പോര്‍ച്ചുഗീസ് ആഗമനവും ആധിപത്യ ശ്രമങ്ങളും

By on July 29, 2017
91347-050-F54E4B1A

പോര്‍ച്ചുഗീസ് ആഗമനവും ആധിപത്യ ശ്രമങ്ങളും

ഫാ. ആന്‍ഡ്രൂസ് ചെതലന്‍

മുഹമ്മദീയരുടെ ആക്രമണങ്ങള്‍ മൂലം പ്രതിരോധത്തിലായിരുന്ന മാര്‍ തോമ നസ്രാണി സമൂഹത്തിന് പോര്‍ച്ചുഗീസുകാരുടെ വരവ് അല്പം ആശ്വാസം നല്കി. എങ്കിലും പിന്നീടങ്ങോട്ട് 16-ാം നൂറ്റാണ്ട് ഭാരത സഭയ്ക്ക് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു. കല്‍ദായ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ അങ്കമാലി കേന്ദ്രമായി നിലനിന്നിരുന്ന നസ്രാണി സമൂഹത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് ആ നൂറ്റാണ്ടില്‍ നടന്നത്. ഒപ്പം, ചെറുത്തുനില്‍പ്പിന്റെയും. അതിനാല്‍ പതിനാറാം നൂറ്റാണ്ട് ഭാരത സഭാചരിത്രത്തിന്റെ മായാത്ത കറുത്ത ഒരു അദ്ധ്യായമായി നിലനില്‍ക്കും. വാസ്‌കോഡിഗാമയുടെ ഭാരതപ്രവേശനം മുതല്‍ മാര്‍ അബ്രാഹത്തിന്റെ അന്ത്യം വരെയുള്ള സംഭവങ്ങള്‍ പരിശോധിക്കാം.
ഗാമയും കബ്രാളും
അറബികളുടെ നിയന്ത്രണത്തിലായിരുന്ന ഇന്ത്യന്‍ മഹാസമുദ്രവും പേര്‍ഷ്യന്‍ ഉള്‍ക്കടലും മറി കടന്ന് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡി ഗാമ 1498 മേയ് 21 ന് കോഴിക്കോടിനടുത്ത് കാപ്പാട് കപ്പലിറങ്ങി. മൂന്ന് കപ്പലുകളില്‍ 160 നാവികരാണ് വന്നത്. കോഴിക്കോട് സാമൂതിരി ഗാമയെ സ്വീകരിച്ചെങ്കിലും ചിലരുടെ എതിര്‍പ്പുമൂലം കണ്ണൂര്‍ കോലത്തിരി രാജാവാണ് സംരക്ഷണം നല്കിയത്. ആറു മാസത്തെ വാസത്തിനു ശേഷം അവിടെ നിന്ന് കുരുമുളകും സുഗന്ധദ്രവ്യങ്ങളുംകൊണ്ട് ഗാമ തിരിച്ചു പോയി. 2 വര്‍ഷങ്ങള്‍ക്ക് ശേഷം 1500 ഓഗസ്റ്റ് 30 ന് കബ്രാള്‍ കോഴിക്കോട് വന്നു. ഇത്തവണ 8 ഫ്രാന്‍സിസ്‌ക്കന്‍ വൈദികരും 8 ചാപ്ലൈന്മാരും ഒരു ചാപ്ലൈന്‍ മേജറും അടക്കം ഏകദേശം 1500 പേരുമായിട്ടാണ് കബ്രാള്‍ എത്തിയത്. സാമൂതിരിയും അറബികളുമായി പറങ്കികള്‍ക്ക് അല്പം അസ്വാരസ്യം ഉണ്ടായതിനാല്‍ കബ്രാള്‍ ഡിസംബര്‍ 24 ന് കൊച്ചി രാജാവിന്റെ പക്കലെത്തി. കൂടാതെ 1502 ല്‍ രണ്ടാമതും കേരളത്തില്‍ വന്ന ഗാമയും കൊച്ചിയിലെത്തി.
പറങ്കികളുടെ വരവ് 2 ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു, 1. സുവിശേഷവേല 2. വ്യാപാരബന്ധം. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ അന്ന് മുപ്പതിനായിരം കുടുംബങ്ങളും ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികളുമായിരുന്നു. കണ്ണൂര്‍, കൊടുങ്ങല്ലൂര്‍, കൊച്ചി, കൊല്ലം, തിരുവിതാംകൂര്‍ എന്നീ രാജ്യങ്ങളിലായി നസ്രാണികള്‍ വ്യാപിച്ചു കിടന്നിരുന്നു. അക്കാലത്ത് 6 മെത്രാന്മാരും ആവശ്യത്തിന് ദൈവാലയങ്ങളും സഭയ്ക്കുണ്ടായിരുന്നു. മാര്‍ യാബല്ലാഹ, മാര്‍ ദനഹാ, മാര്‍ യാക്കോബ്, മാര്‍ തോമാ, മാര്‍ യോഹന്നാന്‍, മാര്‍ ജോര്‍ജ് തുടങ്ങിയവരായിരുന്നു മെത്രാന്മാര്‍.
