കേന്ദ്രത്തില്‍ ചാണക ഗവേഷണം, കേരളത്തില്‍ തെരുവുനായ് ശാല

By on August 1, 2017
EL PERRO PULGOSO – LEYENDA PERUANA CORTA

എന്തൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നതെന്ന് ശരിക്കും നമ്മള്‍ അറിയുന്നുണ്ടോ? എന്നു ചോദിച്ചാല്‍, ഇങ്ങനെ ഒരു മറുപടി വായനക്കാര്‍ തന്നേക്കും : അറിയുന്നുണ്ടല്ലോ, ആവശ്യത്തിലേറെ. ഉദാഹരണത്തിന്, നമ്മുടെ ആരാധ്യനായ എല്‍ഡിഎഫ് സര്‍ക്കാര്‍ നാട്ടിലാകെ മദ്യഷാപ്പുകള്‍ തുറന്നത്, ബാറുകള്‍ തുറന്നത്, സുപ്രിം കോടതി വിധി മറികടക്കാന്‍ റോഡുകളുടെ പദവി താഴ്ത്തിയത്, നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്, കക്ഷി ജയിലില്‍ ചപ്പാത്തിയും കടലക്കറിയും തിന്നത്, ഇന്നസെന്റും ഗണേഷ്‌കുമാറും മുകേഷും അവരുടെ ‘അമ്മ’യെന്ന സംഘടനയില്‍ പത്രക്കാര്‍ക്കെതിരെ ആക്രോശിച്ചത്, ഒടുവില്‍ മമ്മുട്ടിയും മോഹന്‍ലാലുമൊക്കെ ചേര്‍ന്ന് അതിനൊക്കെ ക്ഷമാപണം നടത്തിയത്, കോഴിവില 87 രൂപയാക്കി ധനമന്ത്രി ബഹുമാന്യനായ തോമസ് ഐസക്ക് പ്രഖ്യാപിച്ചത്, ആ വിലയ്ക്കല്ല അതിന്റെ ഇരട്ടി വിലയ്ക്ക് കോഴികളെ വില്‍ക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിച്ചത് തുടങ്ങി നമ്മെ രോമാഞ്ചമണിയിക്കുന്ന എത്രയെത്ര കാര്യങ്ങളാണ് നമുക്കു ചുറ്റും നടക്കുന്നത്. ഈ വാര്‍ത്തകളുടെ പിന്നാമ്പുറങ്ങള്‍, വിശകലനങ്ങള്‍, വിധിയെഴുത്തുകള്‍ എന്നിവയൊക്കെ കണ്ട് നാം ആഹ്ലാദഭരിതരായിരിക്കുമ്പോഴാണ് എല്ലാ അറിയുന്നുണ്ടോയെന്ന ചോദ്യം. നാട്ടിലെ സര്‍വമാലിന്യങ്ങളും നമ്മുടെ വീട്ടിനകത്തേയ്ക്ക് കൊണ്ടുവരുന്ന ടിവി ചാനലുകളും പത്രങ്ങളും ബഹിഷ്‌ക്കരിക്കുന്നവരുള്ള നാടാണിത്. അതും അറിഞ്ഞുകൊണ്ടാണ് ‘എന്നിട്ടും എല്ലാം അറിയുന്നുണ്ടോ’യെന്ന ചോദ്യം.

എങ്കിലും നമ്മള്‍, സാദാപൗരന്മാര്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അലങ്കാര വസ്തുക്കളുടെ ഉടമകളായ നമ്മള്‍, അറിയേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതിലൊന്നാണ് ചാണക ഗവേഷണം.
ചാണക ഗവേഷണം
കേന്ദ്രത്തിലെ സര്‍വാരാധ്യനായ മോദിജിയുടെ സര്‍ക്കാര്‍ തുടങ്ങിയ പുതിയ പരിപാടിയാണിത് – ചാണക ഗവേഷണം. എന്താണെന്ന് വിശദീകരിക്കാം. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നമ്മില്‍ ചിലരെങ്കിലും വായിച്ചുകാണും, ‘പശു പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. കാരണം, ഞാന്‍ അച്ഛനോളം വളരണം’. നമ്മളൊക്കെ അങ്ങനെയാണ് വളര്‍ന്നതെന്ന് മാലോകര്‍ക്കൊക്കെ അറിയാം. എന്നാലും അന്നൊക്കെ പശു ചുരത്തുന്നത് പാല്‍ മാത്രമാണെന്നായിരുന്നു നമ്മുടെ ധാരണ. പക്ഷേ, പശു പാല്‍ മാത്രമല്ല, വര്‍ഗീയതയും ചുരത്തുമെന്ന് ഇപ്പോള്‍ നാം മനസ്സിലാക്കി വരുന്നതേയുള്ളൂ.
