താഴൂര്‍ ഇടവക ജൂബിലി നിറവില്‍

By on September 1, 2017
P5 Thazhur (5)

താഴൂര്‍ ഇടവക ജൂബിലി നിറവില്‍

പശ്ചിമഘട്ടത്തിലെ കോടശ്ശേരി മലയുടെ താഴ്‌വാരം സുവര്‍ണ സൂര്യോദയം കണ്ടുണര്‍ന്നു കഴിഞ്ഞു. ഇവിടെയുള്ള സെന്റ് മേരീസ് ദൈവാലയം ക്രൈസ്തവ ജീവിതത്തിന്റെ സാര്‍ഥകമായ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.
കോടശ്ശേരി മലയുടെ താഴ്‌വാരത്തിലുള്ള ഊര് എന്നും, താഴ്മയുള്ള ഊര് എന്നും താഴൂരെന്ന പേരിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. അടിസ്ഥാന സൗകര്യം ലവലേശംപോലും ഇല്ലാതിരുന്ന പ്രദേശം. ആകെയുള്ള വികസനം കൊച്ചിരാജാവിന്റെ അനുമതിയോടെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചിരുന്ന ട്രാംവെ മാത്രം.
എലിഞ്ഞിപ്ര, പരിയാരം, കുറ്റിക്കാട്, മാള, മാമ്പ്ര, ആളൂര്‍ തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ നിന്നും ഭൂവുടമകളായും, പണിയാളന്മാരായും, അടിയാളന്മാരായും കുടിയേറിയ പല മതവിഭാഗങ്ങളില്‍പ്പെട്ട ജനസമൂഹം. നായരങ്ങാടി, കമ്മളം, താഴൂര്‍, മണലായി, ചട്ടിക്കുളം, മേട്ടിപ്പാടം, എന്നീ പ്രദേശങ്ങളിലാണ് ഇവര്‍ താമസമാക്കിയത്. ഇവരില്‍ ഏറിയപങ്കും, ക്രിസ്ത്യാനികള്‍. മണ്ണിനെ അറിഞ്ഞ്, മണ്ണിനെ സ്‌നേഹിച്ച്, മണ്ണില്‍ വിയര്‍പ്പൊഴുക്കി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന സമൂഹം.
ഇവിടെയുണ്ടായിരുന്ന ക്രിസ്തീയ സമൂഹം ഏറെക്കാലം തങ്ങളുടെ ആത്മീയകാര്യങ്ങള്‍ക്കായി ദൂരെയുള്ള പരിയാരം സെന്റ് ജോര്‍ജ്ജ് ദൈവാലയത്തെയാണ് ആശ്രയിച്ചിരുന്നത്.
കാലക്രമേണ താഴൂരിന്റെ വിവിധഭാഗങ്ങളില്‍ ക്രിസ്തീയ കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു. കമ്മളം, ചട്ടിക്കുളം ഭാഗത്ത് കപ്പേളകള്‍ അന്നുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി അവിടെയാണ് ദൈവജനം ഒരുമിച്ചുകൂടിയിരുന്നത്. ആദ്യമായി ദിവ്യബലി അര്‍പ്പിക്കപ്പെട്ടത് കമ്മളം കപ്പേളയിലാണെന്ന് പറയപ്പെടുന്നു. കൂദാശാജീവിതത്തിന് ബുദ്ധിമുട്ട് അനുഭവിച്ച ക്രിസ്തീയ സമൂഹം തങ്ങള്‍ക്കൊരു പള്ളിവേണം എന്ന അതിയായ ആഗ്രഹത്തോടെ ഉണര്‍ന്ന് ചിന്തിക്കുവാന്‍ തുടങ്ങി. കമ്മളം, നായരങ്ങാടി, താഴൂര്‍, മേട്ടിപ്പാടം, ചട്ടിക്കുളം പ്രദേശങ്ങളിലെ അമ്പ് സമുദായം നടത്തിയിരുന്നവരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പള്ളിപണിയെക്കുറിച്ച് ആലോചിച്ചു. എവിടെ പണിയണം എന്ന കാര്യത്തില്‍ ചില തര്‍ക്കങ്ങളൊക്കെയുണ്ടായെങ്കിലും ഒടുവില്‍ ഈ പ്രദേശങ്ങളുടെ മദ്ധ്യത്തിലുള്ള താഴൂര്‍ പ്രദേശത്ത് ട്രാംവെയുടെ തെക്കുഭാഗത്ത് പള്ളിക്കുള്ള സ്ഥലം കണ്ടെത്തി. 11-12-1953 ല്‍ ഒരു ഏക്കര്‍ മുക്കാല്‍സെന്റ് സ്ഥലം വാങ്ങി. 1954-ല്‍ പ്രസ്തുത സ്ഥലത്ത് വി. ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഒരു കപ്പേള സ്ഥാപിച്ചു.
