പാവം ജനത്തിന് വാഗ്ദാന പെരുമഴ, നിരോധന ചങ്ങല

By on June 9, 2017

പാവം ജനത്തിന് വാഗ്ദാന പെരുമഴ, നിരോധന ചങ്ങല

പണ്ടൊരു പരസ്യം കണ്ടിരുന്നു. വൊഡാഫോണ്‍ മൊബൈല്‍ കമ്പനിയുടേതാണെന്ന് ഓര്‍മ്മ. തടിച്ചു കൊഴുത്ത ഒരു നായ. അത് അതിന്റെ ഉടമസ്ഥന്റെ പിന്നാലെ നടക്കുകയാണ്. അയാള്‍ എവിടെപ്പോയാലും നായ പിന്നാലെ ചൊല്ലും. നിങ്ങള്‍ എവിടെപ്പോയാലും, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഇതായിരുന്നു ആ പരസ്യത്തിലെ വാചകം.
ഇതിവിടെ ഓര്‍ക്കാന്‍ കാര്യമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ മേയില്‍. ആ ദിവസങ്ങളില്‍ ടിവിയിലും പത്രങ്ങളുടെ ഒന്നാം പേജിനു മുന്നിലെ ഒന്നാം പേജിലും സര്‍ക്കാര്‍ വക ഒരു പരസ്യമുണ്ടായിരുന്നു. നമുക്കൊരുമിച്ചു മുന്നേറാം. സര്‍ക്കാര്‍ ഒപ്പമുണ്ട്. അതോടൊപ്പം മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖചിത്രവും. സാധാരണ ഗതിയില്‍ പിണറായി സഖാവ് അങ്ങനെയൊന്നും ചിരിക്കുന്ന സ്വഭാവക്കാരനല്ല. ഇവിടെ ടിവിയിലും പത്രത്തിലും അദ്ദേഹം ചിരിച്ചിരിക്കുന്ന ചിത്രം കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു.
സര്‍ക്കാര്‍ നമ്മുടെ ഒപ്പമുണ്ട്. അടുത്ത നാലുവര്‍ഷം ഒപ്പമുണ്ടായിരിക്കും. ‘വീഴ്ചകള്‍’ പതിവാക്കിയ മന്ത്രി സഭയെന്ന് പലരും പരിഹസിക്കാറുണ്ടെങ്കിലും എല്ലാം ശരിയാക്കിയിട്ടേ സഖാക്കളുടെ ഭരണം കളമൊഴിയൂ എന്ന ചിന്ത എത്ര ആത്മവിശ്വാസം പകരുന്നതാണ്!
ഒന്നാം പേജിലെ മുഴുപ്പേജ് പരസ്യത്തില്‍ എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങളുണ്ട്. ഉദ്ഘാടന വിവരങ്ങളുണ്ട്. ഇവയില്‍ പലതും യുഡിഎഫ് തുടങ്ങി വച്ചതാണെങ്കിലും അത് ഉദ്ഘാടനം ചെയ്യാനുള്ള യോഗം അവര്‍ക്കില്ലാതെ പോയി. എന്തു ചെയ്യും! കര്‍മഫലം!
വാഗ്ദാനങ്ങളില്‍ ഒരു കാര്യം ശ്രദ്ധിക്കണം. സംസ്ഥാനത്തെ 1000 സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് അടുത്ത നാലുവര്‍ഷം കൊണ്ട് ഉയര്‍ത്തുമെന്ന വാഗ്ദാനം അല്‍പ്പം കടന്ന കയ്യായി. ഇരിക്കാന്‍ ബഞ്ചുപോലുമില്ലാത്ത, കാറ്റടിയേല്‍ക്കാതിരിക്കാന്‍ പനമ്പു തട്ടികപോലുമില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളുള്ള നാട്ടില്‍ ആയിരം സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു പറയുമ്പോള്‍, സഖാക്കള്‍ പോലും ചിരിക്കാതിരിക്കില്ല. അല്ലെങ്കില്‍ അസൂയക്കാരായ ഒരു കോണ്‍ഗ്രസുക്കാരന്‍ പറഞ്ഞതുപോലെ, ആഫ്രിക്കയിലേയോ ബംഗ്ലാദേശിലേയോ വല്ല സ്‌കൂളുകളുടെയും നിലവാരത്തിലേക്കാവും ‘ഉയര്‍ത്തല്‍’. ആഫ്രിക്കയും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെ ‘അന്തര്‍ദേശീയ’ മാണല്ലോ… ഏതായാലും ‘നവകേരളത്തിന്റെ ഒന്നാം വാര്‍ഷികം’ പൊടിപൊടിച്ചുവെന്നാണ് പറയുന്നത്. ഇതിനിടയില്‍ ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ മാപ്പു പറയേണ്ടി വന്നതും പിഴ കൊടുക്കേണ്ടി വന്നതും മാത്രമാണ് അല്‍പ്പമെങ്കിലും ആഘോഷങ്ങളുടെ വീര്യം കുറച്ചത്.
