മരുപച്ചകള്‍ക്കു തീ പിടിക്കുന്നു

By on June 30, 2017
Sahara-Desert-10

മരുപച്ചകള്‍ക്കു തീ പിടിക്കുന്നു

ദിലീപച്ചന്‍

മണലാരണ്യത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു മരുപച്ചകള്‍ ആശ്വാസമാണ്. അവര്‍ക്ക് വിശ്രമിക്കാനും ഭാരം ഇറക്കിവച്ച് ആശ്വസിക്കാനും പ്രകൃതി ഒരുക്കിയ സങ്കേതങ്ങളാണ് മരുപച്ചകള്‍. ചുട്ടുപഴുത്ത മണല്‍ കൂനകളെ തരണം ചെയ്ത് മുമ്പോട്ടു പോകാന്‍ യാത്രക്കാരനെ പ്രേരിപ്പിക്കുന്നത് അധികം ദൂരത്തല്ലാതെ ഒരു മരുപച്ചയുണ്ടാകുമെന്ന പ്രതീക്ഷയാണ്. മരുഭൂമിയിലെ വിജനവും നിര്‍ജീവവുമായ പരിസ്ഥിതിയില്‍ ജീവനോടുളള ദൈവിക കരുതലിന്റെ അടയാളമാണ് മരുപച്ചകള്‍.
മനുഷ്യജീവിതം സങ്കീര്‍ണമാണെന്നത് വേദപുസ്തക വാക്യമാണ്. വ്യഗ്രതകളും ഉത്കണ്ഠകളും ശിരസിലേറ്റിയുളള മനുഷ്യന്റെ യാത്രയില്‍ കാലടികള്‍ക്ക് ഉറപ്പും വേഗതയും നല്‍കുന്നത് കാത്തിരിക്കുവാനും സ്‌നേഹിക്കുവാനും ഒരു കുടുംബം ഉണ്ട് എന്ന യാഥാര്‍ഥ്യമാണ്. മരുഭൂമിയില്‍ മരുപച്ചകള്‍ പോലെ ജീവിത യാത്രയില്‍ കുടുംബത്തിന്റെ സ്‌നേഹവും തണലും വലിയ ആശ്വാസമാണ്.
പകലിന്റെ ചൂടും വിശ്രമമില്ലാത്ത അധ്വാനവും സന്തോഷത്തോടെ ചെയ്യുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അതെല്ലാം എന്റെ കുടുംബത്തിന് വേണ്ടിയാണ് എന്ന ചിന്തയാണ്. പരാതികളില്ലാതെ വീട്ടു ജോലികള്‍ ചെയ്യുന്നതിനു പുറകില്‍ എന്റെ കുടുംബം എന്ന വികാരമാണ്. സന്ധ്യ മയങ്ങുമ്പോഴേക്കും വീട്ടിലെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത് കുടുംബത്തില്‍ നമുക്കായി കാത്തിരിക്കുന്നവരുണ്ട് എന്ന യാഥാര്‍ഥ്യമാണ്.
മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവജാലങ്ങള്‍ക്കിടയിലും കുടുംബത്തിന്റെ ഊഷ്മളമായ ബന്ധങ്ങളും അതിന്റെ വൈകാരികതീവ്രതയും കാണാന്‍ കഴിയും. തീറ്റതേടിപ്പോയ തളള പക്ഷി തിരിച്ചു വരുമ്പോള്‍ കൂട്ടില്‍ കുഞ്ഞ് ഇല്ലെങ്കില്‍ അതിന്റെ വിഷമം നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഇണയെ നഷ്ടപ്പെട്ട ജീവികളും അവയുടെ ദുഃഖങ്ങളും പ്രകൃതിയില്‍ അടയാളപ്പെടുത്താറുണ്ട്.
