• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

സഫലമീ ജീവിതം : ഷെവ. ഐ.സി. ചാക്കോ

By on August 1, 2017
i_c_chacko_3

സഫലമീ ജീവിതം : ഷെവ. ഐ.സി. ചാക്കോ

അതുല്യമായ പാണ്ഡിത്യവും അനന്യമായ ഇച്ഛാശക്തിയും കര്‍ത്തവ്യ നിര്‍വഹണത്തിലെ സത്യസന്ധതയും കൈമുതലായിരുന്ന ഷെവ. ഐ.സി. ചാക്കോ സ്വാതന്ത്ര്യത്തിനു മുമ്പുളള കാഘട്ടത്തില്‍ തിരുവിതാംകൂറില്‍ നിറഞ്ഞു നിന്ന ക്രൈസ്തവ നേതാവാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ബ്രാഹ്മണര്‍ക്കും മറ്റു സവര്‍ണ്ണ ഹിന്ദു വിഭാഗങ്ങള്‍ക്കും മേല്‍ക്കോയ്മയുണ്ടായിരുന്ന അക്കാലത്ത് കുട്ടനാട്ടില്‍ ജനിച്ചു വളര്‍ന്ന് തിരുവിതാംകൂറിന്റെ ഭരണതലത്തില്‍ പല ഉന്നതസ്ഥാനങ്ങളും വഹിച്ച അദ്ദേഹം ആദര്‍ശധീരതയുളള കത്തോലിക്കനായിരുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്.
അധ്യാപകനായും ദീപികയില്‍ പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ച ഐ സി ചാക്കോ സംസ്‌കൃതത്തിലും ലത്തീനിലും അഗാധമായ പാണ്ഡിത്യം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയ്ക്കുളള അംഗീകാരമായിരുന്നു തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കയച്ചത്. അവിടത്തെ ഇംപീരിയല്‍ കോളജില്‍ നിന്നു രസതന്ത്രം, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ്, ജിയോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചു കൈനിറയെ ബിരുദങ്ങളുമായി തിരിച്ചെത്തിയ ചാക്കോയെ സര്‍ക്കാര്‍ സംസ്ഥാന ജിയോളജിസ്റ്റായി 1915 ലും സംസ്ഥാന വ്യവസായ ഡയറക്ടറായി 1921 ലും നിയമിച്ചു. രണ്ടു പതിറ്റാണ്ടുകാലം ഔദ്യോഗിക കടമകള്‍ സമര്‍ഥമായി നിര്‍വഹിച്ച അദ്ദേഹം 1931 ല്‍ സര്‍ക്കാര്‍ സേവനത്തില്‍ നിന്നു വിരമിച്ചു.
പൊതുജീവിതത്തില്‍ സത്യസന്ധതയും ധാര്‍മികതയും നീതിബോധവും മുഖമുദ്രയാക്കിയിരുന്ന അദ്ദേഹം സര്‍ക്കാരിനെന്ന പോലെ സഹപ്രവര്‍ത്തകര്‍ക്കും റോള്‍ മോഡലായിരുന്നെന്നു പറയാം. അഴിമതിയുടെ കറപുരളാത്ത തന്റെ ഔദ്യോഗിക ജീവിതത്തില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന വി എസ് സുബ്രഹ്മണ്യ അയ്യരോടു പോലും ഒരിക്കല്‍ അദ്ദേഹത്തിന് കൊമ്പുകോര്‍ക്കേണ്ടി വന്നു. ദിവാന്റെ ഒരു ബന്ധുവിന്റെ പഞ്ചസാര ഫാക്ടറിക്കുവേണ്ടി വഴിവിട്ട് സര്‍ക്കാര്‍ പണം കൊടുക്കണമെന്നു നിര്‍ദേശിച്ച ദിവാന്റെ സമ്മര്‍ദ്ദം മുറുകിയപ്പോള്‍, പോക്കറ്റില്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ചിരുന്ന രാജിക്കത്ത് എടുത്തു നീട്ടാനും അദ്ദേഹം മടിച്ചില്ല. ആ സ്വഭാവ ദാര്‍ഢ്യത്തിനു മുമ്പില്‍ ദിവാന്‍ തലകുനിക്കുകയായിരുന്നു. ഇതുപോലെ ഒട്ടേറെ അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു എടുത്തു കാട്ടാനുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും താന്‍ ജനിച്ചു വളര്‍ന്ന ക്രൈസ്തവ സമൂഹത്തെ മറന്നില്ല. അധികാരത്തിന്റെ ഏണിപ്പടികള്‍ കയറി ഉന്നതിയിലെത്തുമ്പോള്‍ പലരിലും കാണാത്ത സവിശേഷതയായിരുന്നു ഇത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരംഭകരില്‍ ഒരാളാണ് ഐ സി ചാക്കോ.
