• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

സമഗ്ര വളര്‍ച്ചയുടെ ദര്‍ശനങ്ങളുമായി പ്രജ്യോതിയുടെ ശില്‍പി

By on May 2, 2017
Fr Harshajan

സമഗ്ര വളര്‍ച്ചയുടെ ദര്‍ശനങ്ങളുമായി പ്രജ്യോതിയുടെ ശില്‍പി

പരിചയം
ഫാ. ജോമി തോട്ട്യാന്‍

സ്‌നേഹത്തിന്റെ പഠനക്കളരിയാണ് കുടുംബങ്ങളെന്ന് ഹര്‍ഷജനച്ചന്‍ സമര്‍ഥിക്കുന്നു. തനിമയാര്‍ന്ന സ്‌നേഹമാണ് ദൈവമെന്നും ഈ തനിമ ദമ്പതികളുടെ ഹൃദയത്തെ സ്പര്‍ശിച്ചാല്‍ അവരില്‍ ദൈവാനുഭവം നിറയുമെന്നും അതിന്റെ പ്രകടനമായി ദിവ്യതയുള്ള മക്കള്‍ ജനിക്കുമെന്നും ഈ സ്‌നേഹഗുരു ഓര്‍മിപ്പിക്കുന്നു.

ദര്‍ശനങ്ങളെ യഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവരാണ് ചരിത്രത്തിന് വഴികാട്ടികളാകുന്നത്. ഉള്ള ദര്‍ശനങ്ങള്‍ അപൂര്‍വങ്ങളാണെങ്കില്‍ ചിലപ്പോള്‍ ആ വ്യക്തി തന്നെ ചരിത്രമാകും. തൃശൂരിലുള്ള പുതുക്കാട് പ്രജ്യോതി നികേതന്‍ സ്ഥാപക ഡയറക്ടര്‍ ഡോ. ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ ഇത്തരത്തില്‍ അപൂര്‍വതകളുടെ ചരിത്ര നിയോഗമുള്ള വ്യക്തിത്വമാണ്.
തികഞ്ഞ ക്രൈസ്തവ വിശ്വാസികളും സമൂഹത്തില്‍ നന്മയുടെ വക്താക്കളുമായ പഴയാറ്റില്‍ റോസമ്മ ദമ്പതികളുടെ മകനായി 1935 ഫെബ്രുവരി 11ന് ആനന്ദപുരത്ത് ജനിച്ച ഇദ്ദേഹത്തിന് ചെറുപ്പം മുതല്‍ ഈശ്വര ചൈതന്യത്തില്‍ വളരാനുള്ള സാഹചര്യങ്ങള്‍ നിരവധിയായിരുന്നു. വൈദികനാകണമെന്ന ആഗ്രഹത്തോടെ 1954ല്‍ കപ്പ്യൂച്ചിന്‍ സന്യാസ സമൂഹത്തില്‍ അംഗമായി ചേര്‍ന്നു. മംഗലാപുരത്തെ നോവിഷേറ്റും കൊല്ലത്ത് നിന്ന് തത്വശാസ്ത്രപഠനവും കോട്ടഗിരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1964 ഒക്‌ടോബര്‍ 25ന് പുരോഹിതനായി അഭിഷിക്തനായി. എംഎംബി സന്യാസ സഭയിലെ ഗബ്രിയേല്‍ പഴയാറ്റില്‍ ബ്രദര്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്. അമേരിക്കയിലെ കാലിഫിലെ ബെര്‍ക്കിലിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും ക്ലിനിക്കല്‍ പാസ്റ്റല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ഹര്‍ഷജനച്ചന്‍ ഇതിനോടകം രണ്ട് ഡോക്ടറേറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
സമഗ്രവ്യക്തിത്വവളര്‍ച്ചയില്‍ മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പണ്ഡിതനായ ഒരു മനഃശാസ്ത്രജ്ഞന്റെ വീക്ഷണത്തോടെ ഭാരതീയ ജീവിതദര്‍ശനങ്ങളും യോഗകേന്ദ്രീകൃത ജീവിതശൈലികളും ബന്ധിപ്പിച്ച് ഒരു പുതിയ ജീവിതതലം രൂപപ്പെടുത്തുകയായിരുന്നു ഹര്‍ഷജനച്ചന്‍. ഡോക്ടറേറ്റ് പ്രബന്ധമായി അവതരിപ്പിച്ച ‘എക്‌സിസ്റ്റന്‍ഷല്‍ ഹോളിസ്റ്റിക് ക്ലിനിക്കല്‍ സൈക്കോളജി’ ആ വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു. ഒരു മനുഷ്യന്റെ പൂര്‍ണവളര്‍ച്ചയില്‍ ശാരിരീക – ആത്മീയ – വൈകാരിക – ബൗദ്ധിക തലങ്ങള്‍ എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്നും