ജീവന്റെ പ്രകൃതിയില്‍ ദൈവം നിക്ഷേപിച്ച വികാരമാണ് കുടുംബം. മനുഷ്യ സൃഷ്ടിയോളം പഴക്കമുളള ഒരു ദൈവിക സംവിധാനമാണിത്. മനുഷ്യോല്‍പത്തിയുടെ ചരിത്രത്തിന്റെ ആദ്യ അധ്യായങ്ങളില്‍ ദൈവം പറഞ്ഞു ‘അതിനാല്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും അവര്‍ ഒറ്റശരീരമായി തീരും.’ മനുഷ്യന്‍ ജനിക്കുന്നത് കുടുംബത്തിലാണ്. അവന്‍ വളരുന്നതും ഒരു കുടുംബമാകാനുളള പക്വതയിലേക്കാണ്.
പഴയനിയമത്തിന്റെ പൂര്‍ത്തീകരണമാണ് പുതിയ നിയമം. മോശ നല്‍കിയ എല്ലാ പഴയനിയമ കല്‍പനകളും മനുഷ്യന്റെ വ്യക്തിമഹിമയ്ക്കു പ്രാധാന്യം നല്‍കികൊണ്ട് ഈശോ വ്യാഖ്യാനിച്ചപ്പോള്‍ വിവാഹത്തിന്റെ കാര്യത്തില്‍ മാത്രം ഈശോ മോശയേക്കാള്‍ യാഥാസ്ഥിതികനായി. ദൈവം യോജിപ്പിച്ചതു വേര്‍പ്പെടുത്താനുള്ള അവകാശം മനുഷ്യനില്ലെന്നു അവിടുന്ന് വ്യക്തമായി പഠിപ്പിച്ചു. കുടുംബത്തിനു മനുഷ്യജീവിതത്തില്‍ അത്രമാത്രം പ്രാധാന്യമുണ്ടെന്നാണ് യേശു പഠിപ്പിച്ചതിന്റെ സാരം.
കനത്ത ചൂടില്‍ മരുപച്ചകള്‍ക്കു തീ പിടിക്കുന്ന ഒരു കാലഘട്ടമാണിത്. ആശ്വാസവും പ്രതീക്ഷയും പകരേണ്ട കുടുംബങ്ങള്‍ക്കു തീ പിടിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. വീടിനുളളില്‍ ബോറടിക്കുന്നുവെന്നു പറയുന്ന കുട്ടികളും വീട്ടിലെത്താന്‍ ആഗ്രഹിക്കാത്ത യുവജനങ്ങളും ഭവനങ്ങളിലെത്താന്‍ വ്യഗ്രതപ്പെടാത്ത വിവാഹിതരും തീ പിടിച്ചിരിക്കുന്ന മരുപച്ചകളില്‍ കഴിയുന്നവരാണ്. അപകടകരമായ ഒരു കാലാവസ്ഥയുടെ തെളിവുകളാണിവ. നമ്മുടെ ചിന്തകള്‍ക്കും അപ്പുറത്തേക്കുളള പ്രത്യാഘാതങ്ങളാണ് ഈ പരിസ്ഥിതി നമ്മുടെ സമൂഹത്തില്‍ കൊണ്ടുവരാന്‍ പോകുന്നത്.
അപ്പനും അമ്മയും ചേര്‍ന്ന് രൂപപ്പെടുത്തേണ്ട മരുപച്ചയാണ് കുടുംബം. അതിന്റെ തണലില്‍ മക്കള്‍ സ്‌നേഹവും ആശ്വാസവും കണ്ടെത്തണം. ഭവനത്തിന്റെ പുറം ഭാഗങ്ങള്‍ മോടിപ്പിടിപ്പിക്കുവാനുളള പരക്കം പാച്ചിലില്‍ അകം കത്തുന്നതും പലപ്പോഴും അറിയാറില്ല. ഇത് ഒരു തിരിച്ചറിവിനും തിരിച്ചു പോകലിനുമുളള ആഹ്വാനമാണ്. തിരിച്ചറിവുമായി തിരിച്ചുപോകുമ്പോഴാണ് തിരുക്കുടുംബങ്ങള്‍ രൂപപ്പെടുന്നത്. സ്വാര്‍ഥതയുടേയും ജീവിതവ്യഗ്രതയുടേയും ഉഷ്ണക്കാറ്റില്‍ നമ്മുടെ കുടുംബങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കട്ടെ. നമ്മുടെ സമൂഹത്തില്‍ മരുപച്ചകള്‍ വീണ്ടും വളര്‍ന്ന് പുതു തലമുറകള്‍ക്കു നവോന്മേഷം നല്‍കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>