പുല്ലൂരിന്റെ പ്രകാശ സ്തംഭം

By on September 30, 2017
SYFImage1938

പുല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ഇടവക ആറര പതിറ്റാണ്ട് പിന്നിടുന്നു

പുല്ലൂരിന്റെ പ്രകാശ സ്തംഭം

ചാലക്കുടി – ഇരിങ്ങാലക്കുട പാത മുരിയാട് കായല്‍ പ്രദേശം പിന്നിട്ട് മുന്നേറുമ്പോള്‍ കോള്‍പാടങ്ങളുടെ തീരത്ത് തെങ്ങിന്‍ തലപ്പുകള്‍ക്കിടയില്‍ ഉയര്‍ന്നുകാണാം ശില്‍പഭംഗിയുള്ള പുല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിന്റെ ഗോപുരം. കഴിഞ്ഞ ആറരപതിറ്റാണ്ടുകളായി ഈ ഭൂവിഭാഗത്തിന്റെ ആത്മീയ -വിദ്യാഭ്യാസ ആതുര ശുശ്രൂഷാരംഗങ്ങളില്‍ ദീപസ്തംഭമായി ഉയര്‍ന്നു നില്‍ക്കുന്ന സാന്നിധ്യമാണത്. സി.എം.ഐ സഭയുടെ ദേവമാത പ്രവിശ്യയുടെ കീഴിലുള്ള ആശ്രമവും, ആശ്രമത്തിന്റെ നേതൃത്വത്തിലുള്ള ഇടവകയും, ഐടിസിയും, ബോയ്‌സ് ഹോമും, പ്രസ്സും ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ വിശാലമായ വേദിയാണിത്. ആത്മീയതയെ ജനസമൂഹത്തിന്റെ ഭൗതിക വളര്‍ച്ചയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതി മുതലേ ലോകത്തിനു കാണിച്ചുകൊടുത്ത പാരമ്പര്യമുള്ള ആശ്രമത്തിന്റെ താങ്ങും തണലുമാണ് സെന്റ് സേവ്യേഴ്‌സ് ഇടവകയുടെ ശക്തി.
പുണ്യചരിതനായ ഫാ. വിന്‍സെന്റ് ആലപ്പാട്ട് സിഎംഐ, സഭാ പ്രിയോര്‍ ജനറലായിരുന്ന 1951 ലാണ് അവിഭക്ത തൃശൂര്‍ രൂപതയില്‍പ്പെട്ട പുല്ലൂര്‍ ആശ്രമത്തിനുള്ള അനുമതി നല്‍കിയത്. നാട്ടുകാരുടെ നിര്‍ലോഭമായ സഹായവും സഹകരണവുമായിരുന്നു ആശ്രമത്തിന്റെ കരുത്ത്. അവരുടെ നിര്‍ലോഭമായ ഉദാരതയില്‍ നിന്നു രൂപംകൊണ്ട ആശ്രമത്തിന്റെയും പള്ളിയുടെയും പണി 1952 സെപ്റ്റംബര്‍ 21 നു പൂര്‍ത്തിയായി. അഞ്ചു മുറികളുള്ള ഒരു കെട്ടിടവും ഒരു ചെറിയ പള്ളിയുമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. അതിന്റെ ആശീര്‍വാദം മാര്‍ ജോര്‍ജ് ആലപ്പാട്ട് നിര്‍വഹിച്ചു.
ആശ്രമത്തോടനുബന്ധിച്ചു 1958 ജനുവരി ഒന്നാം തീയതി ആരംഭിച്ച സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹോം നിര്‍ധന കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ക്കുള്ള അഭയകേന്ദ്രമായി പതിറ്റാണ്ടുകളുടെ പാരമ്പര്യത്തോടെ ഇന്നും നിലകൊള്ളുന്നു. കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് 1960 ഓഗസ്റ്റില്‍ നിലവില്‍ വന്ന സെന്റ് ജോസഫ് പ്രസ്സ്. സമൂഹത്തിലെ പാവപ്പെട്ടവരോടും അവശ വിഭാഗങ്ങളോടുമുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു നിരവധി യുവാക്കളെ വാര്‍ത്തെടുത്ത ഈ സ്ഥാപനങ്ങള്‍ പുല്ലൂര്‍ ഗ്രാമത്തിന്റെ മാത്രമല്ല സമീപപ്രദേശങ്ങളുടെയും വികസനത്തിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുകയായിരുന്നു. ആശ്രമത്തിന്റെ ആദ്യകാല സുപ്പീരിയര്‍മാരായിരുന്ന അന്തരിച്ച സെറാഫിനച്ചന്‍, ബെനീസിയച്ചന്‍, ചേള്‍സൂസച്ചന്‍ തുടങ്ങിയവരെ മറക്കാനാവില്ല. പുല്ലൂര്‍ കേന്ദ്രീകരിച്ചുള്ള ക്രൈസ്തവ സാന്നിധ്യത്തിന്റെ സ്വാഭാവിക വളര്‍ച്ചയായിരുന്നു 1977 ഡിസംബര്‍ ഒമ്പതിന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവ് പുല്ലൂര്‍ ആശ്രമ ദൈവാലയത്തെ ഇടവകയായി പ്രഖ്യാപിച്ച നിമിഷം. 