• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

പൗരോഹിത്യത്തിന്റെ മഹിത മാതൃക

By on May 2, 2017
Fr Antony Chittilappilly

പൗരോഹിത്യത്തിന്റെ മഹിത മാതൃക
പിതൃ സന്നിധിയിലേക്ക് കടന്നു പോയ ആന്റണി ചിറ്റിലപ്പിളളിയച്ചന്‍ കറയറ്റ വിശ്വാസത്തിന്റെയും ഉത്തരവാദിത്തമുളള പൗരോഹിത്യസമര്‍പ്പണത്തിന്റെയും ശിശുസഹജമായ ദൈവാശ്രയബോധത്തിന്റെ യും പൈതൃക വാത്സല്യത്തിന്റെയും നിറസാന്നിധ്യമായിരുന്നു.
സഹോദര വൈദികരോടും സഹപ്രവര്‍ത്തകരോടും സകലരോടും സ്‌നേഹത്തോടെ ഇടപഴകിയിരുന്ന ഹൃദ്യമായ അനുഭവം. വിനീതനും വിശ്വസ്തനും വിശാലഹൃദയനുമായിരുന്നു ആ നല്ലിടയന്‍.
1934 ഏപ്രില്‍ 11ന് അവിട്ടത്തൂര്‍ ഇടവകയിലെ ഊരകം പ്രദേശത്തെ പ്രശാന്തമായ ഗ്രാമീണ അന്തരീക്ഷത്തില്‍ ആത്മീയത നിറഞ്ഞുനിന്നിരുന്ന ചിറ്റിലപ്പിളളി പൊഴോലിപറമ്പില്‍ തറവാട്ടില്‍ പൗലോസ് – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം നടവരമ്പ് ഹൈസ്‌കൂളില്‍ പഠിച്ച് എസ്എസ്എല്‍സി പാസായി തുടര്‍ന്ന് തൃശൂര്‍ തോപ്പ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് പ്രാരംഭ പരിശീലനവും പഠനവും ആരംഭിച്ചു. അവിടെ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവ്, റവ.ഡോ. ഫ്രാന്‍സിസ് ചിറയത്ത് എന്നിവരുടെ സതീര്‍ഥ്യനായിരുന്നു. പിന്നീട് ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളില്‍ പഠനവും പരിശീലനവും പൂര്‍ത്തിയാക്കി ദൈവശാസ്ത്രത്തില്‍ ബി.ഡി ബിരുദം നേടി. 1961 മാര്‍ച്ച് 13 ന് ആലുവ, മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരി ദൈവാലയത്തില്‍ മാര്‍ ജോര്‍ജ് ആലപ്പാട്ടില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. പ്രഥമ നിയമനം പാലയൂര്‍ ഫൊറോനയില്‍ അസിസ്റ്റന്റ് വികാരി. തുടര്‍ന്ന് ഒല്ലൂര്‍ പാലയൂര്‍ ഫൊറോന, ഒല്ലൂര്‍ ഫൊറോന എന്നിവിടങ്ങളില്‍ അസ്സിസ്റ്റന്റ് വികാരിയായും വാടാനപ്പിള്ളി, മുപ്ലിയം, ലൂര്‍ദ്ദ്പുരം, പേരാമംഗലം, വെള്ളിക്കുളങ്ങര, ഈസ്റ്റ് കല്ലൂര്‍, വെള്ളാനിക്കോട്, ആനന്ദപുരം, കാരൂര്‍, മായന്നൂര്‍, എളനാട്, മറ്റത്തൂര്‍, പടവരാട്, താഴേക്കാട്, ബ്രഹ്മകുളം, അരിപ്പാലം, വള്ളിവട്ടം, മൂന്നുമുറി, പുത്തന്‍വേലി, കരോട്ടുകര, പൂവത്തുശ്ശേരി, മൂര്‍ക്കനാട്, കരാഞ്ചിറ, പോട്ട, നടവരമ്പ് എന്നീ പള്ളികളില്‍ വികാരിയായും സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ചു. രൂപതാ സ്പിരിച്ചാലിറ്റി സെന്ററില്‍ ആക്ടിങ്ങ് റെക്ടറായും കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ഹോസ്പിറ്റല്‍, മോതിരക്കണ്ണി ഹോളി ഫാമിലി കോണ്‍വെന്റ്, കുഴിക്കാട്ടുശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് എന്നിവിടങ്ങളില്‍ കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പേരാമംഗലം, വെളളിക്കുളങ്ങര എന്നീ ഇടവകകളില്‍ വികാരിയായിരുന്ന കാലത്താണ് കാര്‍ഷിക മേഖലയിലെ തന്റെ പ്രാവീണ്യവും തൊഴി്‌ലിന്റെ മഹത്വവും സ്വജീവിതത്തിലൂടെ സാക്ഷ്യമായി നല്‍കിയത്. കര്‍ഷക തൊഴിലാളികളോടൊപ്പം അദ്ദേഹം മണ്ണിനോടും കല്ലിനോടും പടവെട്ടി. സാമ്പത്തിക പരാധീനതയില്‍ കഴിഞ്ഞിരുന്ന പേരാമംഗലം ഇടവകയുടെ സാമ്പത്തിക സുസ്ഥിതിക്കുവേണ്ടി അദേഹം വെട്ടുകല്ല് വെട്ടി കുഴികളുണ്ടാക്കി തെങ്ങിന്‍ തൈകള്‍ നട്ടുനനച്ച് വളര്‍ത്തി.
വെളളിക്കുളങ്ങരയില്‍ പളളിപ്പറമ്പിലും കോണ്‍വെന്റിന്റെ പറമ്പുകളിലും കിണറുകളും കുളങ്ങളും മറ്റു ജലസംഭരണികളും നിര്‍മിക്കുന്നതിനു അദ്ദേഹം നേതൃത്വം നല്‍കി.
വലുതും ചെറുതുമായ ഒട്ടേറെ ഇടവകകളില്‍ അദേഹം അധ്വാനിച്ചു സഹവൈദികരെ സഹോദരതുല്യം സ്‌നേഹിക്കുകയും അവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായി ഇടപ്പെടുകയും ചെയ്തു. സഭയോടും മേലധികാരികളോടും വിധേയത്വവും വിശ്വസ്തതയും പുലര്‍ത്തിയിരുന്ന ആന്റണിയച്ചന്‍ താഴെക്കാട് പളളിയില്‍ വികാരിയായിരിക്കവേ 1993 ല്‍ അനുഭവിച്ച ക്ലേശങ്ങള്‍ വര്‍ണനാതീതമാണ്. ആര്‍ഭാടം ഒഴിവാക്കിയുളള തിരുനാള്‍ ആഘോഷം എന്ന രൂപതയുടെ പൊതുവായ കാഴ്ചപാട് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി അദേഹം ഏറെ ശ്രമിച്ചു.
പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ എട്ടാം ജന്മശതാബ്ദി വര്‍ഷമായിരുന്നു 1995. അതിന്റെ ആഘോഷം ഓഗസ്റ്റ് മാസത്തിലായിരുന്നു. ഇരിങ്ങാലക്കുട രൂപതയിലെ അന്തോണി നാമധാരികളായ വൈദികര്‍ മുന്‍കയ്യെടുത്ത് വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുളള ദൈവാലയത്തില്‍ സമൂഹബലിയര്‍പ്പിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. അന്നത്തെ സീനിയര്‍ വൈദികരില്‍ പ്രത്യേകം താത്പര്യം കാണിച്ച് സംഘടിപ്പിക്കാന്‍ വേണ്ടി രംഗത്ത് വന്ന സുമനസ്സിന്റെ ഉടമയായിരുന്നു ആന്റണി ചിറ്റിലപ്പിളളിയച്ചന്‍.
ഏതാനും വര്‍ഷം അദ്ദേഹം കുഴിക്കാട്ടുശ്ശേരി ഹോളിഫാമിലി കോണ്‍വെന്റിന്റെ കപ്ലോനും പ്രൊമോട്ടറുമായി സേവനം ചെയ്തശേഷമാണ് വിരമിച്ചത്. ചാലക്കുടിയിലെ വൈദിക വിശ്രമമന്ദിരത്തില്‍ കഴിയുമ്പോള്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ രോഗീസന്ദര്‍ശനം, അനുരഞ്ജന കൂദാശയുടെ പരികര്‍മം എന്നിവക്കായി സമയം കണ്ടെത്തി. 2017 മാര്‍ച്ച് 31 ന് 83-ാം വയസ്സില്‍ അദ്ദേഹത്തിന്റെ കര്‍മനിരതമായ ജീവിതത്തിന് അന്ത്യമായി.
ദൈവം കനിഞ്ഞ് നല്‍കിയ പൗരോഹിത്യത്തെ അങ്ങേയറ്റം വിലമതിച്ചിരുന്ന അദ്ദേഹത്തിന്റെ ദൈവികമായ സാന്നിധ്യവും ശുശ്രൂഷയും ഏറെക്കാലം വിശ്വാസി സമൂഹം ഹൃദയത്തില്‍ സൂക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>