പശു അമ്മയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ‘അമ്മേ!’ യെന്നല്ല, ‘പശു!’ എന്നാണ് ആദ്യമായി വിളിക്കുന്നതു തന്നെ. അതെന്തായാലും പശുവെന്ന ഗോമാതാവിന്റെ ആളുകളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവരുടെ ആളുകളാണ് ഗോമാംസം, ഗോപീഡനം എന്നൊക്കെപ്പറഞ്ഞ് പാവപ്പെട്ടവരെ വളഞ്ഞിട്ട് തല്ലുന്നത്. ഉത്തര്‍പ്രദേശിലും ഹരിയാനയിലും മധ്യപ്രദേശിലും ജാര്‍ഖണ്ഡിലുമൊക്കെയായി ഇതുവരെ 23 പേരാണ് ഗോമാതാവിന്റെ പേരില്‍ രക്തസാക്ഷികളായത്. കഴിഞ്ഞ മാസം 22ന് ട്രെയിന്‍ യാത്രക്കിടെ സഹയാത്രികരായ ഗോമാതാ രക്ഷകരുടെ കുത്തും ചവിട്ടും ഏറ്റു ജുനൈദ് ഖാന്‍ എന്ന പതിനേഴുകാരനും മരിച്ചത് ഈ ഗോമാതാവിന്റെ പേരിലാണ്. അതുകഴിഞ്ഞ് നമ്മുടെ ആരാധ്യനായ പ്രധാനമന്ത്രി ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍ ചെന്ന് വലിയൊരു കാര്യം പറഞ്ഞിരുന്നു. പശു സുരക്ഷയുടെ പേരില്‍ രാജ്യത്ത് അതിക്രമങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നായിരുന്നു – ധാര്‍മികരോഷം പൂണ്ട മോദിജി കണ്ഠമിടറി പറഞ്ഞത്. തൊട്ടു പിറ്റേന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ പശുവിറച്ചി കടത്തിയെന്നാരോപിച്ചു മുഹമ്മദ് അലിമുദ്ദീന്‍ (45) എന്നയാളെ വാഹനം തടഞ്ഞു അടിച്ചുകൊന്നതോടെ, ഗോമാതാവിന്റെ ശക്തി ഒന്നുകൂടി മാലോകര്‍ അറിഞ്ഞു.
ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ക്കിടയിലാണ് നമ്മളറിയാതെ മറ്റൊരു ഗോരക്ഷാ പരിപാടി തുടങ്ങിയിട്ടുള്ളത്. പശുവിന്റെ ചാണകം, മൂത്രം, ഇവ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്നിവയെപ്പറ്റി ബിജെപി സര്‍ക്കാര്‍ ശാസ്ത്രീയമായി പഠിക്കാന്‍ പോകുന്നു. പണ്ട് മൊറാര്‍ജി ദേശായി സ്ഥിരമായി ഗോമൂത്രം കുടിച്ചിരുന്നു. അതായിരുന്നത്രെ അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം. ഏതായാലും പശുവിന്റെ ചാണകം, മൂത്രം എന്നിവയെപ്പറ്റിയുള്ള ഗവേഷണം നടത്താന്‍ 19 അംഗ വിദഗ്ധ സംഘത്തെ നിയമിച്ചു കഴിഞ്ഞു. അതില്‍ മൂന്നുപേര്‍ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ കറകളഞ്ഞ പശുഭക്തരാണ്. കേന്ദ്രശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധനാണ് കമ്മിറ്റിയുടെ തലവന്‍. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നുള്ള ബിജെപി അനുഭാവികളായ ചിലരും മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഇഷ്ടവിദഗ്ധരും ഉള്‍പ്പെട്ട കമ്മിറ്റി ചാണകം, മൂത്രം എന്നിവയെപ്പറ്റി ഗവേഷണം നടത്തി നമ്മെ ബോധവല്‍ക്കരിക്കും. ചാണകം, മൂത്രം എന്നിവ പാക്കറ്റുകളിലാക്കി ഓരോ വീട്ടിലും എത്തിക്കുകയെന്ന ഒരു സ്വപ്‌നപദ്ധതി ഇതില്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് ചിന്തിക്കാവുന്നതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേയ്ക്കും ഇപ്പോഴുള്ള ദേശീയ മൃഗപദവി കടുവയ്ക്ക് നഷ്ടപ്പെടുകയും പശു ദേശീയ മൃഗമായി പട്ടാഭിഷേകം ചെയ്യപ്പെടുകയും ചെയ്യും. ഇതൊക്കെ കാണാനുള്ള യോഗം നമ്മുടെ കോണ്‍ഗ്രസുകാര്‍ക്കു ഉണ്ടാകട്ടെയെന്നേ നമുക്ക് ആശിക്കാന്‍ കഴിയൂ.
