സ്മൃതിപഥങ്ങളില്‍ ആരവങ്ങളേറെ

By on June 30, 2017
James in Window

സ്മൃതിപഥങ്ങളില്‍ ആരവങ്ങളേറെ

ഫാ. ജോമി തോട്ട്യാന്‍

സ്മൃതി മണ്ഡപത്തില്‍ ശാന്തനായിരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് ജീവന്‍ തുടിക്കുകയാണ്. വര്‍ഷമൊന്നായെന്ന് വിശ്വസിക്കാനാവുന്നില്ല. ‘ആല ഴീീറ, റീ ഴീീറ’ ചെവിയില്‍ അശരീരി മുഴങ്ങുകയാണ്. ആയുസ്സു മുഴുവന്‍ നന്മകളൊരുക്കി നന്മയുടെ ആള്‍രൂപമായി സ്വര്‍ഗത്തിലേക്ക് യാത്രയായ ജെയിംസ് പഴയാറ്റില്‍ പിതാവ് ആഗ്രഹിച്ചതും ആഗ്രഹിക്കുന്നതും അതു തന്നെയായിരിക്കും. ശരിതെറ്റുകളുടെ തിരഞ്ഞെടുപ്പുകളില്‍ ശരികളെ തിരിച്ചറിയാന്‍ ഏറെ സഹായകരമാണ് ആ വാക്കുകള്‍; ‘നല്ലതാവുക, നല്ലതു ചെയ്യുക’.
വിശുദ്ധ കുര്‍ബാന ജീവകേന്ദ്രമാണെന്നു വിശ്വസിച്ചുറച്ച ശ്രേഷ്ഠ പുരോഹിതന്‍… നീണ്ട യാമങ്ങള്‍ പ്രാര്‍ഥനയ്ക്കായി നീക്കിവച്ച സമര്‍പ്പിതന്‍… തിരുഹൃദയ ഭക്തിയില്‍ ലയിച്ചുചേര്‍ന്ന തിരുഹൃദയ ദാസന്‍… ജപമാല മണികളില്‍ മാധ്യസ്ഥം തേടിയ മരിയഭക്തന്‍… വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും പിന്‍ബലത്തിലായിരുന്നു പ്രവര്‍ത്തനങ്ങളെല്ലാം.
കെട്ടിപ്പടുക്കാന്‍ ഏല്‍പ്പിച്ചതിനെ നെഞ്ചിലേറ്റിയത് കഴിവുകളുടെ മേന്മയിലായിരുന്നില്ല; ആശ്രയത്വത്തിന്റെ തണലിലായിരുന്നു. ആപ്തവാക്യം തന്നെ ‘എല്ലാം ദൈവത്തിന്റെ ഉപരിമഹത്വത്തിനുവേണ്ടി’. കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂര്‍ ഉള്‍ക്കൊള്ളുന്ന ഇരിങ്ങാലക്കുട രൂപതയുടെ അമരക്കാരനായി 1978 സെപ്റ്റംബര്‍ 10ന് സ്ഥാനമേറ്റെടുത്തപ്പോള്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചതും ദൈവകൃപയാല്‍ ദൈവേഷ്ടം നിറവേറ്റട്ടെയെന്ന് മാത്രമായിരുന്നു. പ്രാരംഭ ദശയുടെ അനിശ്ചിതത്തില്‍ നിന്ന് ആത്മീയ – അജപാലക – സാമൂഹിക – വിദ്യാഭ്യാസ – കാരുണ്യ തലങ്ങളില്‍ കെട്ടുറപ്പുള്ള ഒരു വിശ്വാസ കൂട്ടായ്മയായി ഇരിങ്ങാലക്കുട രൂപതയെ പരുവപ്പെടുത്തുന്നതില്‍ ഈ ശ്രേഷ്ഠാചാര്യന് കരുത്തായത് ഈ ആശ്രയബോധമായിരിക്കണം. കരുതലുള്ള ഒരു പിതാവിന്റെ കാര്യഗൗരവമായ വിഹഗവീക്ഷണം ദൈവിക പദ്ധതികളോട് ചേര്‍ത്തപ്പോള്‍ രൂപത അത്ഭുതങ്ങളുടെ കലവറയായി മാറുകയായിരുന്നു.
