മാവേലി നാട്ടില്‍ ഇനി മദ്യപ്രളയം

By on June 30, 2017

മാവേലി നാട്ടില്‍ ഇനി മദ്യപ്രളയം

അടുത്ത കാലത്തു കേരളത്തിലെ ഒരു പത്രം കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു സമ്മേളനം നടത്തി. വിഷയം പുതുമയുളളതായിരുന്നു; കേരളത്തിലെ ജനങ്ങള്‍ സന്തോഷവാന്മാരാണോ? ആണെങ്കില്‍ എത്രത്തോളം? അല്ലെങ്കില്‍ കാരണമെന്ത്? മൂന്നു നാലു ദിവസം മഹാന്മാരായ പല വ്യക്തികളും കുത്തിയിരുന്ന് ആ ‘കോണ്‍ക്ലേവ്’ എന്ന സമ്മേളനത്തില്‍ കേരളീയരുടെ സന്തോഷം സ്റ്റഡി ചെയ്തു; ഗവേഷണം ചെയ്തു ആ ദിവസങ്ങളില്‍ ഇടക്കിടെ അമിട്ടുപോലെ സമ്മേളനത്തിലെ കണ്ടെത്തലുകള്‍ പുറംലോകത്തേക്ക് വിട്ടിരുന്നു. അത്ര സന്തോഷമുളളവരല്ല കേരളീയര്‍ എന്നായിരുന്നു ഏറെക്കുറെ ആ മഹാസമ്മേളനത്തിന്റെ കണ്ടെത്തല്‍. അതെന്തായാലും നാട്ടുകാര്‍ വേണ്ടപോലെ പ്രതികരിക്കാതെ സമ്മേളനത്തിന്റെ തിരശ്ശീല വീഴുകയും ചെയ്തു.
ജൂലൈ ഒന്നു കഴിഞ്ഞാണ് ഈ സമ്മേളനം നടന്നിരുന്നെങ്കില്‍ സമ്മേളനത്തിന്റെ കണ്ടെത്തല്‍ വേറൊന്നാകുമായിരുന്നുവെന്നാണ് സാക്ഷിയുടെ തോന്നല്‍. അന്നാണ് കേരളത്തില്‍ മദ്യമൊഴുക്കുന്ന പുതിയ മദ്യനയത്തിന്റെ വരവ്. ആര്‍ക്കും എവിടെയും ഇഷ്ടം പോലെ കുടിക്കാനും കുടിച്ച് കൂത്താടാനും ലൈസന്‍സ് നല്‍കുന്ന സര്‍വതന്ത്ര സ്വതന്ത്രമായ മദ്യക്കച്ചവടത്തിനുളള വാതിലാണ് ആരാധ്യരായ മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടി ജൂലൈ ഒന്നിന് തുറക്കുന്നത്. ആനന്ദലബ്ധിക്കിനി എന്തു വേണം, വിഭോ! അതുകൂടി പരിഗണിച്ചിരുന്നെങ്കില്‍ കേരളീയരുടെ സന്തോഷത്തിന്റെ ഗ്രാഫ് ആകാശംമുട്ടുമായിരുന്നു…
പുതിയ മദ്യനയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടിലാകെ ആഘോഷങ്ങള്‍ നടക്കുമെന്നാണ് വിവരം. അടഞ്ഞു കിടന്ന ബാറുകളും മദ്യവില്‍പനശാലകളും പലതും പുതുക്കി നവീകരിച്ചിട്ടുണ്ട്. പുതിയ ചായമടിച്ച പല മദ്യകേന്ദ്രങ്ങളും ഓണക്കോടിയുടുത്തപോലെ അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുന്നു. പലയിടത്തും പുതിയ ബോര്‍ഡുകള്‍ വന്നു. അതിലൊരെണ്ണത്തില്‍ ഇങ്ങനെയാണെഴുതിയിരിക്കുന്നത് : ഞങ്ങള്‍ വീണ്ടും ആവേശലഹരിയുമായി ജനങ്ങളുടെ ഇടയിലേക്ക്. സ്വാഗതം! മറ്റൊന്നില്‍ ഇങ്ങനെ: ‘ഇടതു സര്‍ക്കാരിനു അഭിവാദനം. മദ്യപന്മാര്‍ക്ക് അഭിവാദ്യം. വരിക വരിക സഖാക്കളെ, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല, കിട്ടാനുളളത് വയറുനിറയെ മദ്യം!’
