കഴുകി വച്ചതില്‍ കറപുരളാതെ കാത്ത്

By on June 30, 2017
Bins

കഴുകി വച്ചതില്‍ കറപുരളാതെ കാത്ത്

ഫാ. ജോമി തോട്ട്യാന്‍

ദൈവകരുണയും സൗഹൃദ സുകൃതങ്ങളും കഴുകി വച്ച ജീവിതത്തില്‍ ഇനി കറ പുരളരുതേ എന്ന പ്രാര്‍ഥനയിലാണ് ബിന്‍സ്. തല കുനിച്ചു നടന്നിരുന്ന ഇന്നലെകളില്‍ നിന്ന് മുഖമുയര്‍ത്തി മനുഷ്യരെ കണ്ടുതുടങ്ങിയപ്പോള്‍ മനസു നിറയെ നന്മകള്‍ പങ്കുവയ്ക്കാനുള്ള വ്യഗ്രതയിലാണ് ഈ മുപ്പത്തെട്ടുകാരന്‍. കണ്ടാല്‍ ഒരാജാനുബാഹുവായ വില്ലന്‍ ലുക്കാണ്; അടുത്താലോ മുള്ളുകൊണ്ടാലും തളര്‍ന്നൊളിക്കുന്ന ഒരു തൊട്ടാവാടി. ഒരുപാട് ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനുള്ള തത്രപാടിലാണ് ഇന്നത്തെ ജീവിതം. കൈക്കാരന്‍, പിടിഎ പ്രസിഡന്റ്, കിഡ്‌നി ദാതാവ്, മനുഷ്യസ്‌നേഹി, ധ്യാനസഹായി… പലപേരുകളിലും മണിയാട്ട് ജോസഫ് – ഗ്രെയ്‌സി മകന്‍ ബിന്‍സ് ഇന്നറിയപ്പെടുന്നുണ്ട്.
ഇടുക്കി ഉടുമ്പന്‍ ചോല സ്വദേശിയായ ബിന്‍സ് ആളൂര്‍ കാല്‍വരിക്കുന്ന് ഇടവകയിലെ മനുഷ്യസ്‌നേഹിയായി മാറിയതിനു പുറകില്‍ ട്വിസ്റ്റുകള്‍ നിറഞ്ഞ സംഭവ ബഹുലമായ ചരിത്ര പശ്ചാത്തലമുണ്ട്. പതിനാറാമത്തെ വയസില്‍ വീട് വിട്ടിറങ്ങി. കൈയിലെ പണം കൊണ്ട് ചങ്ങനാശേരി തീയറ്ററുകളില്‍ സിനിമയും വയറുനിറയെ ഭക്ഷണവും. പണം തീരാറായപ്പോള്‍ ജോലി തേടി ഒരു സുഹൃത്തിനെ കൂടെ കൂട്ടി. അയാള്‍ ചതിച്ചകന്നപ്പോള്‍ പലയിടത്തും പലതരം ജോലികള്‍. ഒടുവില്‍ ഒരു ബസിലെ കിളി. വണ്ടിപ്പണി തെണ്ടിപ്പണിയാണെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് കാന്റീനില്‍ പാചകത്തിന് കയറി. പിന്നീട് ഹരിപ്പാട് ആര്യഭവനില്‍. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഗോവ, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളിലും വ്യത്യസ്ത ഹോട്ടലുകളില്‍ പാചക ജോലി. ചാലക്കുടി നീലിമ ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഉടമസ്ഥനെ അടിച്ചവരെ തിരിച്ചടിച്ച് വീണ്ടും വീട്ടിലേക്കൊരു തിരിച്ചു നടത്തം.
വീട്ടില്‍ ചെന്നപ്പോള്‍ പെണ്ണു കെട്ടിക്കൂടേ എന്നൊരു ചോദ്യം. ജ്യേഷ്ഠര്‍ ഏറെപ്പേര്‍ നിന്നപ്പോഴും പെണ്ണുകെട്ടാന്‍ തീരുമാനിച്ചു. നൂറുകിലോ തൂക്കവും 6.1 പൊക്കവുമുള്ള ആള്‍ക്ക് യോജിച്ച പെണ്ണിനെ കിട്ടണ്ടേ. ഇഷ്ടപ്പെട്ടവര്‍ക്ക് തിരിച്ച് ഇഷ്ടപ്പെട്ടില്ല; കൂടുതലും അവരായിരുന്നു. ഒടുവില്‍ ചൗക്ക പള്ളിയില്‍ കിടന്ന നോട്ടീസുമെടുത്ത് സത്യക്രിസ്ത്യാനിയാണെന്ന് നടിച്ച് ജിനിയുടെ വീട്ടിലെത്തി. ഭാഗ്യം; അവരെതിര്‍ത്തില്ല. പാക്‌സില്‍ പ്രീകാനക്കെത്തിയപ്പോഴാണ് വിവാഹത്തിനുള്ള പക്വതയോ പാകതയോ ഇല്ലെന്നറിഞ്ഞത്. ഒരു ലക്ഷം സ്ത്രീധനം. ജിനിയെ ഭാര്യയായി വീട്ടിലെത്തി. പിന്നീടങ്ങോട്ട് നോവല്‍ കഥകള്‍ ജീവിതമാവുകയായിരുന്നു. സംഘര്‍ഷങ്ങളും പ്രലോഭനങ്ങളും പ്രതിസന്ധികളും ലഹരിയും… ധ്യാനം കൂടുന്നതു വരെ ജിനി മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടുണ്ടാകും. കണ്ണു നിറച്ച് കരളുരുകി പലരും പ്രാര്‍ഥിച്ചിരിക്കണം. ചില വഴിതിരിച്ചലുകള്‍ക്ക് ഒരുപാട് പേരുടെ ത്യാഗത്തിന്റെയും പ്രാര്‍ഥനയുടെയും കരുത്തുണ്ടാകണം. വഴിയിടര്‍ച്ചകളില്‍ തെളിക്കാഴ്ചകളൊരുങ്ങാന്‍ അതൊരു നിമിത്തമാകാം.
