• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

അനശ്വരതയുടെ പുല്ലാങ്കുഴല്‍ നാദം

By on September 30, 2017
mary_beneenja

അധ്യാപികയായി, പിന്നീട് കവിയായി ഏഴു പതിറ്റാണ്ട് മലയാള കവിതയില്‍ നിറഞ്ഞു നിന്നു സിസ്റ്റര്‍ മേരി ബനീഞ്ഞ

അനശ്വരതയുടെ പുല്ലാങ്കുഴല്‍ നാദം

ജോസ് തളിയത്ത്

അധ്യാപികയായി പിന്നീട് മലയാള സാഹിത്യത്തിലെ നറുംനിലാവായി, സമര്‍പ്പിത കവിയായി ജീവിച്ചു മരിച്ച കര്‍മലീത്താസന്യാസിനി സഭാംഗമായ സിസ്റ്റര്‍ മേരി ബനീഞ്ഞയെപറ്റി പുതുതലമുറ അറിഞ്ഞിട്ടുണ്ടാവില്ല. അതു നില്‍ക്കട്ടെ, പഴയ തലമുറക്കാര്‍ പോലും മറന്നു കഴിഞ്ഞു. പിന്നെ ക്രൈസ്തവ സമൂഹത്തിന്റെ കാര്യം പറയണോ?
‘ലോകമേ യാത്ര’ എന്ന വികാര നിര്‍ഭരമായ കവിതയിലൂടെ ഭൗതിക ലോകത്തില്‍ നിന്ന് പ്രതിബദ്ധമായ സന്യാസജീവിതത്തിലേക്ക് കൂടുമാറിയ എറണാകുളം ജില്ലയിലെ ഇലഞ്ഞിഗ്രാമത്തിലെ തോട്ടത്തില്‍ ഉലഹന്നാന്റെയും മറിയാമ്മയുടെയും പുത്രി മേരിയാണ് പില്‍ക്കാലത്ത് സിസ്റ്റര്‍ മേരി ബനീഞ്ഞയായി അറിയപ്പെട്ടത്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കവിതയെഴുതി തുടങ്ങിയ അവള്‍ കൗമാരം പിന്നിട്ട് യുവത്വത്തിലേക്ക് ചുവടുവച്ചപ്പോഴേക്കും അറിയപ്പെടുന്ന കവിയായി മാറിയിരുന്നു. 17 വയസ്സു മുതല്‍ പത്രമാസികകളില്‍ അവളുടെ കവിതകള്‍ നിരന്തരം വന്നു തുടങ്ങി. സ്‌കൂള്‍ പഠനം കഴിഞ്ഞ് മേരി അധ്യാപികയായി സേവനം തുടങ്ങി. അധ്യാപന ജീവിതത്തില്‍ പലസ്‌കൂളുകളിലും പഠിപ്പിച്ച മേരി സാവധാനത്തില്‍ സന്യാസ ജീവിതത്തിന്റെ ചേതോഹരമായ സാന്ത്വന തീരത്തേയ്ക്ക് നടന്നടുക്കുകയായിരുന്നു. അങ്ങനെ അതുവരെ മേരി ജോണ്‍ തോട്ടം എന്നറിയപ്പെട്ടിരുന്ന അവള്‍, സിസ്റ്റര്‍ മേരി ബനീഞ്ഞയായി. 1929 നവംബറില്‍ സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റര്‍ ബനീഞ്ഞ അധ്യാപനവും കവിതാരചനയും തുടര്‍ന്നു. 1961 ല്‍ അധ്യാപനത്തില്‍ നിന്നും വിരമിച്ചു.
ആത്മീയതയുടെ സുഗന്ധവും അനശ്വരതയെപ്പറ്റിയുളള ഹൃദയാവര്‍ജകങ്ങളായ ചിന്തകളുമാണ് സിസ്റ്റര്‍ ബനീഞ്ഞയുടെ കവിതകളെ മലയാളികള്‍ക്ക് പ്രിയങ്കരമാക്കിയത്. വാക്കുകളും വാക്യങ്ങളും മുറിച്ചും തലകീഴായി എഴുതിയും ഇംഗ്ലീഷും തമിഴും കൂട്ടികലര്‍ത്തിയും അക്ഷരങ്ങളെകൊണ്ട് കസര്‍ത്തുകള്‍ കാട്ടിയും കവിതയെഴുതുന്ന പുതുതലമുറ കവികളെപോലെയായിരുന്നില്ല അവരുടെ കവിതകള്‍. മലയാള കവിതയിലെ അമ്മമനസ്സിന്റെയും വാല്‍സല്യത്തിന്റെയും പ്രതീകങ്ങളായി നിലകൊണ്ടിരുന്ന നാലപ്പാട്ട് ബാലാമണിയമ്മ, കടത്തനാട്ട് മാധവിയമ്മ തുടങ്ങിയവരുടെ നിരയിലാണ് സര്‍ഗാത്മകതയുടെ സ്വരസാന്നിധ്യമായിരുന്ന സിസ്റ്റര്‍ ബനീഞ്ഞയുടെ സ്ഥാനം. കണ്ണീരും നിലാവും ഇടകലര്‍ന്ന മനുഷ്യജീവിതത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഈശ്വരചിന്തയുടെയും പുല്ലാങ്കുഴല്‍ നാദമായിരുന്നു അവര്‍.