ഈ പ്രവര്‍ത്തനങ്ങളിലെ വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ അവ എങ്ങിനെ പരിഹരിക്കാമെന്നും നീണ്ട കാല പഠനങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. രോഗത്തെ മാത്രമല്ല രോഗത്തിന്റെ മൂലകാരണ കണ്ടെത്തി വ്യക്തിയെ മുഴുവന്‍ ചികിത്സിച്ച് ഭേദമാക്കുന്ന സംവിധാനമാണ് ഈ ‘ഹോളിസ്റ്റിക് ഹീലിങ്’ സംവിധാനം. ഇന്ത്യയിലെ കൗണ്‍സിലിങ്ങ് സൈക്കോതെറാപ്പി മേഖലയില്‍ ഹര്‍ഷജനച്ചന്‍ നടത്തിയ പ്രാരംഭഘട്ട സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായുള്ള അന്തര്‍ദേശീയ അംഗീകാരം അനുഗ്രഹ ഇന്‍സ്റ്റൂട്ടില്‍ വെച്ച് നടന്ന അന്തര്‍ദേശീയ കോണ്‍ഫ്രന്‍സില്‍ നല്കപ്പെട്ടത് അത്യപൂര്‍വമായ ഒരു നേട്ടമാണ്.
സമൂഹത്തിന്റെ കാതല്‍ കുടുംബങ്ങളാണെന്ന വിശ്വാസമാണ് ‘ഫാമിലിയും ദമ്പതി ചികിത്സ’യും എന്ന വിഷയത്തില്‍ കൂടി ഡോക്ടറേറ്റ് എടുക്കാന്‍ അച്ചനെ പ്രേരിപ്പിച്ചത്. സ്‌നേഹത്തിന്റെ പഠനക്കളരിയാണ് കുടുംബങ്ങളെന്ന് ഹര്‍ഷജനച്ചന്‍ സമര്‍ഥിക്കുന്നു. തനിമയാര്‍ന്ന സ്‌നേഹമാണ് ദൈവമെന്നും ഈ തനിമ ദമ്പതികളുടെ ഹൃദയത്തെ സ്പര്‍ശിച്ചാല്‍ അവരില്‍ ദൈവാനുഭവം നിറയുമെന്നും അതിന്റെ പ്രകടനമായി ദിവ്യതയുള്ള മക്കള്‍ ജനിക്കുമെന്നും ഈ സ്‌നേഹഗുരു ഭാര്യാഭര്‍ത്താക്കന്മാരെ ഓര്‍മിപ്പിക്കുന്നു. ആണും പെണ്ണും രണ്ട് വ്യക്തിത്വങ്ങളാണെന്നും ഈ വ്യക്തിത്വങ്ങളിലെ വൈവിധ്യങ്ങള്‍ ശാശ്വതങ്ങളാണെന്നും അവയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ദമ്പതികള്‍ പരസ്പരം പങ്കുവയ്ക്കാനൊരുങ്ങിയാലേ കുടുംബം സ്വര്‍ഗതുല്യമാവുകയുള്ളൂവെന്നും അച്ചന്റെ പഠനങ്ങള്‍ തെളിയിക്കുന്നു. 1965ല്‍ അച്ചന്‍ ആരംഭിച്ച ‘പ്രീ- മാര്യേജ് കോഴ്‌സ്’ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും സമഗ്രമായ ഒരു പഠനപാക്കേജായിരുന്നു. 1972ല്‍ ഭരണങ്ങാനത്ത് വച്ച് നടത്തപ്പെട്ട ദേശീയ സെമിനാറില്‍ അച്ചന്‍ ഔദ്യോഗികമായി അവതരിപ്പിച്ച ‘ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ് ഇന്‍ ഫാമിലി ലൈഫ്’ എന്ന പാഠ്യപദ്ധതിയാണ് ഇന്ന് കേരളത്തിലെ ക്രൈസ്തവ സഭയിലും ഹൈന്ദവ ഇസ്ലാമിക സമൂഹത്തിലും പ്രീ – മാര്യേജ് കോഴ്‌സിന് മാതൃകയായി മാറിയിരിക്കുന്നതെന്ന് അച്ചന്‍ വിശദീകരിക്കുന്നു.
ഗാന്ധിയും ഫ്രാന്‍സിസ് അസ്സീസിയും മാതൃകയായി ജീവിതത്തില്‍ നിറഞ്ഞപ്പോള്‍ തനതുശൈലിയില്‍ ദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ അദ്ദേഹത്തിനായി. ഭാരതീയ ചിന്താധാരകളോടുള്ള അച്ചന്റെ തീവ്രമായ ആഗ്രഹങ്ങള്‍ പലതലങ്ങളിലും പ്രകടമായിരുന്നു. 