ഭിന്നിപ്പുകളും അനുരഞ്ജന ശ്രമങ്ങളും

By on November 1, 2017
Johann_Ernst_von_Hanxleden

ഭിന്നിപ്പുകളും അനുരഞ്ജന ശ്രമങ്ങളും

ഫാ. ആന്‍ഡ്രൂസ് ചെതലന്‍

കൂനന്‍ കുരിശു സത്യം ശീശ്മയായിരുന്നില്ലെങ്കിലും അതിനെ തുടര്‍ന്നുണ്ടായ ചില നടപടികള്‍ വിഭജനത്തിലേക്ക് നയിക്കുകയാണ് ഉണ്ടായത്. 1653 ല്‍ പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ ആലങ്ങാട് സംഘടിച്ചവരില്‍ 12 വൈദികര്‍ ചേര്‍ന്ന് തോമാ ആര്‍ച്ചുഡീക്കന്റെ തലയില്‍ കൈവയ്പ് പ്രാര്‍ഥന നടത്തി മാര്‍ തോമാ ഒന്നാമന്‍ എന്ന പേരില്‍ മെത്രാനായി വാഴിച്ചു. ഇതിനു അംഗീകാരമില്ലെന്ന് മനസിലാക്കിയ ഭൂരിഭാഗം വിശ്വാസികളും വൈദികരും തിരികെ വരാന്‍ സന്നദ്ധരായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 1657 ല്‍ ഏഴാം അലക്‌സാണ്ടര്‍ മാര്‍പാപ്പ അപ്പസ്‌തോലിക് വിസിറ്ററായി നിയമിച്ച ഫാ. ജോസഫ് മരിയ സെബസ്ത്യാനിയെത്തന്നെ ആദ്യത്തെ വികാരി അപ്പസ്‌തോലിക്കയായി നിയമിച്ചു. എങ്കിലും 1663 മുതല്‍ ഡച്ചുകാര്‍ കേരളത്തില്‍ നിയന്ത്രണം ഏറ്റെടുത്തതിനാല്‍ സെബസ്ത്യാനി മെത്രാന് ഇവിടം വിട്ടു പോകേണ്ടി വന്നു.
സ്വദേശീയനായ ചാണ്ടി മെത്രാന്‍
മാര്‍ സെബസ്ത്യാനി കേരളം വിടുന്നതിനു മുമ്പ് തദ്ദേശീയനും കുറവിലങ്ങാട് വികാരിയുമായിരുന്ന പള്ളിവീട്ടില്‍ (പറമ്പില്‍) ചാണ്ടി കത്തനാരെ മെത്രാനായി വാഴിച്ചു. സ്വദേശീയനായ മെത്രാനെ ലഭിക്കാന്‍ കാത്തിരുന്ന മാര്‍ തോമാ നസ്രാണികള്‍ക്ക് ചാണ്ടി മെത്രാന്റെ നിയമനം വലിയ അനുഗ്രഹമായി. 1663 ല്‍ സ്ഥാനമേറ്റെടുത്ത അദ്ദേഹം 1687 വരെ നസ്രാണിസഭയുടെ നേതാവായി, ‘മലയാളത്തിന്റെ വികാരി അപ്പസ്‌തോലിക്കാ ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്ത’ എന്ന പേരില്‍ ഭരണം നടത്തി. അലക്‌സാണ്ടര്‍ ദെക്കാമ്പോ എന്ന് അദ്ദേഹം അറിയപ്പെട്ടു. വിഘടിച്ചു നിന്ന തോമാ ആര്‍ച്ചുഡീക്കനെയും കൂടെയുണ്ടായിരുന്ന വിശ്വാസികളെയും സഭയോട് പുനരൈക്യപ്പെടുത്താന്‍ അദ്ദേഹം കിണഞ്ഞു ശ്രമിച്ചു. കുറെയേറെപ്പേര്‍ തങ്ങളുടെ ചിരകാല സ്വപ്‌നമായ സ്വദേശീയനായ മെത്രാനെ ലഭിച്ചതിനാല്‍ മെത്രാപ്പോലീത്തായ്ക്കു കീഴില്‍ തിരിച്ചുവന്നു. എന്നാല്‍ തോമാ ആര്‍ച്ചുഡീക്കനും കുറച്ചു വിശ്വാസികളും തിരിച്ചുവരാന്‍ തയാറായില്ല.