ഇരുപതിലധികം കാവ്യഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു. ഗീതാവലി, കവിതാരാമം, കൊച്ചുഗാന്ധി, ഭാരത മഹാലക്ഷ്മി, കവനമേള തുടങ്ങിയവ അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ ഒരു മഹാകാവ്യം എഴുതിയ ആദ്യവനിതയും അവര്‍ തന്നെ. അവരുടെ ‘ലോകമേ യാത്ര’ എന്ന കവിതയാണ് കാവ്യലോകത്ത് അവരെ സുപരിചിതയാക്കിയത്. ‘അനുഗ്രഹിക്ക നിങ്ങളെന്‍ തലക്കുമേല്‍ കരങ്ങള്‍ വെച്ചെനിക്കതൊന്നു മാത്രമാണപേക്ഷ പോയിടട്ടെ ഞാന്‍…..’ എന്നു തുടങ്ങുന്ന ആ കവിതയിലെ രണ്ടുവരിയെങ്കിലും അറിയാത്തവര്‍ ചുരുക്കമായിരുന്നു. നശ്വരമായ ലോകത്തിന്റെ ആകര്‍ഷണങ്ങളില്‍ നിന്ന് വിടവാങ്ങി ശാന്തി തീരത്തേയ്ക്ക് പ്രയാണം ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാത്മാവിന്റെ നിശ്ചയ ദാര്‍ഢ്യമാണ് ആ വരികളില്‍ വായനക്കാര്‍ കണ്ടെത്തിയത്.
അവരുടെ പല കവിതകളും അക്കാലത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ ഭാഗമായിരുന്നു.
ക്രൈസ്തവ സാഹിത്യകാരന്മാരും കവികളും കവയിത്രികളും അവഗണിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് കാവ്യവിദൂരമായ ഒരു സമുദായത്തില്‍ ജനിച്ചു വളര്‍ന്ന ഒരു യുവതി മലയാള കവിതയില്‍ തന്റേതായ ഇരിപ്പിടം നീക്കിയിട്ട് ഇരിപ്പുറപ്പിച്ചത്. അക്കാദമികളും സാഹിത്യത്തമ്പുരാക്കന്മാരും സാഹിത്യരചനയും കവിതാ രചനയും ആരുടെയൊക്കെയോ കുത്തകാവകാശമായി കരുതുന്ന ഇക്കാലത്തുപോലും സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ പ്രസക്തമാണ്.
നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും സിസ്റ്റര്‍ മേരി ബനീഞ്ഞയെത്തേടി എത്തി. ക്രിസ്റ്റ്യന്‍ റൈറ്റേഴ്‌സ് ആന്‍ഡ് ജേണലിസ്റ്റ്‌സ് ഫെല്ലോഷിപ്പിന്റെ സാഹിത്യതാരം അവാര്‍ഡ്, 1971 ല്‍ പോള്‍ ആറാമന്‍ പാപ്പയുടെ ‘ബേനേമെരേന്തി’ ബഹുമതി, 1983 ല്‍ കത്തോലിക്കാ കോണ്‍ഗ്രസ് സാഹിത്യ അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ്. ‘തോട്ടം കവിതകള്‍’ എന്ന ബൃഹത്ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിന് കേരള സാഹിത്യ അക്കാദമി ആയിരം രൂപയും കേരള സര്‍ക്കാര്‍ 1500 രൂപയും നല്‍കി. 1976 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ 200 രൂപ പ്രതിമാസ ഗ്രാന്റും അവര്‍ക്ക് ലഭിച്ചിരുന്നു. സിസ്റ്റര്‍ ബനീഞ്ഞയുടെ സമ്പൂര്‍ണ്ണ കൃതികള്‍ ഡോ.കുര്യാക്കോസ് കുമ്പളക്കുഴി സമാഹരിച്ചിട്ടുണ്ട്.
ഏഴുപതിറ്റാണ്ടു കാലത്തോളം മലയാള കവിതയെ ആത്മീയ ദര്‍ശനങ്ങള്‍ കൊണ്ടും പ്രസാദമധുരമായ കാവ്യകല്‍പനകള്‍ കൊണ്ടും ധന്യമാക്കിയ സിസ്റ്റര്‍ മേരി ബനീഞ്ഞ എണ്‍പത്തേഴാമത്തെ വയസില്‍ നിതാന്തസൂര്യരശ്മി നിറഞ്ഞൊഴുകുന്ന അനശ്വരതയുടെ തീരത്തേയ്ക്ക് യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>