കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം

By on September 30, 2017

കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം
കണ്ണുണ്ടായാല്‍ പോരാ, കണ്ണന്താനം ആകണം. നമ്മുടെ ചുറ്റിലുമുള്ള കാര്യങ്ങളെ കണ്ണുതുറന്ന് കാണാത്തതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നമെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ഒരു കണ്ണന്താനം മന്ത്രി അവതരിക്കേണ്ടിവന്നുവെന്നത് മലയാളികളെ സംബന്ധിച്ച് എത്ര രോമാഞ്ചം അണിയിക്കേണ്ട വസ്തുതയാണ്! കാര്യങ്ങള്‍ കണ്ണുതുറന്നു കാണാതെ വെറുതെയങ്ങ് കയറി എന്തിനെയും ഏതിനെയും നഖശിഖാന്തം വിമര്‍ശിക്കാന്‍ കഴിയും. അതാണ് കഴിഞ്ഞ ആഴ്ചയില്‍ അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രി കേരളീയരോട് ഉപദേശിച്ചത്.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനയാണ് വിഷയം. ഇന്ത്യയിലെ ഇന്ധന വില ആകാശം മുട്ടെ കുതിച്ചുയരുന്നുവെന്നാണല്ലോ പരാതി. ഉയരുന്നുണ്ട്, ശരി. പക്ഷേ, അതില്‍ നിന്നുള്ള ലാഭം ഞങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ പോക്കറ്റിലിടുകയല്ല എന്നാണ് കണ്ണന്താനം കേരളത്തില്‍ വന്നപ്പോള്‍ വഴിനീളെ പറഞ്ഞത്. അത് ഇന്ത്യയിലെ ദരിദ്രനാരായണന്മാരായ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. റോഡുകള്‍, തോടുകള്‍, വീടുകള്‍, കക്കൂസുകള്‍, ആശുപത്രികള്‍ തുടങ്ങിയവ ഉണ്ടാക്കാനും അങ്ങനെ ഇന്ത്യയില്‍ സുഖസമൃദ്ധമായ രാമരാജ്യം കെട്ടിപ്പടുക്കാനും പണം വേണം. അതുകൊണ്ടാണ് ലോകമാര്‍ക്കറ്റിലെ ഓയില്‍ വിലയേക്കാള്‍ ഇരട്ടി വിലക്ക് ഇന്ത്യയില്‍ ഇവയൊക്കെ വില്‍ക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത്. പെട്രോളിന് ജൂലൈ മുതല്‍ ലിറ്ററിന് ഏഴു രൂപയോളം വര്‍ധിച്ചു. ഡീസല്‍ വിലയും കുതിച്ചു കയറി. ദിവസേന ഇന്ധനവില പുതുക്കുന്ന രീതി ജൂണിലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിനുശേഷം മലയാളികള്‍ക്ക് കുശാലാണ്. ഓരോ ദിവസവും പെട്രോള്‍ വിലകൂടികൊണ്ടിരിക്കും. അങ്ങനെ മോദിജി അധികാരത്തില്‍ വന്ന 2014-2015 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനു കിട്ടിക്കൊണ്ടിരുന്ന എക്‌സൈസ് വരുമാനം 99000 കോടിയെന്നത് 2016-2017 ല്‍ 242000 കോടിയായെന്നാണ് കണക്ക്. ഇക്കാര്യങ്ങളെന്താണ് ജനം മനസ്സിലാക്കാത്തതെന്നാണ് കണ്ണന്താനം മന്ത്രി ചോദിച്ചത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് കക്കൂസ് വേണോ പെട്രോള്‍ വേണോ എന്നാണ് ചോദ്യം.
മറ്റൊരു കാര്യംകൂടി കേന്ദ്രസര്‍ക്കാരില്‍ ശിശുവായ മന്ത്രി പറഞ്ഞു. പെട്രോള്‍ ഉപയോഗിക്കുന്നത് കഴിവുള്ളവരാണ്. അല്ലാതെ അണ്ടനും അടകോടനുമല്ല. കഴിവുള്ളവര്‍ എന്നുവച്ചാല്‍ നമ്മള്‍ സാദാ പൗരന്മാര്‍. മടിയില്‍ കനമുള്ളവനേ കള്ളനെ പേടിക്കേണ്ടൂ എന്നു പറയാറുണ്ട്. കാശുള്ളവന്‍ പെട്രോള്‍ വാങ്ങിച്ചാല്‍ മതി. അങ്ങനെ കഴിവില്ലാത്തവര്‍ വീട്ടിലിരിക്കട്ടെ. സ്‌കൂട്ടറും ബൈക്കും കാറും ഓടിക്കുമ്പോഴല്ലേ പെട്രോളും ഡീസലും വേണ്ടത്. വേണ്ട, ഓടിക്കണ്ട. കയ്യില്‍ കാശുണ്ടാകുമ്പോള്‍ ഓടിച്ചാല്‍ മതി. ബസ്സുകാര്‍ യാത്രാകൂലി കൂട്ടുമ്പോഴും ഇതുതന്നെ പ്രമാണം. കാശില്ലെങ്കില്‍ ബസ്സില്‍ കയറണ്ട. ജോലിക്കു പോകണ്ട അത്രതന്നെ. ഇനി പെട്രോള്‍ വിലയും ഡീസല്‍ വിലയും കൂടുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടും. അതും ശരി. കയ്യില്‍ കാശില്ലെങ്കില്‍ വാങ്ങാതിരുന്നാല്‍ മതിയല്ലോ. ഇതാണ് കണ്ണന്താനം മന്ത്രിയുടെ ഉപദേശം. ഇതാണ് മോദി സര്‍ക്കാരിന്റെ ജനപക്ഷ നിലപാട് എന്നത് നമ്മെ തുലോം ആനന്ദിപ്പിക്കേണ്ടതാകുന്നു.
