തെറ്റിദ്ധരിക്കപ്പെട്ട നസ്രാണി സമൂഹം

By on June 9, 2017
palayur-church-thrissur-10

തെറ്റിദ്ധരിക്കപ്പെട്ട നസ്രാണി സമൂഹം
മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ക്ക് ബാഹ്യവും ആന്തരികവുമായ പീഡനങ്ങള്‍ ധാരാളം ഏല്‍ക്കേണ്ടിവന്നുവെന്ന് നാം കണ്ടു. മുഹമ്മദീയര്‍ കനത്ത പ്രഹരം ബാഹ്യലോകത്തു നിന്ന് നല്‍കിയപ്പോള്‍ സഭയ്ക്കുള്ളില്‍ നിന്നുള്ള അടിച്ചമര്‍ത്തലുകളും ശക്തമായിരുന്നു. തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചും സഭയെ തകര്‍ക്കാന്‍ ശ്രമിക്കുകയെന്ന രീതിയാണ് സഭയുടെ വിവിധ കോണുകളില്‍ നിന്നുണ്ടായത്. ലോകത്ത് ലത്തീന്‍ ആരാധനക്രമം മാത്രമേയുള്ളൂ എന്നും മറ്റുള്ളതൊക്കെ പാഷണ്ഡതയാണെന്നു തെറ്റിദ്ധരിച്ചവരും, ലത്തീന്‍ ക്രമം മാത്രമേ എല്ലാ സഭകളും പിന്തുടരാന്‍ പാടുള്ളൂ എന്ന് ചിന്തിച്ച തീവ്രവാദികളും ചേര്‍ന്ന് നസ്രാണി സമൂഹത്തെ വല്ലാതെ ഞെരുക്കുന്നതാണ് ചരിത്രത്തില്‍ നാം കാണുന്നത്. മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ സഭാനേതൃത്വത്തെയും വിശ്വാസങ്ങളെയും ആരാധനാക്രമത്തെയും ഇത്തരക്കാര്‍ ആക്രമിക്കുന്നുണ്ട്.
മാര്‍ സാപ്പോര്‍, മാര്‍ പ്രോത്ത്
നസ്രാണി സഭയുടെ നേതൃത്വത്തിലിരുന്ന് വിശുദ്ധ ജീവിതം നയിക്കുകയും മരണശേഷം ആറു നൂറ്റാണ്ടുകള്‍ക്കുശേഷം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത മെത്രാന്മാരാണ് മാര്‍ സാപ്പോര്‍. മാര്‍ പ്രോത്ത് എന്നിവര്‍. ഇവരെക്കുറിച്ചും ഇവരുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കിയാലേ തെറ്റിദ്ധാരണയുടെ ആഴം നമുക്ക് ബോധ്യമാവുകയുള്ളൂ.
