ഇനി നമുക്ക് ഗോഡ്‌സെയുടെ ജന്മദിനവും ആഘോഷിക്കാം

By on November 1, 2017

ഇനി നമുക്ക് ഗോഡ്‌സെയുടെ ജന്മദിനവും ആഘോഷിക്കാം

മൂന്ന് വര്‍ഷം മുമ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു പ്രസംഗ പരിപാടി ആരംഭിച്ചിരുന്നു: ‘മന്‍ കി ബാത്ത്’ – ‘എന്റെ മനസിന്റെ ശബ്ദം’ എന്നാണ് പേര്. ഓള്‍ ഇന്ത്യ റേഡിയോയില്‍കൂടി എല്ലാ മാസവും ജനങ്ങളോട് സംസാരിക്കുന്ന പരിപാടിയാണിത്.
കഴിഞ്ഞ മാസം 36 പ്രസംഗങ്ങള്‍ പൂര്‍ത്തിയായ അവസരത്തില്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ എല്ലാ മന്‍ കി ബാത്ത് പ്രസംഗത്തിലും ജനങ്ങളായിരുന്നു വിഷയം. അവരുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍, എന്തിന് ജനങ്ങളുടെ പരാതികള്‍പോലും ഞാന്‍ ആ പ്രസംഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചു. കഴിഞ്ഞ 36 പ്രസംഗത്തിലും ഞാന്‍ ഒരിക്കലും രാഷ്ട്രീയം തൊട്ടില്ല. അങ്ങനെയാണ് എന്റെ പ്രസംഗം ജനങ്ങള്‍ സ്വീകരിച്ചത്. ഇതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്’.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ പക്ഷേ, ചില അസൂയക്കാര്‍ക്ക് ഇഷ്ടമായില്ല. അവര്‍ പറഞ്ഞു: നാട്ടിലെ പൊള്ളുന്ന പ്രശ്‌നങ്ങളെ തൊടാതെ അദ്ദേഹം പൊതുക്കാര്യങ്ങളെപ്പറ്റി പ്രസംഗിച്ചെന്നാണ് വീമ്പ് പറയുന്നത്. എന്തു കാര്യം?
രാജ്യത്ത് വര്‍ഗീയതയും ന്യൂനപക്ഷ പീഡനവും ദളിത് വിഭാഗങ്ങളെ നടുറോഡില്‍ തല്ലിക്കൊല്ലുന്നതും നിറഞ്ഞാടുമ്പോഴും നരേന്ദ്ര മോദി പ്രസംഗിച്ചുകൊണ്ടിരുന്നത് മറ്റു കാര്യങ്ങളാണ്. ജനങ്ങള്‍ തമ്മില്‍ സൗഹൃദം വളരാനുള്ള കാര്യങ്ങളെപ്പറ്റി പറയേണ്ട സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ശുചിത്വത്തെപ്പറ്റി പ്രസംഗിച്ചു. എല്ലാ ജനങ്ങളും ഇന്ത്യയില്‍ തുല്യരാണെന്നു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ തന്റെ അണികളും പോഷകഘടകങ്ങളും നടത്തിക്കൊണ്ടിരുന്ന വിദ്വേഷ പ്രസംഗം അദ്ദേഹം കേട്ടില്ല… രാജ്യത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തുന്ന വിഷയങ്ങള്‍ കണ്‍മുമ്പില്‍ അനുദിനം ഉയര്‍ന്നുവന്നപ്പോഴും പ്രധാനമന്ത്രിയുടെ പ്രസംഗം അതൊന്നും കാണാതെ മറ്റു കാര്യങ്ങളിലാണ് ശ്രദ്ധിച്ചത്. അത് മനപൂര്‍വമല്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം.