സര്‍ക്കാര്‍ ജോലികള്‍ സവര്‍ണ ഹിന്ദു വിഭാഗങ്ങള്‍ക്കായി മാറ്റി വച്ചിരുന്ന അക്കാലത്ത് സ്വന്തം സമുദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കളെ കൈപിടിച്ചുയര്‍ത്താന്‍ മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം. കത്തോലിക്കരെ ഒരു സമുദായമായി അംഗീകരിക്കുക, റവന്യൂ ദേവസ്വം വകുപ്പ് വിഭജിച്ചു റവന്യൂവകുപ്പില്‍ എല്ലാ വിഭാഗക്കാര്‍ക്കും തൊഴിലവസരം നല്‍കുക, പബ്ലിക് സര്‍വീസിലും പ്രാതിനിധ്യസ്വഭാവമുളള സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കത്തോലിക്കര്‍ നടത്തിയ പൗരസമത്വ പ്രക്ഷോഭത്തിന്റെ ശക്തികേന്ദ്രം അദ്ദേഹമായിരുന്നു. 1946 ല്‍ സര്‍ സിപി ക്രൈസ്തവ വിദ്യാലയങ്ങള്‍ ദേശസാല്‍ക്കരിക്കാന്‍ തയ്യാറെടുത്തപ്പോള്‍, അതിനെതിരെ നടന്ന വിദ്യാഭ്യാസ പ്രക്ഷോഭണത്തിന്റെ മുന്‍ നിരയില്‍ അദ്ദേഹം നിലകൊണ്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ പെന്‍ഷന്‍ നിര്‍ത്തുമെന്ന് സര്‍ സി പി ഭീഷണിപ്പെടുത്തിയിട്ടും ഐ സി ചാക്കോ കുലുങ്ങിയില്ല. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും ഉദ്യോഗക്കയറ്റത്തിനും വേണ്ടി സഭയോട് അകലം പാലിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് ഐസി.
സാഹിത്യരംഗത്തും അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചു. ബൈബിളും ക്രിസ്തു ജീവിതവും പ്രമേയമാക്കി അദ്ദേഹം നിരവധി സാഹിത്യകൃതികള്‍ രചിച്ചു. ഭാഷാസാഹിത്യത്തിലെ പ്രൗഢഗ്രന്ഥമായി ഇന്നും നിലനില്‍ക്കുന്ന ‘പാണിനിയ പ്രദ്യോതം’ എന്ന ഗദ്യ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. വിശുദ്ധ തോമസ് മൂറിന്റെയും മാര്‍ ലൂയിസ് പഴേപറമ്പിലിന്റെയും ജീവചരിത്രങ്ങള്‍, താന്‍ ജീവിച്ചു കടന്നു പോന്ന വെല്ലുവിളികളുടെയും വിശ്വാസ സാക്ഷ്യത്തിന്റെയും നിഴലാട്ടമുളളവയാണ്.’വാല്‍മീകിയുടെലോകം’ എന്ന വിമര്‍ശന ഗ്രന്ഥം, സര്‍ സിപി യുടെ കിരാത ഭരണകാലത്ത് തിരുവിതാംകൂറിലെ ക്രൈസ്തവര്‍ അനുഭവിച്ച രാഷ്ട്രീയ ഭ്രഷ്ടിന്റെയും വനവാസത്തിന്റെയും പ്രതിരൂപമാണ്.
സഭയ്ക്കും സമുദായത്തിനും പൊതുസമൂഹത്തിനും വേണ്ടി ഒരായുസ്സു മുഴുവന്‍ നിലകൊണ്ട ഐ സി ചാക്കോയെ ആഗാളസഭ ഷെവലിയാര്‍ പദവി നല്‍കി ആദരിച്ചു. തൊട്ടതൊക്കെ പൊന്നാക്കിയ അദ്ദേഹം കുട്ടനാട്ടിലെ പുളിങ്കുന്നിനു സമീപം ഇല്ലിപ്പറമ്പില്‍ കുടുംബത്തിലാണ് ജനിച്ചത്. പിതാവില്‍ നിന്നു സംസ്‌കൃതം പഠിച്ചു ജീവിതത്തിന്റെ ഹരിശ്രീ കുറിച്ച അദ്ദേഹം എല്ലാ മണ്ഡലങ്ങളിലും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ചാണ് 1966 മേയ് 27 ന് 97-ാമത്തെ വയസ്സില്‍ അന്തരിച്ചത്.
ക്രൈസ്തവ വിശ്വാസവും ജീവിതവും സര്‍വമേഖലകളിലും വെല്ലുവിളി നേരിടുന്ന സമകാലിക സാഹചര്യങ്ങളില്‍ ക്രൈസ്തവ സാക്ഷ്യത്തിന്റെ ദീപഗോപുരമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ യാത്രാപഥങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആദര്‍ശധീരനായിരുന്നു ഷെവ.ഐ സി ചാക്കോ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>