യാക്കോബായ ശീശ്മയും വിഭജനവും
മാര്‍ തോമാ ഒന്നാമന്‍ എന്ന പേരില്‍ താന്‍ കൊണ്ടു നടക്കുന്ന മെത്രാന്‍ പട്ടം ശ്ലൈഹിക പാരമ്പര്യമനുസരിച്ചുളളതല്ലെന്നും ശ്ലൈഹിക പാരമ്പര്യത്തിലുളള മെത്രാപ്പോലീത്തയെ മാര്‍പാപ്പ നിയമിച്ചുവെന്നും മനസിലായപ്പോള്‍ ആര്‍ച്ചുഡീക്കന്‍ തന്റെ സ്ഥാനം നിയമാനുസൃതമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത് യാക്കോബായ ശീശ്മയില്‍ കലാശിക്കുകയായിരുന്നു. ആയതിനുവേണ്ടി ബാബേല്‍, അന്ത്യോക്യാ, അലക്‌സാണ്ട്രിയ തുടങ്ങിയ സ്ഥലങ്ങളിലെ പാത്രിയര്‍ക്കീസുമാരുമായി ബന്ധപ്പെട്ടതില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് 1665 ല്‍ മാര്‍ ഗ്രിഗോറിയോസ് എന്ന യാക്കോബായ മെത്രാനെ കേരളത്തിലേക്ക് അയച്ചു. ഇട്ടിത്തൊമ്മന്‍ കത്തനാര്‍ ഉണ്ടാക്കിയ വ്യാജ കത്ത് വഴി മാര്‍പാപ്പയാണ് മാര്‍ ഗ്രിഗോറിയോസിനെ അയച്ചതെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ജനങ്ങളെ കൂടെ നിര്‍ത്തിയത്. എന്നാല്‍ മെത്രാന്‍ ഇവിടത്തെ പാരമ്പര്യങ്ങള്‍ പുനരുദ്ധരിക്കുകയല്ല, മറിച്ച് യാക്കോബായ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. ഇതാകട്ടെ സുറിയാനി ആചാരാനുഷ്ഠാന പാരമ്പര്യങ്ങളില്‍ നിന്ന് വ്യത്യസ്തവുമായിരുന്നു. അങ്ങനെ മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വം സ്വീകരിച്ചവര്‍ പുത്തന്‍കൂറ്റുകാര്‍ എന്നും റോമിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുരാതനമായ വിശ്വാസവും കല്‍ദായ സുറിയാനി പാരമ്പര്യവും പിന്തുടര്‍ന്ന് സ്വദേശീയനായ ചാണ്ടി മെത്രാന്റെ കീഴില്‍ നിന്ന ഭൂരിപക്ഷമുള്ള മാര്‍ തോമാ നസ്രാണി സമൂഹം പഴയകൂറ്റുകാര്‍ എന്നും അറിയപ്പെട്ടു. സ്വദേശീയനായ മെത്രാനെ ലഭിക്കാന്‍ വേണ്ടി പ്രതിജ്ഞ എടുത്തവരില്‍ തന്നെ ഒരു വിഭാഗം അങ്ങനെ ആര്‍ച്ചുഡീക്കന്റെ അഭിമാനപ്രശ്‌നംകൊണ്ട് മാത്രം സഭയില്‍ നിന്ന് വേര്‍പ്പെടാന്‍ ഇടയായി.