പ്രിയപ്പെട്ട തെരുവു നായ്ക്കളേ…
കൊതുകുശല്യം, ഡെങ്കിപ്പനി, മദ്യപശല്യം, ലഹരിശല്യം തുടങ്ങിയ ശല്യങ്ങള്‍ നിരനിരയായി നില്‍ക്കുന്നതിനിടയിലേയ്ക്കാണ് കുരച്ചുകൊണ്ട് നമ്മുടെ തെരുവുനായ്ക്കളും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപന്മാരുള്ള സംസ്ഥാനവും ഏറ്റവും കൂടുതല്‍ ആളോഹരി മദ്യപാനമുള്ള സംസ്ഥാനവും എന്ന പദവി കേരളത്തിനാണെന്ന കാര്യം കേരളീയരായ നമ്മെ തുലോം ആനന്ദതുന്ദിലരാക്കേണ്ടതാണ്. അതുപോലെത്തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരുവുപട്ടികളുള്ള സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനം കേരളത്തിനാണെന്നതും. ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനം കൊണ്ടുപോയി. അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ 41,79,245 തെരുവുപട്ടികളുണ്ട്. പോകട്ടെ, പോണാല്‍ പോകട്ടും, പോടാ എന്ന തമിഴ് സിനിമാപാട്ടിന്റെ ശൈലിയില്‍, നമുക്കുള്ള തെരുവുനായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നമുക്ക് ആകെക്കൂടിയുള്ളത് വെറും 2,68,994 തെരുവുനായ്ക്കളാണ്. ഇവരൊക്കെക്കൂടി ദിവസം ശരാശരി 10-15 പേരെയെങ്കിലും കടിക്കുന്നുണ്ട്. അതായത് ഒരു വര്‍ഷം ചുരുങ്ങിയത് 3650 പേരെ. ഇവരൊക്കെ കടിയേറ്റു ചെന്നാല്‍ നമ്മുടെ പല സര്‍ക്കാര്‍ ആശുപത്രികളിലും കുത്തിവയ്പിനുള്ള മരുന്നില്ല. ഇനി, സ്വകാര്യ ആശുപത്രികളാണെങ്കിലോ, മുഴുവന്‍ പിടിച്ചു പറിക്കാരും കുളിച്ചുകഴിഞ്ഞ തോര്‍ത്തുമുണ്ട് പിഴിയുന്നതുപോലെ രോഗികളെ പിഴിയുന്നവരുമാണെന്നാണ് നഴ്‌സുമാരുടെ നേതാക്കള്‍ ആണയിട്ടു പറയുന്നത്. അതുകൊണ്ട് പട്ടി കടിച്ചാല്‍, കടിയേറ്റവന്റെ കാര്യം കട്ടപ്പുറത്താവും.
