ടോം കിരണ്‍ – ഒരു ന്യൂജന്‍ കര്‍ഷകന്‍

By on May 2, 2017
IMG-20170325-WA0112

ടോം കിരണ്‍ – ഒരു ന്യൂജന്‍ കര്‍ഷകന്‍
പ്ലാവില്‍ നിറയെ ചക്ക. ഈ വരിക്ക പ്ലാവിന്റെ ചക്കയുടെ മാധുര്യം ചുറ്റുപുറങ്ങളിലെല്ലാം പ്രസിദ്ധമാണ്. ചക്ക വില്‍ക്കാമെന്നു കരുതി കടയില്‍ ചോദിച്ചപ്പോള്‍ നല്ല മുഴുത്ത ചക്കക്ക് വേണമെങ്കില്‍ അമ്പത് രൂപക്ക് താഴെ വില തരാമെന്ന് കടക്കാരന്‍ ഒട്ടും താല്‍പര്യമില്ലാത്തത് പോലെയുളള മറുപടി. വീട്ടില്‍ വിളഞ്ഞതിന് വിപണിയില്‍ വിലകാണാതെ വന്നപ്പോള്‍ പ്ലാവില്‍ നിറയെ മൂത്ത് നില്‍ക്കുന്ന ചക്കയുടെ ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റര്‍ ഇട്ടു. വില്‍പനക്ക് എന്ന തലവാചകത്തോടെ. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും പോസ്റ്ററില്‍ വച്ചിരുന്ന നമ്പറിലേക്ക് വൈപ്പിനില്‍ നിന്നും ഒരു ചക്ക പ്രേമിയുടെ ഫോണ്‍ വന്നു. കാഴ്ചയില്‍ ചക്ക ഇഷ്ടപ്പെട്ടു. നാളെ രാവിലെ ഞാന്‍ വരാം, ചക്ക വേണം എന്നായിരുന്നു ഫോണ്‍ സന്ദേശം. പിറ്റേന്ന് രാവിലെ സ്ഥലത്തെത്തിയ അയാള്‍ ചക്ക ഒന്നിന് 150 രൂപ വിലയില്‍ പതിനെട്ട് ചക്ക വാങ്ങി കൊണ്ട് പോയി. ഒരു രൂപ പോലും ചിലവില്ലാതെ അങ്ങനെ കച്ചവടം കഴിഞ്ഞു. ഇതാണ് ടോം കിരണ്‍. ഭൂമിയുടെ നന്മയും, കൃഷിയുടെ പെരുമയും, അദ്ധ്വാനത്തിന്റെ ആനന്ദവും, ആധുനികതയുടെ സാധ്യതകളും ഒരു പോലെ ആസ്വദിക്കുന്ന ഒരു ന്യൂജന്‍ കര്‍ഷകന്‍. ടോമിന്റെ വീട്ടു പറമ്പില്‍ ഉണ്ടാകുന്ന കുരുമുളകും ഇഞ്ചിയും വില്‍ക്കുന്നത് ഒഎല്‍എക്‌സ് വഴി. വാങ്ങുന്നതോ ഗുജറാത്തിലെ ഒരു ആയുര്‍വേദ ഡോക്ടര്‍. ചക്ക വില്‍ക്കുന്നത് ഫെയ്‌സ് ബുക്കിലൂടെ. നെല്ലും അരിയും വയ്‌ക്കോലും നാട്ടിലെ വാട്‌സാപ്പ് കൂട്ടായ്മകള്‍ വഴി.
