• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ഒരു നടന്റെ അറസ്റ്റ്; സിനിമയല്ലിത്, ജീവിതം

By on August 1, 2017

ഒരു നടന്റെ അറസ്റ്റ്; സിനിമയല്ലിത്, ജീവിതം

മാധ്യമരംഗത്തെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കുമീതെ പരുന്തും പറക്കില്ല. ഈ തത്വം വളരെ പ്രകടമായി കേരളത്തിലെ വായനക്കാരും ടിവി
പ്രേക്ഷകരും കണ്ട് ബോധ്യപ്പെട്ട ആഴ്ചകളാണ് കടന്നുപോയത്. സിനിമയെയും സിനിമയിലെ നടീ നടന്മാരെയും അമാനുഷികരും ആരാധാനപാത്രങ്ങളുമായി ഇതുവരെ വാഴ്ത്തിപ്പാടിയ മാധ്യമങ്ങളൊക്കെ ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയുന്ന ഇരട്ടത്താപ്പും മലയാളികള്‍ കാണുന്നു.

സിനിമാനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റത്തിനു നടന്‍ ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ അറസ്റ്റിലായതു മുതലുള്ള ദിവസങ്ങളില്‍ കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ചാനലുകളും മത്സരിച്ചു നല്‍കിയ വാര്‍ത്തകളും വിശകലനങ്ങളും ടിവി ചര്‍ച്ചകളും ലൈവ് സംപ്രേഷണങ്ങളും അപലപനീയമായ മാധ്യമ വിചാരണയും ജനങ്ങള്‍ക്ക് പുത്തരിയല്ലായിരുന്നു. നടനെയും അയാളുടെ കുടുംബത്തെയും ഗൂഢാലോചനക്കേസിലെ സഹകാരികളെയും അവരുടെ നീക്കങ്ങളെയും ഉപദേശകരെയും ‘അമ്മ’യെന്ന സംഘടനയിലെ മറ്റു നടീനടന്മാരെയുമൊക്കെ പിന്തുടര്‍ന്ന് അവരുടെ ഓരോ വാക്കും വള്ളിപുള്ളി തെറ്റാതെ പകര്‍ത്തിയെഴുതിയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും നടത്തിയ ചന്തസംസ്‌കാരത്തിന്റെ ആഘോഷമാണ് ഇവിടെ അരങ്ങേറിയത്. ദിവസങ്ങളോളം നീണ്ടുനിന്ന മാധ്യമ വിചാരണകള്‍, ആവര്‍ത്തനവിരസമായ പ്രസ്താവനകള്‍ എന്നിവയൊക്കെ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞുനിന്നപ്പോള്‍, സ്വാഭാവികമായും വായനക്കാരും പ്രേക്ഷകരും പ്രതികരിക്കാന്‍ തുടങ്ങി. പലരും പത്രങ്ങള്‍ വായിക്കാതായി; മറ്റു ചിലര്‍ ടിവി കാണാതെ പൂട്ടിവച്ചു. അത്ര നല്ല കാര്യങ്ങളല്ല ഇവരൊക്കെ ചേര്‍ന്ന് ആഘോഷിക്കുന്നതെന്നു അറിയാവുന്ന ബുദ്ധിയുള്ള രക്ഷിതാക്കള്‍, വിഢിപ്പെട്ടി അടച്ചിട്ടതില്‍ അത്ഭുതമില്ല. മക്കള്‍ കണ്ടുപഠിക്കേണ്ട നല്ല പാഠങ്ങളൊന്നുമല്ല, സിനിമാ രംഗത്തെ ക്രിമിനലുകളുടെ തേര്‍വാഴ്ചകളും അണിയറയിലെ ഗൂഢപ്രവൃത്തികളും തട്ടിപ്പും വെട്ടിപ്പും സ്ത്രീപീഡനങ്ങളുമൊക്കെ.
സിനിമയെന്ന അധോലോകത്തെ ഇതുവരെ വെള്ളപൂശി അവതരിപ്പിച്ചുകൊണ്ടിരുന്നവരാണ് ഇപ്പോള്‍ ഒറ്റരാത്രികൊണ്ട് അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നതാണ് വൈരുധ്യം. പത്രവാര്‍ത്തകളില്‍ ഏറ്റവും ചെലവുള്ള ഉല്‍പ്പന്നമാണ് കുറ്റകൃത്യങ്ങള്‍, അക്രമങ്ങള്‍, ലൈംഗികാപവാദങ്ങള്‍, സിനിമയിലെ പിന്നാമ്പുറക്കാഴ്ചകള്‍ തുടങ്ങിയവ. ഇവയുടെ വില്‍പ്പനമൂല്യം നന്നായി അറിയാവുന്നവരാണ് മാധ്യമങ്ങള്‍. അതുകൊണ്ട് ഒരു നടന്‍ ഒരു സിനിമയില്‍ ഭേദപ്പെട്ട അഭിനയം നടത്തിയാല്‍, അയാളെ ആളും തരവും നോക്കി വാഴ്ത്തിപ്പാടുകയെന്നതാണ് മാധ്യമങ്ങളുടെ പതിവുശൈലി. പേര്, ഊര്, വര്‍ഗം, വംശം എന്നിവയൊക്കെ ഇതിനു മാനദണ്ഡമാണ്.
