മിഷനറിമാരുടെ മിഷനറിയായി സിസ്റ്റര്‍ പിയ

By on August 1, 2017
IMG_0327

മിഷനറിമാരുടെ മിഷനറിയായി സിസ്റ്റര്‍ പിയ

പരിചയം - ജെ-യാന്‍, ആളൂര്‍

വീട് വിട്ട് ഇറങ്ങിയിട്ട് 50 വര്‍ഷങ്ങള്‍… കൃത്യമായി പറഞ്ഞാല്‍ 1967 ജൂണ്‍ 16നാണ് ഇന്ത്യവിട്ട് പോയത്… തീക്ഷ്ണത നിറഞ്ഞ മിഷനറിയായി ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു യാത്രക്കൊരുങ്ങുമ്പോള്‍… ഇന്ന്, മിഷനറിമാരുടെ മിഷനറിയായി ജീവിതം മാറിയ കഥ നിറസംതൃപ്തിയോടെ ഓര്‍ത്തെടുക്കുകയാണ് സിസ്റ്റര്‍ പിയ എസ്എസ്പിസി.
ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ പഠനകാലം മുതലേ മിഷനറി സിസ്റ്റര്‍ ആകണമെന്ന സ്വപ്‌നം ഉള്ളില്‍ നിറഞ്ഞിരുന്നു. സ്‌കൂളിലെ അള്‍ത്താരയില്‍ സിസ്റ്റേഴ്‌സ് പൂക്കള്‍ വയ്ക്കുന്നതു കാണുമ്പോള്‍ ദൈവത്തിന്റെ തൊട്ടടുത്ത് നിന്ന് സ്‌നേഹിക്കാന്‍ ഒരു സിസ്റ്ററായാല്‍ കഴിയുമെന്ന ധാരണ മനസില്‍ നിറഞ്ഞു. വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം അസ്വസ്ഥതയായിരുന്നു. അതിനിടെ മറുവാക്കു പറയാന്‍ പറ്റാത്തവിധം ഒരു സംഭവം വീട്ടില്‍ നടന്നു. അനുജന്‍ അച്ചനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ വീട്ടുകാര്‍ എതിര്‍ത്തു. പതിനൊന്നാം വയസില്‍ പനി പിടിപ്പെട്ട് അവന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായപ്പോള്‍ വീട്ടുകാര്‍ പരസ്പരം പറഞ്ഞു : ദൈവേഷ്ടത്തിന് എതിരു നിന്നതുകൊണ്ടാവും ഈ വേര്‍പാട്. അതുകൊണ്ട് തന്നെ തന്റെ ആഗ്രഹം ഒന്നുകൂടി ആവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് വീണ്ടും എതിരു പറയാനായില്ല. ആദ്യം ബാംഗ്ലൂരിലെ ഒരു കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നെങ്കിലും തുടര്‍ച്ചയായ അസുഖങ്ങള്‍ മൂലം തിരിച്ച് വീട്ടിലേക്കെത്തി. ചികിത്സകള്‍ക്കിടെ ടൈപ്പ് റൈറ്റിങും, തയ്യലും പഠിച്ചെടുത്തു.
ആഗ്രഹം വീണ്ടും പ്രേരണയായപ്പോള്‍ അഭിവന്ദ്യ കുണ്ടുകുളം പിതാവിന്റെയും ജോസഫ് വിളങ്ങാടനച്ചന്റെയും ഉപദേശപ്രകാരം ‘അന്നായ്മ’യില്‍ (സെന്റ് ആന്‍സ് – പ്രായാധിക്യമുള്ള അമ്മമാര്‍ താമസിച്ചിരുന്ന സ്ഥലം) പ്രാരംഭ പരിശീലനത്തിനു ചേര്‍ന്നു. വിദേശ മിഷനറിയാകാനാണ് ആഗ്രഹമെന്നറിയിച്ചപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന 11 പേര്‍ക്കുമായി ജോസഫ് വെളങ്ങനാടച്ചന്‍ വച്ച രണ്ട് സാധ്യതകളില്‍ ഒന്ന്, ജനോവയിലുള്ള ഒരു കോണ്‍ഗ്രിഗേഷനും; രണ്ടാമത്തേത്, പീറ്റര്‍ ക്ലാവര്‍ കോണ്‍ഗ്രിഗേഷനുമായിരുന്നു. ക്രിസ്തു സ്‌നേഹത്തെപ്രതി കൂട്ടത്തിലെ ഏറ്റവും അടുത്ത സുഹൃത്തായ സിസ്റ്റര്‍ സാറയും താനും ഒരുമിച്ചാകരുതെന്ന തീരുമാനത്തില്‍ പീറ്റര്‍ ക്ലാവര്‍ കോണ്‍ഗ്രിഗേഷനില്‍ ചേരാന്‍ കൊച്ചുത്രേസ്യ തീരുമാനിച്ചു.