സെന്‍കുമാറിനോടോ?
ഡിജിപി സെന്‍കുമാറിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പഞ്ചപുച്ഛമടക്കി നിന്ന ആ കാഴ്ചയെ തോല്‍വി എന്നു വ്യാഖ്യാനിച്ചവരുണ്ട്. അതു ശരിയല്ല. തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഉദ്യോഗസ്ഥരെ അതു പൊലീസായാലും പട്ടാളമായാലും എല്ലാ ഭരണാധികാരികളും മാറ്റാറുണ്ട്. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ഇന്ത്യന്‍ സേനയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത് ബിജെപിക്ക് ഇഷ്ടമുള്ളയാളെയായിരുന്നു. സീനിയോറിട്ടിയൊന്നും നോക്കിയില്ല.
സെന്‍കുമാര്‍ യുഡിഎഫിന്റെ ആളാണെന്ന് പണ്ടേ സഖാക്കള്‍ക്ക് പരാതിയുള്ളതാണ്. സര്‍ക്കാര്‍ പറയുന്നതുപോലെ പൊലിസ് വേഷത്തിലാടാന്‍ കക്ഷിയെ കിട്ടില്ല! പൊലിസ് സേനയില്‍ അച്ചടക്കവും അനുസരണവും കൊണ്ടുവരാന്‍ കക്ഷി ചിലതൊക്കെ ചെയ്തു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത എസ്‌ഐമാരെയും സാദാ പോലീസുകാരെയും മുട്ടില്‍ നിര്‍ത്തി ഇംപോസിഷന്‍ എഴുതിച്ചയാളാണ് ടിയാന്‍.
അങ്ങനെ പലതുകൊണ്ടും അനഭിമതനായപ്പോഴാണ് ജിഷ വധക്കേസ് അന്വേഷണവും പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും ഉയര്‍ത്തിക്കാട്ടി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു തെറിപ്പിച്ചത്.
ഏതായാലും സുപ്രീംകോടതിക്ക് സംസ്ഥാന സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റുന്നതിനു പറഞ്ഞ കാരണങ്ങള്‍ ബോധ്യമായില്ല. രാഷ്ട്രീയക്കാര്‍ക്ക് തന്നിഷ്ടം പോലെ തട്ടിക്കളിക്കാനുള്ളതല്ല പൊലീസ് സേനയെന്ന വിമര്‍ശനത്തോടെ സെന്‍കുമാറിനെ പഴയ പദവിയില്‍ പുനര്‍നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവു നല്‍കി. അല്ലെങ്കില്‍ ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ കോര്‍ട്ടലക്ഷ്യത്തിന് ജയിലില്‍ പോകുമെന്ന സ്ഥിതിയായിരുന്നു. അങ്ങനെയാണ് സെന്‍കുമാറിനെ വീണ്ടും ഡിജിപിയാക്കേണ്ടി വന്നത്. ഇടതു പ്രത്യയ ശാസ്ത്രപ്രകാരം ഇത് തോല്‍വിയല്ല; തന്ത്രപരമായ പിന്‍വാങ്ങലാണ്. രണ്ടടി മുന്നേറാന്‍ ഒരടി പിന്നോട്ടു വയ്ക്കുന്ന സൈദ്ധാന്തിക രീതിതന്നെ….
കശാപ്പ് നിരോധനം
നമ്മള്‍, പാവം പൗരന്മാര്‍, എന്തൊക്കെ തിന്നണം, തിന്നുകൂടാ എന്നൊന്നും നമ്മളല്ല തീരുമാനിക്കേണ്ടത്. കൊച്ചുകുട്ടികള്‍ എന്താ തിന്നേണ്ടതെന്ന് അവരുടെ മാതാപിതാക്കളാണല്ലോ പലപ്പോഴും നിശ്ചയിക്കുന്നത്. അതുപോലെ ജനാധിപത്യത്തില്‍ ഇപ്പോഴും നമ്മള്‍ ശിശുക്കളാണ്. സ്വാതന്ത്ര്യം കിട്ടി 68 വര്‍ഷം കഴിയുന്നതേയുള്ളൂ. അതുകൊണ്ട് നമ്മള്‍ ബീഫ് കഴിക്കണോ, ചിക്കന്‍ കഴിക്കണോ എന്നൊക്കെ സര്‍ക്കാര്‍ തീരുമാനിക്കുന്നതില്‍ എന്താണിത്ര പന്തിക്കേട്? നമ്മെ സ്‌നേഹിക്കുന്ന ഒരു സര്‍ക്കാര്‍ നമുക്കുവേണ്ടി എടുത്ത തീരുമാനമായി ഇതിനെ കണ്ടാല്‍ മതി. സ്വന്തഭക്ഷണം തിരഞ്ഞെടുക്കാനുള്ള പക്വതപോലും ഇല്ലാത്ത നിര്‍ഗുണ ബ്രഹ്മങ്ങളാണ് ഇന്ത്യക്കാരെന്ന് ഇപ്പോഴെങ്കിലും കേന്ദ്രത്തിനു തോന്നിയതു തന്നെ വലിയ കാര്യം.