പണ്ട് ഫ്രഞ്ചു വിപ്ലവകാലത്ത് പട്ടിണി കിടന്ന ജനം വിശപ്പു സഹിക്കാതെ പ്രക്ഷോഭത്തിനിറങ്ങി. അവര്‍ ചക്രവര്‍ത്തിയുടെ കൊട്ടാര വാതിക്കല്‍ എത്തി മുദ്രാവാക്യം വിളിച്ചു: ഞങ്ങള്‍ക്ക് തിന്നാന്‍ അപ്പമില്ല! അപ്പോള്‍ രാജ്ഞി കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞുവത്രെ, അപ്പമില്ലങ്കില്‍ പോയി കേക്ക് (വിലകുറഞ്ഞ തവിട്) തിന്നോളൂ….. എന്ന്. സാത്വികനും ഇടതുപക്ഷത്തു നിന്നു വലതുപക്ഷത്തേക്ക് ചുവടുവച്ച് കാവി വസ്ത്രത്തില്‍ അഭയം തേടിയ ക്രാന്തദര്‍ശിയും സര്‍വോപരി ദീക്ഷധാരിയുമായ കണ്ണന്താനം മന്ത്രി പറയുന്നതും ഏറെക്കുറെ ഇതുതന്നെയാണ്: ‘പെട്രോള്‍ വില ഇനിയും കൂട്ടും. എണ്ണക്കമ്പനികള്‍ തടിച്ചുകൊഴുക്കും. ഇതൊന്നും ഇഷ്ടപ്പെടാത്തവരുണ്ടെങ്കില്‍ വീട്ടിലിരുന്നാല്‍ മതി’.
ഇതാണോ സര്‍, സ്വച്ഛഭാരത്? സ്വസ്തമായി വീട്ടിലിരുന്നാല്‍ മതിയെന്നാണോ സാര്‍ ഇതിനര്‍ഥം?.
പെട്രോള്‍ ഡീസല്‍ വില എത്ര ഉയര്‍ന്നാലും അതില്‍ ഇടപെടില്ലെന്ന പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രഖ്യാപനം മോദിസര്‍ക്കാരിനു പാവപ്പെട്ടവരോടുള്ള പ്രേമം എടുത്തുകാണിക്കുന്നതാണ്. അമേരിക്കയില്‍ ചുഴലിക്കാറ്റുമൂലം 13 ശതമാനം റിഫൈനറികളും അടച്ചിടേണ്ടിവന്നുവെന്നും അതുകൊണ്ടാണ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതെന്നും സുപ്രധാനമായ ന്യായം ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏതായാലും തല്‍ക്കാലം നമ്മളിങ്ങനെ പോകും. പെട്രോള്‍, ഡീസല്‍, പാചകവാതക വിലകളൊക്കെ വാണംപോലെ ഇനിയും കുതിച്ചുയരും നമുക്ക് എഴുന്നേറ്റ് നിന്ന് വന്ദേമാതരംപാടാം! അംബാനിമാര്‍ക്കും അദാനിമാര്‍ക്കും നമോവാകം!
പാചക വാതക
വിലയും നാമും

ഇനി ഏതായാലും പാചകവാതക വിലയെപ്പറ്റി അധികം വേവലാതിപ്പെടേണ്ടി വരില്ല. ഇപ്പോള്‍ തന്നെ അഞ്ഞൂറിനു മുകളിലാണ് വില. ഓരോ മാസവും കൂടികൊണ്ടിരിക്കുകയാണ്. ഇതിങ്ങനെ കൂടിക്കൂടി ബലൂണ്‍ പൊട്ടുന്നതുപോലെ, 2018 മാര്‍ച്ച് 31 ന് പൂര്‍ണ്ണമായും പൊട്ടും. അതായത് മാര്‍ച്ച് 31 ന് ശേഷംസബ്‌സിഡി എന്ന വിലയിളവ് പാചകവാതകത്തിനുണ്ടാവില്ല. അപ്പോള്‍ പിന്നെ വിലകൂട്ടി, വിലകൂട്ടിയെന്ന് ആരും വിളിച്ചു പറയില്ലല്ലോ.