എന്നാല്‍ ഈ കടിയന്മാരായ തെരുവുനായ്ക്കളെ കൊല്ലാമെന്നു വച്ചാലോ, അതും നടപ്പില്ല. മേനകഗാന്ധി ഡല്‍ഹിയില്‍ ജീവിച്ചിരിക്കുന്ന കാലത്തോളം, തെരുവുനായ്ക്കള്‍ക്ക് നല്ല കാലമാണ്. അവരെ ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടര് വന്നാലും തൊടാനാവില്ല. വന്ധ്യം കരിക്കുക, കാലൊടിക്കുക, നാടുകടത്തുക, കാട്ടില്‍ കൊണ്ടു വിടുക തുടങ്ങിയ പൊടിക്കൈകളൊന്നും തെരുവുനായ്ക്കളുടെ മുന്നില്‍ വിലപ്പോവില്ലെന്ന് നമ്മുടെ അനുഭവമാണ്. ഭരണഘടന അവര്‍ക്ക് നല്‍കിയിട്ടുള്ള മൗലികാവകാശം പോലെയാണ് പട്ടികള്‍ നമ്മെ കടിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്തുകള്‍ പട്ടി പിടുത്തക്കാരെ കണ്ടെത്താന്‍ നോക്കുന്നുണ്ടെങ്കിലും പട്ടികളും പട്ടിപിടുത്തക്കാരും തമ്മില്‍ വല്ല ഗൂഢാലോചനയുണ്ടോയെന്നറിയില്ല, പട്ടിപിടുത്തക്കാരെ മഷിയിട്ട് നോക്കിയിട്ടും കാണാനാവുന്നില്ല.
ആ സാഹചര്യത്തിലാണ് കേരളസര്‍ക്കാര്‍ ഒരു ‘പട്ടിമൃഗശാല’ തുടങ്ങാന്‍ ആലോചിക്കുന്നത്. ജൂലൈ 10-ാം തീയതി സുപ്രിം കോടതിയില്‍ കേരള സര്‍ക്കാരിനു വേണ്ടി സീനിയര്‍ അഡ്വക്കറ്റ് വി. ഗിരിയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുന്നില്‍ ഇക്കാര്യം അറിയിച്ചത്. അലഞ്ഞു തിരിയുന്ന നായ്ക്കളെ കൂട്ടത്തോടെ പിടിച്ചു എല്ലാ ജില്ലകളിലും ഓരോ പട്ടി ശാലയില്‍ സംരക്ഷിക്കും. ഇതിനായി ജില്ലാ പഞ്ചായത്തുകളോട് രണ്ടോ മൂന്നോ ഏക്കര്‍ ഭൂമി വീതം കണ്ടെത്താന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും അഡ്വ. ഗിരി സുപ്രീംകോടതിയെ ബോധിപ്പിച്ചു.
അലഞ്ഞുതിരിയുന്ന പട്ടികളെ കൂട്ടത്തോടെ പിടികൂടി പട്ടി മ്യൂസിയത്തില്‍ എത്തിക്കുകയെന്ന ഭാവനാപൂര്‍ണമായ നടപടിയെ നാം എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം. ചില സ്ഥലങ്ങളില്‍ അലഞ്ഞു തിരിയുന്ന ഗോമാതാക്കളെ ഇപ്പോള്‍ തന്നെ ഇങ്ങനെ സംരക്ഷിക്കുന്നുണ്ട്. അവയ്ക്ക് വെള്ളം, ഭക്ഷണം എന്നിവയൊക്കെ കൊടുക്കുന്നുണ്ടെന്നാണ് വിവക്ഷ. എന്നാല്‍ ഇതൊന്നും കിട്ടാതെ വിശാലമായ മതില്‍ക്കെട്ടിലെ ഗോശാലയില്‍ എല്ലും തോലുമായി നരകിച്ചു വീണു ചാകുന്ന ഗോക്കളും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവുനായ്ക്കള്‍ക്ക് ഇങ്ങനെ ഗതിവരരുതേയെന്നേ പ്രാര്‍ഥനയുള്ളൂ.
