• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ക്രൈസ്തവ വിശ്വാസം അഗ്നിപരീക്ഷയില്‍, ഈജിപ്തിലും ഇന്ത്യയിലും

By on June 30, 2017

ക്രൈസ്തവ വിശ്വാസം അഗ്നിപരീക്ഷയില്‍, ഈജിപ്തിലും ഇന്ത്യയിലും
ഈജിപ്തില്‍ 28 കോപ്റ്റിക് ക്രൈസ്തവരെ ഭീകരര്‍ വെടിവച്ചു കൊന്നതിന്റെ ഞെടുക്കത്തിലായിരുന്നു ജൂണ്‍ ആദ്യവാരങ്ങളില്‍ ലോകക്രൈസ്തവ ലോകം. സമീപകാലത്ത് ക്രൈസ്തവര്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മധ്യപൂര്‍വദേശ രാഷ്ട്രങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഒന്നു മാത്രമാണ് തലസ്ഥാനനഗരമായ ഈജിപ്തിന്റെ കയ്‌റോയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുണ്ടായ സംഭവം. അവിടെ മിന്യ പ്രവിശ്യയിലെ സന്യാസാശ്രമത്തിലേക്ക് ബസില്‍ പോയ്‌ക്കൊണ്ടിരുന്ന തീര്‍ത്ഥാടകസംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയപില്‍ കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു, 23 പേര്‍ക്ക് പരുക്കേറ്റു. മൂന്നു കാറുകളിലെത്തിയ പത്തോളം ഭീകരരാണ് ബസ് തടഞ്ഞു നിര്‍ത്തി നിഷ്‌കരുണം ക്രൈസ്തവ തീര്‍ത്ഥാടകരെ വധിച്ചത്. അവര്‍ ക്രൈസ്തവരായിരുന്നുവെന്നതു മാത്രമാണ് ആക്രമണത്തിനു കാരണമെന്നു വ്യക്തം.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പത് ഞായറാഴ്ച അലക്‌സാന്‍ഡ്രിയയിലും ടാന്റയിലും കോപ്റ്റിക് പളളികള്‍ക്കെതിരെയുണ്ടായ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളില്‍ 46 പേര്‍ മരിച്ചിരുന്നു. ഡിസംബറില്‍ കയ്‌റോയിലെ മറ്റൊരു പളളിയില്‍ അവര്‍ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് ലിബിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 21 കോപ്റ്റിക് ക്രൈസ്തവരെ പിടികൂടി കഴുത്തറുത്ത് വധിച്ചതും ലോകം മറന്നിട്ടില്ല.
ഈജിപ്തിലെ 9.2 കോടി ജനങ്ങളില്‍ 10 ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവരാണ്. ഇവരാണ് ചരിത്രപരമായും സാംസ്‌ക്കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈജിപ്തില്‍ മുന്നിട്ടുനില്‍ക്കുന്ന മുസ്ലീം ഇതര വിഭാഗം. ഇവര്‍ക്കെതിരെയുളള ഭീകരാക്രമണങ്ങള്‍ ക്രൈസ്തവരെ ഭയപ്പെടുത്തി നിര്‍വീര്യമാക്കാനുളള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പൂര്‍വിക വിശ്വാസം മരണം വരെയും കാത്തുസൂക്ഷിക്കുമെന്നും രാജ്യത്തു നിന്നു ഭയപ്പെട്ട് ഓടിപ്പോകില്ലെന്നും കോപ്റ്റിക് ക്രൈസ്തവര്‍ ധീരമായ നിലപാടെടുത്തിരിക്കുകയാണ്.