അങ്ങനെയാണ് തിരഞ്ഞുപിടിച്ചു സംഘടിതമായ പ്രൊമോഷനല്‍ ടെക്‌നിക്. എന്നുവച്ചാല്‍, വാഴ്ത്തിപ്പാടി വളര്‍ത്തല്‍. ഓസ്‌ക്കര്‍ അവാര്‍ഡ് വരെ പുതുമനടനു ലഭിച്ചേക്കുമെന്നു വരെ ഇവരില്‍ ചിലര്‍ പറഞ്ഞുവയ്ക്കും. മലയാളത്തിലെ മഹാനടന്മാരെക്കണ്ടാല്‍, പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരാണ് ഇവരില്‍ ഏറെയും. അവരെ ശത്രുക്കളാക്കരുത്. പത്രത്തിന്റെ അല്ലെങ്കില്‍ ചാനലിന്റെ അവാര്‍ഡ് നൈറ്റിലും മറ്റും വരേണ്ടവരാണല്ലോ അവര്‍. അവിടെയും കാണാം, കച്ചവടതാല്‍പര്യത്തിന്റെ കോര്‍പറേറ്റ് അജന്‍ഡ.
അതിലൊന്നും ജനത്തിന് പരാതിയില്ല. പക്ഷേ, തങ്ങള്‍ പണംകൊടുത്തു വാങ്ങുന്ന പത്രത്തിലും ടിവിയിലും ആഴ്ചകളോളം ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയെയും അയാളോടു ബന്ധപ്പെട്ട കാര്യങ്ങളെയും പറ്റി നിരന്തരം വാര്‍ത്തകളും വിശകലനങ്ങളും കൊടുത്തുകൊണ്ടിരിക്കുന്നതിലാണ് ജനത്തിന് പരാതി.
ഈ ജനവികാരമാണ് ജൂലൈ 18ലെ പത്രങ്ങളില്‍ നടന്‍ മാമുക്കോയ പറഞ്ഞതായി കണ്ട വാര്‍ത്തയിലും പ്രതിഫലിച്ചത്. സിനിമയില്‍ ഏതെങ്കിലും ഗ്രൂപ്പിലോ ഉപജാപകവൃന്ദത്തിലോപ്പെട്ട ആളല്ല മാമുക്കോയ എന്നാണറിയുന്നത്. അദ്ദേഹം പറഞ്ഞത് ഇതാണ് : ‘ചാനലുകളും പത്രങ്ങളും ഇപ്പോള്‍ ഒരു വൃത്തിക്കെട്ട വാര്‍ത്തയ്ക്ക് പിന്നാലെയാണ്. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാനും അറിയിക്കാനും. മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരവുമുള്ളവരാണെന്നാണ് പറച്ചില്‍. ഇത്തരം വാര്‍ത്തകളുടെ പിന്നാലെ പോയതോടെ ഈ അവകാശവാദങ്ങളൊക്കെ വെറുതെയാണെന്നു തെളിഞ്ഞു’.
മാമുക്കോയയുടെ വാക്കുകള്‍ക്ക് ഒരു ഭേദഗതി മാത്രമേ ആവശ്യമുള്ളൂ : മലയാളികള്‍ ഭൂരിഭാഗവും ഇപ്പോള്‍ സംസ്‌കാരസമ്പന്നരും വിദ്യാസമ്പന്നരും തന്നെയാണ്. മാധ്യമപ്രവര്‍ത്തനത്തെ വെറും കച്ചവടമായും മറ്റുള്ളവരെ താറടിക്കാനും അവഹേളിക്കാനുമുള്ള തറ പ്രഫഷനായും തരംതാഴ്ത്തുന്നവരുടെ ‘മൈന്‍ഡ് സെറ്റിനെ’യാണ് – മനോഭാവത്തെയാണ് തിരിച്ചറിയേണ്ടത്.
തനിനിറം കാട്ടി സെന്‍കുമാറും
യതീഷ് ചന്ദ്രയും
സംസ്ഥാന പൊലിസിലെ ഉയര്‍ന്ന പൊലിസുകാരില്‍ ഒരാളാണ് യതീഷ് ചന്ദ്ര, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷനര്‍. മറ്റൊരാളാണ് ഈയിടെ വിരമിച്ച മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. രണ്ടു പേരും ഇപ്പോള്‍ നിയമത്തിന്റെ കുരുക്കുകളിലേക്ക് നീങ്ങുകയാണ്.