ചെളി പുരണ്ടതിനെ കഴുകിയെടുക്കണം, പുഴുക്കുത്തേറ്റതിനെ ചികിത്സിച്ചൊരുക്കണം, അകന്നു പോയതിനെ തിരികെച്ചേര്‍ക്കണം… പൊളിച്ചെഴുതി, തിരുത്തിയെടുത്ത് അവനില്‍ എല്ലാം നവീകരിച്ചെടുക്കണം; ക്രാന്തദര്‍ശിയായ ഒരു അജപാലകന്റെ ദര്‍ശനം : ‘ക്രിസ്തുവില്‍ എല്ലാ നവീകരിക്കുക’. ഏല്‍പ്പിക്കപ്പെട്ടിടത്ത് ആഴത്തില്‍ വിശ്വാസത്തിന്റെ വേരോട്ടമുണ്ടാകണം, ഇടയമക്കളുടെ ആത്മീയ വളര്‍ച്ചയില്‍ കൃപനിറഞ്ഞ ഫലമുളവാക്കണം, ദേശത്തിന്റെ സാമൂഹിക രംഗങ്ങളില്‍ വിസ്മയകരങ്ങളായ പരിവര്‍ത്തനങ്ങളുണ്ടാക്കണം, കാരുണ്യത്തിന്റെ ക്രിസ്തുമുഖം മാനവികതയുടെ സമഭാവനയോട് ചേര്‍ത്ത് രൂപതാതിര്‍ത്തിക്കുള്ളില്‍ വ്യക്തമായി പ്രകടമാക്കണം : നവീകരണത്തിന്റെ വ്യത്യസ്ത വഴികളില്‍ യാഥാര്‍ഥ്യമാക്കിയ പിതാവിന്റെ സ്വപ്‌നങ്ങള്‍. സെന്റ് ജയിംസ് ആശുപത്രി, അഭയഭവന്‍, സാന്തോം സ്‌നേഹതീരം, നവചൈതന്യ, സാന്‍ജോ സദന്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം, പ്രകൃതി, ആശാനിലയം, കൃപാഭവന്‍, സാന്‍ജോ, ബ്ലെസ് എ ഹോം… നിരവധിയുണ്ട് കാലത്തില്‍ അടയാളങ്ങളായി. കാലഘട്ടത്തിന്റെ രൂപപരിണാമങ്ങളില്‍ നവീകരണത്തിന്റെ സാധ്യതകളേറുമ്പോള്‍ നിറവേറ്റാന്‍ രൂപതയ്ക്ക് വന്നുചേരുന്ന പുതുലക്ഷ്യങ്ങള്‍ നിരവധിയാണ്; ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വര്‍ഗത്തിലിരുന്ന് പിതാവിന്റെ മാധ്യസ്ഥം ഉണ്ടാകുമെന്നത് തീര്‍ച്ച.
എന്നും വളര്‍ത്താനായിരുന്നു വ്യഗ്രത. ഏല്‍പിച്ചുകൊടുത്താല്‍ പൂര്‍ണവിശ്വാസത്തോടെ കാത്തിരിക്കും, നൂറുമേനി ഫലം ലഭിക്കുമെന്ന പ്രത്യാശയോടെ. രൂപതയുടെ ബഹുമുഖ സംരംഭങ്ങളുടെ വിജയങ്ങള്‍ക്കുപുറകിലും വിശ്വസിച്ചേല്‍പ്പിച്ച് നിറസംതൃപ്തിയോടെ ഫലം കണ്ടാസ്വദിച്ച ഒരു ആസൂത്രകന്റെ വിജയഗാഥയുണ്ട്. ‘ദൈവം തന്ന രൂപത, ദൈവം തന്ന വൈദികര്‍, ദൈവം തന്ന ജനം… ഒരുമിച്ചു ചേര്‍ന്ന് ദൈവിക പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം അവനില്‍ പൂര്‍ത്തിയാകുന്നു’. ദൈവിക പദ്ധതികളോടൊത്ത് പരസ്പര വിശ്വാസവും ആത്മവിശ്വാസവും ഇഴചേര്‍ത്ത് വിഭാവനം ചെയ്തത് നിറവേറിയതിന് കാരണം ഈ പ്രത്യാശയായിരിക്കണം. ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്തങ്ങളെല്ലാം രൂപതാമക്കള്‍ എല്ലാവരും അര്‍പ്പണബോധത്തോടെ ചെയ്‌തൊരുക്കാനായാല്‍ തുടര്‍വിജയങ്ങള്‍ ചരിത്രരേഖകളില്‍ നിരവധിയാകും.
