കേരളസഭാതാരം അവാര്‍ഡ് പ്രഫ. ജോര്‍ജ് മേനാച്ചേരിക്ക്

By on November 1, 2017
Seminar copy

കേരളസഭാതാരം അവാര്‍ഡ് പ്രഫ. ജോര്‍ജ് മേനാച്ചേരിക്ക്

ആളൂര്‍ : നവസാമൂഹിക മാധ്യമങ്ങളെ പൊതു സമൂഹത്തില്‍ ക്രൈസ്തവ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും നമ്മുടെ സമൂഹത്തില്‍ വിശ്വാസ ജീവിതം ഊട്ടിയുറപ്പിക്കാനും വിവേകപൂര്‍വം പ്രയോജനപ്പെടുത്തണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. സാമൂഹിക തിന്മകളായ മദ്യം, ലഹരി മരുന്ന്, മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗം എന്നിവയ്‌ക്കെതിരെ ശരിയായ നിലപാടെടുക്കാനും സത്യത്തിന്റെയും നീതിയുടേയും സഹിഷ്ണുതയുടേയും കാരുണ്യത്തിന്റേയും സന്ദേശം പ്രചരിപ്പിക്കാനും വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമ സങ്കേതങ്ങളെ ക്രൈസ്തവ സമൂഹങ്ങളും പ്രസ്ഥാനങ്ങളും കൂടുതലായി ഉപയോഗിക്കണം. ‘കേരളസഭ’യുടെ നേതൃത്വത്തില്‍ മാര്‍ തോമാ സെന്ററില്‍ നവമാധ്യമങ്ങളെപ്പറ്റി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഇടവകകളില്‍ നിന്നുള്ള ഇരുനൂറ്റമ്പതോളം പേര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ കേരളസഭാതാരം, സേവന പുരസ്‌കാരങ്ങള്‍ എന്നിവ മാര്‍ കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. പ്രമുഖ സഭാ ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഷെവ. ജോര്‍ജ് മേനാച്ചേരിക്കാണ് കേരളസഭാതാരം അവാര്‍ഡ്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെ ഇന്‍ഷുറന്‍സ് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ ആലപ്പാട്ട്, ചെന്നൈ മിഷനിലെ യുവജന കോ-ഓര്‍ഡിനേറ്റര്‍ ജോളി ജോസഫ് എന്നിവരാണ് സേവന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളത്.

കേരളസഭ അവാര്‍ഡ് ജേതാക്കള്‍ ഇവര്‍
ഷെവ. ജോര്‍ജ് മേനാച്ചേരി – കേരളസഭാതാരം
പ്രമുഖ സഭാ ചരിത്ര പണ്ഡിതനും ഗവേഷകനും എഴുത്തുകാരനുമാണ് കേരളസഭാ താരം അവാര്‍ഡിന് അര്‍ഹനായ ഷെവലിയര്‍ പ്രഫ.ജോര്‍ജ് മേനാച്ചേരി. ഒല്ലൂര്‍ ഫൊറോന ഇടവകയിലെ എരിഞ്ഞേരി തോമ കൊച്ചൗസേപ്പിന്റെയും കാട്ടൂര്‍ പുത്തന്‍പുര കുഞ്ഞേത്തിയുടെയും മകനാണ് പ്രഫ. മേനാച്ചേരി. തൃശൂര്‍ സെന്റ് തോമസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന അദ്ദേഹം പൂര്‍ണതോതില്‍ സഭാ പഠനത്തിനും ഗവേഷണത്തിനുമായി ജോലി രാജി വയ്ക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ കീഴിലുള്ള വിവിധ ബോര്‍ഡുകളിലും സമിതികളിലും അംഗമായിരുന്നിട്ടുള്ള അദ്ദേഹം തൃശൂര്‍ അതിരൂപതയുടെ വിവിധ സംരംഭങ്ങളിലും കമ്മീഷനുകളിലും അംഗമായോ ചെയര്‍മാനായോ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഭാ ചരിത്രവും പാരമ്പര്യവും പൈതൃകവും തീക്ഷ്ണതയോടെ നെഞ്ചേറ്റുന്ന അദ്ദേഹം തന്റെ ജീവിതത്തിന്റെ ദീര്‍ഘമായ കാലഘട്ടങ്ങള്‍ ഈ രംഗത്തെ പഠനത്തിനും ഗവേഷണത്തിനും അവ പൊതുജനങ്ങളിലെത്തിക്കാനുള്ള ഈടുറ്റ ഗ്രന്ഥ രചനകള്‍ക്കുമാണ് ചെലവഴിച്ചത്. വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതി അംഗം, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍, വിവിധ മ്യൂസിയങ്ങളുടെയും സഭാ സംബന്ധമായ പ്രദര്‍ശനങ്ങളുടെയും സാരഥി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കെസിബിസി വൈജ്ഞാനിക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍. 2008ല്‍ ബനഡികട് പതിനാറാമന്‍ പാപ്പയില്‍ നിന്ന് ഷെവലിയര്‍ സ്ഥാനം.

