ആദാമിന്റെ മക്കള്‍

By on June 9, 2017
34144

ആദാമിന്റെ മക്കള്‍

പയ്യപ്പിള്ളിയച്ചന്‍

‘ഇതിനുമാത്രമെന്നതാ ഇത്ര പറയാന്‍… ഒരുപാട് പറഞ്ഞ് പറഞ്ഞ് പഴമ്പൂരാണങ്ങളുടെ കെട്ടിലേക്കെടുത്തുവയ്ക്കാറായി…. ഇനിയുമെന്തൂട്ടാ ഇത്ര എഴുതാന്‍…’ അനുരഞ്ജനത്തെക്കുറിച്ചെഴുതാനാരംഭിച്ചപ്പോ മനസിലേക്കെത്തിയ ആദ്യത്തെ വാക്കുകള്‍. നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ഈ ചിന്തക്കെന്നൊക്കെ എഴുതിത്തുടങ്ങിയാല്‍ അത് ആ വാക്കിനോട് തന്നെ ചെയ്യുന്ന അപരാധമായിപ്പോകും. കാരണം മുത്തപ്പാപ്പന്മാരുടെ ആദ്യകണ്ണി ആദത്തിന്റെ കാലം തൊട്ട് തുടങ്ങിയ സംഭവമാണ് ഈ അനുരഞ്ജന ചര്‍ച്ചകള്‍. പിന്നീടിങ്ങോട്ട് നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്ക് കയ്യും കണക്കുമില്ലെന്നു വേണം എഴുതാന്‍. പക്ഷെ ആ വാക്കിന്റെ പച്ചപ്പിനിപ്പോഴും കോട്ടം തട്ടാതെ നില്പ്പുണ്ട്. സംശയമുണ്ടെങ്കില്‍ ഒഴിയാത്ത കുമ്പസാരക്കൂടുകളിലേക്കൊന്നു നോക്കിയാല്‍ മതി. അനുരഞ്ജനത്തിന്റെ അഗാധതലങ്ങളെ ഒരു ഉദാഹരണത്തിലേക്ക് ചുരുക്കിയതൊന്നുമല്ല. പക്ഷെ കടല്‍ വെളളത്തിന്റെ രുചിയറിയണമെങ്കില്‍ ഒരു സ്പൂണ്‍ അതിലെ വെള്ളമൊന്ന് രുചിക്കാതെ കഴിയില്ലല്ലോ.
മുറുകുന്ന അനുരഞ്ജനവര്‍ഷ ചര്‍ച്ചകള്‍ക്കിടയില്‍ പ്രഥമ സ്ഥാനം എപ്പോഴും പവിത്രമായ കുമ്പസാരമെന്ന കൂദാശക്കു തന്നെ. തീര്‍ച്ചയായും അത് അങ്ങനെത്തന്നെ വേണം താനും. പക്ഷെ അവിടം കൊണ്ട് നിര്‍ത്തരുതെന്നാണ് ഓര്‍മപ്പെടുത്താനുളളത്. മറ്റിടങ്ങളിലേക്കും ഒരു പാദമെങ്കിലും വയ്ക്കാതെ മടങ്ങരുത്. എടുക്കുമ്പോള്‍ ഒന്നും എയ്യുമ്പോള്‍ നൂറും പതിക്കുമ്പോള്‍ ആയിരവുമായി മാറുന്ന സഹസ്രാസ്ത്രം പോലെ അനുരഞ്ജനമെന്ന ഒറ്റ വാക്ക് ചെന്നു നില്‍ക്കുന്ന അനേകം തലങ്ങളിലേക്ക് ചെറുചിന്തകളെങ്കിലും പാളിക്കാതെ ഒരനുരഞ്ജനവര്‍ഷച്ചിന്തകളും അവസാനിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അത് പാതി ചോദ്യത്തിനുത്തരം മാത്രമെഴുതിയിട്ട് എല്ലാമെഴുതിയെന്നഹങ്കാരത്തില്‍ ഉത്തരക്കടലാസു തിരികെ നല്കുന്നതുപോലിരിക്കും.