ഇനി നാം ഏതുതരം പാനീയം കുടിക്കണം, ഏതു തരം വസ്ത്രം ധരിക്കണം, ഏതു സിനിമ കാണണം, എന്ത് വായിക്കണം, എന്ത് കാണണം എന്നൊക്കെ സര്‍ക്കാര്‍ പറയും.
അടുത്ത ഘട്ടത്തില്‍ ഏതുതരം വാഹനത്തില്‍ യാത്രചെയ്യണം, ഏതുതരം ചെരിപ്പിടണം, മുസ്ലീംകള്‍ക്കാണെങ്കില്‍ ഹജ്ജിനു പോകാമോ, ക്രൈസ്തവര്‍ക്കാണെങ്കില്‍ വിശുദ്ധ നാട്ടിലേക്കും യൂറോപ്പിലേക്കും പോകാമോ തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുക്കും.
പാഠപുസ്തകങ്ങളില്‍ എന്തൊക്കെ എഴുതിവയ്ക്കണം, ആരൊക്കെയാണ് രാഷ്ട്രനേതാക്കള്‍, ആരാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ നമുക്കുവേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹിന്ദുത്വ ബുദ്ധിജീവികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്നത്.
ഇങ്ങനെയൊരു ഘട്ടത്തില്‍ ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നു വിളിക്കുന്നതിനും വരും, നിരോധനം. ഗാന്ധിജിയെ വധിച്ച ആര്‍എസ്എസ് നേതാവ് നാഥുറാം ഗോഡ്‌സെയെ രാഷ്ട്രപിതാവായി വിളിക്കണമെന്നും ഉത്തരവിറക്കും. ഗാന്ധിജിയുടെ ചിത്രം കറന്‍സി നോട്ടുകളില്‍ നിന്നു മാറ്റുകയും ആ സ്ഥാനത്ത് മഹാത്മാ നാഥുറാം ഗോഡ്‌സെ കയറിയിരിക്കുകയും ചെയ്യും.
ഭരണഘടനയില്‍ നിന്നു ‘മതനിരപേക്ഷത’ (സെക്യുലറിസം) എന്ന വാക്ക് മാറ്റാന്‍ അധികാരത്തിലേറിയ നാളുകളില്‍ തന്നെ ശ്രമം തുടങ്ങിയതാണ്. അന്ന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ നടന്നില്ല. ഇനി അതിനു ബുദ്ധിമുട്ടുണ്ടാവില്ല. ഇപ്പോള്‍ തന്നെ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്; രാജ്യസഭയിലും ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി കിട്ടിക്കഴിഞ്ഞാല്‍ രാജ്യസഭയിലും കാര്യങ്ങള്‍ എളുപ്പമാവും. ഇതോടൊപ്പം ഹിന്ദുത്വ ആഭിമുഖ്യമുളള ഒരാളെ പുതിയ ഇന്ത്യന്‍ പ്രസിഡന്റായി അവരോധിച്ചു കഴിഞ്ഞാല്‍ ചിത്രം വളരെ വ്യക്തമാവും. ഭരണഘടന പോലും മാറ്റിയെഴുതാന്‍ പിന്നെയേറെ താമസം ഉണ്ടാവില്ല. അങ്ങനെയാണ് ഹിന്ദുത്വരാഷ്ട്രമെന്ന ‘രാമരാജ്യം’ ഇന്ത്യയില്‍ ഉദയംകൊള്ളുക. കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ല് തുടരട്ടെ. ഇന്ത്യയിലെ പ്രതിപക്ഷ പ്രാദേശിക നേതാക്കള്‍ വിഘടിച്ചു നില്‍ക്കട്ടെ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടുവര്‍ഷം മാത്രം. പ്രതിപക്ഷത്തിന്റെ അനൈക്യം ഇപ്പോഴത്തെ രീതിയില്‍ തുടരുകയാണെങ്കില്‍, 2019 മുതലുള്ള അഞ്ചു വര്‍ഷംകൊണ്ട് കാവിവല്‍ക്കരണം പൂര്‍ണമാകും.

