കഥ തുടരുന്ന ഒരു സമറായന്‍…

By on September 1, 2017

കഥ തുടരുന്ന ഒരു സമറായന്‍…

ഫാ. ജോമി തോട്ട്യാന്‍

ഒരു ആന്റി ക്ലൈമാക്‌സ്; ഇതുവരെ ചെയ്ത ജോലികള്‍ക്കൊന്നും തന്നെ ഒരിക്കല്‍ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഇനിയാണ് ക്ലൈമാക്‌സ്, നില്‍ക്കുന്ന സ്ഥാപനങ്ങളിലേക്ക് തന്റെ ചിലവിന് ആവശ്യമായ സംഖ്യ തിരികെ നല്‍കും. ചില ജന്മങ്ങള്‍! പ്രതിഫലം ആഗ്രഹിക്കാതെ, നല്‍കപ്പെട്ട ആയുസ്സും ആരോഗ്യവും മറ്റുള്ളവര്‍ക്ക് വേണ്ടി വ്യയം ചെയ്യാന്‍ ആഗ്രഹം പേറി നടക്കുന്നവര്‍.

‘ഞാന്‍ ഫോട്ടോ തരില്ല. എന്റെ ഫോട്ടോ വേറെങ്ങും കാണുമില്ല. ആരും അറിയാതെ നിശബ്ദമായി എന്നാലാവുന്നത് ചെയ്തുതീര്‍ക്കാന്‍ മാത്രമേ എനിക്കാഗ്രഹമുള്ളൂ’. സെല്‍ഫികളുടെ ലോകത്ത് പാസ്‌പോര്‍ട്ട് ഫോട്ടോ പോലും സൂക്ഷിക്കാത്ത ജോണ്‍സന്‍ ചേട്ടന്റെ ജീവിതം കൗതുകമുണര്‍ത്തുന്നതാണ്; ഒപ്പം ഏറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും.
കരാഞ്ചിറ ആലപ്പാട്ട് ജോസഫ് – കുഞ്ഞനംകുട്ടി ദമ്പതികളുടെ ആറാമത്തെ മകനായി ജനിച്ച ജോണ്‍സന്‍ പിഡിസി പഠനത്തിനുശേഷം തൃശൂരില്‍ എന്‍ജിനീയറിംഗിന് ചേര്‍ന്നെങ്കിലും ഒരു വര്‍ഷത്തിനുശേഷം ചെറു കാരണങ്ങളാല്‍ തുടര്‍പഠനം വേണ്ടെന്നു വയ്ക്കുകയായിരുന്നു. വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് ഒരു ബന്ധുവിന്റെ കൂടെ മുംബൈയിലെ ഒരു കമ്പനിയില്‍ അക്കൗണ്ട്‌സില്‍ ജോലിക്കു കയറിയത്. അധികം വൈകാതെ വേറൊരു കമ്പനിയില്‍ ജോലിയുമായി വിദേശത്തെത്തി. സംതൃപ്തികളാണ് അധ്വാനത്തിന് അര്‍ഥം നല്‍കുന്നതത്രേ! സംതൃപ്തിയില്ലാത്ത അധ്വാനങ്ങളെല്ലാം പൂര്‍ത്തിയാകാത്ത ചില നിയോഗങ്ങളെന്ന പോലെ എപ്പോഴും അസ്വസ്തത ഉണര്‍ത്തിക്കൊണ്ടേയിരിക്കും. മനസ്സ് ജോലിയുമായി പൊരുത്തപ്പെടാതായപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. ഏറ്റവുമടുത്ത ചിലര്‍ ചേര്‍ന്ന് ഒരു ഫിനാന്‍സിംഗ് സ്ഥാപനം ആരംഭിച്ചു.
