കാറളത്തിന്റെ മനം കവര്‍ന്ന അധ്യാപിക

By on September 1, 2017
Teacher

കാറളത്തിന്റെ മനം കവര്‍ന്ന അധ്യാപിക

കരുത്തിയച്ചന്‍

”കാറളത്താണ് ഇപ്പോഴും എന്റെ ജീവന്‍. എല്ലാ ആവശ്യങ്ങളും നാട്ടുകാര്‍ വിളിച്ചു പറയും. അവിടെ ഒരാള്‍ ജനിച്ചാലും മരിച്ചാലും ഞാനറിയും. മിക്കവാറും എല്ലാവീട്ടിലേയും അപ്പനേയും മക്കളെയും ഞാന്‍ പഠിപ്പിച്ചിട്ടുണ്ടാകും.” നീണ്ട മുപ്പത്തിയേഴു വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനുശേഷം വിശ്രമത്തിലായിരിക്കുന്ന ആനീസ് ടീച്ചര്‍ തന്റെ മധുരം നിറഞ്ഞ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ്. ദീര്‍ഘനാള്‍ ഒരിടത്ത് തന്നെ അധ്യാപികയായി സേവനം ചെയ്യുക എന്ന് പറഞ്ഞാല്‍ ഒരു നാടിന്റെ മുഴുവന്‍ അമ്മയാവുക എന്നതിന് തുല്യമാണ്. മൂര്‍ക്കനാട് ചിറയത്ത് പാടത്തിപറമ്പില്‍ ജോസിന്റെ ഭാര്യയാണ് ആനീസ് ടീച്ചര്‍. പേരാമ്പ്രയില്‍ തെക്കേക്കര മൂക്കനാംപറമ്പില്‍ ലോനപ്പന്‍ അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ നാലാമത്തെയാള്‍. വിവാഹശേഷമാണ് അധ്യാപന രംഗത്ത് എത്തിയത്. 1967 മൂര്‍ക്കനാട് ഹൈസ്‌കൂളില്‍ അവധിലായിരുന്ന ഒരു ടീച്ചര്‍ക്ക് പകരക്കാരിയായിട്ടാണ് ആദ്യത്തെ അധ്യാപന അനുഭവം. പിന്നെ രണ്ട് മാസം മൂര്‍ക്കനാട് എല്‍.പി. സ്‌കൂളില്‍. 1968ല്‍ എ.ഐ.പി. സ്‌കൂള്‍ കാറളത്ത് നിയമിതയായി. പിന്നെ നീണ്ട 36 വര്‍ഷം അവിടെ ഒന്നാം ക്ലാസ്സിലെ അധ്യാപികയായും അവസാന രണ്ട് വര്‍ഷം പ്രധാന അധ്യാപികയായും ജീവിതം. 2004ലാണ് ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നത്.
വീട്ടില്‍ നിന്നും കാറളത്തേക്ക് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. ആദ്യത്തെ 25 വര്‍ഷവും നടന്നാണ് സ്‌കൂളിലേക്കുള്ള പോക്ക്. മഴക്കാലത്ത് മഴക്കോട്ടിട്ടാണ് നടത്തം. സ്‌കൂള്‍ അടുക്കാറാകുമ്പോഴേക്കും ഒപ്പം നടക്കാന്‍ കുറെ അധികം കുട്ടികളും ഉണ്ടാകും. നടക്കുന്ന വഴിയില്‍ കാണുന്നവരോടെല്ലാം സംസാരിക്കും സൗഹൃദവും പരിചയവും പുതുക്കും. അതുകൊണ്ട് തന്നെ അവിടത്തുകാര്‍ക്ക് വീട്ടിലെ ഒരംഗത്തെപ്പോലെ പരിചിതയാണ് ടീച്ചര്‍. ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കുക നല്ലൊരു അനുഭവമാണെന്നാണ് ടീച്ചറുടെ പക്ഷം. മുതിര്‍ന്ന ക്ലാസ്സിലാണെങ്കില്‍ ഇത്രയും ആസ്വാദ്യകരമാകുമായിരുന്നില്ല. അവരുടെ കൊഞ്ചലുകള്‍ കേട്ടും അവര്‍ക്കൊപ്പം പാട്ടുകള്‍ പാടിയും കളികളില്‍ ഏര്‍പ്പെട്ടും അവരെ വളര്‍ത്താനായി എന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന അനുഭവം. അധ്യാപന ജീവിതത്തിന്റെ അവസാന കാലത്ത് തന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞുങ്ങളില്‍ പകുതിയിലേറെ പേരുടെയും മാതാപിതാക്കളേയും താന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെ അപ്പനേയും മക്കളേയും പഠിപ്പിച്ച അധ്യാപികയായി. ജോലിയില്‍ നിന്നും വിരമിച്ചിട്ടും വര്‍ഷത്തില്‍ 4 തവണയെങ്കിലും കാറളത്തെ സ്‌കൂളിലെത്താറുണ്ട്. ചെല്ലുമ്പോഴെല്ലാം കൈനിറയെ കുട്ടികള്‍ക്കുള്ള മിഠായിയുമായാണ് പോകാറുള്ളത്. പുതിയ കുട്ടികള്‍ക്ക് ആനീസ് ടീച്ചര്‍ മിഠായി ടീച്ചറാണ്. മൂര്‍ക്കനാട് സ്‌കൂളിലെ അധ്യാപകനും രൂപത വിന്‍സന്റ് ഡി പോളിന്റെ ആദ്യകാല സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഭര്‍ത്താവ് ജോസ് മാഷ് 1996ല്‍ ആണ് മരണമടഞ്ഞത്. 7 മക്കള്‍. അതില്‍ നാലാമത്തെയാള്‍ ഫാ. ക്ലമന്റ് ചിറയത്ത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു അനുഭവം എന്തെന്ന ചോദ്യത്തിന് ആദ്യം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു മറുപടി. ദൈവവിളി സ്വീകരിച്ച മകനാണ് തന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്ന് എന്നായിരുന്നു പിന്നെ ടീച്ചറുടെ മറുപടി. ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും ടീച്ചര്‍ ഇപ്പോഴും സജീവമാണ് എല്ലാ ദിവസവും കുര്‍ബ്ബാനയ്ക്ക് പോകും. വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചെയ്യും. നിറഞ്ഞ സന്തോഷത്തോടെ മധുരം നിറഞ്ഞ ഓര്‍മകളോടെ ഒരു അധ്യാപികയായി ഒരുപാട് കുഞ്ഞുങ്ങളുടെ ജീവിതത്തെ നന്മയിലേക്കുള്ള ആദ്യ ചുവടുകള്‍ പറഞ്ഞ് കൊടുക്കാന്‍ ദൈവം അനുവദിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ടീച്ചര്‍ ചിരിക്കുന്നു, അമ്മ മനസ്സോടെ സമൃദ്ധമായി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>