വെടിയുണ്ടകള്‍ക്ക് ഇല്ലാതാക്കാനാവില്ല ഈ സ്വാതന്ത്ര്യത്തെ

By on September 30, 2017
Layout

വെടിയുണ്ടകള്‍ക്ക് ഇല്ലാതാക്കാനാവില്ല
ഈ സ്വാതന്ത്ര്യത്തെ

ഫാ. ജോമി തോട്ട്യാന്‍

മൂന്ന് വെടിയുണ്ടകള്‍… തുളച്ചുകയറി ജീവനെടുത്തത് ഗൗരിയുടെ മാത്രമായിരുന്നില്ല. ജനാധിപത്യമെന്ന സ്വതന്ത്രഭാരത ഭരണ വ്യവസ്ഥിതിയുടേതായിരുന്നു, പത്രസ്വാതന്ത്ര്യമെന്ന നാലാം തൂണിന്റേതായിരുന്നു, അഭിപ്രായ സ്വാതന്ത്ര്യമെന്ന ആശയ സംഹിതയുടേതായിരുന്നു, വിയോജിക്കാനും വിമര്‍ശിക്കാനും രാജ്യപൗരന്മാര്‍ക്ക് അനുവാദമുണ്ടെന്ന അവകാശത്തിന്റേതായിരുന്നു, ബഹുസ്വരതയിലെ ഏകതയാണ് രാഷ്ട്ര ഐശ്വര്യമെന്ന പരമ്പരാഗത പല്ലവിയുടേതായിരുന്നു.
ആദ്യകാല ക്രൈസ്തവ രക്തസാക്ഷികളും റഷ്യയിലെ അന്ന പോളിറ്റ്‌കോവ്‌സ്യ തുടങ്ങിയ അപൂര്‍വ്വം പേരുമൊഴിച്ചാല്‍ സ്ത്രീ രക്തസാക്ഷികള്‍ കുറവായ ലോകത്തിലാണ് ഗൗരിയുടെ മരണം വേറിട്ട കാഴ്ചയാകുന്നത്. 2017 സെപ്തംബര്‍ 5 ന് വൈകിട്ട് സ്വന്തം വീട്ടുപടിക്കല്‍ വച്ച് അജ്ഞാതരായ ഘാതകര്‍ ഗൗരി ലങ്കേഷ് എന്ന പത്രാധിപയെ വെടിവെച്ചു കൊല്ലുകയായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തക, ‘ഗൗരി ലങ്കേഷ് പത്രികെ’യുടെ പത്രാധിപ, പുരോഗമന വാദിയായ എഴുത്തുകാരി, സ്വതന്ത്ര വിമര്‍ശക തുടങ്ങി പല മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഗൗരിയെ ഇല്ലാതാക്കുന്നതിനു പിറകില്‍ കാരണങ്ങള്‍ പലതെന്ന അഭിപ്രായങ്ങളാണ് ആശങ്കകള്‍ക്ക് കാരണമാകുന്നത്. ആധുനിക ഇന്ത്യയില്‍ അപ്രതിരോധ്യമായ വിധത്തില്‍ പടരുന്ന അസഹിഷ്ണുതയുടെയും ഫാസിസ്റ്റ് ശൈലിയുടേയും വിദ്വേഷ രാഷ്ട്രീയ പ്രക്രിയയുടെയും തെളിവായാണ് ഈ കൊലപാതകം വിലയിരുത്തപ്പെടുന്നത്.
‘സത്യത്തിനും ന്യായത്തിനും വേണ്ടി നിര്‍ഭയമായി രാപകല്‍ ശബ്ദിച്ച ധീരയായിരുന്നു ഗൗരി. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ചവള്‍. വിഷലിപ്തമായ വര്‍ഗീയതയ്‌ക്കെതിരെ ഉറക്കെപറഞ്ഞവള്‍. ആ ശബ്ദം ഭയപ്പെട്ടവര്‍ അവളെ ഇല്ലാതാക്കി’. കന്നടയിലെ പ്രമുഖ എഴുത്തുകാരി സാറാ അബുബക്കറിന്റെ വാക്കുകളില്‍ ഘാതകരെക്കുറിച്ചുള്ള സൂചനകളുണ്ട്.