പേര്‍ഷ്യന്‍ സഭയില്‍ നിന്ന് സെലൂഷ്യന്‍ പാത്രിയാര്‍ക്കീസ് മാര്‍തോമാ ക്രിസ്ത്യാനികളുടെ അജപാലനത്തിന് അയച്ച രണ്ടു മെത്രാന്മാരാണ് മാര്‍ സാപ്പോറും മാര്‍ പ്രോത്തും. ഇവര്‍ കേരളത്തില്‍ എത്തിയ കാലത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. 920ല്‍ ആണ് ഇവര്‍ വന്നതെന്ന് അസ്സേമാന്‍ രേഖപ്പെടുത്തുമ്പോള്‍, ലേക്വിയെന്‍ പറയുന്നത് 880ല്‍ ആണെന്നാണ്. പല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും എഡി. 850നും 880നും ഇടയില്‍ ഇവര്‍ കേരളത്തില്‍ എത്തി എന്ന് നമുക്ക് അനുമാനിക്കാം. ഈ രണ്ടു മെത്രാന്മാരും മഹാ വിശുദ്ധരായിരുന്നുവെന്ന് പറയപ്പെടുന്നു. അനേകം ദൈവാലയങ്ങള്‍ പണി കഴിപ്പിക്കുകയും ധാരാളം ആളുകളെ ജ്ഞാനസ്‌നാനപ്പെടുത്തി ക്രിസ്തുമതാനുയായികളാക്കുകയും ചെയ്തു. കൊല്ലത്തെ രാജാവായിരുന്ന ശങ്കരന്‍ ഇരവിശ്രീയില്‍ നിന്ന് രാജകീയമായ പല സ്വാതന്ത്ര്യാവകാശങ്ങളും താമ്രശാസനങ്ങള്‍ വഴി ലഭിച്ചിട്ടുണ്ട്. മെനേസിസ് മെത്രാപ്പോലീത്ത ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം തേവലക്കര പള്ളി സന്ദര്‍ശിച്ചപ്പോള്‍, വിശ്വാസികള്‍ ഈ മൂന്നു ചെപ്പേടുകളും മെത്രാപോലീത്തയെ കാണിച്ചു എന്ന് ഗൊവയാ എന്ന ചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു മെത്രാന്മാരും കേരളത്തിലുടനീളം സഞ്ചരിച്ച് മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ക്ഷേമത്തിനും വളര്‍ച്ചയ്ക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ചു. എല്ലാ വിശ്വാസികളെയും ഇവരുടെ പ്രഘോഷണവും പ്രവര്‍ത്തനവും വഴി വിശ്വാസാനുഭവത്തിലേക്ക് നയിച്ചു. രണ്ടു പേരിലും നിറഞ്ഞു നിന്ന ജീവിതവിശുദ്ധിയും സേവനതല്‍പരതയും വിശ്വാസികളുടെ ജീവിതത്തിന് പുത്തന്‍ ഉണര്‍വും ചൈതന്യവും നല്‍കി. ആജീവനാന്തം കേരളത്തില്‍ ജീവിച്ച ഇവര്‍ തങ്ങളുടെ ത്യാഗജീവിതവും ജീവിത വിശുദ്ധിയും വഴി എല്ലാവരുടെയും ബഹുമാനവും ആദരവും നേടുകയും ചെയ്തിരുന്നു. കൂടാതെ അനേകം അത്ഭുതങ്ങള്‍ അവര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കൊല്ലത്തും ഉദയംപേരൂരും കൊടുങ്ങല്ലൂരിലുമായി ഇവര്‍ താമസിച്ചതായി രേഖകളില്‍ കാണുന്നു. സാപ്പോര്‍ മെത്രാപ്പോലീത്തയും പ്രോത്ത് ഉപമെത്രാനുമായിരുന്നു. മരണശേഷം വിശ്വാസികള്‍ ഇവരുടെ പേരില്‍ ദേവാലയം പണിയുകയും തിരുനാള്‍ ആഘോഷിക്കുകയും ചെയ്തു പോന്നു. എന്നാല്‍ ഉദയംപേരൂര്‍ സൂനഹദോസ് ഇവരെ തെറ്റിദ്ധരിച്ച് നെസ്‌തോറിയന്മാരാക്കി ചിത്രീകരിച്ചു. അതിനുള്ള കാരണങ്ങളും അവയുടെ വിശദീകരണങ്ങളും ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ കാണാം.
