നഴ്‌സുമാരുടെ ശമ്പളവര്‍ധന : അറിയേണ്ട വസ്തുതകള്‍

By on June 30, 2017

നഴ്‌സുമാരുടെ ശമ്പളവര്‍ധന : അറിയേണ്ട വസ്തുതകള്‍
ഇരിങ്ങാലക്കുട : ക്രൈസ്തവ സഭാ നേതൃത്വത്തിലുള്ള ആശുപത്രികള്‍ നഴ്‌സുമാര്‍ക്ക് എതിരാണോ? അവരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യത്തോട് കത്തോലിക്കാ മാനേജുമെന്റുകള്‍ മുഖം തിരിക്കുകയാണോ? കത്തോലിക്കാ ആശുപത്രികളില്‍ രോഗികളെ പിഴിഞ്ഞു സ്വത്ത് സമ്പാദിക്കുകയാണോ സഭാ നേതൃത്വം?
തൃശൂരിലെ ഒരു വിഭാഗം നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ സംഘടനാ നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് കത്തോലിക്കാ ആശുപത്രികള്‍ നഴ്‌സുമാരുടെ ശമ്പളവര്‍ധനയെ എതിര്‍ക്കുകയാണെന്നും അവരെ കൊള്ളയടിക്കുകയാണെന്നുമാണ്. അതോടൊപ്പം രോഗികളെ കൊള്ളചെയ്ത് പണം കുന്നുകൂട്ടുകയാണെന്നും.
എന്നാല്‍ കേരളത്തിലെ കത്തോലിക്കാ ആതുരാലയങ്ങളില്‍ പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ചു പിരിഞ്ഞവരും ഇപ്പോഴുള്ളവരുമായ നഴ്‌സുമാരും ഇത്തരം ആശുപത്രികളില്‍ നിന്ന് മികച്ച പരിചരണം കുറഞ്ഞനിരക്കില്‍ സ്വീകരിച്ച ആയിരക്കണക്കിന് രോഗികളും നെഞ്ചില്‍ കൈ വച്ചു പറയുന്ന യാഥാര്‍ഥ്യം വേറെയാണ് : സമരനേതാക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ കത്തോലിക്കാ ആതുരാലയങ്ങള്‍ കൊള്ള സങ്കേതങ്ങളല്ല. അവരുടെ അഭിപ്രായങ്ങള്‍ മാറ്റി നിര്‍ത്തുക; ഇനി വസ്തുതകള്‍ സത്യം സംസാരിക്കട്ടെ:
ഒന്ന്, കത്തോലിക്കാ ആശുപത്രി മാനേജുമെന്റുകള്‍ നഴ്‌സുമാരുടെ ശമ്പളം ജീവിതച്ചെലവിന്റെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്നു തന്നെയാണ് ആവശ്യപ്പെടുന്നത്. ശമ്പള വര്‍ധനയ്ക്ക് അവര്‍ എതിരല്ല.
രണ്ട്, 2013 ജനുവരി ഒന്നു മുതല്‍ നിലവിലുള്ള മിനിമം വേതനം സഭാ സ്ഥാപനങ്ങള്‍ നഴ്‌സുമാര്‍ക്ക് നല്‍കിപ്പോരുന്നുണ്ട്.
മൂന്ന്, ഈ മിനിമം വേതനത്തിനു പുറമെ സേവനകാലാവധിയുടെ അടിസ്ഥാനത്തില്‍ ഇടക്കാലാശ്വാസവും പ്രതിമാസം നല്‍കുന്നു.
ഈ സാഹചര്യത്തില്‍ എന്താണ് ഇപ്പോഴത്തെ നിലപാട്? സമവായത്തിലൂടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം അതെത്രയായാലും കത്തോലിക്കാ സ്ഥാപനങ്ങള്‍ നല്‍കും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് സഭാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50% വര്‍ധന നല്‍കാന്‍ ചര്‍ച്ചകളില്‍ ഇപ്പോള്‍ സഭയുടെ ആശുപത്രികള്‍ ഉള്‍പ്പെടെയാണ് തീരുമാനിച്ചിട്ടുള്ളത്.