1968 മേയ് 31നു നോവിഷ്യേറ്റില്‍ ആയിരിക്കുമ്പോള്‍ ഇരിങ്ങാലക്കുട പള്ളിപ്പാടന്‍ കൊച്ചുദേവസി – കുഞ്ഞേല്യ ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമത്തേതുമായ കൊച്ചുത്രേസ്യ പത്താം പിയൂസ് പാപ്പയെ സ്വര്‍ഗീയ മധ്യസ്ഥനായി തിരഞ്ഞെടുത്ത് സിസ്റ്റര്‍ പിയ എന്ന പേരു സ്വീകരിച്ചു.
പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം റോമിലും നെട്ടൂണയിലും ത്രെന്തോയിലും 12 വര്‍ഷത്തോളം ജോലി ചെയ്തു. 1982ല്‍ ജര്‍മനിക്കും പിന്നീട് ഓസ്ട്രിയായിലേക്കും. 11 വര്‍ഷത്തെ ഓസ്ട്രിയായിലെ സേവനത്തിനുശേഷം ആറു വര്‍ഷങ്ങള്‍ കാനഡയിലെ ടൊറൊന്റോയില്‍. 2005നു പഠനത്തിന് റോമില്‍ വീണ്ടും. 2006 മുതല്‍ ന്യൂസ്‌ലാന്റില്‍ ഊര്‍ജസ്വലതയോടെ കര്‍മരംഗത്ത്.
പ്രവര്‍ത്തന മേഖലയിലെ വേറിട്ട സാക്ഷ്യമാണ് സിസ്റ്റര്‍ പിയയെ വ്യത്യസ്തയാക്കുന്നത്. സഭാസ്ഥാപകയായ വാഴ്ത്തപ്പെട്ട മരിയ തെരേസ ലെഡോസ്‌ക്കായുടെ പ്രേഷിത തീക്ഷ്ണത ജീവിത രംഗങ്ങളില്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തന ശൈലിയായിരുന്നു സിസ്റ്ററിന്റേത്. ഓസ്ട്രിയന്‍ ചക്രവര്‍ത്തി കുടുംബത്തിലെ അംഗമായിരുന്ന മരിയ തെരേസ ആഫ്രിക്കയിലെ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനുമായിട്ടായിരുന്നു സഭ തന്നെ സ്ഥാപിച്ചത്. സഭാചൈതന്യം ഉള്‍ക്കൊണ്ട് സിസ്റ്റര്‍ പിയയും മിഷനറിമാര്‍ക്ക് സഹായമൊരുക്കുന്നതിനുള്ള പദ്ധതികളില്‍ സര്‍വാന്മനാ ഉള്‍ച്ചേരുകയായിരുന്നു.
അവികസിത, വികസ്വര രാജ്യങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗമന സംരംഭങ്ങള്‍ക്കും പീറ്റര്‍ ക്ലാവര്‍ സഭ നല്‍കുന്ന സാമ്പത്തിക സഹായങ്ങളുടെ സ്രോതസു വഴികള്‍ അറിഞ്ഞാലേ ഈ പ്രവര്‍ത്തനങ്ങളുടെ മഹത്വമറിയൂ. വീടു വീടാന്തരം കയറിയിറങ്ങി, സഭ പുറത്തിറക്കുന്ന മാഗസിന്റെ അംഗത്വം നേടിയെടുക്കലാണ് ആദ്യപടി. മാഗസിനില്‍ വ്യത്യസ്ത മിഷന്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഓരോ ദിവസവും രാവിലെ മുതല്‍ വൈകുന്നേരങ്ങളില്‍ വരെ വീടുകള്‍ കയറിയിറങ്ങും. ഞായറാഴ്ചകളില്‍ മറ്റിടവകകളില്‍ പോയി അംഗങ്ങളെ ചേര്‍ക്കും. വരിസംഖ്യയായി കിട്ടുന്ന പണവും മിഷന്‍ പ്രൊജക്ടുകള്‍ക്കായി ആളുകള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് മാറ്റി വച്ച് നല്‍കുന്ന തുകയും പീറ്റര്‍ ക്ലാവറിന്റെ എളിയ സാമ്പത്തിക സ്രോതസ്സാണ്. സമ്മാനക്കൂപ്പണുകളും സമ്മാനപ്പൊതികളുമായി ഷോപ്പിംങ് മാളുകളിലും തെരുവുകളിലും ഒരുക്കുന്ന പദ്ധതികള്‍ മറ്റൊരു വരുമാനമാര്‍ഗമാണ്. പ്രത്യേക പരസ്യങ്ങളിലൂടെ ഉപയോഗിച്ച വസ്തുക്കള്‍ ശേഖരിച്ച് മിതവിലയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കുന്ന ലേല സംവിധാനം, ഭക്ഷണങ്ങളൊരുക്കി ഒരുമിച്ച് പങ്കുവച്ച് നടത്തുന്ന ‘എത്തിനിക് ഡിന്നര്‍’, വൈവിധ്യങ്ങളുടെ കലാവിരുന്നൊരുക്കി ടിക്കറ്റുമുഖേന കാണികളെ സംഘടിപ്പിച്ച് സംഭാവന ശേഖരിക്കുന്ന ‘മള്‍ട്ടികള്‍ച്ചറല്‍ മിഷന്‍ കണ്‍സര്‍ട്ട്’ തുടങ്ങിയവ മറ്റു പദ്ധതികളാണ്.
ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ആഫ്രിക്ക, ഇന്ത്യ, വിയന്ന എന്നിവിടങ്ങളിലായി മുന്നൂറോളം സന്യാസിനികള്‍ മാത്രമുള്ള ഈ സഭയാണ് ലോകത്തിന്റെ വ്യത്യസ്ത മേഖലകളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമായി മാറുന്നത്. എയ്ഡ്‌സ്, കാന്‍സര്‍, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍, ഭവനനിര്‍മാണം, കുടിവെള്ളപദ്ധതികള്‍, ദൈവാലയ നിര്‍മാണം, വിദ്യാഭ്യാസ പദ്ധതികള്‍, സെമിനാരി പരിശീലന സഹായങ്ങള്‍ തുടങ്ങി പല പല സംരംഭങ്ങള്‍ക്കായി വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് എത്തുന്ന അപേക്ഷകളെ വേര്‍തിരിച്ച് ആവശ്യക്കാരുടെ മുന്‍ഗണനാക്രമമനുസരിച്ച് സഹായങ്ങള്‍ വിതരണം ചെയ്യുകയാണ് ഈ സഭ ചെയ്യുന്നത്. ദിവസവും വരുന്ന നൂറുകണക്കിന് അപേക്ഷകള്‍ക്ക് ധനം കണ്ടെത്താന്‍ ഊണുറക്കങ്ങളില്ലാതെ പ്രാര്‍ഥനയുടെയും ത്യാഗത്തിന്റെയും അഭ്യര്‍ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും വഴി തേടുകയാണ് ഈ സന്യാസിനികള്‍.
സഭ വളരണമെങ്കില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാകണം. അതിനുവേണ്ടത് പിന്തുണയാണ്. ഉയിരും ഊര്‍ജവും നല്‍കി മിഷന്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളാലാകുന്ന വലിയ സഹായങ്ങള്‍ ഒരുക്കി നല്‍കാന്‍ കര്‍മബദ്ധരായി പ്രവര്‍ത്തിക്കുന്ന സന്യാസിനിമാരുടെ പ്രതിനിധിയാണ് സിസ്റ്റര്‍ പിയ. ഈ എഴുപത്തിയാറാം വയസിലും ചുറുചുറുക്കോടെ, അവധി കഴിഞ്ഞ് തിരിച്ചുച്ചെല്ലുമ്പോള്‍ ചെയ്തു തീര്‍ക്കേണ്ട പദ്ധതികളുടെ പട്ടിക നിരത്തുന്നത്, ഊര്‍ജസ്വലയായ ഒരു ആസൂത്രകയുടെ നിപുണതയോടെയാണ്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചരിത്രം സഭയുടെ ഉള്‍ക്കരുത്തിന്റെ സുവിശേഷമായി കാലത്തില്‍ നിറയുമ്പോള്‍ പിന്നാമ്പുറങ്ങളില്‍ നിഴലുകളായി ജീവിതം ഒരുക്കിയ സിസ്റ്റര്‍ പിയയെ പോലുള്ള ഒരുപാട് പുണ്യജന്മങ്ങളുടെ പിന്‍കുറിപ്പുകളും ചേര്‍ത്തുവയ്‌ക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>