ഒരു മദ്യഷാപ്പിനു മുന്നിലെ ഫ്‌ളെക്‌സില്‍ മഹാനായ ഒരു കുടിയന്റെ ചിത്രമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിരിച്ചിരിക്കുന്ന, കണ്ണുകള്‍ പാതിയടഞ്ഞിരിക്കുന്ന, തലയില്‍ കെട്ടുള്ള കട്ടിമീശയുളള ഒരു മാന്യദേഹം. ആരെങ്കിലും വടിയായിപ്പോയതാകും എന്നു കരുതി അടുത്തുചെന്ന് ബോര്‍ഡ് വായിച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. അതില്‍ എഴുതിവച്ചിരുന്നത് ഇതാണ്: ‘നമ്മുടെ നാടിന്റെ അഭിമാനം – കുണ്ടുകുഴിയില്‍ കുട്ടപ്പായി. 35 വര്‍ഷമായി ഈ മദ്യഷാപ്പില്‍ മുടങ്ങാതെ മദ്യപിക്കുന്ന കുട്ടപ്പായി, പുതിയ മദ്യനയം തുടങ്ങുന്ന ജൂലൈ ഒന്നിന് ഇവിടെ വില്‍പന വീണ്ടും ഉദ്ഘാടനം ചെയ്യുന്നു. നാട്ടുകാര്‍ വരിക, അനുഗ്രഹിക്കുക, വയറുനിറയ്ക്കുക. അന്നു കുടിക്കാനെത്തുന്ന മുഴുവന്‍ പേര്‍ക്കും ഒരു താറാവുമുട്ട ഫ്രീ.!’
അങ്ങനെ നാട്ടിലാകെ മദ്യമൊഴുകുന്ന ദിവസം കേരളത്തില്‍ സന്തോഷം ഇപ്പോഴത്തേതില്‍ നിന്നും പതിന്‍മടങ്ങായി പതഞ്ഞുയരും. ഇതിന്റെ മുന്നോടിയായി ചില സ്ഥലത്തെ പ്രധാന ദിവ്യന്മാരായ കുടിയന്മാരുടെ വീടുകളിലും ആഘോഷം തുടങ്ങിയതായി സൂചനയുണ്ട്. പുതിയ മദ്യനയത്തിന്റെ വരവ് ഏറ്റവും കൂടുതല്‍ സന്തോഷം പകര്‍ന്നിരിക്കുന്നത് തഴക്കവും പഴക്കവും പാരമ്പര്യവുമുളള ചില മുന്‍കാല കുടിയന്മാര്‍ക്കാണ്. മിക്കവാറും എല്ലാ ബാറുകളും പൂട്ടിപ്പോകുകയും മദ്യവില്‍പന കേന്ദ്രങ്ങള്‍ ഉള്‍നാടുകളില്‍ അടയാന്‍ തുടങ്ങുകയും ചെയ്ത നാളുകളില്‍ നിരാശാബോധത്തിലും വിഷാദരോഗത്തിലും മുങ്ങി കൈകാലിട്ടടിച്ചു കിടന്നിരുന്ന മഹാന്മാരായ മുന്‍കാല കുടിയന്മാര്‍, പുതിയ മദ്യനയത്തിന്റെ വരവോടെ സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഇവരില്‍ ചിലര്‍ ചുമച്ചും കുരച്ചും കഴിയുന്നുണ്ടെങ്കിലും ‘മദ്യത്തില്‍ നിന്നുദിക്കുന്നൂ ലോകം, മദ്യത്താല്‍ വൃദ്ധി തേടുന്നു.’ എന്ന തത്വപ്രകാരം വടിക്കുത്തിപ്പിടിച്ചെങ്കിലും മദ്യലഹരിയിലേക്ക് ചുവടുവയ്ക്കാനുളള ഒരുക്കത്തിലാണ്.
ഇതിനിടയില്‍ വീടുകളില്‍ ഇതുവരെ ഒതുങ്ങിക്കഴിഞ്ഞിരുന്ന ചില മുന്‍കാല മദ്യപന്മാര്‍ ഭാര്യമാരോട് ഭീഷണി മുഴക്കുന്നതായും വാര്‍ത്തയുണ്ട്. അവര്‍ പറയുന്നതിന്റെ രത്‌നചുരുക്കം ഏതാണ്ട് ഇങ്ങനെയാണ് : എടീ, എവിടെപ്പോയെടീ നിന്റെ മദ്യനിരോധനം? പറ, കണ്ടോ ഞങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മദ്യനയം . ഇതാടി ഞങ്ങള്‍ കാത്തിരുന്ന ദിവസം. ഇനി ഞങ്ങള്‍ കുടിക്കും, കുടിക്കുമെടീ വയറുനിറച്ച് ….