പണ്ട് റോമാ നഗരം കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നുവെന്ന് പഴയൊരു ചരിത്രമുണ്ട്. ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തിനെതിരെ വര്‍ഗീയത ആളിക്കത്തുന്ന സംഭവങ്ങളുണ്ടായപ്പോള്‍ ഏറെക്കാലം മിണ്ടാതിരുന്ന ആരാധ്യനായ നരന്ദ്ര മോദിജിയെപ്പറ്റി അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ഗാന്ധിജി, ശുചിത്വത്തിന്റെ
ബ്രാന്‍ഡ് അംബാസഡര്‍
ഒക്‌ടോബര്‍ 2 ന് നാമൊക്കെ ഗാന്ധി ജയന്തി ദിനം ആചരിച്ചു. സ്വന്തം ജീവനും ജീവിതവും ഇന്ത്യയിലെ ജനകോടികള്‍ക്കുവേണ്ടി ചെലവഴിച്ച മഹാനായ രാഷ്ട്രപിതാവിന്റെ ജന്മദിനം സാധാരണക്കാരായ ജനങ്ങള്‍ റോഡ് നന്നാക്കിയും പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കിയും ശ്രമദാനം നടത്തി ആഘോഷിച്ചപ്പോള്‍, നമ്മുടെ ചില പത്രങ്ങളില്‍ അതിന്റെ വാര്‍ത്തകളും പടങ്ങളും കണ്ടു. അതിലൊന്നായിരുന്നു ഒരു പത്രത്തില്‍ സിനിമാ നടനായ മോഹന്‍ലാലും അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന പിന്നീട് സിനിമാ നിര്‍മാതാവായ ഒരു വ്യക്തിയും നീണ്ട ഒരു ചൂലും പിടിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ ക്യാമറയ്ക്കു മുന്നില്‍ സുസ്‌മേരവദനരായി നില്‍ക്കുന്നത്. ചിത്രത്തിന്റെ അടിക്കുറുപ്പില്‍ അതിന്റെ കാര്യം പറയുന്നുണ്ട്: ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി അവരൊക്കെ നാടു ശുചീകരിക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ്. അതാണ് നമ്മള്‍ പറയുന്ന ശ്രമദാനം.
ഇതുപോലെ പത്രങ്ങളിലൊക്കെ പിറ്റേന്നു മറ്റു പലരുടെ പടങ്ങളും കണ്ടപ്പോള്‍ ദേഹമാകെ കോരിത്തരിച്ചു. സ്ഥലത്തെ കള്ളുഷാപ്പിനു മുന്നിലും മദ്യക്കടക്കു മുന്നിലും സ്ഥലം ശുചിയാക്കി ഗാന്ധി ജയന്തി ആഘോഷിക്കുന്ന പടങ്ങളുണ്ടായിരുന്നു. പത്രത്തില്‍ പടം വരാന്‍ തള്ളിക്കയറി ചൂലും തൂമ്പയും കൊടുവാളും പിടിച്ചുനില്‍ക്കുന്നവരെ കണ്ടപ്പോള്‍ ഒരു സംശയം: ഗാന്ധിജി എന്നു മുതലാണ് നമ്മുടെ ശുചിത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡറായത്?.
വര്‍ഗീയതയ്ക്കും മദ്യത്തിനും അസഹിഷ്ണുതയ്ക്കും എതിരെ ജീവിതം മുഴുവന്‍ പടപൊരുതിയ അദ്ദേഹത്തെ രാഷ്ട്രീയക്കാരും സിനിമാക്കാരും മാധ്യമങ്ങളും കൂടി എങ്ങനെയാണ് ശുചിത്വത്തിന്റെ അംബാസഡറായി ഒതുക്കിയത്?
ഗാന്ധിജിയെ മറന്ന ഇവരൊക്ക വര്‍ഷംതോറും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അവരവരുടെ മനസ്സിലുള്ള മാലിന്യങ്ങള്‍ അടിച്ചു വൃത്തിയാക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ നാട് അത്രയെങ്കിലും വൃത്തിയാകുമായിരുന്നു. വിശ്വമാനവികതയുടെ അംബാസഡറായ മഹാത്മാവേ, മാപ്പ്!
ഉപാധ്യായയുടെ ജന്മശതാബ്ദി
വര്‍ഗീയതയുടെ വിഷവിത്ത് ഇന്ത്യയുടെ മണ്ണില്‍ പാകിയവരില്‍ ഒന്നാം സ്ഥാനത്തുള്ള വ്യക്തിയാണ് ജനസംഘം എന്ന വര്‍ഗീയ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ ദീന്‍ ദയാല്‍ ഉപാധ്യായ. ഇന്നത്തെ ബിജെപിയുടെ ആദ്യരൂപമാണ് ജനസംഘം. ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെ അംഗമായിരുന്ന ഹിന്ദു മഹാസഭയുടെ തുടര്‍ച്ചയായിരുന്നു ജനസംഘം.
ജനസംഘത്തിന്റെ സ്ഥാപകനായ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകളില്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ കത്തു വന്നിരുന്നു. അപ്പോഴാണ് ഈ ദീന്‍ ദയാല്‍ ആരാണെന്ന് പലരും ചോദിച്ചത്.
നാട്ടിലാകമാനം സ്‌കൂളുകളില്‍ ജന്മ ശതാബ്ദി ആഘോഷിക്കണമെങ്കില്‍ കക്ഷി അത്ര നിസ്സാരക്കാരനായിരിക്കില്ല. അങ്ങനെയൊണ് പലരും ദീന്‍ ദയാല്‍ ഉപാധ്യായ ഇന്ത്യാ മഹാരാജ്യത്തിനു വേണ്ടി ചെയ്ത മഹാകാര്യങ്ങളെപ്പറ്റി അറിയുന്നത്.