അമിത്ഷാ
ഗാന്ധിജിക്കെതിരെ
രാഷ്ട്രപിതാവായ ഗാന്ധിജിയെ ചരിത്രത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ ബിജെപിയും അനുഭാവി സംഘടനകളും നടത്തുന്ന പാഴ്ശ്രമം ബിജെപി അധ്യക്ഷന്‍ അമിത്ഷായിലൂടെയും പുറത്തായതാണ്. ജൂണിലെ മാധ്യമക്കാഴ്ചകളില്‍ മറ്റൊരു സുപ്രധാന വാര്‍ത്ത. ഗാന്ധിജിയെ അതിബുദ്ധിമാനായ ബനിയ എന്നാണ് (ബഹുത് ചതുര്‍ബനിയ = മഹാസൂത്രശാലിയായ വ്യാപാരി) വിശേഷിപ്പിച്ചത്. മഹാത്മഗാന്ധി ഗുജറാത്തിലെ ബനിയ (വൈശ്യ= വ്യാപാരി) സമുദായത്തില്‍ പെട്ട ആളായിരുന്നു.
കച്ചവട മനസ്സുളള ഗാന്ധിജിയെന്ന ആരോപണം രാജ്യങ്ങത്തെങ്ങും വ്യാപകമായപ്രതിഷേധം ഉയര്‍ത്തി. ആശയങ്ങളോ പ്രത്യയശാസ്ത്രങ്ങളോ അല്ല കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമെന്നും മറ്റു ചില താല്‍പര്യങ്ങളായിരുന്നുവെന്നുമാണ് അമിത്ഷായുടെ വാക്കുകളുടെ അര്‍ഥം.
സര്‍വമതങ്ങളെയും സകലജനങ്ങളെയും ഒരേ പോലെ കാണണമെന്നും അവരെല്ലാം ചേര്‍ന്നതാണ് ഇന്ത്യയെന്നും ജീവിതത്തിലുടനീളം ശക്തമായി നിലപാടെടുത്ത ഗാന്ധിജിയുടെ ആദര്‍ശം ഒരുകാലത്തും ബിജെപിയോ അതിന്റെ ആദ്യരൂപങ്ങളായ ജനസംഘമോ ഹിന്ദുമഹാസഭയോ അംഗീകരിച്ചിട്ടില്ല.
ഗാന്ധിജി മുസ്ലീംകളോട് കൂടുതല്‍ ഉദാരത കാണിക്കുന്നുവെന്നും അതുകൊണ്ടാണ് ഇന്ത്യ വിഭജിച്ച് പാക്കിസ്ഥാന്‍ രൂപീകരിക്കേണ്ടിവന്നതെന്നും ഗാന്ധിജി ജീവിച്ചിരുന്നാല്‍ ഹിന്ദുക്കള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നും വിലയിരുത്തിയാണ് 1948 ല്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകനായിരുന്ന നാഥുറാം ഗോഡ്‌സെയും കൂട്ടാളികളും ചേര്‍ന്ന് അദ്ദേഹത്തെ വധിച്ചത്. നാഥുറാം ഗോഡ്‌സെ വലിയ ദേശീയ സേവനമാണ് ചെയ്തതെന്നാണ് ഗാന്ധിഘാതകന്റെ പിന്‍കാല അനുയായികള്‍ പറഞ്ഞുപോരുന്നത്.
ഹൈക്കോടതി
ജഡ്ജി ജയിലില്‍
അത്യപൂര്‍വ സംഭവമായിരുന്നു കോടതിയലക്ഷ്യേേക്കസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നരമാസം ഒളിവില്‍ കഴിഞ്ഞ കൊല്‍ക്കത്ത മുന്‍ ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍ (62) അറസ്റ്റിലായത്. സുപ്രീം കോടതി ജയില്‍ ശിക്ഷ വിധിച്ച കര്‍ണന്‍ കേരളമുള്‍പ്പെടെ പല സ്ഥലത്തും മാറി മാറി താമസിച്ചു പൊലീസിനു പിടിക്കൊടുക്കാതെ കഴിയുകയായിരുന്നു. എന്നാല്‍ ജൂണ്‍ 20 ന് കര്‍ണനെ കോയമ്പത്തൂരില്‍ നിന്ന് ബംഗാള്‍ പൊലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയിലെത്തിച്ച കര്‍ണനെ ജയിലിലടച്ചു.