വിനയഭാവമാണ് വിജയതന്ത്രങ്ങളുടെ രഹസ്യമന്ത്രമെന്നത് ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും തെളിയിച്ചിട്ടുണ്ട് ഈ ആത്മീയ ആചാര്യന്‍. പുറംപൂച്ചുകളുടെയും ഭംഗിവാക്കുകളുടെയും ഭാവനാ സൃഷ്ടികളുടെയും ആലങ്കാരികതയ്ക്കപ്പുറത്ത് വിനയം എന്ന ശ്രേഷ്ഠപുണ്യത്തിന്റെ ആധികാരികത ജീവിതലാളിത്യംകൊണ്ട് പ്രകടമാക്കിയ ശ്രേഷ്ഠവര്യനാണ് പിതാവ്. കാലത്തിനൊരിക്കലും മായ്ക്കാനാവാത്ത നിഷ്‌ക്കളങ്ക പുഞ്ചിരി, ങമ്യ ഏീറ ആഹല ൈഥീൗ എന്ന ആശീര്‍വാദം, മെഡലുകളും പടങ്ങളും മിഠായികളുമായി വലിയ സന്തോഷത്തോടെ നീട്ടിത്തരുന്ന സമ്മാനങ്ങള്‍, വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇഴുകിച്ചേരല്‍, വിധേയത്വത്തോടെയുള്ള പെരുമാറ്റശൈലി, കൊടുക്കുന്നതെന്തും മതി പറയാതെ കഴിച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്ന അതിഥി മര്യാദ, സ്‌നേഹാര്‍ദ്രമായ വാക്കുകള്‍… എളിമ ജീവമുഖം തേടുകയായിരുന്നു ഈ പുരോഹിതശ്രേഷ്ഠനില്‍.
ആര്‍ജവത്തമാണ് കര്‍മങ്ങളെ ചടുലമാക്കുന്നത്. വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു ലഭിക്കപ്പെട്ട കാലയളവില്‍. മരണപര്യന്തം വിശ്രമിക്കാമെന്ന സരസ മറുപടികള്‍ അധ്വാനം നിറഞ്ഞ ജീവിതചര്യയുടെ പ്രത്യക്ഷപ്രകടനങ്ങളാണ്. രാത്രികളെ പകലുകളാക്കിയിരുന്നു, യാത്രകളെ സപര്യകളാക്കിയിരുന്നു, പ്രാര്‍ഥനയിലായിരുന്നു ഊര്‍ജശേഖരണം, മടുപ്പുളവാകാന്‍ മനസ്സിനെ അനുവദിച്ചിരുന്നില്ല… കര്‍മനിരതമായ ജീവിതചരിത്രം. ചെയ്യുന്നതിലെല്ലാം ശ്രേഷ്ഠതയും പൂര്‍ണതയും വേണമെന്നത് കണിശമായിരുന്നു. സംതൃപ്തിയില്ലാത്തതൊന്നും ഫലം പുറപ്പെടുവിക്കില്ലെന്ന് അറിഞ്ഞതുകൊണ്ടാകാം കഠിനധ്വാനം മാര്‍ഗമാക്കിയത്. നല്ലവണ്ണം ഓടി സ്വര്‍ഗത്തില്‍ ശാശ്വതമായ കിരീടം സ്വന്തമാക്കുമ്പോള്‍ പ്രേരണ നല്‍കുന്നത് ജീവിച്ചിരിക്കുന്നവരായ നമുക്കാണ്. അലസത വെടിയണം, പ്രവര്‍ത്തനങ്ങളെ ഫലദായകങ്ങളാക്കണം, അനശ്വരമായ ചരിത്രം ഒരുക്കണമെങ്കില്‍ തീക്ഷ്ണത നിറഞ്ഞ ഒരു പ്രവര്‍ത്തന ഇന്നലെകള്‍ ഉണ്ടായിരിക്കണം.
നിഷ്ഠ ജീവിതത്തിന് വ്യക്തമായ ഒരു രൂപരേഖ നല്‍കും. സമയനിഷ്ഠ ക്രമബദ്ധമായ ജീവിതത്തിന്റെ ഉത്തേജക ഉത്തോലകമാണ്. ജീവിതത്തിലുടനീളം പരാജയങ്ങളില്ലാതെ സമയനിഷ്ഠ പാലിക്കാനായത് ഏറെ കഠിനധ്വാനത്തിന്റെയും മുന്നൊരുക്കങ്ങളുടെയും ആസൂത്രണത്തിന്റെ പരിണതഫലമായിട്ടാണെന്ന് പലവട്ടം പിതാവ് ഓര്‍മിക്കുന്നുണ്ട്. നേരത്തിനെത്താന്‍ നേരത്തേ വന്ന് കാത്തുനില്‍ക്കുന്ന മുന്നൊരുക്കം പഴയാറ്റില്‍ പിതാവിന്റെ മാത്രം പ്രത്യേകതയാകാം. തിരക്കുകള്‍ക്ക് നടുവില്‍ മുന്‍ഗണനാ ക്രമങ്ങളെ തിരിച്ചറിയാതെ ഏറ്റെടുക്കുന്നവയില്‍ പാതികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ഈ വത്സലപിതാവിന്റെ ആസൂത്രണവൈഭവം അസൂയയുടെ നേര്‍ക്കാഴ്ചയാകുകയാണ്.