ദൈവത്തോടും മനുഷ്യരോടുമുളള അനുരഞ്ജനമൊക്കെ ഒരുപാട് മഷി പുരണ്ട വിഷയങ്ങളാണ്. പലപ്പോഴും ചാപിളളയായിപ്പോകുന്നത് പ്രകൃതിയോടുള്ള അനുരഞ്ജനത്തിന്റെ തലങ്ങളാണ്. നമ്മളത് മറന്നുപോകുന്നതുകൊണ്ടാകണം അങ്ങു ദൂരെ റോമനഗരത്തിലിരുന്ന് വിശുദ്ധനായൊരു മനുഷ്യന്‍ ഇടക്കിടെ പ്രകൃതിസ്‌നേഹത്തെക്കുറിച്ചോര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയെ സ്വന്തം സഹോദരിയായിക്കണ്ട വി. ഫ്രാന്‍സിസിന്റെ നാമധേയം പേറുമ്പൊ അങ്ങിനെയാവാതെ തരമില്ലല്ലോ.
പ്രകൃതി സ്‌നേഹം ചൂടുപിടിക്കുന്ന മാസമായകൊണ്ടും (പരിസ്ഥിതിദിനമാചരിക്കുന്ന ജൂണ്‍ 5 വരെയേ ഈ ചൂടുണ്ടാവു. അതു കഴിഞ്ഞാ ചങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ) അനുരഞ്ജനവര്‍ഷ ചര്‍ച്ചകളില്‍ പലപ്പോഴും ഇടം കിട്ടാത്ത വിഷയമായതു കൊണ്ടും ഇപ്രാവശ്യം പ്രകൃതിയെക്കുറിച്ചു തന്നെ കുറിക്കാമെന്നു നിനച്ചു.
പ്രകൃതി സ്‌നേഹത്തിനു ഇന്ന് വല്ലാത്ത മാര്‍ക്കറ്റുളള കാലമാണ്. സംശയമുണ്ടെങ്കില്‍ ജൂണ്‍ 5-ാം തീയതി പലരുടെയും ഫെയ്‌സ് ബുക്ക് പേജ് എടുത്തു നോക്കിയാല്‍ മാത്രം മതി. മരം നടുന്ന ഫോട്ടോ, മരത്തിനു വെള്ളമൊഴിക്കുന്ന ഫോട്ടോ, അങ്ങിനെ തുടങ്ങി ഫോട്ടോയ്ക്കു പറ്റുന്ന എല്ലാ രീതിയിലുമുള്ള സ്‌നേഹം കാണാം. നടുന്നതല്ലാതെ പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കാത്തതു കൊണ്ട് കഴിഞ്ഞ കൊല്ലം മരം നട്ട കുഴിയില്‍ തന്നെ ഇക്കൊല്ലവും മരം നടാനും ഇക്കൂട്ടരില്‍ പലര്‍ക്കും കഴിയുന്നുണ്ട്. ചിലര്‍ക്ക് പ്രകൃതി സ്‌നേഹം കച്ചവടച്ചരക്കാണ്. വിഷമില്ലാത്ത പച്ചക്കറി തേടിയാണല്ലോ പലരുടേയും യാത്ര. മറ്റു ചിലര്‍ക്കാകട്ടെ പ്രശ്‌നങ്ങള്‍ വരുമ്പോഴെ പ്രകൃതി സ്‌നേഹം ഉണരൂ. എന്തായാലും പ്രകൃതി സ്‌നേഹമെന്ന വാക്കിനു മുന്‍പത്തേക്കാളും ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്.