മേയ് ഒമ്പതിനാണ് ജസ്റ്റിസ് കുരിയന്‍ ജോസഫ് ഉള്‍പ്പെട്ട സുപ്രീം കോടതിയടെ ഏഴംഗ ബഞ്ച് കര്‍ണനെ ആറുമാസം തടവിന് ശിക്ഷിച്ചത്. 1983 ല്‍ അഭിഭാഷകനായി വന്ന കര്‍ണന്‍ 2009ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. ദലിതനായ തന്നെ സഹജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു ആരോപണമുന്നയിച്ച കര്‍ണന്‍ പിന്നീട് സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരേയും ഇതേ ആരോപണം ഉന്നയിച്ചു. സുപ്രീം കോടതി ജഡ്ജിമാരെ വെല്ലു വിളിച്ചു ഒട്ടേറെ പ്രസ്താവനകളിറക്കി. മാപ്പു പറയാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചങ്കിലും വഴങ്ങാതായപ്പോഴാണ് കര്‍ണനെതിരെ കോര്‍ട്ടലക്ഷ്യകേസെടുത്ത് ജയില്‍ ശിക്ഷ നല്‍കിയത്.
കര്‍ണന്റെ കേസും അറസ്റ്റും ജയില്‍ ശിക്ഷയും ഒളിത്താവളവാസവും മാധ്യമങ്ങളില്‍ വലിയ വിശകലനത്തിനു വിധേയമായി. ജനാധിപത്യത്തില്‍ നീതിന്യായപീഠങ്ങള്‍ക്ക് ഉന്നതമായ സ്ഥാനമാണുളളത്. ഇതിലേക്ക് നിയമിക്കപ്പെടുന്നവരുടെ സ്വഭാവശുദ്ധിയും പക്വതയും ബൗദ്ധികനിലവാരവും മാനസികാരോഗ്യവും ഏറെ പരിശോധിച്ചശേഷമേ നിയമനങ്ങള്‍ നടത്താവൂവെന്നാണ് കര്‍ണന്‍ സംഭവം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ജഡ്ജിമാര്‍പോലും ഉളള നാടാണിത്. ജനാധിപത്യ ബോധമുളള, മൂല്യബോധമുളള ന്യായാധിപന്മാര്‍ക്കേ ജനങ്ങളെ ഒന്നായിക്കാണാനും കഴിയുവെന്ന് അര്‍ഥം.

യേശുവിന് അവഹേളനം
രാജ്യാന്തര തലത്തില്‍ പലയിടത്തും ക്രൈസ്തവര്‍ക്കെതിരെ അവഹേളനങ്ങളും ആക്രമണങ്ങളും വര്‍ധിക്കുന്നതിനോടൊപ്പം, ഇന്ത്യയിലും സ്ഥിതി കൂടുതല്‍ ആശങ്കജനകമായി വളര്‍ന്നു വരുന്നതായി സൂചന. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിന്നാണ് പുറംലോകമറിഞ്ഞ ഏറ്റവും ഒടുവിലത്തെ ക്രൈസ്തവ വിരുദ്ധ നീക്കം
അവിടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള ഒമ്പതാംക്ലാസിലെ ഹിന്ദി പാഠപുസ്തകത്തില്‍ യേശുവിനെ ദുര്‍ദേവത എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പാഠപുസ്തകത്തില്‍ ഭാരതീയ സംസ്‌ക്കാരത്തിലെ ഗുരുശിഷ്യബന്ധം എന്ന 10-ാം അധ്യായത്തിലാണ് ഈ പരാമര്‍ശം. ദുര്‍ദേവതയായ യേശുവിന്റെ ഒരു വാചകം ഈ അവസരത്തില്‍ ഏറെ പ്രസക്തമാണ് എന്നതാണ് പുസ്തകത്തിലെ പരാമര്‍ശം.
