ചരിത്ര നിമിഷം!

By on November 1, 2017
MSRG Joby

ചെന്നൈ മിഷന്‍ ഇനി ഹൊസൂര്‍ രൂപത. നിയുക്ത മെത്രാന്‍
മോണ്‍.ജോബി പൊഴോലിപറമ്പിലിന്റെ മെത്രാഭിഷേകം നവംബര്‍ 22 ന്

ചരിത്ര നിമിഷം!

സീറോ മലബാര്‍ മെത്രാന്‍ സമിതി 1983ലാണ് ഇരിങ്ങാലക്കുട രൂപതയെ ചെന്നൈ മിഷന്‍ ഏല്‍പ്പിച്ചത്

സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട : റൂബി ജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലെ അരുണാഭമായ ഒരധ്യായത്തിന് തുടക്കമാവുന്നു. കഴിഞ്ഞ 34 വര്‍ഷത്തെ പ്രാര്‍ഥനയും പരിശ്രമങ്ങളും ഫലമണിയുകയാണ് ചെന്നൈ മിഷന്‍, ഹൊസൂര്‍ എന്ന നാമധേയത്തില്‍ രൂപംകൊള്ളുന്ന സുകൃത നിമിഷത്തില്‍. നവംബര്‍ 22 ന് ചെന്നൈ മിഷനിലെ നുത്തന്‍ചേരി സെന്റ് ആന്റണീസ് സീറോ മലബാര്‍ കത്തീഡ്രലിലാണ് നിയുക്ത മെത്രാന്‍ മാര്‍ ജോബി (സെബാസ്റ്റ്യന്‍) പൊഴോലിപറമ്പിലിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍.
ഹൊസൂര്‍ മിഷന്റെ സ്ഥാപനവും പ്രഥമ മെത്രാന്‍ മാര്‍ ജോബി പൊഴോലിപറമ്പിലിന്റെ സ്ഥാനാരോഹണവും അവിസ്മരണീയമാക്കാനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെയും രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തില്‍ പ്രാര്‍ഥനാ നിര്‍ഭരമായ അണിയറ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ചെന്നൈ മിഷനിലെ 10 ഇടവകകളിലും ഇരുപതിലേറെയുള്ള സ്റ്റേഷനുകളിലുമായി വ്യാപിച്ചു കഴിയുന്ന സീറോ മലബാര്‍ സഭാംഗങ്ങള്‍ ആഹ്‌ളാദപൂര്‍വം പുതിയ രൂപതയുടെ പിറവി ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ്.
കേരളത്തിലെ സീറോ മലബാര്‍ മെത്രാന്‍ സമിതിയുടെ അഭ്യര്‍ഥന പ്രകാരം 1983 ലാണ് ചെന്നൈ മഹാനഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ മാര്‍ തോമാ ക്രൈസ്തവരുടെ അജപാലന ദൗത്യം അന്തരിച്ച മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ധീരമായ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപത ഏറ്റെടുത്തത്. കഴിഞ്ഞ 34 വര്‍ഷത്തിനകം രൂപതയില്‍ നിന്നുള്ള നിരവധി വൈദികരുടെ നേതൃത്വത്തില്‍ ചെന്നൈ മിഷനിലെ സീറോ മലബാര്‍ സമൂഹം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് നേടിയത്. ഇന്ന് 10 ഇടവകകളും 21 ദിവ്യബലിയര്‍പ്പണ കേന്ദ്രങ്ങളും 5000 ത്തിലേറെ കുടുംബങ്ങളിലായി 15,000 ത്തിലേറെ അംഗങ്ങളുമുണ്ട് ചെന്നൈ മിഷനില്‍. സന്യാസ സഭാംഗങ്ങളുള്‍പ്പെടെ 28 വൈദികരും എട്ട് സന്യാസിനീ സമൂഹങ്ങളില്‍ നിന്നുള്ള എണ്‍പതോളം സിസ്റ്റേഴ്‌സും ഇവിടെ പ്രവര്‍ത്തന നിരതരാണ്. സ്‌കൂളുകള്‍, സ്‌പെഷല്‍ സ്‌കൂളുകള്‍, ധ്യാനകേന്ദ്രങ്ങള്‍, സാമൂഹിക ക്ഷേമ- ജീവകാരുണ്യ സ്ഥാപനങ്ങള്‍ ഹോസ്റ്റലുകള്‍ തുടങ്ങിയ മേഖലകളിലായി നിരവധി സ്ഥാപനങ്ങളും പുതിയ രൂപതയില്‍ സജീവമാണ്. 1500ലേറെ വിദ്യാര്‍ഥികളും 250 അധ്യാപകരുമുള്ള മതബോധന രംഗവും ഊര്‍ജസ്വലം. ഇരിങ്ങാലക്കുട രൂപതയില്‍ നിലവിലുള്ളതുപോലെ കുടുംബയൂണിറ്റുകളും മാതൃജ്യോതിസ്, പിതൃവേദി, യുവജന സംഘടനയായ എസ്.എം.വൈ.എം, അള്‍ത്താര ബാലസംഘം, പാസ്റ്ററല്‍ കൗണ്‍സില്‍ തുടങ്ങിയവയും പുതിയ രൂപതയ്ക്ക് സ്വന്തം.
പുതിയ ഹൊസൂര്‍ രൂപതയുടെ പ്രവര്‍ത്തന പരിധി മദ്രാസ് – മൈലാപ്പൂര്‍ അതിരൂപത, ചെങ്കല്‍പ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂര്‍, ധര്‍മ്മപുരി എന്നീ ലത്തീന്‍ രൂപതകളുടെ അതിര്‍ത്തിക്കുള്ളില്‍ ഉള്‍പ്പെടുന്നു. ചെന്നൈ മിഷനിലേതുള്‍പ്പെടെ പുതിയ രൂപതയിലെ ആകെ സീറോ മലബാര്‍ കുടുംബങ്ങള്‍ 34,500; സ്വന്തം പള്ളികള്‍ 22; ദിവ്യബലി അര്‍പ്പിക്കുന്ന സെന്ററുകള്‍ 35; വൈദികര്‍ 33; സിസ്റ്റേഴ്‌സ് 145. ചെന്നൈ നഗരത്തിലെ അയനാവരം സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററായിരിക്കും രൂപതയുടെ താല്‍ക്കാലിക ആസ്ഥാനം. നുത്തന്‍ചേരി സെന്റ് ആന്റണീസ് പള്ളി കത്തീഡ്രല്‍ ദൈവാലയമായി മാറും. ചെന്നൈ നഗരത്തില്‍ നിന്ന് 343 കിലോമീറ്ററകലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹൊസൂര്‍ ആസ്ഥാനമാക്കിയാണ് രൂപത നിലവില്‍ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>