നസ്രാണികളും പറങ്കികളും
ഗാമയും കബ്രാളും പിന്‍ഗാമികളും 35 വര്‍ഷത്തോളം മാര്‍ തോമ ക്രിസ്ത്യാനികളെ സംരക്ഷിച്ചു. ആരംഭത്തില്‍ പറങ്കികളുമായി നല്ല ബന്ധം നസ്രാണികള്‍ പുലര്‍ത്തി. കൊച്ചിരാജാവ് അവര്‍ക്ക് സഹായങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുത്തു. രാജാവുമായി ഗാമയും കൂട്ടരും ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ക്യാപ്റ്റന്‍ മേജറും രാജാവും നിശ്ചയിക്കുന്ന വിലയ്ക്ക് ജനങ്ങള്‍ സുഗന്ധദ്രവ്യങ്ങള്‍ കൊടുത്തുകൊളളാമെന്നും അവര്‍ക്കിഷ്ടമുള്ളിടത്ത് പണ്ടകശാല സ്ഥാപിക്കാമെന്നും സൈന്യത്തെ സൂക്ഷിക്കുവാന്‍ അവകാശമുണ്ടെന്നും നിശ്ചയിച്ചു. 1503 ല്‍ കൊടുങ്ങല്ലൂര്‍ ആക്രമിച്ച സാമൂതിരിയേയും അറബികളേയും പറങ്കികള്‍ തോല്‍പിച്ച് രാജ്യത്തെ സംരക്ഷിച്ചു.
1503 ല്‍ തന്നെ നാവികസേനാധിപനും പിന്നീട് ഗവര്‍ണറുമായ അല്‍ഫോന്‍സോ ആല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ കൊല്ലത്തുള്ള നീണ്ടകരയില്‍ വെച്ച് മുസ്ലീങ്ങളെ കപ്പലോടുകൂടെ പറങ്കികള്‍ നശിപ്പിച്ചു. കൊല്ലം രാജാവ് നിര്‍ത്തലാക്കിയിരുന്ന എല്ലാ അവകാശങ്ങളും ഉടമ്പടി പ്രകാരം തിരിച്ചു നല്‍കി. 1505 ല്‍ നസ്രാണികളുടെ ആവശ്യപ്രകാരം ക്രിസ്ത്യാനികള്‍ കൂടുതല്‍ വസിച്ചിരുന്ന സ്ഥലം നോക്കി കൊച്ചിയില്‍ ഒരു കോട്ട നിര്‍മിച്ചു. 1505 മുതല്‍ 1510 വരെ പോര്‍ച്ചുഗീസ് വൈസ്രോയിമാര്‍ ഇവിടെയിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. തങ്ങളെ സംരക്ഷിക്കുവാന്‍ മറ്റൊരു പ്രബല ക്രൈസ്തവരാജ്യം ഉണ്ടല്ലോ എന്ന ചിന്തയാല്‍ പറങ്കികളോട് സഹകരിക്കാന്‍ നസ്രാണികള്‍ തയ്യാറായി. എന്നാല്‍ നസ്രാണികളുടെ സഹകരണത്തെ മുതലെടുക്കാനാണ് പറങ്കികള്‍ ശ്രമിച്ചത്. നാവികരോടുകൂടെ വന്നിരുന്ന മിഷനറിമാര്‍ ഇവിടത്തെ ആചാരാനുഷ്ഠാനങ്ങള്‍ ലത്തീന്‍ ക്രമത്തോട് അനുരൂപമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. ഇത് നസ്രാണികളുടെ കടുത്ത എതിര്‍പ്പിന് കാരണമായി.