എഴുത്തുകാര്‍ കരടായി മാറുന്നതിനു കാരണങ്ങള്‍ പലതാകാം. വേദനിക്കുന്നവന്റെ വിലാപങ്ങള്‍ അക്ഷരങ്ങളായി ജീവനെടുക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സാഹിത്യ ധര്‍മ്മം നിറവേറ്റപ്പെടുന്നത്. പുരോഗമന സാഹിത്യകാരന്മാരും തെറ്റുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരും തിരസ്‌കൃതരാകുന്നവരുടെയും നോവനുഭവിക്കുന്നവരുടേയും നേരവസ്ഥകളെ നിരന്തരമായി സമൂഹമധ്യത്തില്‍ തുറന്നുകാട്ടുകയും കാര്യകാരണങ്ങള്‍ വിവരിക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. വാക്കുകളിലൂടെ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഈ അവകാശ സംരക്ഷകരുടെ സാന്നിധ്യം പലപ്പോഴും അധികാര വര്‍ഗ്ഗത്തിന്റെ ഉറക്കംകെടുത്തുന്ന മനസാക്ഷികുത്തുകളായി മാറാറുണ്ട്.
മിത്തുകളെ രാഷ്ട്രീയവല്‍ക്കരിച്ച് ദൈവങ്ങളും അതിമാനുഷിക ശക്തികളും തങ്ങളുടെ ‘ബ്രാന്‍ഡ് അംബാസിഡേഴ്‌സ്’ ആണെന്ന പ്രചരണത്തിന് എതിര്‍ശബ്ദം ഒരുക്കുന്നവരാണ് യുക്തിവാദികളും സ്വതന്ത്ര ചിന്തകരും. അന്ധവിശ്വാസാധിഷ്ഠിതമായ ഒരു ആരാധനശൈലി മുഖ്യധാര ചിന്തകളുടെ പ്രേരകഘടകമാക്കി മാറ്റി, സമൂഹത്തെ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നകറ്റി, മസ്തിഷ്‌ക പ്രക്ഷാളനത്തോടെ തങ്ങളുടെ സ്ഥിര അനുയായികളാക്കി നിലനിര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളെ ഈ യഥാര്‍ത്ഥ ചിന്തകര്‍ എന്നും എതിര്‍ത്തിട്ടുണ്ട്. ഇത്തരത്തിലുള്ള വിപരീത ശബ്ദങ്ങളെ ഇല്ലായ്മ ചെയ്ത് മേല്‍ക്കോയ്മ നേടിയെടുക്കാനുള്ള സംഘടിത ശ്രമം ഫാസിസ്റ്റ് ശൈലികളുടെ ചിരപ്രവണതയാണെന്നത് ചരിത്രമാണ്.
സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ഭീകരതയുടെ പുതുമുഖം ഗാന്ധി മുതല്‍ ഗൗരി വരെ നീളുന്ന അസഹിഷ്ണുതയുടെ ഇരകള്‍ എന്ന ശീര്‍ഷകത്തിലെഴുതേണ്ട ഒരു ദുരവസ്ഥയാണിന്ന്. മഹാത്മാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് മധുരപലഹാര വിതരണം നടത്തിയവരുടെ പിന്‍തലമുറക്കാര്‍ അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിക്കുകയും കല്‍ബുര്‍ഗിയുടെ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഗൗരിയുടെ കൊലപാതകം അനിവാര്യതയെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നിടത്തേക്ക് രാജ്യത്തിന്റെ ധാര്‍മ്മിക ബോധം അധഃപതിച്ചിരിക്കുന്നു.
ആധുനിക കാലഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തനം നിരവധി വെല്ലുവിളികള്‍ നേരിടുകയാണെന്നതിന്റെ തെളിവാണ് ‘കമ്മിറ്റി ടു പ്രൊറ്റക്ട് ജേണലിസ്റ്റ്‌സ്’ 2016 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ‘ആപത്കരമായ അനുധാവനം: ഇന്ത്യയില്‍ അഴിമതിയെക്കുറിച്ചെഴുതുന്ന പത്രപ്രവര്‍ത്തകര്‍ ജീവന്‍ വിലകൊടുക്കേണ്ടി വന്നേക്കാം’ എന്ന റിപ്പോര്‍ട്ട് 1992 നു ശേഷം കൊലചെയ്യപ്പെട്ട 27 മാധ്യമപ്രവര്‍ത്തകരുടെ കഥപറയുന്നുണ്ട്. ലോക പത്ര സ്വാതന്ത്ര്യ ഇന്‍ഡക്‌സിലെ ഇന്ത്യയുടെ സ്ഥാനം 136 ആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യ പത്രസ്വാതന്ത്രമുള്ള 180 രാജ്യങ്ങളില്‍ ഈ സ്ഥാനത്തെത്തി നില്‍ക്കുന്നത് വിരോധാഭാസം തന്നെ.