ഇപ്പോള്‍ ആരും നോട്ട് നിരോധനത്തെപ്പറ്റി പറയുന്നില്ലല്ലോ. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് ആരാധ്യനായ മോദിജി 500, 1000 നോട്ടുകള്‍ നമ്മുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങിയത്. പക്ഷേ, നിരോധിച്ചപ്പോഴുണ്ടായ നോട്ടുകളൊക്കെ തിരിച്ചുവന്നു സര്‍ക്കാരില്‍ കുമിഞ്ഞുകൂടി. അതിലൊന്നും കള്ളപ്പണമില്ലെന്ന് ഇപ്പോള്‍ മാലോകര്‍ക്ക് മനസ്സിലായി. പാവം ഊര്‍ജിത് പട്ടേലടക്കം റിസര്‍വ് ബാങ്കും നരേന്ദ്രമോദിയും ധനമന്ത്രി ജയ്റ്റ്‌ലിയും പറഞ്ഞതൊക്കെ വിഴുങ്ങേണ്ടിവന്നു. കള്ളപ്പണം വേറെ സ്ഥലത്താണ്, വമ്പന്‍ സ്രാവുകളുടെ കയ്യിലാണ്. അല്ലാതെ, സാധാരണക്കാരുടെ കയ്യിലല്ല. എങ്കിലും പൊളിഞ്ഞുപോയ നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ടേയിരിക്കണം. അതുപോലെയാണ് ഡീസല്‍ വില വര്‍ധനയും. അതുപോലെയാണ് സര്‍വസാധനങ്ങള്‍ക്കും വിലകൂട്ടിയ ജിഎസ്ടി യും. അതുപോലെയാണ് കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന് കൊട്ടിഘോഷിച്ച് പൊളിഞ്ഞുപാളീസായ ‘ഡിജിറ്റല്‍’ പണമിടപാടുകളും. അതുപോലെയാണ് ഗോസംരക്ഷകരുടെ ഗുണ്ടായിസവും മുപ്പതോളംപേരെ ഇതിന്റെ പേരില്‍ തല്ലിക്കൊന്ന ക്രൂരതയും.
ആധാര്‍ കാര്‍ഡും
നമ്മുടെ ജീവിതവും

ഇപ്പോള്‍ കുറേക്കാലമായി ചില ആളുകള്‍ ഉറക്കത്തില്‍ ‘ആധാര്‍കാര്‍ഡ്’ എന്ന് വിളിച്ചുകൂവി പിച്ചുംപേയും പറയുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മോദി സര്‍ക്കാര്‍ വന്ന ശേഷമാണിത്.എന്തിനും ഏതിനും ആധാര്‍കാര്‍ഡ് വേണമെന്നും അതില്ലെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്‌തേക്കുമെന്നു വരെയാണ് പ്രചാരണം. ഇതുമൂലം ചില ലോല മനസ്‌കര്‍ ഉറക്കത്തില്‍ ‘ആധാര്‍ കാര്‍ഡ്’ ‘ആധാര്‍ കാര്‍ഡ്’ എന്നൊക്കെ വിളിച്ചു പറയുന്നു. റേഷന്‍ വാങ്ങാന്‍, വൈദ്യുതി ചാര്‍ജ് അടക്കാന്‍, വെള്ളക്കരം അടക്കാന്‍, ബാങ്കില്‍ നിന്ന് പണമെടുക്കാന്‍, പണം ബാങ്കില്‍ ഇടാന്‍, സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കാന്‍, എന്തിന് വെറുതെ ഒന്ന് ശാന്തമായി മരിക്കാന്‍പോലും ഇപ്പോള്‍ ആധാര്‍ കാര്‍ഡ് വേണം. ഇതുമൂലമുള്ള മാനസിക സംഘര്‍ഷമാണ് ചിലരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. ഇതു തുടര്‍ന്നാല്‍, ആധാര്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇപ്പോള്‍ തന്നെ ചില ആശുപത്രികളില്‍ പനിപിടിച്ചു വരുന്നതുപോലെ, ശരീരമാകെ വിറയല്‍, ദുഃസ്വപ്‌നം കാണല്‍, ഇടവിട്ടു അലറി വിളിക്കല്‍, പ്രേതബാധയേറ്റവരെപ്പോലെ വിറച്ചുതുള്ളല്‍ തുടങ്ങിയ ലക്ഷണങ്ങളോടെ പലരും എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ മട്ട് തുടര്‍ന്നാല്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ആധാര്‍ രോഗികള്‍ക്കായി ആധാര്‍ വാര്‍ഡുകള്‍ തുറക്കേണ്ടിവരും.
അതുകൊണ്ട് ആധാര്‍ കാര്‍ഡ് കയ്യിലുണ്ടോയെന്ന് പ്രിയ വായനക്കാര്‍ കീശയില്‍ ഒന്നു തപ്പിനോക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>