പരിയാരം പള്ളിവികാരിയായിരുന്ന ഫാ. ജോര്‍ജ് അക്കരയുടെ ശുപാര്‍ശയോടെ ഇടവകയില്‍നിന്നുള്ള പ്രതിനിധികള്‍ ദൈവാലയ നിര്‍മാണത്തിനുള്ള അനുമതി ലഭിക്കുന്നതിന് മാര്‍ ജോര്‍ജ് ആലപ്പാട്ടിന് അപേക്ഷ സമര്‍പ്പിച്ചു. 25.05.1955 ല്‍ പള്ളിപണിക്കുള്ള അനുമതി ലഭിച്ചു.
മദ്ബഹയുടെ നിര്‍മാണമാണ് ആദ്യം ആരംഭിച്ചത്. ആര്‍ച്ചോടുകൂടിയ മദ്ബഹയും, സങ്കീര്‍ത്തിയും ഓടുകൊണ്ടുള്ള മേല്‍ക്കൂരയോടുകൂടി മദ്ബഹായുടെ പണി തീര്‍ത്തെങ്കിലും സാമ്പത്തിക പരാധീനതയും, ചില തര്‍ക്കങ്ങളും മൂലം പണികള്‍ മുടങ്ങി. പള്ളിപണി മുടങ്ങിയതില്‍ വിഷമം തോന്നിയ ഉദാരമതിയായ ഒരു വ്യക്തി അദ്ദേഹത്തിന്റെ പറമ്പില്‍ നില്‍ക്കുന്ന താണി മരങ്ങള്‍ മുറിച്ച് കൊണ്ടുവന്ന് പണി നടത്തുവാന്‍ ആവശ്യപ്പെട്ടു. താണിമരങ്ങള്‍ തൂണായി സ്ഥാപിച്ച് പള്ളിപറമ്പിലെ കിഴക്കുഭാഗത്ത് നിന്നിരുന്ന മുളകള്‍ മേല്‍ക്കൂരയും പരിസരപ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഓലകൊണ്ടുമേഞ്ഞ് പള്ളിഹാള്‍ നിര്‍മിച്ചു. എല്ലാ വര്‍ഷവും പഴക്കംചെന്ന മേച്ചില്‍ മാറ്റുന്നതിന് കൃഷിയുള്ള കുടുംബങ്ങള്‍ കൊയ്ത്ത് കഴിയുമ്പോള്‍ വയ്‌ക്കോല്‍ ഉണക്കി ഭദ്രമായി സൂക്ഷിച്ചുവച്ച് പള്ളിക്ക് നല്‍കിയിരുന്നു.