കടുപ്പശ്ശേരി ഇടവകയിലെ കോങ്കോത്ത് ഡേവീസ് കുസുമം ദമ്പതികളുടെ മകനാണ് ടോം. വിവാഹിതയായ ഒരു സഹോദരി കൂടെ ടോമിനുണ്ട്. ഇക്കണോമിക്‌സില്‍ എം എ ബിരുദധാരിയായ ടോം പഠിക്കുന്ന കാലത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. രണ്ട് വര്‍ഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ താരം, പലപ്രാവശ്യം കേരള പോലീസ് ടീമിന് വേണ്ടി ഗസ്റ്റ് കളിച്ചിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ വോളിയുടെ സൂപ്പര്‍ താരമായ ടോം ജോസഫിനെ പല മത്സരങ്ങളിലും എതിരിട്ടതും തോല്‍പ്പിച്ചതുമായ വിശേഷങ്ങള്‍ പറയുമ്പോള്‍ ടോമിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ ഒരു നഷ്ടബോധത്തിന്റെ നിഴലാട്ടം. ഇന്ത്യന്‍ ടീമിന്റെ കുപ്പായമായിരുന്നു അന്ന് ടോമിന്റെ സ്വപ്‌നം. എന്നാല്‍ കളിക്കിടയില്‍ തോളെല്ലിനേറ്റ പരുക്ക് വില്ലന്റെ കുപ്പായമണിഞ്ഞ് എതിരെ കളിച്ചപ്പോള്‍ തന്റെ സ്വപ്‌നങ്ങളുടെ കുപ്പായം ടോമിന് ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോഴും അവസരം കിട്ടുമ്പോള്‍ ചില ക്ലബുകള്‍ക്കുവേണ്ടി കളിക്കാന്‍ ടോം സമയം കണ്ടെത്തുന്നു. പഠനം കഴിഞ്ഞ് കളിയുടെ പുറകെ നടന്ന കുറേ നാളുകള്‍ക്ക് ശേഷം ജോലിയുമായി ടോം പിന്നെ ദുബായിലെത്തി. അമേരിക്ക കേന്ദ്രമായ ഒരു ബാങ്കിലായിരുന്നു ആദ്യത്തെ ഒന്നര വര്‍ഷം. പിന്നെ ഒരു ഈജിപ്ഷ്യന്‍ കമ്പനിയിലേക്ക് മാറി.
ഒരു വര്‍ഷത്തിനുശേഷം ഒരു ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെത്തി. വന്‍ തുകകള്‍ വേതനം ലഭിച്ചിരുന്ന ഈ ജോലികളില്‍ ഒന്നും സംതൃപ്തി കിട്ടാതെ വന്നപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കുടുംബത്തിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് മണ്ണിലിറങ്ങി അദ്ധ്വാനിക്കാന്‍ മനസിലുറപ്പിച്ചിട്ടായിരുന്നു തിരിച്ച് വരവ്. കളിയാവേശം നിറഞ്ഞ പഠനകാലവും തൊഴിലാവേശം മാത്രം നിറഞ്ഞ വിദേശകാലവും പിന്നിട്ട് കൃഷിയാവേശം നിറഞ്ഞ ജീവിതത്തിന്റെ മൂന്നാം അദ്ധ്യായത്തിലേക്കുളള മടങ്ങിവരവായിരുന്നു അത്.
വീട്ടില്‍ 360 റബര്‍ മരങ്ങളുണ്ടായിരുന്നു. കൂലിക്ക് ആളെ നിര്‍ത്തിയാണ് മരങ്ങള്‍ വെട്ടിയിരുന്നത്. അതില്‍ നിന്ന് തന്നെ തുടങ്ങാന്‍ തീരുമാനിച്ചു. കോട്ടയത്തെ പുതുപളളിയിലുളള റബര്‍ ബോര്‍ഡിന്റെ കീഴിലെ പരിശീലനകേന്ദ്രത്തില്‍ പോയി ശാസ്ത്രീയമായ രീതിയില്‍ റബര്‍ ടാപ്പിങ്ങ് അഭ്യസിച്ചു. സാധാരണ ടാപ്പിങ്ങ് രീതിയില്‍ നിന്നും മാറി റബര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന ആഴ്ചയില്‍ ഒരിക്കല്‍ ടാപ്പിങ്ങ് എന്ന ഡോ.കെ.വി തോമസിന്റെ പുതിയ രീതിയിലേക്ക് വീട്ടിലെ ടാപ്പിങ്ങ് മാറ്റി. ഇത്തരത്തിലുളള ലോ ഫ്രീക്വന്‍സി ടാപ്പിങ്ങ് നടപ്പിലാക്കിയ തൃശൂര്‍ ജില്ലയിലെ ആദ്യ കര്‍ഷകരില്‍ ഒരാളാണ് ടോം. പഴയരീതിയില്‍ ലഭിച്ചിരുന്നതിനേക്കാള്‍ പാല്‍ ഉല്‍പാദനം കൂടി എന്ന് മാത്രമല്ല മരത്തിനും അത് നല്ലതാണെന്ന് ടോം തെളിയിച്ചു. ടോമിന്റെ പരീക്ഷണം ചുറ്റുപാടുളള കുറേ പേര്‍ക്ക് ഈ രീതിയിലേക്ക് വരാന്‍ പ്രചോദനമായി മാറി.