ഇതിനെതിരെ ഗുജറാത്തിലെ കത്തോലിക്കാസമൂഹം ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ പരാമര്‍ശം അച്ചടിപ്പിശകാണെന്നു തൊടു ന്യായം പറഞ്ഞ് അധികൃതര്‍ രംഗത്തെത്തി. എന്നാല്‍ ഈ പരാമര്‍ശം വളരെ ആസൂത്രിതമായ നീക്കമാണെന്നും ക്രൈസ്തവ സമൂഹത്തെ താറടിച്ചു കാണിക്കാനുളള ശ്രമമാണെന്നും മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ പറയുന്നു.
കേരളത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ പാഠപുസ്തകങ്ങളിലൂടെ ക്രൈസ്തവരെ അവഹേളിക്കാന്‍ നടത്തിയ കുല്‍സിത ശ്രമങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഗുജറാത്തില്‍ നിന്നുളള ഈ വാര്‍ത്ത. സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലൂടെ പാര്‍ട്ടി അനുഭാവികളായ അധ്യാപകരെ ഉപയോഗിച്ചായിരുന്നു ബേബിയുടെ ആക്രമണം.

രാജസ്ഥാനില്‍ ഗാന്ധിജി ഔട്ട്
പാഠപുസ്തകങ്ങളിലൂടെ ഇളംമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കാനുളള ഭരണകക്ഷിയുടെയും സംഘപരിവാരങ്ങളുടെയും ഗൂഢപദ്ധതിക്ക് രാജസ്ഥാനില്‍ നിന്ന് ഒരു പാഠഭേദം. അവിടത്തെ 10 മുതല്‍ 12 വരെയുളള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആയുസ്സ് മുഴുവന്‍ ചെലവഴിച്ച ഗാന്ധിജിയും നെഹ്‌റുവും പുറത്ത് പോയിക്കൊണ്ടിരിക്കുകയാണ്. പകരം ആര്‍എസ് എസ് ആശയങ്ങളാണ് കുത്തിക്കയറ്റുന്നത്. ഹിന്ദുമഹാസഭ നേതാവും ആദ്യകാല താത്വികാചാര്യനുമായിരുന്ന സവര്‍ക്കറെ ദേശിയ നേതാവാക്കാനുളള ശ്രമമാണ് ഗാന്ധിജിയേയും നെഹ്‌റുവിനെയും പറ്റിയുളള പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കി നടത്തിയിരിക്കുന്നത്. ഏക സിവില്‍ ക്രോഡ് പാക്കിസ്ഥാനെതിരെയുളള മോദി സര്‍ക്കാരിന്റെ നയം, ഹിന്ദി ഭാഷയുടെ പ്രാധാന്യം എന്നിവ സിലബസില്‍ വിശദമായി പ്രതിപാദിക്കുന്നു. ക്വിറ്റ് ഇന്ത്യാ സമരം, നിസ്സഹകരണപ്രസ്ഥാനം എന്നിവയെയും ഒതുക്കി.
ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സിയെ ആരാധ്യപുരുഷനാക്കി പല സംസ്ഥാനങ്ങളിലും പ്രതിമ സ്ഥാപിക്കാന്‍ സംഘപരിവാരങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് സവര്‍ക്കറെ ദേശീയ നേതാവായി ചിത്രീകരിക്കാനുളള ശ്രമം. ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയുന്ന കാലത്ത് തന്നെയും സഹോദരനെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പിരന്ന ചരിത്രമുളളയാളാണ് സവര്‍ക്കര്‍. അതേ സമയം സ്വാതന്ത്യത്തിനുവേണ്ടി മരണം വരെ പോരാടിയ ചരിത്രമാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടേത്. ഒരു നിമിഷം പോലും ബ്രിട്ടീഷുകാരുടെ മുന്നില്‍ അദ്ദേഹം മുട്ടു കുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>