വിശുദ്ധി തേടിയായിരുന്നു യാത്ര മുഴുവന്‍. ജീവിതപൂര്‍ണത വിശുദ്ധിയിലാണെന്ന തര്‍ക്കമറ്റ വിശ്വാസം ചര്യകളില്‍ ഉടനീളം വിശുദ്ധിയുടെ കാര്‍ക്കശ്യത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നു. വിശുദ്ധ സ്റ്റനിസ്ലാവോസ്, വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗ, വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സ് ആദ്യ കാലഘട്ടത്തിലെ മാതൃകകള്‍… പാപത്തെക്കാള്‍ മരണമെന്ന് മുദ്രാവാക്യമുയര്‍ത്തിയ ഡൊമനിക് സാവിയോ, ചാരിത്രശുദ്ധി പാലിക്കാനായി സ്വജീവന്‍ ആത്മത്യാഗം ചെയ്ത മരിയ ഗൊരേത്തി, ചെറിയ കാര്യങ്ങളിലൂടെ വിശുദ്ധപദം കൈവരിക്കാമെന്ന് തെളിയിച്ച കൊച്ചുത്രേസ്യാ, രക്തസാക്ഷിയായ യാക്കോബ് ശ്ലീഹാ, പൗരോഹിത്യ യാത്രയില്‍ ആഴത്തില്‍ വിശുദ്ധിയുടെ സ്വാധീനം ചെലുത്തിയ മറ്റു വിശുദ്ധാത്മാക്കള്‍… ‘വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും’, എന്ന തിരുവചനം ജീവമന്ത്രമായിരുന്നു. വിശുദ്ധാത്മാക്കളുടെയെല്ലാം ജീവചരിത്രം സകല വിശദീകരണങ്ങളോടും കൂടെ മനഃപാഠമായിരുന്നു; പങ്കുവയ്ക്കാന്‍ ഏറെ തീക്ഷ്ണതയും. കാലത്തെയും ചരിത്രത്തെയും സാക്ഷിയാക്കി അനതിവിദൂര നാളുകളില്‍ വിശുദ്ധിയുടെ സഭാപ്രഖ്യാപനം കാത്തിരിക്കുകയാണ് ഈ പുണ്യാത്മാവിനെ അടുത്തറിഞ്ഞ പലരും. വിശുദ്ധിയുടെ വിളനിലങ്ങളായി പുരോഹിതരും സന്യസ്തരും സഭാതനയരും നിറഞ്ഞുനില്‍ക്കുന്ന രൂപത ഈ പുണ്യാത്മാവിന്റെ ആഗ്രഹങ്ങള്‍ക്ക് സാക്ഷ്യ പ്രതികരണങ്ങളൊരുക്കട്ടെ.
തളിരിട്ട തരുക്കളില്‍ ഫലം ഇനിയും നിറയേണ്ടതുണ്ട്. കരുതലോടെ കരുത്തൊരുക്കിയ വിശ്വാസസമൂഹം സാക്ഷ്യത്തിന്റെ ചരിത്രം ഒരുക്കേണ്ടതുണ്ട്. പാതിവഴിയിലെത്തിയ പദ്ധതികള്‍ കാലഘട്ടത്തിനനുസരിച്ച് പൂര്‍ത്തിയാകേണ്ടതുണ്ട്. കണ്‍കണ്ടസ്വപ്‌നങ്ങള്‍ പൂര്‍ണതയില്‍ യാഥാര്‍ഥ്യമാകേണ്ടതുണ്ട്. ബാക്കിവച്ചത് ചെയ്തു തീര്‍ക്കാന്‍ ആഹ്വാനങ്ങള്‍ പേറേണ്ടത് നമ്മളാണ്; പ്രയത്‌നിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നമ്മള്‍ തന്നെ. പ്രാര്‍ഥനയ്ക്കും മാധ്യസ്ഥത്തിനുമായി ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തിലെ കബറിടത്തില്‍ ആളുകളെത്തുമ്പോള്‍ സ്വര്‍ഗത്തില്‍ മാലാഖാമാര്‍ക്കൊപ്പം മാധ്യസ്ഥം ഒരുക്കുന്നുണ്ടാകും ഈ പുണ്യജന്മം; പ്രാര്‍ഥയ്ക്കണയുന്നവരുടെ നിയോഗങ്ങള്‍ സഫലമാകുന്നതിനും, പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവരുടെ പ്രയത്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിനും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>