ഏതായാലും സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ് ജനസംഘം സ്ഥാപകന്റെ ജന്മശതാബ്ദിക്ക് ആഹ്വാനം ചെയ്തതാണ് കൗതുകകരമായത്. വിദ്യാഭ്യാസ മന്ത്രിയോ മറ്റു ഉദ്യോഗസ്ഥരോ അറിയാതെയായിരുന്നുവത്രെ സ്‌കൂളുകളില്‍ നോട്ടീസ് എത്തിയത്. ഒരു വര്‍ഗീയ പ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍ മാത്രമായ വ്യക്തിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നത് മതേതരത്വത്തിന് എതിരാണെന്ന് കണ്ടുപിടിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ആഘോഷത്തിന് തടയിട്ടു.
ആര്‍ക്കറിയാം, ഇനി കുറേനാള്‍ കഴിയുമ്പോള്‍ ഗോഡ്‌സേയുടെ ജന്മദിനമാഘോഷിക്കണമെന്ന് കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം വരില്ലെന്ന്! എന്തും സംഭവിക്കാം, കാത്തിരിക്കുക തന്നെ.
താജ്മഹല്‍
താജ്മഹലിനെപ്പറ്റി വായിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. നേരിട്ട് കണ്ടിട്ടുള്ളവരും കുറേ പേരുണ്ടാകാം. ഇനി കാണാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം കണ്ടാല്‍ നല്ലതാണ്. കാരണം, എത്രകാലം താജ്മഹല്‍ അവിടെ ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്.
കാരണമുണ്ട് : മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പണികഴിപ്പിച്ച മനോഹര സ്മാരകമാണ് താജ്മഹല്‍. ഭാര്യയുടെ ഓര്‍മയ്ക്കായി യമുനാ തീരത്ത് വെളുത്ത മാര്‍ബിളില്‍ പണിതുയര്‍ത്തിയ താജ്മഹല്‍ ലോകാത്ഭുതങ്ങളിലൊന്നായി ഇന്നും പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ വിദേശികള്‍ വരുമ്പോള്‍ ആദ്യം കാണാനാഗ്രഹിക്കുന്ന സൗധമാണ് താജ്മഹല്‍.
ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെ ചിലര്‍ക്ക് താജ്മഹലിനെപ്പറ്റി ഇങ്ങനെയൊരു അഭിപ്രായമില്ല. താജ്മഹല്‍ ഇന്ത്യക്കാരെ ചൂഷണം ചെയ്ത മുഗള്‍ ഭരണത്തിന്റെ പ്രതീകമാണെന്നാണ് ബിജെപി എംഎല്‍എയായ സംഗീത് സോം എന്ന വിദ്വാന്‍ പറയുന്നത്. അതു പൊളിച്ചു കളയണം; അത്രയേയുള്ളു കക്ഷിയുടെ ആവശ്യം.
ഇദ്ദേഹത്തിന്റെ വാക്കുകള്‍ പത്രങ്ങളിലൊക്കെ വാര്‍ത്തയായി വന്നപ്പോള്‍ പലരും കക്ഷിക്ക് വട്ടാണെന്നു പറഞ്ഞു. അതുകൊണ്ട് വര്‍ഗീയതയുടെ ദുര്‍ഗന്ധമുള്ള ആ വാക്കുകളെപ്പറ്റി പിന്നെ അധികമാരും ചര്‍ച്ച ചെയ്തില്ല. താജ്മഹല്‍ നില്‍ക്കുന്നിടത്ത് ശിവക്ഷേത്രമുണ്ടായിരുന്നു എന്നുകൂടി കക്ഷി പറഞ്ഞപ്പോള്‍, ലക്ഷ്യം മനസ്സിലായി.
എന്തായാലും, രണ്ടു ദിവസം കഴിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിലേക്ക് ഓടിപ്പാഞ്ഞെത്തി. സംഗീത് സോം പറയുന്നത് വിവരക്കേടാമെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൊന്‍മുത്താണ് താജ്മഹല്‍ എന്നും അതിനെ സംരക്ഷിക്കുമെന്നും പരസ്യമായി യോഗിക്ക് പറയേണ്ടിവന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കുത്തിപ്പൊക്കിയാല്‍ മുസ്ലീംകളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും ഇത് വോട്ടില്‍ പ്രതിഫലിക്കുമെന്നുമുള്ള ഭയം മാത്രമാണ് ആദിത്യനാഥിന്റെ വാക്കുകളുടെ പിന്നാമ്പുറം.
തിരഞ്ഞെടുപ്പ് കഴിയട്ടെ, അയോധ്യപോലെ താജ്മഹലും പൊക്കികൊണ്ടുവരാം; ഇതാണ് ഇപ്പോഴത്തെ ചിന്ത.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>