റഫായേല്‍ ഫിഗറെദോ
1678 ല്‍ ചാണ്ടി മെത്രാന്‍ പള്ളിവീട്ടില്‍ മത്തായി അച്ചനെ ആര്‍ച്ചുഡീക്കനായി നിയമിച്ചു. എന്നാല്‍ പിന്തുടര്‍ച്ചാവകാശിയായി സ്വദേശീയനായ ഒരു മെത്രാനെ വാഴിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. സഹായമെത്രാനായി ആര്‍ച്ചുഡീക്കനെയോ, മുട്ടം പള്ളി വികാരി ജോര്‍ജ് അച്ചനെയോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു സ്വദേശീയനായ വൈദികനെയോ നിയമിക്കാനുള്ള കല്‍പനയും ഡച്ചു കമാന്‍ഡന്റിന്റെ ഉത്തരവും ഉണ്ടായിട്ടും പ്രൊപ്പഗാന്തസംഘം കര്‍മലീത്തക്കാരനും പോര്‍ച്ചുഗീസ് ആംഗ്ലോ ഇന്ത്യന്‍ ലത്തീന്‍ വൈദികനുമായ റഫായേല്‍ ഫിഗറെദോയെയാണ് കണ്ടെത്തിയത്. 1677 മെയ് 8 ന് അദ്ദേഹത്തെ മെത്രാനായി വാഴിച്ചു. ഇതില്‍ കുപിതനായ ഡച്ച് കമാന്‍ഡര്‍ കൊച്ചിയിലെത്തിയ മെത്രാനോട് 24 മണിക്കൂറിനകം കൊച്ചി വിട്ടുപോകാന്‍ കല്‍പിച്ചു. അതേത്തുടര്‍ന്ന് അദ്ദേഹം ഡച്ചുകാരുടെ അധികാരത്തിനു പുറത്തുള്ള താനൂരില്‍ താമസമാക്കി സഭാഭരണം നടത്തി. എന്നാല്‍ 1694 ല്‍ മാര്‍പാപ്പ തന്നെ ഫിഗറെദോ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കി. നസ്രാണികളെ അനുനയിപ്പിക്കാന്‍ മത്തായി അച്ചനെ ആര്‍ച്ചുഡീക്കനായി നിയമിച്ചുവെങ്കിലും വിശ്വാസികള്‍ സ്വദേശീയനായ ഒരു മെത്രാനു വേണ്ടിയുള്ള അപേക്ഷ തുടര്‍ന്നു.
വിദേശ കര്‍മലീത്താ
വാഴ്ചയും പ്രശ്‌നങ്ങളും
1694 മുതല്‍ മെത്രാന്മാരില്ലാതെ ആര്‍ച്ചുഡീക്കന്റെ ഭരണത്തിന്‍ കീഴില്‍ ആണ് നസ്രാണികള്‍ കഴിഞ്ഞത്. 1700 ല്‍ മാര്‍പാപ്പ കര്‍മലീത്ത വൈദികനായ ഫാ. ആഞ്ചെലൂസ് ഫ്രാന്‍സിസിനെ കൊടുങ്ങല്ലൂരിന്റെയും കൊച്ചിയുടെയും മെത്രാനായി നല്‍കി. കല്‍ദായ സുറിയാനി പാരമ്പര്യത്തില്‍ ജീവിച്ചിരുന്ന നസ്രാണി സമൂഹത്തിന് നല്കപ്പെട്ട വിദേശീയ മെത്രാന് പട്ടം നല്‍കാന്‍ വിധിക്കപ്പെട്ടത് കല്‍ദായസുറിയാനിക്കാരനായ സൈമണ്‍ മെത്രാനായിരുന്നുവെന്നത് വിചിത്രമായ നടപടിയായി. എന്നാല്‍ ഈ നിയമനം താല്‍ക്കാലികം മാത്രമായിരുന്നതിനാല്‍ 1701 ഡിസംബര്‍ അഞ്ചിനു അമ്പഴക്കാട് സെമിനാരി റെക്ടറായിരുന്ന ഫാ. ജോണ്‍ റിബൈരൊയെ കൊടുങ്ങല്ലൂരിന്റെ മെത്രാപ്പോലീത്തയായി പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ നിയമിച്ചു.