ജൂണ്‍ 16ന് പുതുവൈപ്പ് എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരെ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചയാളാണ് യതീഷ് ചന്ദ്ര. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ വരുന്നതിനു ഒരു ദിവസം മുമ്പാണ് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിനെത്തിയത്. ജനങ്ങളില്‍ നിന്ന് ഒരു പ്രകോപനവുമില്ലാതിരിക്കെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ നിരവധിപേരെ ലാത്തിച്ചാര്‍ജ് ചെയ്ത് തല്ലിച്ചതയ്ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. യതീഷ് ചന്ദ്ര നേരിട്ട് ലാത്തികൊണ്ട് അടിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
യതീഷ് ചന്ദ്രയുടെ നിഷ്ഠൂരമായ നടപടിയില്‍ കേരളത്തിലെങ്ങും പ്രതിഷേധം അലയടിച്ചു. കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും കേരള മെത്രാന്‍ സമിതിയും സംഭവത്തില്‍ പ്രതിഷേധിച്ചു.
ഇപ്പോള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ വിശദീകരണം കൊടുക്കേണ്ടി വന്നിരിക്കുകയാണ് യതീഷ് ചന്ദ്ര. റോഡ് ഉപരോധിച്ചവരെ ബലംപ്രയോഗിച്ചു മാറ്റുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂവെന്നാണ് യതീഷ് ചന്ദ്ര കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹനദാസിനു എഴുതി നല്‍കിയിട്ടുള്ള വിശദീകരണക്കുറിപ്പില്‍ അവകാശപ്പെട്ടിട്ടുള്ളത്. ഹൈക്കോടതിയിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറുമെന്ന സ്ഥിതിയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് നടപടിയെടുത്തെന്നും സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചിട്ടില്ലെന്നുമാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. പൊലിസിനെ അപകീര്‍ത്തിപ്പെടുത്താനാണ് തനിക്കെതിരെയുള്ള പരാതിയെന്നും യതീഷ് ചന്ദ്രയ്ക്ക് അഭിപ്രായമുണ്ട്. നാഷ്‌നല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മിഷനാണ് യതീഷ് ചന്ദ്രയുടെ വഴിവിട്ട നടപടിക്കെതിരെ പരാതി നല്‍കിയ്ത. ഓഗസ്റ്റ് ഒമ്പതിനു കമ്മീഷനുമുന്നില്‍ യതീഷ് ചന്ദ്ര വീണ്ടും ഹാജരാകണം.
ഇനി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പുതുവൈപ്പില്‍ യതീഷ് ചന്ദ്രയും പൊലിസ് സംഘവും ജനാധിപത്യപരമായി പ്രതിഷേധിച്ച ജനങ്ങളെ തല്ലിച്ചതച്ചതിനെ ന്യായീകരിച്ച വ്യക്തിയാണ് അന്ന് ഡിജിപിയായിരുന്ന സെന്‍കുമാര്‍. പ്രധാനമന്ത്രി വരുന്നതിനുമുമ്പ് അദ്ദേഹത്തിനെതിരെ തീവ്രവാദി ഭീഷണി ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് തലേന്ന് പൊലിസ് നടപടി വേണ്ടിവന്നതെന്നുമായിരുന്നു സെന്‍കുമാറിന്റെ ന്യായീകരണം! ഏതായാലും പ്രതിഷേധിച്ചവരൊക്കെ തീവ്രവാദികളാണെന്ന് സെന്‍കുമാര്‍ പറയാതിരുന്നത് ഭാഗ്യം.
എന്നാല്‍ സെന്‍കുമാര്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് മറ്റൊരു കാര്യത്തിലാണ് : കേരളത്തില്‍ മുസ്ലിംകള്‍ വര്‍ധിച്ചുവരികയാണെന്നു തുടങ്ങിയ ചില പരാമര്‍ശങ്ങളാണ് സ്ഥാനമൊഴിഞ്ഞ ഉടന്‍ സെന്‍കുമാര്‍ നടത്തിയ അഭിമുഖത്തില്‍ ഒരു വാരികയോട് പറഞ്ഞത്. ‘മലയാളം’ വാരികയ്ക്ക് നല്‍കിയ ആ അഭിമുഖം മതസ്പര്‍ധ ഉളവാക്കുമെന്നതിന്റെ പേരിലാണ് സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നു ആദ്യം നിലപാടെടുത്ത സെന്‍കുമാര്‍, പിന്നീട് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജനസംഖ്യാവര്‍ധനയെപ്പറ്റി പറഞ്ഞതെന്നും രാജ്യാന്തര ഭീകര സംഘടന കേരളത്തിലും വളര്‍ന്നുവരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ കോടതിയെ ബോധിപ്പിച്ചു.
സെന്‍കുമാറിനു ഹൈക്കോടതി പിന്നീട് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താല്‍ 30,000 രൂപയ്ക്കുള്ള സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും അനുവദിക്കണമെന്നാണ് വ്യവസ്ഥ.
ഏതായാലും വിവാദങ്ങളും വീഴ്ചകളും ഉയര്‍ന്ന പൊലിസുകാര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവും അരങ്ങ് തകര്‍ക്കുന്ന സംസ്ഥാന പൊലിസിന് യതീഷ് ചന്ദ്രയുടെയും സെന്‍കുമാറിന്റെയും പേരിലും ഓരോ സ്വര്‍ണത്തൂവല്‍ കൂടി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>