മാര്‍ഗങ്ങള്‍ ലക്ഷ്യങ്ങളെ സാധൂകരിക്കുന്ന യൗവനത്തില്‍ നിന്നും ലക്ഷ്യങ്ങളുടെ ശ്രേഷ്ഠത തിരിച്ചറിയുന്ന പക്വതയിലേക്ക് മാറുമ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ സ്വാഭാവികമാണല്ലോ. നന്മകള്‍ മാത്രം ജീവിതപ്രയാണത്തിന്റെ മുഖ്യലക്ഷ്യമായി മാറുന്ന കാലഘട്ടത്തിലാണ് ജീവിതത്തെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്തിയത്. ഇനി ജീവിതം സഭയോടൊപ്പം സേവനരംഗത്താകാം. പിന്നീടങ്ങോട്ട് ഇരിങ്ങാലക്കുട രൂപതയുടെ ജീവകാരുണ്യപ്രവര്‍ത്തന മേഖലകളില്‍ നിശബ്ദസാന്നിധ്യമായി മാറുകയായിരുന്നു ഈ യുവാവ്.
ദിവംഗതനായ ജോസ് അക്കരക്കാരനച്ചന്‍ രൂപഭാവങ്ങളൊരുക്കി ഇരിങ്ങാലക്കുട രൂപതയുടെ ബഹുമുഖ പ്രസ്ഥാനമായി മാറിയ ബിഎല്‍എമ്മിലായിരുന്നു ആദ്യ സേവനം. ദിവംഗതനായ തോമസ് വാഴപ്പിള്ളിയച്ചന്‍ ദര്‍ശനങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. ബിഎല്‍എം പ്രസിലെ അക്കൗണ്ടന്റും കാര്യസൂക്ഷിപ്പുകാരനുമായി നാലു വര്‍ഷങ്ങള്‍. പ്രസിലെ ജോലികളില്‍ സഹായിക്കുക, പ്രൂഫുകള്‍ ശരിയാക്കുക, കേരളസഭ മാഗസിന്‍ തയാറാക്കുക, പ്രീകാന കോഴ്‌സിനു സഹായിക്കുക, വൈദികരുടെ ധ്യാനത്തിനും പഞ്ചദിന ക്യാമ്പുകള്‍ക്കും സഹായിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളുമായി ഊര്‍ജസ്വലമായ ഒരു കാലഘട്ടം.
തനിക്കിണങ്ങുന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇടമായി അഷ്ടമിച്ചിറയിലെ ബാലഭവന്‍ കണ്ടെത്തിയപ്പോള്‍ സേവനരംഗം അങ്ങോട്ടുമാറ്റി. മാഷ് എന്ന മറുപേരിലാണ് ബാലഭവനില്‍ ജോണ്‍സന്‍ ചേട്ടന്‍ പരിചിതനാകുന്നത്. അക്കൗണ്ട്‌സില്‍ മുഴുനീള സേവനം കാഴ്ചവയ്ക്കുന്നതോടൊപ്പം കുട്ടികളുടെ വിവിധങ്ങളായ ദൈന്യം ദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും പിതൃ – സഹോദരവാത്സല്യത്തോടെ ചെയ്തുതീര്‍ത്ത ഈ മാഷ് സംതൃപ്തിയുടെ നല്ലൊരു കാലയളവായാണ് ഇക്കാലഘട്ടത്തെ ഓര്‍ത്തെടുക്കുന്നത്.
സേവനോര്‍ജം ജീവിതതാളമാക്കിയവരെല്ലാം വൈവിധ്യങ്ങളെ ഇഷ്ടപ്പെടുന്നവരായിരിക്കും. 1998ല്‍ ജോണ്‍സന്‍ ചേട്ടന്‍ അവാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിച്ചു. ബഹുവിധ അക്കൗണ്ടുകളെ ഏകാഗ്രതയോടും ക്ഷമയോടും കൂടെ ഏകോപിപ്പിച്ച് ലളിതവും സമഗ്രവുമാക്കിയ ശൈലി ഏറെ പ്രശംസനീയമായിരുന്നുവെന്ന് ഡയറക്ടര്‍മാര്‍. മലയോര മേഖലയ്ക്ക് കൈതാങ്ങായി മാറിയ ‘മസാവിം’ പൊജക്ടിലും അംഗവൈകല്യമുള്ളവര്‍ക്ക് ആശ്രയമായി മാറിയ ‘എസ്എല്‍എഫ്’ പ്രൊജക്ടിലും ഈ സാമ്പത്തിക വിദഗ്ധന്റെ നൈപുണ്യമുണ്ടായിരുന്നു.
