നന്മയുടെ സാക്ഷ്യമായി നാലു പതിറ്റാണ്ട്

By on November 1, 2017
19884407_1144879985656013_1907281789334756395_n

നന്മയുടെ സാക്ഷ്യമായി നാലു പതിറ്റാണ്ട്

പഴൂക്കര സെന്റ് ജോസഫ്‌സ് പള്ളി റൂബി ജൂബിലി പ്രഭയില്‍

കുരിശുപള്ളിയായി തുടങ്ങി പിന്നീട് ഇടവകയായി രൂപപ്പെട്ട് നാടിന്റെ വികസനത്തിന് വഴികാട്ടിയായ ആരാധനാലയമാണ് പഴൂക്കര സെന്റ് ജോസഫ്‌സ് ദൈവാലയവും ഇടവകയും. മാള – ചാലക്കുടി റോഡില്‍ അഷ്ടമിച്ചിറയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഴൂക്കര ദൈവാലയമായി. മെയിന്‍ റോഡിലേയ്ക്ക് മുഖദര്‍ശനമാക്കിയ മനോഹരമായ ദൈവാലയം വഴിയാത്രക്കാര്‍ക്ക് സഭ ദൈവസാന്നിധ്യത്തിന്റെ ഓര്‍മക്കുറിപ്പാവുന്നു.
അമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴില്‍ 1974 മേയ് എട്ടിന് ഇവിടെ കുരിശുപള്ളി സ്ഥാപിച്ചതോടെ തുടങ്ങുന്നു പഴൂക്കരയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രം. അതുവരെ അമ്പഴക്കാട് ഫൊറോന പള്ളിയായിരുന്നു അവര്‍ക്ക് ആശ്രയം. പുളിയിലക്കുന്ന് സെന്റ് ആന്റണീസ് ബാലഭവന്റെ ദൈവാലയവും അവര്‍ക്ക് ആധ്യാത്മികാവശ്യങ്ങള്‍ക്കുള്ള കേന്ദ്രമായിരുന്നു. 1970ല്‍ ഫൊറോന വികാരിയായിരുന്ന ഫാ. ജോസഫ് കിഴക്കുംതലയുടെ നേതൃത്വത്തില്‍ പള്ളി നിര്‍മാണ കമ്മിറ്റി രൂപംകൊണ്ടു.
ക്രൈസ്തവ ആരാധനാലയത്തിന് സ്ഥലം നല്‍കാന്‍ അമ്പഴക്കാട് ഇടവകാംഗമായ പാനികുളം ജോണി ഉദാരപൂര്‍വം മുന്നോട്ടു വന്നപ്പോള്‍, പഴൂക്കര ദൈവാലയമെന്ന സ്വപ്‌നത്തിന് കരുത്തായി. മാര്‍ ജോസഫ് കുണ്ടുകുളം 1974 മേയ് എട്ടിന് ശിലാസ്ഥാപനം നടത്തി. ഫാ. പോള്‍ ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറി. 1977 ഫെബ്രുവരി 19ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവുതന്നെ ദൈവാലയ ആശീര്‍വാദവും നടത്തി; ഒപ്പം സെമിത്തേരിയും നിലവില്‍ വന്നു.
കുരിശുപള്ളിയായി നിലകൊണ്ട ദൈവാലയത്തില്‍ അക്കാലത്ത് ഞായറാഴ്ചകളിലും മറ്റു പ്രധാന ദിവസങ്ങളിലും ബുധന്‍, ശനി ദിവസങ്ങളിലുമായിരുന്നു കുര്‍ബാന.
പാരിഷ് ഹാളും
വൈദിക മന്ദിരവും
വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ ഇടവകാംഗങ്ങളുടെ ശ്രമഫലമായി പാരിഷ്ഹാള്‍ യാഥാര്‍ഥ്യമായി. 1986ല്‍ ചങ്കന്‍ തോമസ് പിതൃസ്മരണയ്ക്കായി വൈദിക മന്ദിരം പണി കഴിപ്പിച്ചു. 1988 മേയ് ഒന്നിന് പഴൂക്കര പള്ളിയെ ഇടവകയായി മാര്‍ ജെയിംസ് പഴയാറ്റില്‍ ഉയര്‍ത്തി. ഫാ. ജോസ് വെതമറ്റില്‍ ആദ്യ വികാരിയായി. അമ്പഴക്കാട് ഇടവകയിലെ 233 കുടുബങ്ങളായിരുന്നു പുതിയ ഇടവകയില്‍ ഉള്‍പ്പെട്ടിരുന്നത്. 1987 മുതല്‍ പഴൂക്കര പടിഞ്ഞാറ് ജൂബിലി നഗറില്‍ നിലവിലുണ്ടായിരുന്ന ദേവമാത കപ്പേളയെ കുരിശു പള്ളിയായി ഉയര്‍ത്തി.
പുതിയ ദൈവാലയം
ഇടവകയായി രൂപപ്പെട്ട് 10 വര്‍ഷം പിന്നിട്ടപ്പോഴാണ് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ദൈവാലയമെന്ന ആശയത്തിന് രൂപഭാവങ്ങള്‍ കൈവന്നത്. 2005 മേയ് അഞ്ചിനു മാര്‍ ജെയിംസ് പഴയാറ്റില്‍ പുതിയ പള്ളിയുടെ ശില ആശീര്‍വദിച്ചു. ഫാ. ജോര്‍ജ് കണ്ടംകുളത്തിയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിച്ച പള്ളിയുടെ കൂദാശാകര്‍മം 2001 ഡിസംബര്‍ 30ന് മാര്‍ ജെയിംസ് പഴയാറ്റില്‍ നിര്‍വഹിച്ചു.
കാരുണ്യസ്പര്‍ശം
ആത്മീയ നേതൃത്വത്തിനൊപ്പം സാമൂഹിക രംഗത്തും കയ്യൊപ്പ് ചാര്‍ത്തിയാണ് പഴൂക്കര ഇടവകസമൂഹം ഇക്കാലമത്രയും മുന്നോട്ടുപോയത്. കര്‍മലീത്താ മിഷനറി സിസ്റ്റേഴ്‌സിന്റെ കോണ്‍വെന്റ്, സിബിഎസ്ഇ സ്‌കൂള്‍, സിഎംഐ വൈദികരുടെ നേതൃത്വത്തിലുള്ള സേവനഗിരി സേവനാലയം, ജൂബിലി നഗര്‍ ദേവമാതാ കുരിശുപള്ളി എന്നിവയെല്ലാം സജീവമായ ക്രൈസ്തവ സാക്ഷ്യത്തിന്റെ മുഖമുദ്രകളായി നിലകൊള്ളുന്നു. പതിനാലു കുടുംബയൂണിറ്റുകളിലായി 540 കുടുംബങ്ങളാണ് ഇപ്പോള്‍ ഇടവകയിലുള്ളത്. കൂടാതെ ജൂബിലിനഗര്‍ ദൈവമാതാ കുരിശുപള്ളിയില്‍ മൂന്നു കുടുംബയൂണിറ്റുകളിലായി നൂറോളം വിശ്വാസികളുമുണ്ട്. ഫാ. ജോണി മേനാച്ചേരി ആണ് ഇപ്പോഴത്തെ വികാരി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>