവ്യബോധവും ആത്മാര്‍ഥതയും സമര്‍പ്പണവുമാണ് പൊതുസമൂഹത്തിന്റെ ഈ അംഗീകാരങ്ങള്‍ക്ക് ലിന്‍സിയെ അര്‍ഹയാക്കിയത്. രാഷ്ട്രപതിയില്‍ നിന്ന് ദേശീയ അവാര്‍ഡ് സ്വീകരിച്ച ലിന്‍സി പറയുന്നു : 26 വര്‍ഷത്തെ തന്റെ നഴ്‌സിങ് ജോലിയില്‍ നിന്നു കിട്ടിയ ആത്മസംതൃപ്തിയേക്കാള്‍ ഒട്ടും വലുതല്ല ഈ പുരസ്‌കാരങ്ങള്‍. തന്റെ ശുശ്രൂഷ സ്വീകരിച്ചു രോഗം മാറി ആശുപത്രിയുടെ പടിയിറങ്ങിപ്പോയ നൂറുകണക്കിനു അജ്ഞാതരായ ആളുകളുടെ അനുഗ്രഹം എനിക്കൊപ്പമുണ്ടായിരുന്നു; ഇപ്പോഴും.
ചൂണ്ടല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ ജനറല്‍ നഴ്‌സിങ് മൂന്നാം റാങ്കോടെ പാസായ ലിന്‍സി, 1996ലാണ് സര്‍ക്കാര്‍ സര്‍വീസിലെത്തിയത്. ആദ്യം മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു നിയമനം. പഠിക്കുമ്പോള്‍ തന്നെ പാവപ്പെട്ട രോഗികളോടുള്ള കാരുണ്യം ഹൃദയത്തില്‍ കൊണ്ടുനടന്ന ലിന്‍സി, വയനാട് ജില്ലയിലെ ആദിവാസി മേഖലയിലാണ് 16 വര്‍ഷം സേവനമനുഷ്ഠിച്ചത്. അവികസിത പ്രദേശങ്ങളില്‍ ചികിത്സാ സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ദുര്‍ലഭമായ മനുഷ്യര്‍ക്കിടയില്‍ അവരുടെ കഷ്ടപ്പാടുകളില്‍ പങ്കുപറ്റിക്കൊണ്ടുള്ള ജീവിതമായിരുന്നു അക്കാലം മുഴുവന്‍. കല്‍പ്പറ്റയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന നിരാലംബയായ ആദിവാസി സ്ത്രീയുടെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ ലിന്‍സി അടിയന്തരമായി അവര്‍ക്ക് ശസ്ത്രക്രിയ നടത്തിക്കൊടുക്കാനും മുന്നിട്ടിറങ്ങി. ഡോക്ടറും മറ്റും സഹപ്രവര്‍ത്തകരും കൈവിട്ടിട്ടും ആ പാവപ്പെട്ട സ്ത്രീക്ക് വേണ്ട രക്തം ഏര്‍പ്പാടാക്കാനും ശസ്ത്രക്രിയ നടത്തിക്കൊടുക്കാനും ലിന്‍സി ഓടി നടന്നു. എല്ലാ കഴിഞ്ഞ് അവര്‍ സുഖമായി ആശുപത്രി വിടുമ്പോള്‍ അവര്‍ ലിന്‍സിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ‘മോളേ, നീയാണ് എന്നെ രക്ഷിച്ചത്, നീയാണ് എന്റെ ദൈവം’ എന്ന് നിറമിഴികളോടെ അവര്‍ മന്ത്രിച്ചുകൊണ്ടിരുന്ന അനുഭവം വിവരിക്കുമ്പോള്‍, ലിന്‍സിക്ക് ഇന്നും കണ്ണുനിറയും.
രണ്ടര പതിറ്റാണ്ടായി ആശുപത്രി വരാന്തകളിലും വാര്‍ഡുകളിലും വിശ്രമമറിയാതെ, ആത്മാര്‍ഥതയോടെ സേവനമനുഷ്ഠിച്ച തനിക്കൊപ്പം നിരവധിപേരുടെ അനുഗ്രഹമുണ്ടെന്ന് ലിന്‍സിക്ക് ഉറപ്പുണ്ട്. അവരുടെ അനുഗ്രഹത്തിന്റെ പ്രതീകമാവാം രാഷ്ട്രത്തിന്റെ അംഗീകാരമായുള്ള ഈ അവാര്‍ഡ്.
ചില സന്ദര്‍ഭങ്ങളില്‍ ജില്ല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ അങ്ങോട്ടുപോകാനുള്ള പണമില്ലാതെ ദിവസങ്ങളോളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ തങ്ങും. അപ്പോഴൊക്കെ മറ്റു രോഗികളുടെയും സഹപ്രവര്‍ത്തകരുടെയും സമീപത്തെ പൊലിസ് സ്റ്റേഷനിലെ പൊലിസുകാരുടെയും മുന്നില്‍ ലിന്‍സി സഹായത്തിനായി കൈനീട്ടും. അവരൊക്കെ സഹായിക്കും. അതോടൊപ്പം തന്റെ വിഹിതവും കൂട്ടിച്ചേര്‍ത്ത് ആംബുലന്‍സ് വിളിച്ച് പലരെയും ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞു വിടാറുണ്ട്. സഹായിക്കാനാളില്ലാതെ സുനിശ്ചിതമായ മരണത്തിന്റെ മുന്നില്‍ നിന്ന് ഇങ്ങനെ നിരവധി രോഗികളെ ലിന്‍സി ജീവിതത്തിലേക്ക് വഴി നടത്തി.
ഇരിങ്ങാലക്കുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറത്തില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍ചിറ ഈസ്റ്റ് പഴയാറ്റില്‍ പീറ്ററിന്റെ ഭാര്യയാണ് ലിന്‍സി. എംഎസ്‌സി വിദ്യാര്‍ഥിനിയായ റോസ്മരിയയും ഒമ്പതാം ക്ലാസുകാരനായ പോള്‍ ജോയും മക്കള്‍. വെള്ളിക്കുളങ്ങര മാളിയേക്കല്‍ പടിക്കല ജോസിന്റെയും കൊച്ചുത്രേസ്യയുടെയും മകളായ ലിന്‍സിക്ക് അവാര്‍ഡുകളുടെ തിളക്കത്തിലും മുന്നോട്ടുള്ള പാതയെപ്പറ്റി വ്യക്തമായ ധാരണയുണ്ട്.
ആ ജീവിതത്തിന്റെ വഴികളില്‍ ദൈവത്തിന്റെ അനുഗ്രഹം തന്നിലും തന്റെ കുടുംബത്തിലും തന്റെ പ്രിയപ്പെട്ടവരിലും അമൃതവര്‍ഷംപോലെ വന്നുനിറയുമെന്ന് ലിന്‍സി തിരിച്ചറിയുന്നു. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ലിന്‍സിയെത്തേടി വന്ന കേരളമെത്രാന്‍ സമിതിയുടെയും (കെസിബിസി) ക്രിസ്റ്റ്യന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎച്ച്എഐ)യുടെയും അവാര്‍ഡുകള്‍ അടിവരയിടുന്നത് ഈ തിരിച്ചറിവിനാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>