ഇങ്ങനെ തെരുവുനായ്ക്കളെ പട്ടിമ്യൂസിയത്തില്‍ പാര്‍പ്പിച്ചാല്‍ മറ്റൊരു ഗുണം കൂടിയുണ്ട് : ചിലപ്പോള്‍ അവരുടെ സ്വഭാവം തന്നെ മാറിയേക്കും. രണ്ടു മൂന്നു തലമുറയാകുമ്പോഴേയ്ക്കും കടിക്കുന്ന സൂത്രം തന്നെ പട്ടികള്‍ മറക്കും. ജൂവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുന്ന കുട്ടിക്കുറ്റവാളികളുടെ ക്രിമിനല്‍ സ്വഭാവം മാറുന്നതു പോലെ. അങ്ങനെ സ്വഭാവം മാറിയ തെരുവുനായ്ക്കള്‍ ഒരാളെപ്പോലും പിന്നെ കടിച്ചെന്നു വരില്ല. അന്തിക്ക് കള്ളും വിദേശമദ്യവും കഴിച്ചു ഇരുട്ടില്‍ തപ്പിത്തടഞ്ഞു ഇഴഞ്ഞുവരുന്ന നാട്ടിലെ നമ്മുടെ മദ്യപന്മാര്‍ക്ക് ഈ തെരുവുനായ്ക്കള്‍ സഹായകരമാവാനും സാധ്യതയുണ്ട്. ആല്‍പ്‌സ് പര്‍വതനിരകളില്‍ വഴിതെറ്റി ഒറ്റപ്പെട്ടുപോകുന്ന സഞ്ചാരികള്‍ക്ക് വഴിക്കാട്ടാന്‍ തുണയാകുന്ന സെന്റ് ബര്‍ണാര്‍ഡ് നായ്ക്കളെപ്പോലെ, ക്രിമിനല്‍ സ്വഭാവം മാറിയ തെരുവുനായ്ക്കള്‍ കുടിയന്മാര്‍ക്ക് സന്ധ്യാനേരങ്ങളില്‍ വഴികാട്ടികളാകട്ടെ. അങ്ങനെ പലവിധ സാധ്യതകള്‍ പട്ടിമ്യൂസിയം മുന്നോട്ടുവയ്ക്കുന്നുണ്ട്.
കടിക്കാന്‍ തന്നെ തെരുവ് നായ്ക്കള്‍ മറന്നുപോയേക്കാമെന്ന വൈതരണി ഒരു പ്രശ്‌നം ഉയര്‍ത്തിയേക്കാം. കടിക്കുകയെന്നത് ഓരോ പട്ടിയുടെയും മൗലികാവകാശമാണ്. അതിനെ നിഷേധിക്കുന്ന തരത്തില്‍ പട്ടികളുടെ സ്വഭാവം കൃത്രിമമായി മാറ്റിയെടുക്കുമ്പോള്‍ മൃഗാവകാശങ്ങളുടെ വകുപ്പില്‍പെടുമോയെന്ന് ആലോചിക്കേണ്ടി വരും. ഏതായാലും ഒരു കാര്യം ഉറപ്പാണ് : പട്ടിമ്യൂസിയം വന്നാല്‍ ഓരോ പട്ടിയും സ്വയം ഒന്ന് ആലോചിക്കേണ്ടിവരും. എന്തുകൊണ്ട് ഞാനിങ്ങനെയായി? കയ്യിലിരുപ്പുകൊണ്ടാണെന്നു പറഞ്ഞാല്‍, അതു ശരിയാണെങ്കിലും അത് അംഗീകരിക്കാന്‍ പ്രയാസമുണ്ടാവും. ചില സിനിമാ നടന്മാരെ പിടിച്ചു ഇപ്പോള്‍ ജയിലിലിട്ടിട്ടുണ്ടല്ലോ. അതും അവരുടെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാന്‍ പറ്റുമെങ്കിലും ഒരു മൃഗീയ വീക്ഷണത്തില്‍ നോക്കിയാല്‍ പട്ടികളെപ്പറ്റി അങ്ങനെ പറയാനാവില്ല. ‘പട്ടി കടിക്കുന്നത് പട്ടിയായതുകൊണ്ട്; കടിക്കുന്നില്ലെങ്കില്‍ ഒരു പട്ടിയും പട്ടിയല്ല’ എന്ന് ഉഗാണ്ടയിലെ ഏതോ മഹാന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതും ഏറെക്കുറെ ഈ വൈതരണികള്‍ മുന്നില്‍ കണ്ടാണ് :
‘പാണ്ടന്‍നായുടെ പല്ലിനു ശൗര്യം
പണ്ടെപ്പോലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാല്‍ പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേന്‍…’

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>