തെറ്റിദ്ധാരണകള്‍
മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ച് ജീവിക്കുന്നവരാണെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമം ചിലര്‍ നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ നസ്രാണി സമൂഹം എന്നും ശരിയായ കത്തോലിക്കാ വിശ്വാസത്തില്‍ ആയിരുന്നു എന്നതാണ് വാസ്തവം. ഇത് മനസ്സിലാക്കിയവരും സഭയെ അടുത്തറിഞ്ഞിരുന്നവരുമായ ചരിത്രകാരന്മാര്‍ ഈ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ബെനഡിക്ടന്‍ സന്യാസിയും ഇംഗീഷ് ചരിത്രകാരനുമായ ഒഡെറിക്കൂസ്വിത്താലിസ് 12-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രേഖപ്പെടുത്തിയ നടപടികളുടെ ഒന്നാം ഭാഗത്ത് ഭാരത നസ്രാണി സമൂഹത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്; ‘അവിടെ മാര്‍തോമ്മാശ്ലീഹായുടെ സിംഹാസനമുണ്ട്. ഇന്നുവരെ കത്തോലിക്കാ വിശ്വാസവും.” തെറ്റിദ്ധാരണ നിമിത്തം മറ്റു പലതും അദ്ദേഹം നസ്രാണി സമൂഹത്തിന്റെ വിശ്വാസജീവിതത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കത്തോലിക്കാ വിശ്വാസമാണ് ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്നത് എന്ന് പറയുന്നതില്‍ എല്ലാം ഉള്‍ക്കൊണ്ടിരുന്നു. കൂടാതെ പാസിയോ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഒഡെറിക്കൂസിന്റെ വാക്കുകള്‍ തന്നെ ആവര്‍ത്തിക്കുന്നു. ”ഇതാണ് മാര്‍തോമ്മാശ്ലീഹായുടെ സിംഹാസനം. കത്തോലിക്കാ വിശ്വാസം ഇന്നുവരെ ഇവിടെയുണ്ട്. ലൂയിസ് കടമുസ്‌തോക്ക എന്ന ചൈനീസ് സഞ്ചാരിയും ഈ സഭയെപ്പറ്റി പറയുന്നു.
എന്നാല്‍ 1328ല്‍ 22-ാം യോഹന്നാന്‍ മാര്‍പാപ്പ കൊല്ലത്തിന്റെ മെത്രാനായി വാഴിച്ച ജോര്‍ദ്ദാനൂസ് കറ്റലാനി പറയുന്ന കാര്യങ്ങള്‍ ഒരു തരത്തിലും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. അദ്ദേഹം പറയുന്നത്, ഈ ഇന്ത്യയില്‍ തങ്ങളെത്തന്നെ ക്രിസ്ത്യാനികളെന്ന് വിളിക്കുന്ന അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്ന ഒരു ജനതയുണ്ട്. എന്നാല്‍ അവര്‍ അങ്ങനെയല്ല അവര്‍ക്ക് ജ്ഞാനസ്‌നാനവുമില്ല, വിശ്വാസത്തെപ്പറ്റി അവര്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാ. എന്നു മാത്രമല്ല മഹാനായ മാര്‍തോമ്മായാണ് ക്രിസ്തുവെന്ന് (അഥവാ ക്രിസിതുവിനേക്കാള്‍ വലിയവനെന്ന്) അവര്‍ വിശ്വസിക്കുന്നു. ഞാന്‍ പറയുന്ന ഈ ഇന്ത്യയില്‍ ഉദ്ദേശം മുന്നൂറോളം പേരെ ഞാന്‍ സ്‌നാനപ്പെടുത്തി വിശ്വാസത്തിലേക്ക് കൊണ്ടു വന്നു. ‘മിരബീലിയ’ എന്ന പുസ്തകത്തിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍പാപ്പ കൊല്ലത്ത് ഒരു ലത്തീന്‍ ഇടവക സ്ഥാപിച്ചു കൊണ്ട് ജോര്‍ദ്ദാനൂസിനെ മെത്രാനായി വാഴിക്കുകയും നസ്രാണികളുടെ നായകനാക്കുകയും ചെയ്തു. തീരപ്രദേശങ്ങളില്‍ വസിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്കു കൊടുക്കുന്നതിനായി 2 എഴുത്തുകള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ ഭിന്നത അവസാനിപ്പിക്കുന്നതിനും ജ്ഞാനസ്‌നാനത്താല്‍ പുനര്‍ജന്മം പ്രാപിച്ച ക്രൈസ്തവരുടെ വിശ്വാസത്തെ അബദ്ധധാരണകള്‍ കൊണ്ട് മലിനമാക്കാതിരിക്കുന്നതിനും മതഭിന്നതയുടെയും വിശ്വാസത്തിന്റെയും നേര്‍ക്കുള്ള മനഃപൂര്‍വമായ അന്ധതയുടെയും മായാരൂപം ആളുകളുടെ കാഴ്ചയെ അന്ധമാക്കാതിരിക്കാനും ഉപദേശിക്കുന്നു.