1964ല്‍ ഭാരതീയ പേരായ ഹര്‍ഷജനും കാവിഖാദി വസ്ത്രവും സ്വീകരിച്ചു കൊണ്ടായിരുന്നു പ്രധാന പരിവര്‍ത്തനം. യോഗയില്‍ ഭാരതത്തിലെ തന്നെ അപൂര്‍വ അംഗീകാരം നേടിയിട്ടുള്ള അദ്ദേഹത്തെ ഗുരു നിത്യചൈതന്യയതി പതഞ്ജലി യോഗയിലെ അപൂര്‍വ ഗുരു എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. ചിത്തവൃത്തി നിരോധമാണ് യോഗയെന്നു ശ്വാസത്തെ നിയന്ത്രിച്ചാല്‍ മസ്തിഷ്‌കത്തെ നിയന്ത്രിക്കാമെന്നും പരിണിത ഫലമായി വ്യക്തിയെയും ജീവിതത്തെയും നിയന്ത്രിക്കാമെന്നും പഠനങ്ങളിലൂടെ അച്ചന്‍ തെളിയിക്കുന്നു. യോഗയ്ക്ക് സമഗ്ര ആരോഗ്യമേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്ന് ജീവിത ഉദാഹരണങ്ങള്‍കൊണ്ട് ഈ യോഗഗുരു ലോകത്തെ ബോധ്യപ്പെടുത്തുന്നു. പൗരസ്ത്യ സൈക്കോതെറാപ്പിയും ഭാരതീയ യോഗ അവബോധവും കൂട്ടിക്കലര്‍ത്തി ഹിമാലയ സാനുക്കളിലെ പ്രശസ്ത യോഗഗുരുവായ സ്വാമി രാമയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊണ്ട് അവതരിപ്പിച്ച പഠന പ്രബന്ധഗ്രന്ഥം യോഗവിദ്യാഭ്യാസ മേഖലയിലെ ഒരു മുതല്‍കൂട്ടാണ്.
യുവജനങ്ങളാണ് നാടിന്റെ സ്പന്ദനങ്ങള്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് ‘പ്രജ്യോതി നികേതന്‍’ കോളജ് യാഥാര്‍ഥ്യമായത്. ഗവണ്‍മെന്റ് അഫിലിയേഷന്‍ ഉള്ള ഈ കോളജില്‍ നിരവധി ബിരുദ കോഴ്‌സുകള്‍ ഉന്നത വിജയം കരസ്ഥമാക്കി തുടര്‍ന്നു വരുന്നു. മൂല്യബോധമുള്ള, പ്രകൃതി സ്‌നേഹമുള്ള, സേവന തല്‍പരരായ, നേതൃത്വഗുണമുള്ള, യുവതലമുറയെ സമഗ്രമായി വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രകടമായി കാണുന്ന സമ്പൂര്‍ണ വ്യക്തിത്വ രൂപീകരണ പരിശീലന ശൈലി ഈ കലാക്ഷേത്രത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഒരു തനതു ഭാവം നല്‍കുന്നുണ്ട്. കാമ്പസില്‍ നട്ടു വളര്‍ത്തിയിരിക്കുന്ന വിവിധയിനം വൃക്ഷലതാദികള്‍ പ്രകൃതി വിഭവശേഷിയുടെ കലവറയായി കോളജിനെ രൂപപ്പെടുത്തിയിരിക്കുകയാണ്.
പ്രജ്യോതിയുടെ സ്ഥാപക ഡയറക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ കോളജിലെ അസോഷ്യേറ്റ് പ്രഫസര്‍, കാലിക്കറ്റ് യുണിവേഴ്‌സിറ്റിയിലെ സെനറ്റ് മെമ്പര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ – ബിരുദാനന്തരബിരുദ പഠനവിഭാഗങ്ങളിലെ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം 22 രാജ്യങ്ങളില്‍ ഇതിനോടകം ക്ലാസുകള്‍ നയിച്ചിട്ടുണ്ട്.
‘കൗണ്‍സലിങ്ങ് ആന്റ് ഹോസ്പിറ്റല്‍ കെയര്‍’ (1973), ‘കൗണ്‍സലിങ്ങ് ആന്റ് ഹെല്‍ത്ത് കെയര്‍’ (1978), ‘വെസ്റ്റേണ്‍ സൈക്കാതെറാപ്പി ഇന്‍ റിലേഷന്‍ ടു ദി ക്ലാസിക്കല്‍ പതഞ്ജലി യോഗ’ (1985) തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഹര്‍ജനച്ചന്റെ രചനകളാണ്.
സ്‌നേഹ കേന്ദ്രീകൃത കുടുംബങ്ങള്‍, സമഗ്ര വളര്‍ച്ച നേടുന്ന യുവാക്കള്‍, ദാരിദ്ര്യം അകന്ന ഇന്ത്യ, വികസനത്തിലേക്ക് കഠിന പ്രയത്‌നം നടത്തുന്ന ഭാരതജനത… ക്രിസ്തു വിശ്വാസത്തെ ജീവിതസാക്ഷ്യമാക്കി ഭാരത മൂല്യപുണ്യങ്ങളെ ജീവിതചര്യയാക്കി സ്വപ്‌നങ്ങള്‍ കാണുന്ന ഹര്‍ഷജനച്ചന്റെ ഭാവി പദ്ധതികള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>