സഭാപരമായ കടന്നുകയറ്റം
അക്കാലത്ത് കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരണം നടത്തിയിരുന്ന കല്‍ദായമെത്രാന്‍ മാര്‍ യാക്കോബ് (1504 – 1552) ആദ്യം പോര്‍ച്ചുഗീസുകാരുമായി സൗഹാര്‍ദ്ദത്തിലായിരുന്നെങ്കിലും പിന്നീട് അകന്നു. കാരണം 1512 ല്‍ പോര്‍ച്ചുഗീസ് രാജാവ് അയച്ച അല്‍വാരോ പെന്റയാദോ എന്ന മിഷനറി വൈദികന്‍ ഈ സംഘര്‍ഷത്തിന് തുടക്കമിട്ടു. കൊടുങ്ങല്ലൂരിലുളള നസ്രാണികളുടെ പ്രധാന ദൈവാലയത്തില്‍ താമസിച്ചിരുന്ന അദ്ദേഹം വികാരി സ്ഥലത്തില്ലായിരുന്ന നാലു മാസത്തോളം ലത്തീന്‍ ആചാരാനുഷ്ഠാനങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. വികാരി സ്ഥലത്തെത്തിയതോടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കി. എന്നാല്‍ പെന്റയാദോ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ക്കും രാജാവിനും കത്ത് അയച്ച് മാര്‍ യാക്കോബും വൈദികരും നടത്തുന്ന മാമ്മോദീസയും ആചാരാനുഷ്ഠാനങ്ങളും വാസ്തവമല്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജോണ്‍ മൂന്നാമന്‍ രാജാവ് മാര്‍ യാക്കോബിനും സഭയ്ക്കും നല്ലൊരു തുക സംഭാവനയായി നല്കിയതോടൊപ്പം പെന്റയാദോയേയും കൂട്ടരെയും മാമ്മോദീസ തുടങ്ങിയ കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധം അറിയിച്ചുവെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങി മെത്രാന് അവരോട് സഹകരിക്കേണ്ടി വന്നു.
ഗോവ രൂപതയ്ക്കു കീഴില്‍
1510ല്‍ ഗോവ തങ്ങളുടെ ഭരണത്തിന്റെ കേന്ദ്രമാക്കിയ പോര്‍ച്ചുഗീസുകാര്‍ മിഷന്‍ പ്രവര്‍ത്തനം വഴി വിശ്വാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ലത്തീന്‍ രൂപതകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1534 നവംബര്‍ 3 ന് പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പ ഗോവ രൂപത സ്ഥാപിച്ചു. കൂടാതെ 1557 ല്‍ കൊച്ചി രൂപതയും സ്ഥാപിച്ച് ഗോവയെ അതിരൂപതയാക്കി. നസ്രാണി സമൂഹത്തെയും മെത്രാന്മാരെയും ഗോവന്‍ മെത്രാപ്പോലീത്തായ്ക്ക് കീഴിലാക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്.
കൊടുങ്ങല്ലൂര്‍ സെമിനാരി
ലത്തീന്‍ വല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതിനു വേണ്ടി 1541 ല്‍ കൊടുങ്ങല്ലൂരില്‍ ഒരു ലത്തീന്‍ വൈദിക സെമിനാരി സ്ഥാപിച്ചു. ഗോവന്‍ ബിഷപ്പ് അയച്ച വിന്‍സെന്റ് ഡി ലോഗോസ് എന്ന ഫ്രാന്‍സിസ്‌കന്‍ വൈദികനാണ് സെമിനാരി തുടങ്ങിയത്. നസ്രാണികളുടെ കുലീന കുടുംബങ്ങളില്‍ നിന്നുള്ളവരെ ഈ സെമിനാരിയില്‍ ചേര്‍ത്തു. ലത്തീന്‍ അല്ലാത്തതെല്ലാം പാഷണ്ഡതയാണെന്ന് തെറ്റിദ്ധരിപ്പിച്ചു ലത്തീന്‍ ആരാധനാക്രമം മാത്രം പഠിപ്പിച്ചു. ഇവരെ സുറിയാനി ഭാഷ പോലും വശമില്ലാത്തവരായി വാര്‍ത്തെടുത്ത് വൈദികരാക്കി നസ്രാണി പള്ളികളില്‍ ലത്തീന്‍ ആരാധനാക്രമം പരികര്‍മ്മം ചെയ്യുവാന്‍ അയച്ചു. എന്നാല്‍ സ്വന്തം മക്കളായിരുന്നിട്ടുപോലും തങ്ങളുടെ പള്ളികളില്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാന്‍ നസ്രാണികള്‍ അവരെ അനുവദിച്ചില്ല. അങ്ങനെ ആ ശ്രമം പരാജയപ്പെട്ടു.