മിരബീലിയയില്‍ പറയുന്നത് 4 കാര്യങ്ങളാണ്. ഒരുപക്ഷേ ജോര്‍ദ്ദാനൂസ് മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതും ഇവ തന്നെയാകാം. 1. ഭാരത ഭൂവില്‍ ക്രിസ്ത്യാനികള്‍ അങ്ങും ഇങ്ങും മാത്രമേ ഉള്ളൂ. 2. മാമ്മോദീസ എന്ന കൂദാശയെ അനുസരിക്കുന്നില്ല 3. വിശ്വാസസംബന്ധമായ ഒരു അറിവും അവര്‍ക്കില്ല. 4. മിശിഹായേക്കാള്‍ മേലെ തോമാസ് ശ്ലീഹായെ അവര്‍ കരുതുന്നു. ഇവ ഒറ്റ നോട്ടത്തില്‍ തന്നെ വാസ്തവ വിരുദ്ധമാണെന്ന് കാണാം. അങ്ങും ഇങ്ങും മാത്രമേ ക്രിസ്ത്യാനികള്‍ ഉള്ളൂ എന്നത് ഭാരതത്തിലുടനീളം യാത്ര ചെയ്യാത്തതിന്റെ പോരായ്മയായിട്ടേ കാണാന്‍ കഴിയൂ. കാരണം കഴിഞ്ഞ ലക്കങ്ങളില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന മാര്‍തോമാ ക്രിസ്ത്യാനി സമൂഹങ്ങളെ വിശദമായി നാം കണ്ടതാണ്. മാമ്മോദീസായുടെ കുറവ് മെത്രാന്മാരുടെയും വൈദികരുടെയും പോരായ്മകൊണ്ട് ആ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ളതായിരുന്നു. ചരിത്രകാരനായ ലൂവിസ്‌കടമുസ്‌തോക്കു തന്നെ ഇവിടെയുള്ള മാമ്മോദീസയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടല്ലോ. വിശ്വാസത്തിന്റെ കാര്യത്തിലുള്ള അറിവില്ലായ്മ എന്ന് ജോര്‍ദ്ദാനൂസ് പറയുന്നത് വിജ്ഞാനികളായ ദൈവശാസ്ത്രജ്ഞന്മാരുടെ അഭാവം കൊണ്ടാകാം. തോമാശ്ലീഹായെ ക്രിസ്തുവായി തെറ്റിദ്ധരിച്ചുവെന്ന് പറയുന്നത് നമ്മുടെ ഇടയില്‍ നിലനിന്നിരുന്ന വിശ്വാസത്തെ സംബന്ധിച്ചുള്ള ഗ്രന്ഥങ്ങളും അസംഖ്യം പാട്ടുകളും ഒന്നും തന്നെ അദ്ദേഹം വായിച്ച് ഗ്രഹിച്ചിട്ടില്ലാത്തതിന്റെ കുറവുകൊണ്ടാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
എന്തായാലും ജോര്‍ദ്ദാനൂസിന്റെ കാഴ്ചപ്പാടില്‍ ലത്തീന്‍ അല്ലാത്ത ഏതൊന്നും ശീശ്മയും പാഷണ്ഡതയുമായി കണ്ടിരുന്നുവെന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. ഏറ്റവുമധികം മാര്‍തോമാ സഭയെ തെറ്റിദ്ധരിച്ച നെസ്‌തേറിയന്‍ പാഷണ്ഡതയെക്കുറിച്ചു കൂടെ കണ്ടാലേ ഇത്തരം നീക്കങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനാവൂ.
തുടരും…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>