സമരസഘടനാ നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം പക്ഷെ മറ്റൊന്നാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്‌സുമാര്‍ക്കൊപ്പം ശമ്പളം വര്‍ധിപ്പിക്കണമെന്നതാണ് അവരുടെ ആവശ്യങ്ങളുടെ ചുരുക്കം.
ഇപ്പോള്‍ 30,000 – 35,000 വരെയാണ് സര്‍ക്കാര്‍ തലത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം. എന്തുകൊണ്ട്, ആ ശമ്പളസ്‌ക്കെയില്‍ സ്വകാര്യ ആശുപത്രികളിലും നടപ്പാക്കിക്കൂടായെന്നതാണ് ചോദ്യം.
സര്‍ക്കാരിന്റെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രിവരെയുള്ള സ്ഥാപനങ്ങളില്‍ 30000 മുതലുള്ള ശമ്പളനിരക്ക് അനുവദിക്കാന്‍ സര്‍ക്കാരിന് പ്രശ്‌നമില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും സര്‍ക്കാര്‍ ശമ്പളം കൊടുക്കും; കൊടുത്തിരിക്കണം.
എന്നാല്‍ ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളിലെ സ്ഥിതി അതല്ല. രോഗികളില്‍ നിന്നു ലഭിക്കുന്ന വിവിധ ഫീസുകളില്‍ നിന്നാണ് അവര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളം കണ്ടെത്തേണ്ടത്.
കേരളത്തില്‍ കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷനില്‍ അംഗങ്ങളായ 275 ആശുപത്രികളില്‍ എഴുപത്തഞ്ചോളം സ്ഥാപനങ്ങള്‍ ഉള്‍ഗ്രാമങ്ങളിലാണ്. ഒന്നോ രണ്ടോ ഡോക്ടറോ രണ്ടോ മൂന്നോ നഴ്‌സുമാരാണവിടെയുളളത്. അവിടെയെത്തുന്ന രോഗികളേറെയും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം കൊടുക്കണമെന്ന വ്യവസ്ഥ നടപ്പായാല്‍, ഈ ചെറു ആതുരാലയങ്ങള്‍ അടച്ചു പൂട്ടുകയേ ഗത്യന്തരമുള്ളൂ. ഭീമമായ ശമ്പളം നല്‍കാന്‍ അവര്‍ക്കാവില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനു പോലും ബോധ്യമുണ്ട്. 50% വേതന വര്‍ധന അംഗീകരിച്ച ആശുപത്രികള്‍ ഇനി മുതല്‍ ശമ്പളം നല്‍കാന്‍ പ്രതിമാസം വന്‍തുക വേറെ കണ്ടെത്തേണ്ടി വരും.
നഴ്‌സുമാരുടെ ശമ്പളക്കാര്യത്തില്‍ സഭാസ്ഥാപനങ്ങളുടെ നിലപാട് ഇതാണ് : നഴ്‌സുമാര്‍ക്ക് ന്യായമായ വേതനം നല്‍കണം. അതേ സമയം രോഗികളുടെ മേല്‍ ശമ്പള വര്‍ധനയുടെ ഭാരം കെട്ടിയേല്‍പ്പിക്കാന്‍ പാടില്ല. ഇതു രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ക്രമാനുഗതമായ ശമ്പള വര്‍ധനയാണ് കത്തോലിക്കാ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സഭയുടെ സാമൂഹിക പ്രതിബദ്ധതയും ആതുരശുശ്രൂഷാദര്‍ശനവും ലാഭകരമായ ബിസിനസ്സായല്ല രോഗികളുടെ പരിചരണത്തെ കാണുന്നത്.
സമരസംഘടനയെ മറയാക്കി വസ്തുതകള്‍ മറച്ചുവച്ച് ക്രൈസ്തവ സഭയെയും സ്ഥാപനങ്ങളെയും സമൂഹത്തെയും താറടിക്കാനും കൊള്ളക്കാരായി ചിത്രീകരിക്കാനും ഒരു വിഭാഗം മാധ്യമങ്ങളും ചില രാഷ്ട്രീയ, വര്‍ഗീയ പ്രസ്ഥാനങ്ങളും നടത്തുന്ന ശ്രമങ്ങളുടെ അധാര്‍മികതയെ പൊതുസമൂഹം വിലയിരുത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>