1701 ല്‍ നിയമിതനായെങ്കിലും 1703 ജൂലൈ 29 നാണ് ആര്‍ച്ച് ബിഷപ് റിബൈരോ മെത്രാന്‍ പട്ടം സ്വീകരിക്കുന്നത്. എന്നാല്‍ വിവാദങ്ങളുടെ അകമ്പടിയോടെ ചാലക്കുടി കേന്ദ്രമായി കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഭരണം അദ്ദേഹം ഏറ്റെടുക്കുന്നത് 1704 ജൂണ്‍ 29 ന് മാത്രമാണ്. ആദ്യം വിശ്വാസികള്‍ അംഗീകരിക്കാന്‍ മടിച്ചുവെങ്കിലും ആര്‍ച്ചുഡീക്കന്റെ ആവശ്യപ്രകാരം 1704 ജൂണ്‍ 29 ന് ചാലക്കുടി പള്ളിയില്‍ ഒരുമിച്ചു കൂടിയ വിശ്വാസികളുടെ മുമ്പില്‍വച്ച് പേപ്പല്‍ ബൂളാ വായിച്ച് സ്ഥാനം ഏറ്റെടുത്തു. ഈശോസഭക്കാരനായ ആര്‍ച്ച് ബിഷപ് റിബൈരോയും കര്‍മലീത്തക്കാരനായ ആഞ്ചലോസ് മെത്രാനും കര്‍മലീത്താ വൈദികരും രണ്ടു ചേരിയില്‍ നിന്ന് പരസ്പരം അധിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍ ഭരണം ദുഷ്‌കരമായി. ഇത് ക്രമേണ പ്രൊപ്പഗാന്ത – പദ്രുവാദോ ഭരണങ്ങള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായി മാറിയപ്പോള്‍ നസ്രാണി വിശ്വാസികള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നു. ചാലക്കുടി ആസ്ഥാനമാക്കി കുറച്ചുകാലം ഭരണം നടത്തിയ ആര്‍ച്ച് ബിഷപ് റിബൈരോ പിന്നീട് കോഴിക്കോട് സാമൂതിരിയുടെ കീഴിലുളള പുത്തന്‍ചിറ പള്ളി കേന്ദ്രമായി ഭരണം നിര്‍വഹിച്ചു. 1711 ഡിസംബര്‍ 22 ന് ഭരണാധികാരം ആഞ്ചെലൂസ് മെത്രാന് തിരിച്ചു നല്‍കേണ്ടി വന്ന മെത്രാപ്പോലീത്ത അങ്ങനെ പ്രതിസന്ധികള്‍ക്കിടയില്‍ പുത്തന്‍ചിറ വച്ച് 1716 ജനുവരി 24 ന് മരിച്ചു.