മാര്‍ യൗസേപ്പിന്റ കാലഘട്ടം (1558-1569)
പറങ്കികളോട് വഴങ്ങേണ്ടി വന്നതിനാല്‍ മാര്‍ യാക്കോബിനെ നസ്രാണികള്‍ അകറ്റി നിര്‍ത്തി. അതിനാല്‍ കുറെ വര്‍ഷങ്ങള്‍ ഏകാന്തതയില്‍ ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരുടെ ആശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം 1552 ല്‍ മരിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പോര്‍ച്ചുഗല്‍ രാജാവിനയച്ച കത്തില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ അവസാനകാലത്തെക്കുറിച്ച് നാം മനസ്സിലാക്കുന്നത്. വി. ഫ്രാന്‍സിസ് സേവ്യര്‍ മറ്റു മിഷനറിമാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. തനിക്ക് വിരിച്ച പരവതാനി അവഗണിച്ച് പാവപ്പെട്ട മുക്കുവന്മാരുടെയും അവശരുടെയും ഇടയില്‍ അദ്ദേഹം നിഷ്പാദുകനായി സുവിശേഷവേല നിര്‍വഹിച്ചു. പുതിയ മെത്രാന്മാരെ നിയമിക്കാത്തതിനാല്‍ മാര്‍ യാക്കോബിന്റെ മരണത്തിനു ശേഷം ആറു വര്‍ഷം കേരളസഭയില്‍ മെത്രാന്മാര്‍ ഉണ്ടായിരുന്നില്ല. ഈ അവസരം മുതലാക്കി ഫ്രാന്‍സിസ്‌കന്‍, ഡൊമിനിക്കന്‍ വൈദികര്‍ സുറിയാനി പള്ളികള്‍ കയ്യടക്കി ലത്തീന്‍ കര്‍മങ്ങള്‍ നടത്താന്‍ തുടങ്ങി.
1556 ല്‍ അബ്ദീശോ പാത്രിയാര്‍ക്കീസ് മാര്‍ യൗസേപ്പിനെ കേരളത്തിലേക്കയച്ചു. എന്നാല്‍ ഗോവയില്‍ വച്ച് പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ 18 മാസം തടവിലാക്കി. 1558 ല്‍ മോചിതനായ അദ്ദേഹം കേരളത്തില്‍ വന്ന് സഭാഭരണം ഏറ്റു. എന്നാല്‍ ലത്തീന്‍ ക്രമം നടപ്പില്‍ വരുത്താന്‍ വിസമ്മതിച്ച മെത്രാനെ 1562 ല്‍ നെസ്‌തോറിയന്‍ പാഷണ്ഡത ആരോപിച്ച് പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയി. സത്യം മനസ്സിലാക്കിയ അധികൃതര്‍ അദ്ദേഹത്തെ തിരിച്ചയച്ചുവെങ്കിലും വീണ്ടും ഇതേ പാഷണ്ഡത ആരോപിച്ച് റോമിലേക്ക് അയച്ചു. കാര്യങ്ങള്‍ മനസ്സിലാക്കിയ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളാക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇതിനിടെ അദ്ദേഹം അന്തരിച്ചു.
മാര്‍ അബ്രാഹം (1565-1597)
മാര്‍ യൗസേപ്പിനെ പാഷണ്ഡത ആരോപിച്ച് രണ്ടാം പ്രാവശ്യവും തടവിലാക്കുകയും റോമിലേക്ക് അയയ്ക്കുകയും ചെയ്ത വാര്‍ത്ത അറിഞ്ഞ പാത്രിയര്‍ക്കീസ്, മാര്‍ അബ്രാഹം മെത്രാനെ 1565 ല്‍ കേരളത്തിലേക്കയച്ചു. വലിയ ബുദ്ധിമതിയും തന്ത്രശാലിയുമായിരുന്ന മാര്‍ അബ്രാഹത്തെ തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ എല്ലാ അടവും പ്രയോഗിച്ചു. 1575 ലെ ഗോവന്‍ സൂനഹദോസിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ചതി മനസ്സിലാക്കിയ മെത്രാന്‍ സൂനഹദോസില്‍ പങ്കെടുത്തില്ല. ക്ഷുഭിതരായി പറങ്കികള്‍ അങ്കമാലി അതിരൂപത ഗോവ അതിരൂപതയുടെ കീഴിലാണെന്നും പോര്‍ച്ചുഗീസ് രാജാവിനാല്‍ എല്ലാ ജനങ്ങളും മെത്രാന്മാരും നിയന്ത്രിക്കപ്പെടേണ്ടവരാണെന്നും കൗണ്‍സിലില്‍ തീരുമാനിച്ചു. ഇതേ സമയം കൗണ്‍സിലില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം മാര്‍ അബ്രാഹം 13-ാം ഗ്രിഗോറിയോസ് മാര്‍പാപ്പയെ കത്തു വഴി ബോധിപ്പിച്ചു. തന്നെ രണ്ടു തവണ തടവിലാക്കുകയും ഏറെ പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളതായി അദ്ദേഹം പാപ്പയെ അറിയിച്ചു. നീതി നടപ്പിലാക്കുവാനും ആവശ്യമായ സംരക്ഷണം മാര്‍ അബ്രാഹത്തിനു നല്‍കാനും മാര്‍പാപ്പ പോര്‍ച്ചുഗീസ് രാജാവിനോട് ആവശ്യപ്പെട്ടു. അതോടൊപ്പം അടുത്ത സൂനഹദോസുകളില്‍ സംബന്ധിക്കാനും നിര്‍ദ്ദേശം നല്‍കി.