1961 സെപ്റ്റംബര്‍ 24നു പരിയാരം പള്ളി വികാരി ഫാ. യാക്കോബ് അന്തിക്കാട്ടിന്റെ കാര്‍മികത്വത്തില്‍ പള്ളി വെഞ്ചരിച്ചു. കോടശ്ശേരി നിത്യസഹായമാതാവിന്റെ പള്ളി എന്ന് നാമകരണം ചെയ്ത് കുരിശുപള്ളിയായി ഉയര്‍ത്തുകയും ചെയ്തു. 1962 സെപ്റ്റംബര്‍ 9-ന് സിമിത്തേരി പണി പൂര്‍ത്തിയാക്കി ആശീര്‍വദിച്ചു. പരിയാരം പള്ളിയുടെ കീഴിലായിരുന്ന കോടശ്ശേരി കുരിശുപള്ളിയുടെ നടത്തിപ്പ് സൗകര്യാര്‍ഥം ചൗക്ക പള്ളിയുടെ ബഹു. വികാരിയച്ചന്മാരെ ഏല്‍പ്പിച്ചു. ചൗക്കയില്‍നിന്നും കുരിശുപള്ളിയിലേക്ക് എത്തിചേരുവാന്‍ റോഡ് ഗതാഗതം ഉണ്ടായിരുന്നില്ല. ഏക ആശ്രയം ട്രാംവെ ട്രോളിയാണ്. അതും സൗകര്യപ്പെട്ടില്ലെങ്കില്‍ ചൗക്കയില്‍നിന്ന് ബഹു. വൈദികരും ശുശ്രൂഷികളും കാല്‍നടയായിട്ടാണ് എത്തിയിരുന്നത്. അക്കാലഘട്ടങ്ങളില്‍ ചൗക്കപള്ളിയുടെ വികാരിമാരായിരുന്ന ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ആന്റണി ഐനിക്കല്‍, ഫാ. മാത്യു കിടങ്ങന്‍ എന്നിവര്‍ പള്ളിയുടെ പുരോഗതിക്കായി അക്ഷീണം യത്‌നിച്ചു. പിന്നീട് ഓലമേഞ്ഞ മേല്‍ക്കൂര മാറ്റി മരവും ഓടും ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിച്ചു. പിടിയരി പിരിച്ചും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ലേലം ചെയ്തുമാണ് ഇതിനുള്ള പണം സമാഹരിച്ചത്.
ഫാ. തോമസ് മാളിയേക്കല്‍ പരിയാരം പള്ളിവികാരിയും ഫാ. മാത്യു കിടങ്ങന്‍ ചൗക്ക പള്ളി വികാരിയുമായിരിക്കെ 1967 ഓഗസ്റ്റ് 14നു മാര്‍ ജോര്‍ജ് ആലപ്പാട്ട് പള്ളിയുടെ കൂദാശാകര്‍മം നിര്‍വഹിച്ചു.
കാലക്രമേണ പള്ളിയിലെ കുടുംബങ്ങളുടെ എണ്ണം കൂടി. സ്ഥിരം വികാരിയെ ലഭിക്കണമെന്നുള്ള ആഗ്രഹവും കുരിശുപള്ളിയെ ഇടവകയായി ഉയര്‍ത്തണമെന്ന അതീവ താത്പര്യവും പള്ളിമേട പണിയണം എന്ന ആവശ്യത്തിലേക്ക് നയിച്ചു. പള്ളിമേട പണിതീര്‍ത്ത് 15-08-1968 ല്‍ വെഞ്ചിരിപ്പുനടത്തി. മാര്‍ ജോര്‍ജ് ആലപ്പാട്ട് കോടശ്ശേരി നിത്യസഹായമാതാവിന്റെ നാമധേയത്തിലുള്ള കുരിശുപള്ളിയെ ഇടവകയായി പ്രഖ്യാപിച്ചു. ചൗക്ക പള്ളി വികാരിയായ ഫാ. മാത്യു കിടങ്ങനെ പ്രഥമവികാരിയായി നിയമിച്ചു.
1970 ല്‍ ഫാ. ആന്റണി മേച്ചേരി ഇടവകയുടെ സ്ഥിരതാമസമുള്ള പ്രഥമവികാരിയായി. ചൗക്ക – താഴൂര്‍ – ചട്ടിക്കുളം റോഡ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ഫാ. ആന്റണി മേച്ചേരിയാണ്. പള്ളിയുടെ മണലായി പറമ്പില്‍ ഡിസ്‌പെന്‍സറിയും നഴ്‌സറി സ്‌കൂളും ആരംഭിച്ചു. പ്രസ്തുത കാലഘട്ടത്തിലാണ് പള്ളിക്ക് വൈദ്യുതി ലഭിച്ചത്. മദ്ബഹ പുതുക്കിപണിതു. പള്ളിപറമ്പിന് ചുറ്റും മതില്‍കെട്ടി.