തരിശായി കിടന്നിരുന്ന വീട്ടിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് ടോം തനിയെ കൃഷിയിറക്കി. ഗുണമേന്മയുളള തനി നാടന്‍ ഇനമായ ‘കുറുവ’ എന്ന നെല്ലാണ് ഇറക്കിയത്. വീട്ടാവശ്യത്തിന് എന്ന രീതിയില്‍ ആരംഭിച്ച ആ കൃഷി നല്ല വിജയമായി മാറി. അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന്‍ വിദേശത്തെ നല്ലൊരു ജോലി കളഞ്ഞ് പാടത്തെ ചെളിയില്‍ പണിയെടുക്കുന്നത് കണ്ടപ്പോള്‍ ആദ്യം പലരും കളിയാക്കി. ടോമിന്റെ ആത്മാര്‍ഥത കണ്ടപ്പോള്‍ പിന്നെ അവരെല്ലാം ടോമിനെ പിന്തുണച്ചു. നാട്ടിലെ യുവജനങ്ങളുടെ കൂട്ടായ്മയായ ‘അത്താണി’ എന്ന ക്ലബിലെ പതിനാറ് യുവജനങ്ങള്‍ ചേര്‍ന്ന് ടോമിന്റെ പ്രചോദനത്തില്‍ ഇരുപത് ഏക്കര്‍ സ്ഥലത്താണ് അടുത്ത പൂവില്‍ ജൈവകൃഷി നടത്തിയത്. അതിന്റെ പിന്നാലെ പഞ്ചായത്ത് മെമ്പറായ ഷാറ്റോ കുരിയന്റെ നേതൃത്വത്തില്‍ അമ്പത് ഏക്കര്‍ തരിശ് ഭൂമി കൂടെ കൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വേളൂക്കര പഞ്ചായത്തിലെ തരിശായി കിടക്കുന്ന ഇരുന്നൂറ് ഏക്കര്‍ പാടത്തിലെ എഴുപത് ഏക്കര്‍ സ്ഥലത്ത് നെല്ല് വിളയാന്‍ തുടങ്ങി. ഈ കൃഷിയിടങ്ങളിലെ ജീവനാഡിയായിരുന്ന കണ്ണ് കെട്ടിച്ചിറ – വഴിക്കില ചിറ തോട് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ജലസേചനയോഗ്യമാക്കുക കൂടി ചെയ്തതോടെ കൃഷി കൂടുതല്‍ എളുപ്പമായി. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂടെ കുട്ടപാമ്പിനേയും അട്ടപുഴുവിനേയും ഭയക്കാതെ ടോമും മുന്നിട്ടിറങ്ങി, രണ്ട് കിലോമീറ്ററോളം വരുന്ന ആ തോട് വൃത്തിയാക്കാന്‍. അതിന്റെ ഫലം ഇന്ന് കിട്ടി തുടങ്ങി. പാടത്ത് വെളളം വന്നതോടെ കിണറുകളിലെ ജല നിരപ്പ് ഉയര്‍ന്നു. കൂടുതല്‍ ആളുകള്‍ ആവേശത്തോടെ കൃഷിയിലേക്ക് വരാന്‍ തുടങ്ങി.
ഓരോ വീട്ടിലും അവരവരുടെ ആവശ്യത്തിനുളള പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുകയാണെങ്കില്‍ അതാണ് ഏറ്റവും ഉത്തമമായ കൃഷി സമ്പ്രദായം എന്നതാണ് ടോമിന്റെ അഭിപ്രായം. വീടിനോട് ചേര്‍ന്ന് നല്ലൊരു മാതൃക പച്ചക്കറി തോട്ടം വച്ച് പിടിപ്പിക്കാനുളള പരിശ്രമത്തിലാണ് ടോം ഇപ്പോള്‍.