ധ്യാനത്തിനൊടുവില്‍ ഒരു പുതുജന്മമായിരുന്നു. മുടങ്ങാതെ ദിവ്യബലിയില്‍ പങ്കുചേരുമെന്നും ദുശ്ശീലങ്ങള്‍ പാടെ അകറ്റുമെന്നും ദൃഢ തീരുമാനം. പരമാവധി തീരുമാനത്തില്‍ തുടരുകയാണ് ബിന്‍സ്. ശിഷ്ടായുസ്സില്‍ കുറ്റബോധം ഇല്ലാതിരിക്കാന്‍ ലഭിച്ചിട്ടുള്ള അവസരങ്ങളെ നന്മയ്ക്കായി രൂപപ്പെടുത്താമെന്ന് മറ്റൊരു തീരുമാനം. സാധിക്കാവുന്നവരെയെല്ലാം ധ്യാനത്തിന് ഒരുക്കുക, ധ്യാനം കൂടാന്‍ പ്രേരിപ്പിക്കുക, ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക… തന്നാലാവുംവിധം അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് അനുഭവമാക്കുക.
സ്വന്തമായൊരു തൊഴില്‍വഴി കണ്ടെത്തുകയായിരുന്നു മറ്റൊരു ലക്ഷ്യം. വലിയ വാര്‍ക്കകളും കോണ്‍ക്രീറ്റ്, കല്‍ചുമരുകളും മുറിച്ചു മാറ്റുന്ന ജോലി ഏറ്റെടുത്തു. ആരോഗ്യം കരുത്തായിരുന്നതിനാല്‍ പിന്തിരിയേണ്ടി വന്നില്ല. ജോലിയ്ക്കിടയിലെ പ്രതികൂല സാഹചര്യങ്ങളിലെല്ലാംതന്നെ പ്രാര്‍ഥനയുടെ മന്ത്രണങ്ങള്‍ അത്ഭുതങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു.
തിരക്കിട്ട ജോലികള്‍ക്കിടയിലും ഞായറാഴ്ചകളില്‍ സ്‌നേഹഗിരിയിലുള്ള വൃദ്ധസദനത്തില്‍ ചെന്ന് ആളുകളെ പരിചരിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതിനും ബിന്‍സും കുടുംബവും സദാസന്നദ്ധരാണ്.
മറ്റൊരു പ്രത്യേകത അയല്‍പക്ക മരണവീടുകളില്‍ സര്‍വസഹായിയായി ബിന്‍സുണ്ടാകുമെന്നതാണ്. പറയുംമുമ്പ് പരിചിതമായതെല്ലാം ചെയ്തു തീര്‍ത്ത്, പ്രാര്‍ഥനയോടെ, പ്രതിഫലമില്ലാതെ.
2017 മാര്‍ച്ച് 14നാണ് കാസര്‍ഗോഡുകാരന്‍ സിദ്ധിഖിന് ഒരു കിഡ്‌നി ദാനം ചെയ്ത് മനുഷ്യസ്‌നേഹത്തിന്റെ അപൂര്‍വമാതൃകയായി ബിന്‍സ് മാറുന്നത്. അപകടങ്ങള്‍ ഏറെ നടന്നിട്ടും പതര്‍ച്ചകള്‍ ഏറെയുണ്ടായിട്ടും കേടുപാടുകളില്ലാതെ കാത്ത തമ്പുരാന് പ്രതിനന്ദിയായാണ് വിപത്ഘട്ടത്തില്‍ മറ്റൊരാളെ സഹായിക്കാനൊരുങ്ങിയതെന്ന് ബിന്‍സ് പറയുന്നു. ഇന്ന് നന്മയുടെ ആള്‍രൂപമായിട്ടാണ് മറ്റൊരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കിഡ്‌നി പകരം നല്‍കിയ ബിന്‍സിനെ നാടുകാണുന്നത്.
അനുദിന ദിവ്യബലി, ചിട്ടയായ അധ്വാനം, ഉത്തരവാദിത്ത പൂര്‍ണമായ ജീവിതക്രമം, സാധിക്കാവുന്ന ഇടങ്ങളിലെല്ലാം നിസ്വാര്‍ഥമായ സേവനം, ഇടര്‍ച്ചകളിലേക്കില്ലെന്ന ഉറച്ച തീരുമാനം മൂന്നു മക്കളുള്ള ബിന്‍സ് കഴുകി തെളിഞ്ഞ വിശുദ്ധിയോടെ നന്മയുടെ നേരവതാരമായി ജീവിതം തുടരുകയാണ്; ശുഭപ്രതീക്ഷകളോടെ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>