അങ്കമാലി സൂനഹദോസ് (1583)
ഈശോസഭാ വൈദികരുടെ സഹായത്തോടെ മാര്‍ അബ്രാഹം അങ്കമാലിയില്‍ സൂനഹദോസ് വിളിച്ചുകൂട്ടി. പ്രധാനമായും ലത്തീന്‍ പഞ്ചാംഗം ആരാധനാക്രമത്തില്‍ ഉപയോഗിക്കുവാനും വൈപ്പിന്‍ കോട്ടയില്‍ സെമിനാരി സ്ഥാപിക്കുവാനും കൗണ്‍സിലില്‍ തീരുമാനമുണ്ടായി.
മൂന്നാം ഗോവന്‍ സൂനഹദോസ് (1585)
1585 ജൂണ്‍ 9 ന് ആരംഭിച്ച സൂനഹദോസില്‍ മാര്‍ അബ്രാഹം സംബന്ധിച്ചു. മാര്‍തോമ ക്രിസ്ത്യാനികളെ സംബന്ധിക്കുന്നതും എന്നാല്‍ നസ്രാണികള്‍ക്ക് ദോഷകരവുമായ 10 ഡിക്രികള്‍ കൗണ്‍സില്‍ പുറപ്പെടുവിച്ചു. അതിന്റെ വെളിച്ചത്തില്‍ 1595 ല്‍ ക്ലെമന്റ് 8-ാമന്‍ മാര്‍പാപ്പ ഒരു ഉത്തരവ് ഇറക്കി. മാര്‍ അബ്രാഹത്തിനെതിരെയും നേതൃത്വത്തിലിരിക്കുന്നവര്‍ക്കെതിരെയും അന്വേഷണം നടത്താനും ഒരു ലത്തീന്‍ വൈദികനെ വികാരി അപ്പസ്‌തോലിക്കയായി നിയമിക്കാനും റോമില്‍ നിന്നു നിയമിക്കുന്നവരെ മാത്രം നസ്രാണി മെത്രാനായി അംഗീകരിക്കാനുമൊക്കെയായിരുന്നു ഉത്തരവുകള്‍. വിശ്വാസികളെ ഭയന്ന് മെനേസിസ് മെത്രാപ്പോലീത്ത ഇതു നടപ്പിലാക്കിയില്ല.
മാര്‍ അബ്രാഹമാകട്ടെ ഈശോ സഭാ വൈദികരുമായി രമ്യതയിലായി. 1597 ല്‍ അദ്ദേഹം മരിച്ചു.പാരമ്പര്യമനുസരിച്ച് ആര്‍ച്ചുഡീക്കന്‍ ഗീവര്‍ഗീസ് അഡ്മിനിസ്‌ട്രേറ്ററായി ചാര്‍ജെടുത്തു. ഫാ. റോസിനെ അഡ്മിനിസ്‌ട്രേറ്ററാക്കാന്‍ തുനിഞ്ഞ മെനേസിസ് മെത്രാപ്പോലീത്ത വിശ്വാസികളെ ഭയന്ന് അതില്‍ നിന്നും പിന്മാറി. എന്നാല്‍ പുതിയൊരു കല്‍ദായ മെത്രാന്‍ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കായി എത്തിച്ചേരാതിരിക്കാന്‍ പോര്‍ച്ചുഗീസ് നാവികര്‍ ശക്തമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. അങ്ങനെ മാര്‍ അബ്രാഹത്തിന്റെ മരണത്തോടെ കേരളത്തിലേക്കുള്ള കല്‍ദായ മെത്രാന്മാരുടെ പരമ്പര അവസാനിച്ചു. പാശ്ചാത്യ വല്‍ക്കരണത്തിന്റെ തുടര്‍ന്നുള്ള നടപടികളില്‍ പ്രധാനമായ ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് അടുത്ത ലക്കത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>