ജോണ്‍സന്‍ ആലപ്പാട്ട് – സേവനപുരസ്‌കാരം
കരാഞ്ചിറ ആലപ്പാട്ട് ജോസഫ് – കുഞ്ഞനംകുട്ടി ദമ്പതികളുടെ ആറാമത്തെ മകനായി ജനിച്ച ജോണ്‍സന്‍ പിഡിസി പഠനത്തിനുശേഷം തൃശൂരില്‍ എന്‍ജിനീയറിംഗിന് ചേര്‍ന്നെങ്കിലും ഒരു വര്‍ഷത്തിനുശേഷം ചെറു കാരണങ്ങളാല്‍ തുടര്‍പഠനം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിനിടെ ഒരു ബന്ധുവിന്റെ കൂടെ മുംബൈയിലെ ഒരു കമ്പനിയില്‍ അക്കൗണ്ട്‌സില്‍ ജോലിക്കു കയറിയത്. മനസ്സ് ജോലിയുമായി പൊരുത്തപ്പെടാതായപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. ഏറ്റവുമടുത്ത ചിലര്‍ ചേര്‍ന്ന് ഒരു ഫിനാന്‍സിംഗ് സ്ഥാപനം ആരംഭിച്ചു.
നന്മകള്‍ മാത്രം ജീവിതപ്രയാണത്തിന്റെ മുഖ്യലക്ഷ്യമായി മാറുന്ന കാലഘട്ടത്തിലാണ് ജീവിതത്തെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്തിയത്. ഇനി ജീവിതം സഭയോടൊപ്പം സേവനരംഗത്താകാം. പിന്നീടങ്ങോട്ട് ഇരിങ്ങാലക്കുട രൂപതയുടെ ജീവകാരുണ്യപ്രവര്‍ത്തന മേഖലകളില്‍ നിശബ്ദസാന്നിധ്യമായി മാറുകയായിരുന്നു ഇദ്ദേഹം. ബിഎല്‍എമ്മിലാണ് സേവനശുശ്രൂഷക്കായി ആദ്യമായി എത്തുന്നത്. അക്കൗണ്ടന്റും കാര്യസൂക്ഷിപ്പുകാരനുമായി നാലു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം അഷ്ടമിച്ചിറയിലെ ബാലഭവനില്‍ വ്യത്യസ്ഥ ശുശ്രൂഷകളിലേക്കെത്തി. 1998ല്‍ അവാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വ സഹകാരിയായി. 2002ല്‍ സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമിയില്‍ സൂപ്രവൈസര്‍, അക്കൗണ്ടന്റ്‌വിഭാഗത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി കര്‍മ്മ നിരതനായി. 2005 മുതല്‍ സെന്റ് ജെയിംസ് ആശുപത്രിയുടെ അക്കൗണ്ടിംഗ് വിഭാഗത്തില്‍. ഇന്ന് തികച്ചും സൗജന്യമായി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്ന ഇന്‍ഷൂറന്‍സ് സഹായ പദ്ധതിയുടെ അമരക്കാരനാണ് ഈ മനുഷ്യസ്‌നേഹി.
ഒരു ആന്റി ക്ലൈമാക്‌സ്; ഇതുവരെ ചെയ്ത ജോലികള്‍ക്കൊന്നും തന്നെ ഒരിക്കല്‍ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഇനിയാണ് ക്ലൈമാക്‌സ്, നില്‍ക്കുന്ന സ്ഥാപനങ്ങളിലേക്ക് തന്റെ ചിലവിന് ആവശ്യമായ സംഖ്യ തിരികെ നല്‍കും.

ജോളി ജോസഫ് – സേവനപുരസ്‌കാരം
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മുടയിരിഞ്ഞി കുടിയേറ്റ ഗ്രാമത്തിലെ പുനച്ചംതടത്തില്‍ കുരുവിള ജോസഫിന്റെയും റോസയുടെയും മകനാണ് സേവന പുരസ്‌കാരത്തിനു അര്‍ഹനായ ജോളി ജോസഫ്. 2006ല്‍ ജോലി സംബന്ധമായി ചെന്നൈയിലെത്തിയ ജോളി പിന്നീടുള്ള കാലം മുഴുവന്‍ ചെന്നൈ മിഷനിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിറസാന്നിധ്യമായി. ആദ്യകാലത്ത് സാന്തോം സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ ഞായറാഴ്ചകളില്‍ നടന്നുവന്നിരുന്ന സീറോ മലബാര്‍ റീത്തിലേക്കുള്ള ദിവ്യബലിയില്‍ നിരവധി യുവാക്കള്‍ എത്തിക്കൊണ്ടിരുന്നു. അതില്‍ പങ്കെടുത്തു തുടങ്ങിയ ജോളി പിന്നീട് ദിവ്യബലിക്കും അതിനുശേഷമുള്ള യുവജന സമ്മേളനങ്ങള്‍ക്കും യുവജനങ്ങള്‍ക്കായുള്ള ക്ലാസുകള്‍ക്കും നേതൃത്വം കൊടുത്തുകൊണ്ട് സീറോ മലബാര്‍ യുവജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു.
പിന്നീട് സാന്തോമിലെ സീറോ മലബാര്‍ ദിവ്യബലി നിര്‍ത്തലാക്കിയെങ്കിലും യുവജനങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 2009 മുതല്‍ 2012 വരെ സാന്തോം യൂത്ത് പ്രസിഡന്റായി. 2014 മുതല്‍ ചെന്നൈ മിഷന്‍ യൂത്ത് പ്രസിഡന്റായി. ചെന്നൈ മിഷനിലെ യുവജന പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുഖ്യ പങ്ക് ജോളി ജോസഫിനുണ്ട്. 2017ല്‍ യുവജന പ്രസ്ഥാനത്തില്‍ നിന്നു ഒഴിഞ്ഞെങ്കിലും സാന്തോം യൂത്തിന്റെ ആനിമേറ്റര്‍മാരില്‍ ഒരാളും സാന്തോം നിത്യസഹായമാത സീറോ മലബാര്‍ പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയുമാണ് മുപ്പത്തേഴുകാരനായ ജോളി ജോസഫ്. ഭാര്യ : ബേബി. മകള്‍ : ഇവാനിയ റോസ്. ചെന്നൈയിലെ ശ്രീറാം വാല്യൂസ് കമ്പനിയുടെ ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ടീം ലീഡറാണ് ജോളി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>