ചെറിയാന്‍ പാറയ്ക്കലച്ചന്‍ വികാരിയായിരുന്ന കാലയളവില്‍ പള്ളിക്ക് സ്വന്തമായി സൗണ്ട് സിസ്റ്റം വാങ്ങി. മലയാളം കുര്‍ബാന അതിന്റെ പൂര്‍ണ രൂപത്തിലും ഭാവത്തിലും നടപ്പില്‍ വരുത്തി. പള്ളിപറമ്പിലും പള്ളിക്കു ലഭിച്ച പാടത്തും നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തി. തുടര്‍ന്ന് വികാരിയായിരുന്ന ഫാ. ജെയിംസ് കവലക്കാട്ട് പള്ളിയുടെ മുന്‍വശത്ത് സണ്‍ഡേ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചു. അദ്ദേഹത്തിന്റെ സേവനകാലത്താണ് കുടുംബസമ്മേളനങ്ങള്‍ ആരംഭിച്ചത്. വിന്‍സെന്റ് ആലപ്പാട്ട് അച്ചന്റെ കാലഘട്ടത്തിലാണ് മണലായി പ്രദേശത്ത് പള്ളിയ്ക്കായി സ്ഥലം പതിച്ചുകിട്ടിയത്. കൂടാതെ സേവന എന്ന പേരില്‍ യുവജനസംഘടന ആരംഭിച്ച് യുവാക്കളെ ദൈവാലയത്തോട് ചേര്‍ത്തുനിര്‍ത്തി. തുടര്‍ന്ന് വര്‍ഗീസ് കണ്ണമ്പുഴ അച്ചന്‍ പള്ളിയുടെ മുന്‍വശത്ത് ഗേറ്റിനുസമീപം വി. ഗീവര്‍ഗീസിന്റെ നാമധേയത്തില്‍ കപ്പേള പണിതു. പൊതു കല്ലറ എന്ന ആശയം നടപ്പില്‍ വരുത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വര്‍ഗീസ് ചാലിശ്ശേരിയച്ചന്‍ സണ്‍ഡേ സ്‌കൂള്‍ കെട്ടിടം വാര്‍ക്കുകയും രണ്ടാംനില പണിയുകയും അതിനോടുചേര്‍ന്ന് മണിമാളിക സ്ഥാപിക്കുകയും ചെയ്തു. ആന്റണി മുക്കാട്ടുകരക്കാരന്‍ അച്ചന്‍ വികാരിയായിരിക്കുമ്പോള്‍ കമ്മളം പ്രദേശത്തെ പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള പുരാതനമായ കപ്പേള പുനര്‍നിര്‍മിച്ചു. മാരാംകോട് ഔസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദൈവാലയം നടത്തുപള്ളിയായി ലഭിക്കുകയും ചെയ്തു. ജോണി മേനാച്ചേരി അച്ചന്റെ ശുശ്രൂഷാവേളയില്‍ ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷം നടന്നു. പള്ളിയുടെ മുന്‍വശത്ത് വിശുദ്ധ അന്തോണീസിന്റെ നാമധേയത്തില്‍ കപ്പേള നിര്‍മിച്ചു.
