പുളിങ്കര മലമുകളിലെ ദീപഗോപുരം

By on June 30, 2017
Pulinkara

പുളിങ്കര മലമുകളിലെ ദീപഗോപുരം
വടക്കേ മലബാറിലേക്കുള്ള മധ്യതിരുവിതാംകൂര്‍ കുടിയേറ്റം മുപ്പതുകളിലായിരുന്നെങ്കില്‍, തൃശൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങള്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തുടങ്ങുന്നത് നാല്‍പതുകളിലാണ്. അത് സംഘടിതമായി തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ വറുതിയുടെ നാളുകളിലായിരുന്നു.
എന്നാല്‍ അതിനു മുമ്പേ തന്നെ മോതിരക്കണ്ണി, ചായ്പന്‍കുഴി, വീരന്‍ചിറ, വെള്ളിക്കുളങ്ങര, കുറ്റിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ കുടിയേറ്റത്തിന്റെ കാലൊച്ച കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവിടവിടെ എത്തപ്പെട്ട ക്രൈസ്തവര്‍ പലയിടത്തും വീടുവയ്ക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു.
ഈ കാലത്താണ്, ഇരുപതാം നൂറ്റാണ്ടില്‍ പുലരിവെട്ടം പരന്ന ആദ്യദശകങ്ങളില്‍ പുളിങ്കര പ്രദേശത്തും വികസനത്തിന്റെ ആദ്യകിരണങ്ങള്‍ പൊട്ടിവിരിഞ്ഞത്. മലമ്പനിയോടും മറ്റു രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുകൊണ്ടുള്ള ജീവിതം അങ്ങനെ ആ മലയോരങ്ങളില്‍ തളിരിടാന്‍ തുടങ്ങി. ജീവിതം പിച്ചവച്ചുതുടങ്ങിയ ഗ്രാമവഴികളില്‍ പക്ഷേ, ആധ്യാത്മികാവശ്യങ്ങള്‍ക്ക് കിലോമീറ്ററുകളുടെ കാല്‍നടയാത്ര മാത്രമായിരുന്നു ആശ്രയം. കുറ്റിക്കാട് ഇടവക പള്ളിയായിരുന്നു അന്ന് പുളിങ്കരയിലെ കത്തോലിക്കാ വിശ്വാസികളുടെ അഭയസ്ഥാനം.
അങ്ങനെ ആദ്യമായി ഒരു അമ്പ് സമുദായം അവിടെ രൂപം കൊള്ളുന്നു. അതിന്റെ നേതൃത്വത്തില്‍ കുറച്ചുപണം സ്വരൂപിക്കുകയും എട്ട് സെന്റ് സ്ഥലം വാങ്ങി അവിടെയൊരു കപ്പേള പണിയുകയും ചെയ്തു. 1942ലാണ് ആ സെന്റ് സെബാസ്റ്റ്യന്‍ കപ്പേള നിലവില്‍ വന്നത്. കപ്പേളയില്‍ ദൈവജനം ദിവസവും സന്ധ്യാവേളയില്‍ പ്രാര്‍ഥിക്കുകയും മേയ്മാസത്തിലെ വണക്കമാസ തിരുനാള്‍ ആര്‍ഭാടപൂര്‍വം ആഘോഷിക്കുകയും ചെയ്തുപോന്നു. കപ്പേളത്തിരുനാളിനു ദിവ്യബലി വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍, അതിനുവേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി പിന്നത്തെ ശ്രമങ്ങള്‍. ഇന്നത്തെ പുളിങ്കര പള്ളിയുടെ ഉത്ഭവം അവിടെ നിന്നാണ്.