2002ല്‍ സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി ഇരിങ്ങാലക്കുട രൂപതയുടെ സ്വപ്‌നപദ്ധതിയായി രൂപം കൊണ്ട കാലഘട്ടം മുതല്‍ ഒരു നിഴല്‍പാടായി ജോണ്‍സന്‍ ചേട്ടനെന്ന സഹായരൂപമുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ സൂപ്രവൈസര്‍, അക്കൗണ്ടന്റ് എന്ന നിലകളിലായിരുന്ന ഈ പരോപകാരി 2005 സെന്റ് ജെയിംസ് ആശുപത്രിയുടെ അക്കൗണ്ടിംഗ് വിഭാഗത്തിലേക്ക് കടന്നെത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൈയ്യും മെയ്യും മറന്നുള്ളതായിരുന്നു.
ഇന്ന് തികച്ചും സൗജന്യമായി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്ന ഇന്‍ഷൂറന്‍സ് സഹായ പദ്ധതിയുടെ അമരക്കാരനാണ് ഈ മനുഷ്യസ്‌നേഹി. സഹായം ആവശ്യമുള്ളവര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ബില്ലുകള്‍ കൃത്യമാക്കി, ഫോം പൂരിപ്പിച്ച്, ലാബ് – എക്‌സ്‌റേ റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ച്, ഡോക്ടര്‍മാരുടെ അംഗീകാരം നേടി വ്യത്യസ്തങ്ങളായി ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് രോഗികള്‍ക്ക് സഹായമൊരുക്കുമ്പോള്‍ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി നിറയും. നേരങ്ങളില്‍ ഒഴിവുകള്‍ കണ്ടെത്തി പരിചയക്കാരായ രോഗികള്‍ക്കരികില്‍ സുഖവിവരങ്ങള്‍ തേടി പലനേരം ചെന്നെത്താറുണ്ട്.
രാവിലെ നാലര മണിക്ക് എണീറ്റ് പ്രഭാതകൃത്യങ്ങള്‍ക്കുശേഷം പത്രവായനയും വിശുദ്ധ ബലിയുമായി ആരംഭിക്കുന്ന ദിനചര്യ രാത്രി 11 വരെ തുടരും; തീര്‍ക്കാനുള്ളവയെല്ലാം ചെയ്തു തീര്‍ത്തുവെന്ന ബോധ്യം ഉണരും വരെ.
ഒരു ആന്റി ക്ലൈമാക്‌സ്; ഇതുവരെ ചെയ്ത ജോലികള്‍ക്കൊന്നും തന്നെ ഒരിക്കല്‍ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഇനിയാണ് ക്ലൈമാക്‌സ്, നില്‍ക്കുന്ന സ്ഥാപനങ്ങളിലേക്ക് തന്റെ ചിലവിന് ആവശ്യമായ സംഖ്യ തിരികെ നല്‍കും.
ചില ജന്മങ്ങള്‍! പ്രതിഫലം ആഗ്രഹിക്കാതെ, നല്‍കപ്പെട്ട ആയുസ്സും ആരോഗ്യവും മറ്റുള്ളവര്‍ക്ക് വേണ്ടി വ്യയം ചെയ്യാന്‍ ആഗ്രഹം പേറി നടക്കുന്നവര്‍. നന്മകളുടെ ലോകത്ത് ആവര്‍ത്തിക്കപ്പെടേണ്ട ചരിത്രമായി ഈ സമറിയാക്കാരന്‍ ഇനിയും ഏറെ പേര്‍ക്ക് പ്രചോദനമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>