മോദിയുടെ റാലിക്ക് ആളൊന്നിന് 500 രൂപ കൂലി
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റാലി നടത്തുമ്പോള്‍ ലോറിയിലും ട്രക്കിലും ആളെ കൊണ്ടിറക്കുന്ന കാര്യം അത്ര പുതിയതൊന്നുമല്ല. നല്ല ഭക്ഷണം, ഇഷ്ടംപോലെ മദ്യം, അഞ്ഞൂറോ ആയിരമോ കൂലി. ഇങ്ങനെ ഏതു പാര്‍ട്ടിയുടെയും പ്രകടനത്തിനും സമ്മേളനത്തിനും പോകുന്ന വാടക തൊഴിലാളികളും അവരെ ഇഷ്ടാനുസരണം സപ്ലൈ ചെയ്യുന്ന ഏജന്റുമാരുമുണ്ട്.
എന്നാല്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു റാലിക്ക് 500 രൂപ വീതം കൂലികൊടുത്ത് ആളെ കൊണ്ടു വരേണ്ടിവന്നുവെന്ന വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല. അരലക്ഷം പേരാണ് ഭോപ്പാലിനടുത്ത അമര്‍ഖണ്ഡില്‍ നടന്ന ആ റാലിക്ക് എത്തിയത്. അതിനുവേണ്ടി ചെലവഴിച്ച പണമോ, സ്വച്ഛ് ഭാരത് മിഷന്റെ ഫണ്ടില്‍ നിന്ന്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നര്‍മദാ യാത്രയുടെ സമാപനത്തിലായിരുന്നു റാലി.
സ്വച്ഛ് ഭാരത് ഫണ്ട് ബിജെപി എന്ന പാര്‍ട്ടിയുടെതല്ല എന്ന കാര്യം അത്ര കാര്യമാക്കേണ്ട. ജനങ്ങളുടെ പണമാണതെന്ന കാര്യവും മറക്കാം. ജനാധിപത്യം അങ്ങനെയാണ്. ജനങ്ങളുടെ പണമെടുത്ത് നാടുഭരിക്കുകയും അതുപയോഗിച്ചു അടുത്ത ഭരണത്തിന്റെ അടിത്തറ കെട്ടിയുറപ്പിക്കുകയും ചെയ്യുന്ന സംവിധാനത്തെയാണ് നമ്മള്‍ തെറ്റായി ജനാധിപത്യം എന്നു വിളിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതു, വലതു കക്ഷികള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് ജനത്തിനറിയാം. കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി….ആര്‍ക്കെന്തു ചേതം?

റമസാന്‍ ആശംസയും നരേന്ദ്ര മോദിയും
കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് രാജ്യത്തെങ്ങും നിരോധിച്ചത് മുസ്ലീംകളുടെ റമസാന്‍ നോമ്പാരംഭത്തിനു തലേന്നാണ്. നോമ്പിന്റെ ഒരു പ്രത്യേകത, ദിവസം മുഴുവന്‍ കഠിനമായ ഉപവാസം അനുഷ്ഠിച്ച ശേഷം വൈകുന്നേരങ്ങളില്‍ നടക്കുന്ന ‘നോമ്പ് മുറിക്കലാ’ണ്. അതോടൊപ്പമുള്ള ഭക്ഷണമാണ് പിറ്റേന്ന് അവരെ പച്ചവെള്ളം പോലും കുടിക്കാതെയുള്ള കര്‍ശനമായ ഉപവാസത്തിനു ശക്തരാക്കുന്നത്. ആ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ് മാംസം. അതിനി അത്ര എളുപ്പത്തില്‍ നടക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എങ്കിലും പ്രധാനമന്ത്രിയുടെ അന്നു രാത്രിയിലെ പ്രതിമാസ റേഡിയോ പ്രഭാഷണം കലക്കി. റമസാന്‍ നോമ്പിനു ആശംസ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. ‘ബഹനോം ഓര്‍ ബായിയോം….’ എന്ന വിളിയോടെയായിരുന്നു തുടക്കം. ‘ഇന്ത്യയെന്നു പറയുന്ന മഹാരാജ്യത്തില്‍ എല്ലാവരും ഐക്യത്തോടെ ജീവിക്കുന്നു. എല്ലാവരേയും ഒരേപോലെ കാണുന്ന രാജ്യമാണ് ഇന്ത്യ….സര്‍ക്കാര്‍ എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്…’ ഇത്രയൊക്കെ പറഞ്ഞ ശേഷം അദ്ദേഹം വിദേശയാത്രയ്ക്ക് പോയി. ജര്‍മനി, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനമാണ്. ഒരിടവേളയ്ക്കു ശേഷമുള്ള ആ യാത്ര കഴിഞ്ഞു വന്നിട്ടു വേണം പുതിയ നിരോധനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>