ടോമിന്റെ അഭിപ്രായത്തില്‍ നെല്ലും പച്ചക്കറികളും ഉത്പാദിപ്പിക്കുക എന്നതിനേക്കാള്‍ കര്‍ഷകര്‍ കഷ്ടപ്പെടുന്നത് അത് വിറ്റഴിക്കാനാണ്. വിപണനത്തിന് വേണ്ടതായ ക്രമീകരണങ്ങള്‍ ഇല്ല. ഉളള സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുമില്ല. അങ്ങനെ വരുമ്പോള്‍ കര്‍ഷകന് അദ്ധ്വാനത്തിന്റെ ഫലം കിട്ടാതെ വരുന്നു. ആധുനിക രീതിയിലുളള വിപണന സംവിധാനങ്ങള്‍ കാര്‍ഷിക രംഗത്തും ഉപയോഗപ്പെടുക എന്നതാണ് അതിന് ടോം നല്‍കുന്ന പരിഹാരം. ഒരു ആന്‍ഡ്രോയിഡ് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ വിപണനത്തിന് വേറെ വഴി വേണ്ട എന്നതാണ് ടോം അനുഭവത്തില്‍ നിന്നും പറയുന്നത്. ബിഎംഡബ്ലു കാറിനൊപ്പം നല്ല നാടന്‍ വരിക്ക ചക്കയും ഒഎല്‍എക്‌സില്‍ ഇടം പിടിക്കട്ടെ. വിപണി ഡോട്ട് കോം, എന്റെ കൃഷി ഡോട്ട് കോം, ടപ്പെ ടപ്പെ ഡോട്ട് കോം, നല്ല ഭൂമി ഡോട്ട് കോം എന്നിങ്ങനെ കാര്‍ഷിക വിഭവ വിപണനത്തിന് സഹായിക്കുന്ന നിരവധി സൈറ്റുകളെ ടോം ഉപയോഗപ്പെടുത്തുന്നുണ്ട്.
ജീവിതത്തെക്കുറിച്ച് കൃത്യമായൊരു കാഴ്ചപ്പാട് ടോമിനുണ്ട്. കൃഷി ജീവിക്കണം, കൃഷി പ്രചരിപ്പിക്കണം, തരിശുഭൂമികളിലെല്ലാം കൃഷി പടരണം. അതിനായി തുനിഞ്ഞിറങ്ങുന്നവരെ സഹായിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കണം. കുടുംബ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോഴും ടോം കിരണ്‍ എന്ന മുപ്പത്തിമൂന്നുകാരന്‍ കര്‍ഷകന് കൃത്യമായ മറുപടി ഉണ്ടായിരുന്നു. കൃഷിയെ സ്‌നേഹിക്കുന്ന എന്റെ കൃഷി ശീലങ്ങളില്‍ മനസുകൊണ്ടെങ്കിലും എനിക്കൊപ്പം ചേരാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയാകണം എന്റെ ജീവിതപങ്കാളി. ദൈവം അതിന് ചേര്‍ന്ന വ്യക്തിയെ എനിക്ക് കൊണ്ടുതരും എന്നാണ് എന്റെ പ്രതീക്ഷ എന്ന് ടോം പറഞ്ഞ് നിര്‍ത്തുന്നു.
മണ്ണിന്റെ മൗനത്തിന്റെ ഭാവവും മരത്തിന്റെ ശ്വാസത്തിന്റെ താളവും പ്രകൃതിയുടെ നീക്കത്തിന്റെ വേഗവും അറിഞ്ഞ് കൃത്യതയോടെ കൃഷിയിടങ്ങളില്‍ നിന്നും വിജയം നേടാനുളള പരിശ്രമത്തിലാണ് ടോം. ഒരു കായികതാരത്തിന്റെ ആവേശത്തോടെ മനസ്സുനിറയെ സ്വപ്‌നവുമായി ടോം പാടത്തുണ്ട്. ചുറ്റിലും മുഴങ്ങുന്ന ആരവങ്ങള്‍ അത് പ്രോത്സാഹനത്തിന്റേതാണോ നിരുത്സാഹപ്പെടുത്തലിന്റേതാണൊ എന്ന് ശ്രവിക്കുക കൂടി ചെയ്യാതെ.
ടോം കിരണ്‍ : 9745505044

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>