1946 ഓഗസ്റ്റ് 15. കന്യകാമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍. അന്ന് ആദ്യമായി കുറ്റിക്കാട് പള്ളി വികാരി ഫാ. യാക്കോബ് വടാശ്ശേരി പുളിങ്കരയില്‍ ദിവ്യബലി അര്‍പ്പിച്ചു. 1950 മുതലാണ് ഞായറാഴ്ചകളില്‍ ദിവ്യബലി ആരംഭിച്ചത്. കപ്പേളയുടെ മുന്നിലെ ചാര്‍ത്ത് ആയിരുന്നു ദിവ്യബലിയില്‍ പങ്കുകൊള്ളുന്നവര്‍ക്ക് കയറിനില്‍ക്കാനുള്ള സ്ഥലം. വിശ്വാസികള്‍ വര്‍ധിച്ചുതോടെ അതു പൊളിച്ചു ഒരു നടപ്പുര പണിതു – 1954ല്‍. ആറുവര്‍ഷം കഴിഞ്ഞപ്പോള്‍ കപ്പേളയും നടപ്പുരയും പൊളിച്ചു നീക്കി പള്ളി പണിതു. അതിനു നേതൃത്വം നല്‍കിയത് കുറ്റിക്കാട് വികാരിയായിരുന്ന ഫാ. തോമസ് താടിക്കാരന്‍.
1958ല്‍ സെമിത്തേരി നിലവില്‍ വന്നു. 1972ലാണ് പുതിയ പള്ളിയുടെ നിര്‍മാണം. 1961ല്‍ വൈദികമന്ദിരവും ഓഫീസും നിര്‍മിച്ചു. 1965ല്‍ ആന്റണി കഴിക്കൂടനച്ചന്റെ നേതൃത്വത്തില്‍ കുടുംബങ്ങളെ നാല് സമുദായങ്ങളായി തിരിച്ചു. 1971 ഓഗസ്റ്റ് 29ന് പുളിങ്കര സെന്റ് മേരീസ് പള്ളിയെ ഇടവകയായി പ്രഖ്യാപിച്ചതോടെ, വികസനത്തിന്റെ പുതിയൊരു അധ്യായത്തിനും ഇവിടെ തുടക്കമായി.
പുളിങ്കരയിലെ ആദ്യ സ്ഥിരം വികാരിയായിരുന്നു ഫാ. ആന്റണി പുതുശ്ശേരി. 1975 ഡിസംബര്‍ 27ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവ് പുതിയ ദൈവാലയം കൂദാശ ചെയ്തു. ഇതോടൊപ്പം ഇടവകയിലെ അഞ്ചു പ്രധാന റോഡുകളും യാത്രാസജ്ജമായി. പള്ളിക്കടുത്ത് ഒരു ഗവ. ഹൈസ്‌കൂളിനുവേണ്ടി 1974ല്‍ ഒരേക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തു.
1984ല്‍ ഫാ. ജോണ്‍ കവലക്കാട്ടിന്റെ നേതൃത്വത്തില്‍ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷന്‍ മുതല്‍ പുളിങ്കര കോണ്‍വെന്റ് വരെയുള്ള റോഡിന്റെ നിര്‍മാണം നടത്തി.
ഇന്ന് പുളിങ്കര ദൈവാലയം മലയോര പ്രദേശത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഗിരിദീപം പോലെയാണ്. എഫ്‌സിസി സിസ്റ്റേഴ്‌സിന്റെ കോണ്‍വെന്റ്, കപ്പേളകള്‍, പള്ളിയോടു ചേര്‍ന്നുള്ള ഇരുനില ഹാളും വൈദിക മന്ദിരവും വെല്‍ഫെയര്‍ സൊസൈറ്റി മതബോധനഹാള്‍, മണിമാളിക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പുളിങ്കരയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നു.
വിശ്വാസ ചൈതന്യത്തിലധിഷ്ഠിതമായ ഒരു ജനസമൂഹം പതിറ്റാണ്ടുകളിലൂടെ സ്വയം കണ്ടെത്തുകയും സ്വയം നിര്‍മിക്കുകയും ചെയ്തതിന്റെ ദേശചരിതമാണ് പുളിങ്കര പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>