ഞങ്ങടെ സര്‍ക്കാര്‍, ഞങ്ങടെ മദ്യം, ഞങ്ങടെ വയറ്…. എന്താ, നിന്റെ നാവിറങ്ങിപ്പോയോ? കോടതി പറഞ്ഞത് നീ കേട്ടോടീ, വീട്ടിലും ഇനി ഞങ്ങള്‍ ഇഷ്ടം പോലെ കുടിക്കും, നീ പോയി കേസ് കൊടുക്ക്..
ഇത്രയും പറഞ്ഞപ്പോഴും ആവേശംകൂടി കക്ഷി കിതയ്ക്കാന്‍ തുടങ്ങി. ചുമ, നിര്‍ത്താത്ത ചുമ. കക്ഷി കയ്യും കാലും നീട്ടി എന്തൊക്കെയോ പുലമ്പുന്നു. ഭാര്യ ഓടിവന്നു. അപ്പോള്‍ അയാള്‍ : ‘തിരുമ്മിത്താടി, ഞാനിപ്പോ ചാകുമെടി…..’ നല്ലവളായ ആ ഭാര്യ തുമ്പിയെപ്പിടിക്കാന്‍ പോകുന്നതുപോലെ ശാന്തസുന്ദരമായി ആ കാഴ്ച കണ്ടു നിന്നു. സീരിയല്‍ കാണുന്ന ലാഘവത്തോടെ…
സര്‍ക്കാരിന്റെ
‘വിമുക്തി’ പ്രഹസനം
സര്‍ക്കാരിന്റെ മദ്യ നയത്തെ വിമര്‍ശിക്കുന്നവരൊക്കെ കാശിക്കുപോകട്ടെ. മദ്യവിരുദ്ധ പ്രവര്‍ത്തകര്‍, ഗാന്ധിയന്മാര്‍, വിവിധ ജില്ലകളിലെ മദ്യവിരുദ്ധ ജനകീയ പ്രസ്ഥാനങ്ങള്‍, കെസിബിസി മദ്യവിരുദ്ധ സമിതിക്കാര്‍ തുടങ്ങിയവരൊക്കെ തോറ്റ് തുന്നം പാടിയെന്നാണ് മഹാത്മാരായ കുടിയന്മാരും രാഷ്രട്രീയക്കാരും മറ്റും പറയുന്നത്. അവര്‍ പറഞ്ഞതൊക്കെ പാഴായി പോയില്ല? ഇനിയെങ്കിലും അവര്‍ മിണ്ടാതിരിക്കട്ടെയെന്നാണ് പുതിയ മദ്യനയത്തിന് കുടപിടിക്കുന്നവരൊക്കെ പറയുന്നത്.
പക്ഷെ, അവരുടെ സ്വരം അങ്ങനെയങ്ങു തല്ലിക്കെടുത്താനാവില്ലെന്നാണ് സൂചന. സര്‍ക്കാര്‍ മദ്യമെന്ന വിഷം വിളമ്പുമ്പോഴും, നല്ല ബുദ്ധി അവര്‍ക്കു തെളിയണേയെന്ന പ്രാര്‍ഥനയുടെ സ്വരം കടലിനടിയില്‍ നിന്നുയരുന്ന ഗര്‍ജനം പോലെ കേരളത്തിലെങ്ങും പ്രതിധ്വനിച്ചുക്കൊണ്ടിരിക്കും.
അതെന്നെങ്കിലും ഉരുണ്ടു കൂടി വലിയൊരു ജനമുന്നേറ്റമായി രൂപപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
മദ്യത്തില്‍ മുക്കി കേരളത്തെ കൊല്ലാനിറങ്ങുന്ന സര്‍ക്കാരിന്റെ മദ്യവര്‍ജന പരിപാടിയാണ് ‘വിമുക്തി.’ രാജ്യാന്തര ലഹരി വിരുദ്ധദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘വിമുക്തി’ കേരളത്തില്‍ ഉദ്ഘാടനം ചെയ്തു. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വിമുക്തിയുടെ ലക്ഷ്യം. ഒരു ഭാഗത്ത് നാട്ടിലെങ്ങും മദ്യം ഒഴുക്കുുകയും മറുഭാഗത്ത് മദ്യം വരുത്തിവയ്ക്കുന്ന അപകടങ്ങളെപ്പറ്റി പ്രസംഗിക്കുകയും ചെയ്യുന്ന സര്‍ക്കാരാണിത്.