ആന്റണി പറമ്പത്ത് അച്ചന്‍ പള്ളിയുടെ പുനര്‍നിര്‍മാണം ആരംഭിച്ചു. 1996 ഫെബ്രുവരി 4നു പള്ളിക്ക് തറക്കല്ലിട്ടു. 1999 മെയ് 16നു അഭിവന്ദ്യ ജെയിംസ് പിതാവ് കൂദാശാകര്‍മം നിര്‍വഹിച്ചു. പള്ളിയോട് ചേര്‍ന്ന് വൈദീക മന്ദിരവും സണ്‍ഡേ സ്‌കൂള്‍ സൗകര്യവും വര്‍ധിപ്പിച്ചു. പള്ളിയുടെ പേര് കോടശ്ശേരി നിത്യസഹായ മാതാവിന്റെ പള്ളി എന്നതിനുപകരം സെന്റ് മേരീസ് പള്ളി, താഴൂര്‍ എന്ന നാമധേയത്തിലേക്ക് മാറ്റി.
തോമസ് ആലുക്ക അച്ചന്റെ കാലത്താണ് സിമിത്തേരി കപ്പേളയും പള്ളിയുടെ മുന്‍വശത്തുള്ള വിശുദ്ധ ഗീവര്‍ഗീസിന്റെ കപ്പേളയും പുനര്‍നിര്‍മിച്ചത്. എംഎസ്എംഐ സിസ്റ്റേഴ്‌സിന്റെ മഠം സ്ഥാപിച്ചതും ഈ കാലയളവിലാണ്.
ബെന്നി അരിമ്പുള്ളി അച്ചന്‍ മദ്ബഹ മോടി പിടിപ്പിക്കുകയും കുടുംബസമ്മേളന യൂണിറ്റുകള്‍ പുനര്‍ ക്രമീകരിക്കുകയും ചെയ്തു. ജോസ് യു. വാഴപ്പിള്ളി അച്ചന്‍ ചട്ടിക്കുളത്തെ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള കപ്പേള പുനര്‍നിര്‍മിച്ചു. ലിജോ കോങ്കോത്ത് അച്ചന്‍ കൊടിമരവും കല്‍ക്കുരിശും സ്ഥാപിച്ചു. പള്ളിക്ക് ഗേറ്റ് സ്ഥാപിച്ചു. പള്ളിയുടെ ഇരുവശങ്ങളിലും ടൈല്‍ വിരിച്ചു. വില്‍സന്‍ ഈരത്തറയച്ചന്‍ യുവജനങ്ങളെ കൂടുതല്‍ കാര്യക്ഷമതയുള്ളവരാക്കി. കുട്ടിക്കൂട്ടങ്ങള്‍ ആരംഭിച്ചത് ഈ കാലയളവിലാണ്. കമ്മളം കപ്പേളക്ക് കൂടുതല്‍ സ്ഥലം വാങ്ങി കപ്പേള പുനര്‍നിര്‍മ്മിച്ചു. പള്ളിയുടെ ഇരുവശങ്ങളിലും മെറ്റല്‍ഷീറ്റു മേഞ്ഞു. പള്ളിയുടെ മുന്‍വശത്ത് ടൈല്‍ വിരിച്ചു. താഴൂര്‍ കുരിശടി പുനര്‍നിര്‍മിച്ചു. പാരിഷ് ബുള്ളറ്റിന്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി. പള്ളിയിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍കരിച്ചു.
ഷാജു പീറ്റര്‍ അച്ചന്‍ മതബോധനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ മതബോധനത്തിനായി പുതിയ കെട്ടിടം നിര്‍മിച്ചു. പാദുവായില്‍ നിന്ന് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് കൊണ്ടുവന്ന് പള്ളിയില്‍ പ്രതിഷ്ഠിച്ചു.
100ല്‍ പരം കുടുംബങ്ങളുമായി ആരംഭിച്ച ഇടവക ഇന്ന് 705 കുടുംബങ്ങളുള്ള വലിയ ഇടവകയായി ജോര്‍ജ് വേഴപറമ്പില്‍ അച്ചന്റെ ആത്മീയ നേതൃത്വത്തില്‍ മുന്നോട്ടു പോകുന്നു. 19 കുടുംബസമ്മേളന യൂണിറ്റുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ചരിത്രമുഹൂര്‍ത്തമാക്കാനുള്ള തീവ്രയത്‌നത്തിലാണ് ഇടവക സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>