1975 ല്‍ അന്നത്തെ സുപ്പീരിയറായിരുന്ന ഫാ. ജോസ് കല്ലേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇടവക രൂപീകരണ യത്‌നങ്ങളുടെ പരിസമാപ്തിയായിരുന്നു അത്. അദ്ദേഹം തന്നെയായിരുന്നു പ്രഥമ വികാരിയും. ഇടവകയായ ഉടന്‍തന്നെ ആശ്രമം ദാനമായി നല്‍കിയ 10 സെന്റ് സ്ഥലത്ത് സെമിത്തേരി നിര്‍മാണവും പൂര്‍ത്തിയായി.
തുടര്‍ന്നുള്ള പതിറ്റാണ്ടുകള്‍ അതി ദ്രുതമായ വളര്‍ച്ചയുടെ നാളുകളായിരുന്നു. ആശ്രമത്തിലെ വൈദികരും ഇടവക ജനങ്ങളും കൈകോര്‍ത്ത് സുവിശേഷാധിഷ്ഠിതമായ ദിവ്യകാരുണ്യ സമൂഹത്തിന്റെ നിര്‍മിതിയാല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ആവേശകരമായ ചരിത്രമാണത്.
ആശ്രമത്തിനു കീഴിലുണ്ടായിരുന്ന ബോയ്‌സ് ഹോമും പ്രസ്സും പിന്നീട് നിലവില്‍ വന്ന സെന്റ് സേവ്യേഴ്‌സ് ഐടിസിയും സെന്റ് സേവ്യേഴ്‌സ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസും ബ്രദര്‍ ആന്റണി ഇഞ്ചിക്കലിന്റെ നേതൃത്വത്തിലുള്ള ചികിത്സാ കേന്ദ്രവും വിവിധ രംഗങ്ങളില്‍ ക്രൈസ്തവ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളായി തുടര്‍ന്നപ്പോള്‍ ആത്മീയ രംഗത്ത് ഇടവകസമൂഹം കൂട്ടായ്മയുടെ പാതയില്‍ ഏറെ മുന്നേറിക്കൊണ്ടിരുന്നു. സമരിറ്റന്‍ സിസ്റ്റേഴ്‌സിന്റെ പുല്ലൂരിലെ സേക്രഡ് ഹാര്‍ട്ട് ആശുപത്രി കൂടുതല്‍ വികസന പഥങ്ങളിലേക്ക് മുന്നേറി. എസ്. എച്ച് നഴ്‌സിങ്ങ് സ്‌കൂള്‍, കാരുണ്യ കോണ്‍വെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍, വിയാനിഭവന്‍, സിഎംസി സിസ്റ്റേഴ്‌സിന്റെ ഓള്‍ സെയിന്റ്‌സ് കോണ്‍വെന്റ്, തൊമ്മാന കര്‍മലോദയ സിഎംസി കോണ്‍വെന്റ്, പുല്ലൂര്‍ ജംക്ഷനിലേയും കച്ചേരിപ്പടിയിലേയും കപ്പേളകള്‍ തുടങ്ങിയവ ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വഴി ദീപങ്ങളായി നിലകൊള്ളുന്നു.
വിശ്വാസ ജീവിതം പൂത്തുലഞ്ഞു ഫലം ചൂടിയ കാലങ്ങളാണ് പുല്ലൂരിലെ ഇടവക സമൂഹം പിന്നിട്ടത്. വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വര്‍ധന പുതിയ ദൈവാലയമെന്ന ആവശ്യത്തിലേക്ക് അവരെ നയിച്ചു. അങ്ങനെ വിസ്തൃതമായ പുതിയ ദൈവാലയം സാക്ഷാല്‍ക്കരിക്കപ്പെട്ടു. എക്കാലത്തും ഇടവകയോട് ചേര്‍ന്ന് നിലകൊണ്ടിട്ടുള്ള പുല്ലൂരിലെ വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്മയുടെ നിത്യഹരിതമായ സ്മാരകമാണ് മലമുകളില്‍ പണിത ഗോപുരംപോലെ ഉയര്‍ന്നു നില്‍ക്കുന്ന ഈ ആരാധനാ സൗധം.
1952 ല്‍ കൊളുത്തിയ ഒരു കൊച്ചുദീപം നിറകതിര്‍ വീശി നാടെങ്ങും ചൂടും വെളിച്ചവും പകര്‍ന്ന് വളര്‍ന്ന് മഹത്തായ അഗ്നിജ്വാലയായ ചരിത്രമാണ് പുല്ലൂരിന്റേത്. സി.എം.ഐ സഭയും പുല്ലൂര്‍ ആശ്രമവും പുല്ലൂരിലെ വിശ്വാസ സമൂഹവും ചേര്‍ന്നു രചിച്ച സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മാതൃകാപരമായ തീര്‍ത്ഥയാത്രയുടെ നാള്‍വഴികളാണ് പുല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ഇടവകയുടെ ഇന്നലകളെ സാര്‍ഥകമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>