അസാമാന്യ തൊലിക്കട്ടി വേണം ഇങ്ങനെയൊരു ഇരട്ടത്താപ്പ് സ്വീകരിക്കാന്‍. ഇതാണോ സര്‍, മാര്‍ക്‌സിയന്‍ വൈരുധ്യാത്മക ഭൗതികവാദം? ശിവശിവ!
പശുവും കോടതികളും
ജനിക്കുകയാണെങ്കില്‍ ഒരു അബ്കാരിയുടെ മകനായി ജനിക്കണമായിരുന്നു എന്ന് പണ്ടൊരു കളളുകുടിയന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിനി മാറ്റിപറയേണ്ടി വരുമെന്നാണ് തോന്നുന്നത്. ജനിക്കുകയാണെങ്കില്‍ ഇനിയൊരു പശുക്കുട്ടിയായി ജനിക്കണം എന്നായിരിക്കും പറയേണ്ടി വരിക.
പശുവാണിപ്പോള്‍ താരം. പശുവിനെ സംരക്ഷിക്കാനും എതിര്‍ക്കുന്നവരെ തകര്‍ക്കാനും രാജ്യമെങ്ങും ജാഗ്രതാസമിതികള്‍ ഉള്ള കാലമാണിത്. അവര്‍ക്കൊപ്പം ഇപ്പോള്‍ കോടതികളും പശുസംരക്ഷകരായി രംഗത്തു വന്നിരിക്കുന്നതാണ് ഏറ്റവും പുതിയ കാര്യം.
പശു അമ്മയ്ക്കും ദൈവത്തിനും പകരമാകുമെന്നാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ബി. ശിവശങ്കര റാവുവിന്റെ കണ്ടെത്തല്‍. അമ്മയില്ലെങ്കിലും ദൈവമില്ലെങ്കിലും കുഴപ്പമില്ല, പശുമാതാവുണ്ടെങ്കില്‍ മതി. പശുവിന്റെ ദേശിയ പ്രാധാന്യത്തെപറ്റി നീണ്ട കുറിമാനമെഴുതാനും ജഡ്ജി മറന്നില്ല. ഇത് ഹൈദരാബാദ് ഹൈക്കോടതി.
ഇനി രാജസ്ഥാന്‍ ഹൈക്കോടതി. ഏതാനും നാള്‍ മുമ്പാണ്, രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആ ആവശ്യം പുറത്തുവന്നത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം ഇതാണ് ആവശ്യം.
ഉത്തര്‍പ്രദേശില്‍ നിന്ന്
ഉത്തര്‍പ്രദേശ് ഡിജിപി സുല്‍ഖാന്‍ സിങ്ങിന്റെതാണ് നിര്‍ദ്ദേശം. കന്നുകാലികളെ കടത്തലും ഗോവധവും ദേശീയസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ (എന്‍ എസ്എ) ഉള്‍പ്പെടുത്തി കേസെടുക്കണമെന്നാണ് കക്ഷിയുടെ ആവശ്യം. ദേശദ്രോഹം, ചാരവൃത്തി, ഭീകരപ്രവര്‍ത്തനം തുടങ്ങിയവക്കെതിരെയുളള നിയമവകുപ്പാണ് ദേശിയസുരക്ഷാനിയമം. ഇതനുസരിച്ച് ആരെങ്കിലും കന്നുകാലികളെ കടത്തിയെന്നോ ഗോവധം നടത്തിയെന്നോ ആരോപണമുണ്ടായാല്‍, അവരെ പിടികൂടി ജയിലിലടക്കാന്‍ വലിയ വകുപ്പൊന്നും വേണ്ട. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പാക്കിസ്ഥാനില്‍ ഇപ്പോള്‍ നിലവിലുളള കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ ചേട്ടനായി വരും, കന്നുകാലി കടത്തല്‍ കേസും.
പശു സംരക്ഷണം നടത്തുമ്പോള്‍ പശുക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളുടെ സംരക്ഷണം കൂടി ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍ നന്നായി. കേരളത്തില്‍ ഇപ്പോള്‍ ചിലയിടത്തുളള ഗോശാലകളുടെ സ്ഥിതിയെപ്പറ്റി പത്രങ്ങളില്‍ വാര്‍ത്ത വരാറുണ്ട്.
അലഞ്ഞുതിരിയുന്ന പശുക്കളെ പാര്‍പ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ ഭക്ഷണവും വെളളവും കിട്ടാതെ നരകിച്ചു വീണു ചാകുന്ന ഗോമാതാക്കളുടെ കാര്യം കൂടി കോടതികളും പൊലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കട്ടെ. ചീഞ്ഞു നാറുന്നതു അത്ര നല്ലതല്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>