ക്രൂരമായ നടപടികള്‍
വിദേശ കര്‍മലീത്ത മിഷനറിമാര്‍ക്ക് എത്ര ക്രൂരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുള്ളകാലഘട്ടം. മെത്രാന്മാരുടെ നിയമനത്തിലും വൈദികരോടും വിശ്വാസികളോടുമുള്ള സമീപനത്തിലും ഇത് തെളിയുന്നുണ്ട്. റിബൈരോയുടെ പിന്‍ഗാമിയായി വന്ന അന്തോണി പിമെന്റല്‍ (1716-1752) അതീവ ബുദ്ധിമാനും വിവേകിയും നയചാതുര്യവുമുള്ള വ്യക്തിയായിരുന്നു. എന്നാല്‍ 1750 മുതല്‍ 1773 വരെ കൊടുങ്ങല്ലൂരിന്റെ മെത്രാപ്പോലീത്തയായി വന്ന ഫ്‌ളോറന്‍സ് മെത്രാന്റെ കാലഘട്ടത്തിലാണ് കഠിനമായ നടപടികള്‍ ഉണ്ടായത്. പ്രദക്ഷിണത്തില്‍ വൈദികര്‍ പിടിക്കാറുള്ള അരുളിക്ക യൂറോപ്യന്‍ മിഷനറിമാര്‍ മാത്രമേ പിടിക്കാവൂ എന്ന കല്‍പന വന്നു. കൂടാതെ വരാപ്പുഴ പള്ളിയില്‍ നിന്ന് മോഷണം പോയ അരുളിക്കയ്ക്ക് ഉത്തരവാദി ഇടപ്പള്ളി പള്ളി വികാരിയായിരുന്ന ഇക്കാക്കോ കത്തനാരാണെന്ന് ആരോപിച്ചു. പിന്നീട് മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് മെത്രാന്‍ സ്ഥാനം നേടിയ ഫ്രാന്‍സിസ് സാലസ് എന്ന കത്തനാരുടെ നേതൃത്വത്തില്‍ തടവിലിട്ടതിന്റെ ഫലമായി അദ്ദേഹം മരിച്ചു. കൂടാതെ, ഫ്‌ളോറന്‍സ് മെത്രാന്റെ സംസ്‌കാരകര്‍മത്തിനെത്തിയ നസ്രാണികളെ കര്‍മം ചെയ്യാനനുവദിക്കാതെ അപമാനിച്ചയച്ചത് വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കി. തുടര്‍ന്ന് 1773 സെപ്തംബര്‍ 20 ന് അങ്കമാലിയില്‍ ഒരുമിച്ചുകൂടിയ സുറിയാനിക്കാരുടെ ശക്തി മനസിലാക്കി അവര്‍ വച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇടയായി. അരുളിക്ക വഹിക്കുന്നതിനും സംസ്‌കാരകര്‍മം സുറിയാനി രീതിയില്‍ നടത്തുന്നതിനും അനുവദിച്ചു. വൈദികരെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കുമെന്നും കാരണം ബോധിപ്പിക്കാതെ ശിക്ഷാനടപടികള്‍ ഉണ്ടാവില്ലെന്നും ഉറപ്പു നല്‍കി. മെത്രാന്‍ നിയമനത്തിലും ചില അധികാരങ്ങള്‍ ലഭിച്ചു. മേല്‍പ്പറഞ്ഞ ക്രൂരതകള്‍ മനസിലാക്കിയ പ്രൊപ്പഗാന്ത തിരുസംഘം, കല്‍പന വഴി മിഷനറിമാരെ ശക്തമായ ഭാഷയില്‍ ശാസിച്ചു. തുടര്‍ന്ന് സഭയില്‍ ഉണ്ടായ പുനരൈക്യശ്രമങ്ങളും നടപടികളും അടുത്ത ലക്കത്തില്‍.
അര്‍ണോസ് പാതിരി
റിബൈരോ മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായിരുന്ന ജോണ്‍ ഏണസ്റ്റ് ഹാംഗ്‌സ്‌ലെഡെന്‍ എന്ന ജര്‍മന്‍കാരനായ ഈശോസഭ വൈദികനാണ് അര്‍ണോസ് പാതിരി (1681-1732). മലയാളം, സംസ്‌കൃതം എന്നിവയില്‍ പ്രാവിണ്യം നേടിയ അദ്ദേഹം സാഹിത്യത്തിലും വ്യാകരണത്തിലും പ്രഗല്‍ഭനായിരുന്നു. ലത്തീന്‍ ഭാഷയില്‍ സംസ്‌കൃത വ്യാകരണവും പോര്‍ച്ചുഗീസ് മലയാളം നിഘണ്ടുവും രചിച്ചു. പ്രസിദ്ധമായ പുത്തന്‍പാന അദ്ദേഹമാണ് രചിച്ചത്. പഴുവില്‍ പള്ളിയിലാണ് അദ്ദേഹത്തെ അടക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>