ഒരുപാട് നീട്ടിപ്പരത്തി റബ്ബറു പോലെയാക്കുന്നില്ല. പറഞ്ഞു കേട്ട ക്ലീഷേ ഡയലോഗുകള്‍ ആവര്‍ത്തിക്കാനും താത്പര്യമില്ല. ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ നേരിട്ട് പറഞ്ഞങ്ങ് നിര്‍ത്തിയേക്കാം. ജീവിതത്തിലിന്നോളം ഒരു മരമെങ്കിലും നട്ടു വളര്‍ത്തിയിട്ടുണ്ടോ? തലനരച്ച കാരണവന്മാര്‍ക്ക് ഇതെന്തൊരു ചോദ്യമാണെന്നു തോന്നിയേക്കാം. പക്ഷെ അതിനു താഴോട്ടുളളവര്‍ക്കു മനസിലാവും കാര്യത്തിന്റെ ഗൗരവം. ഇനി അതിനു സ്ഥലമില്ലെങ്കില്‍ ഒരു ചീരച്ചെടിയെങ്കിലും നട്ടു വളര്‍ത്തിയിട്ടുണ്ടോ? നമുക്കു വേണ്ട കുറച്ച് ഓക്‌സിജനെങ്കിലും നമ്മളുണ്ടാക്കിയില്ലെങ്കില്‍ പിന്നെന്ത് ജീവിതം. പിന്നെ വീടിനു ചുറ്റും ഇത്തിരി മണ്ണെങ്കിലുമുണ്ടെങ്കില്‍ ഈ മഴക്കാലത്ത് കുറച്ചു കുഴിയൊക്കെ കുത്തിയേക്കുക. ഇച്ചിരി കൂടുതലു വെള്ളം താഴോട്ടിറങ്ങിക്കോട്ടെ. വീടിനുചുറ്റും ടൈലിട്ട്, കാലു മണ്ണിലു കുത്താതിരിക്കാന്‍ മുന്‍കരുതലെടുത്തോര്‍ക്ക് ഇക്കാര്യം ബാധകമല്ല. മണ്ണിനെ ചുംബിക്കാന്‍ ആഗ്രഹിച്ച് താഴേക്ക് വരുന്ന മഴ ആ ടൈലില്‍ തലതല്ലിച്ചാവത്തേയുളളു. നാട് നാറിയാലും കുഴപ്പമില്ല; എന്റെ വീട് വൃത്തിയാവണമെന്ന ചിന്തയോടെ മാലിന്യം വലിച്ചെറിയുന്ന ഏര്‍പ്പാട് നിര്‍ത്തുക. സ്വന്തം വിസര്‍ജ്ജ്യം ആര്‍ക്കും ശല്യമാകാതെ കുഴികുത്തി മൂടുന്ന പൂച്ചയ്ക്കുള്ള വിവേകമെങ്കിലും വളര്‍ത്താന്‍ നോക്കുക. പറയാന്‍ ഇനിയുമുണ്ട് കാര്യങ്ങള്‍, പക്ഷെ ഇത്രേം പറഞ്ഞതിലൊരു കാര്യമെങ്കിലും ചെയ്താല്‍ വായിച്ച സമയം, വെറും പാഴായിപ്പോവില്ലെന്നൊരു ഓര്‍മപ്പടുത്തല്‍ മാത്രം.
ഗുരുവിന്റെ അടുക്കല്‍ ജ്ഞാനം തേടിയെത്തിയതാണ് ശിഷ്യന്‍. ഗുരു പറഞ്ഞു നീ ആദ്യം പ്രകൃതിയില്‍ നിന്ന് പഠിക്ക്. ഹെര്‍മ്മന്‍ ഹെസ്സയുടെ സിദ്ധാര്‍ത്ഥയെന്ന നോവല്‍ മഹാജ്ഞാനം തേടിയിറങ്ങിയവന് ഗുരുവാകുന്നത് പ്രകൃതിയാണ്. എന്തിനേറെ വിശുദ്ധഗ്രന്ഥത്തിന്റെ താളുകള്‍ വെറുതെയൊന്ന് മറിച്ചു നോക്ക്. വയലിലെ ലില്ലികളേയും കിളികളേയും വയലിനേയും പുല്ലിനേയും വിത്തുകളേയുമൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആ മഹാഗുരു സ്വര്‍ഗത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. അതിലും വലിയ ദൈവശാസ്ത്രം പിന്നെവിടെ കിട്ടാന്‍. ഇഴഞ്ഞു നീങ്ങുന്ന പുഴുവും ഒന്നിച്ചു പറക്കുന്ന കിളികളും നിരയായി നീങ്ങുന്ന ഉറുമ്പുകളുമൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ആ മഹാപ്രപഞ്ചത്തെ കാണാന്‍… തിരിച്ചറിയാന്‍… സ്‌നേഹിക്കാന്‍ കഴിയട്ടെ. നഷ്ടപ്പെട്ടുപോയ സ്‌നേഹം വീണ്ടെടുക്കലാണ് അനുരഞ്ജനത്തിന്റെ ആദ്യപടി. സ്‌നേഹത്തിന്റെ ആ ഹരിത സങ്കീര്‍ത്തനങ്ങള്‍ ഈ ഊഷര ഭൂമിയില്‍ ചില നന്മയുടെ പച്ചപ്പുകള്‍ ഉണര്‍ത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>