രാജീവ് രഞ്ജന്‍ (ഹിന്ദുസ്ഥാന്‍, ബീഹാര്‍), കരുണ്‍ മിശ്ര (ജെന്‍ സന്ദേശ് ടൈംസ്, ഉത്തര്‍ പ്രദേശ്) ഇന്ദ്ര ദേവ് യാഥവ് (താസ ടിവി, ജാര്‍ഖണ്ഡ്), കിഷോര്‍ ദേവ് (ജയ്ഹിന്ദ് സഞ്ച് സമാചാര്‍, ഗുജറാത്ത്), ധര്‍മ്മേന്ദ്ര സിങ് (ദൈനിക് ഭാസ്‌കര്‍, ബീഹാര്‍) 2016 ല്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ നിരവധി. ഈ കൊലപാതകങ്ങളെല്ലാം പേടിപ്പെടുത്തുന്ന ഒരു സത്യം ഓര്‍മിപ്പിക്കുന്നുണ്ട്: ഇന്ത്യയില്‍ സ്വതന്ത്ര അഭിപ്രായം സുരക്ഷിതമല്ല; മരണകാരണമാണ്.
പേന ചലിപ്പിച്ചാല്‍ കൈവെട്ടുമെന്നും ശബ്ദമുയര്‍ത്തിയാല്‍ നാവരിയുമെന്നും ആക്രോശിക്കുന്ന ഭീഷണി സ്വരങ്ങള്‍ ചുറ്റിലും പടരുകയാണ്. ഇതിന് ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണകൂടിയാകുമ്പോള്‍ നിര്‍ബന്ധിത അടിയന്തിരാവസ്ഥ സമസ്ത തുറകളിലും പ്രകടമാകും. അന്ധ വിശ്വാസങ്ങള്‍ക്കും വിഗ്രഹാരധനയ്ക്കുമെതിരെ കീഴ്ജാതിക്കാരായ സ്ത്രീകളെ ഉപയോഗിച്ചുള്ള നഗ്നപൂജയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് മല്ലേശപ്പ മടിവളപ്പ കല്‍ബുര്‍ഗി തോക്കിനിരയായത്. വിഗ്രഹവല്‍ക്കരിക്കപ്പെട്ട വിശ്വാസങ്ങള്‍ക്കും നിലനിന്നിരുന്ന ചില ആചാരങ്ങള്‍ക്കും എതിരെ പ്രതികരിച്ചതിനാണ് മതവിമര്‍ശനമെന്ന കുറ്റമാരോപിച്ച് പുരോഗമന വിപ്ലവകാരിയായ ഗോവിന്ദ് പന്‍സാരയെ പുറം കരാറുകാരന്‍ വധിച്ചത്. മഹാരാഷ്ട്രയിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും മന്ത്രവാദ വിരുദബില്ലിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട നരേന്ദ്ര ധാബോല്‍ക്കര്‍, മൃഗീയമായി കൊല്ലപ്പെട്ട അഡ്വ. ഷാഹിദ് ആസ്മി, ദത്താ സാമന്ത്, ശങ്കര്‍ ഗുഹാനിയോഗി, അഡ്വ. രാംകുമാര്‍… തുടരുകയാണ് ഇല്ലാതാക്കപ്പെട്ട വിമത സ്വരങ്ങള്‍. ഭീഷണി നിലനില്‍ക്കുന്ന കെഎസ് ഭഗവാനും ഗിരീഷ് കര്‍ണാടും കൈവെട്ടപ്പെട്ട ‘ഒടലകിച്ചു’വിന്റെ രചയിതാവ് ഹുചംഗി പ്രസാദ്, ചേതന തീര്‍ഥഹള്ളിയും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ജീവിക്കുന്ന രക്തസാക്ഷികളാവുകയാണ്.
സംവാദങ്ങള്‍ക്ക് കെല്‍പില്ലാത്തതുകൊണ്ട് ഇല്ലാതാക്കലുകള്‍ ശീലമാവുകയാണ്. ആശയങ്ങള്‍ക്ക് തീവ്രതയില്ലാത്തതുകൊണ്ട് ആക്രമണങ്ങള്‍കൊണ്ട് വിപരീത ആശയധാരകളെ നിര്‍മാര്‍ജനം ചെയ്യുകയാണ്. അജണ്ടകള്‍ക്കെതിരുള്ളവരെ ജീവിക്കാനനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഈ തീവ്രചിന്താഗതിക്കാര്‍. അന്തമൂര്‍ത്തിയേയും നരന്ദ്ര ധാബോല്‍ക്കറേയും ഗോവിന്ദ് പന്‍സാരെയേയും വിമര്‍ശിച്ചതിനു ശേഷം കല്‍ബുര്‍ഗിയെ കൊന്നതിന് ന്യായീകരിച്ച് അടുത്തഇര കെഎസ് ഭഗവാനാണെന്ന് മുന്നറിയിപ്പ് നല്‍കിയ ഭൂവിത് ഷെട്ടിയുടെ ടിറ്റ്വര്‍ ഈ പ്രവണതയുടെ അലയൊച്ചയാണ്. ഈ പ്രവണത തുടര്‍ന്നാല്‍ മതേതരത്വവും ന്യൂനപക്ഷാവകാശങ്ങളും ഭരണഘടന ഉറപ്പുതരുന്ന മൗലിക അവകാശങ്ങളും അന്യമാകാന്‍ കാലതാമസമുണ്ടാകില്ല.
ഒഴിഞ്ഞുമാറി അകന്നു നിന്നാല്‍ ഭരണഘടന അവകാശങ്ങള്‍ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്ന ചില ഭരണകര്‍ത്താക്കളും അവരുടെ അനുബന്ധ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് കവര്‍ന്നെടുക്കും. പ്രതികരിക്കാന്‍ തയ്യാറെടുപ്പുകള്‍ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും ഒരുക്കണമെങ്കില്‍ രാജനന്മയും ദീര്‍ഘവീക്ഷണവും ശുഭാപ്തി വിശ്വാസവുമുള്ള സ്വതന്ത്രചിന്തകര്‍ ഇന്ത്യയുടെ പുരോഗമന വക്താക്കളാകണം.
‘സര്‍ഗ്ഗാത്മക മനസ്സുകളെയും ചിന്തകരേയും ഭയംകൊണ്ടും അക്രമംകൊണ്ടും ഇല്ലാതാക്കാമെന്ന് വ്യമോഹിക്കുന്നവര്‍ അത് താല്‍ക്കാലികമാണെന്ന് മനസ്സിലാക്കേണ്ടതാണ്… ഗൗരി നിന്നെ ഇല്ലാതാക്കിയവര്‍ക്ക് നീ തീര്‍ത്ത ആദര്‍ശത്തിന്റെ പന്തങ്ങളെ കെടുത്താനാവില്ല.’ കന്നട എഴുത്തുകാരി ബാനു മുഷ്താക്കിന്റെ വാക്കുകള്‍ നവവിപ്ലവകാരികള്‍ക്ക് പ്രചോദനമാകട്ടെ.
ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രവാചക വക്താക്കളായ, അസഹിഷ്ണുതയുടെ വേട്ട നായ്ക്കള്‍ ജനാധിപത്യ രാജ്യത്തിന്റെ പവിത്ര മൂല്യങ്ങളെ കടിച്ചുചീന്തി ചോര ചിതറുമ്പോള്‍ അതിനെതിരെ കൈകോര്‍ത്ത് പ്രതികരിക്കാന്‍ നാം സജ്ജരാകണം. ഫാസിസ്റ്റ് വേട്ടക്കാരുടെ കൊലവിളികള്‍ക്കും അക്ഷരകൂട്ടുകാരായ ഇരകളുടെ നിലവിളികള്‍ക്കുമിടയില്‍ അണഞ്ഞുപോകാത്ത ആര്‍ജ്ജവത്വവും പ്രതികരിക്കാനുള്ള ശേഷിയും വിയോജിക്കാനുള്ള ചങ്കുറപ്പും വിമര്‍ശിക്കാനുള്ള ഊര്‍ജ്ജവും സ്വായത്തമാക്കിയ ഒരു ജനതയായി നാം നിലകൊള്ളണം. ഇല്ലായ്മ ചെയ്യാന്‍ വെറിപൂണ്ട് പായുന്നവരുടെ നടുവില്‍ അതിജീവനത്തിന്റെ പുതു ശൈലികള്‍ നവവിപ്ലവങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>