അജപാലന വഴിയിലെ നവ ദര്‍ശനം

By on November 1, 2017
1505906077

അജപാലന വഴിയിലെ നവ ദര്‍ശനം

തൃശൂര്‍ അതിരൂപതയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനു നാന്ദികുറിച്ചു റവ. ഡോ. ടോണി നീലങ്കാവില്‍ നവംബര്‍ 18ന് സഹായ മെത്രാനായി സ്ഥാനമേല്‍ക്കുമ്പോള്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലെ അജന്‍ഡ?

ഇരിങ്ങാലക്കുട രൂപത 2016 ഓഗസ്റ്റില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ആതിഥ്യം നല്‍കിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ തൃശൂര്‍ മേരിമാത മേജര്‍ സെമിനാരി റെക്ടറായിരുന്ന റവ. ഡോ. ടോണി നീലങ്കാവില്‍ നടത്തിയ പ്രബന്ധാവതരണം സഭയുടെ അജപാലന ശുശ്രൂഷയും സമകാലിക യാഥാര്‍ഥ്യങ്ങളും അടയാളപ്പെടുത്തുന്നതായിരുന്നു. സഭാജീവിതത്തില്‍ വിശ്വാസി സമൂഹത്തിന്റെ ഭാവാത്മകമായ പങ്കാളിത്തം ഇനിയും വിപുലീകരിക്കാനും ദൃഢപ്പെടുത്താനുമുണ്ടെന്നതായിരുന്നു ആ പ്രബന്ധത്തിന്റെ കാതല്‍. അജപാലനശുശ്രൂഷ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ചു ചേരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മഴവില്‍ സഖ്യമാകണമെന്ന കണ്ടെത്തല്‍ തീര്‍ത്തും പുതിയതല്ലെങ്കിലും അതിലെ ഊന്നല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
തൃശൂര്‍ അതിരൂപതയില്‍ അജപാലന രംഗത്ത് പുതിയൊരു ഉണര്‍വേകാന്‍ വേണ്ടി മൂന്നു വര്‍ഷംമുമ്പ് ആരംഭിച്ച സുസംഘടിതമായ പഠനത്തിന്റെയും വിലയിരുത്തലിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലായിരുന്നു അസംബ്ലിയിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.
നവംബര്‍ 18ന് റവ. ഡോ. ടോണി നീലങ്കാവില്‍ തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി അവരോധിക്കപ്പെടുമ്പോള്‍, തൃശൂര്‍ രൂപതയില്‍ മാത്രമല്ല, കേരളത്തിലെ എല്ലാ രൂപതകളിലും നിലവില്‍ വരേണ്ട പുതിയ അജപാലന ആഭിമുഖ്യങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ സജീവമാകുന്നത് സ്വാഭാവികം.
തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മേരി മാതാ മേജര്‍ സെമിനാരി റെക്ടറായിരിക്കെയാണ് അദ്ദേഹം സഹായമെത്രാനായി നിയോഗിക്കപ്പെട്ടത്. ദൈവശാസ്ത്ര സംബന്ധമായ വിഷയങ്ങളെയും സമകാലിക ചിന്താധാരകളെയുംപറ്റി വ്യക്തമായ ധാരണകളുള്ള സെമിനാരി പ്രഫസര്‍ സഭയുടെ അജപാലനത്തിന്റെ മുന്‍നിരയിലേക്ക് കടന്നുവരുമ്പോള്‍, ഒട്ടേറെ പ്രതീക്ഷകളുണ്ട് ദൈവജനത്തിന്. ആശയങ്ങളെ സൗമ്യമായും ധീരമായും ആരെയും വേദനിപ്പിക്കാതെയും പറഞ്ഞുഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശൈലി, മികച്ച ഒരധ്യാപകന്റെ കൈപുണ്യമെന്നോ വാക്കുകളുടെ സുകൃതമെന്നോ വിശേഷിപ്പിക്കാം.
അതിരൂപതയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനു നാന്ദികുറിച്ചു റവ. ഡോ. ടോണി നീലങ്കാവില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ വലംകയ്യായി നിയോഗിക്കപ്പെടുമ്പോള്‍, എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലെ അജന്‍ഡ?
അതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത് മെത്രാന്റെ ഔദ്യോഗിക ചിഹ്നത്തില്‍ ഇനി നാം വായിക്കാനിരിക്കുന്ന ആ ആപ്തവാക്യമാണ്: ‘ത്രിതൈ്വക ദൈവത്തിനും അവിടുത്തെ ജനത്തിനും’ (ഠീ ഠവല ഠൃശൗില ഏീറ മിറ ഒശ െജലീുഹല). അജപാലന ശുശ്രൂഷയെപ്പറ്റി വ്യക്തമായ ധാരണകളുള്ള അദ്ദേഹം ആ ആപ്തവാക്യത്തെ വിശദീകരിക്കുന്നു: യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തിലെ സുപ്രധാനമായ ആ വാക്യം. ‘നാം ഒന്നായിരിക്കുന്നതുപോലെ, അവരും ഒന്നായിരിക്കേണ്ടതിന്…’ അജപാലന ശുശ്രൂഷയുടെ ലക്ഷ്യം. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്‌നേഹക്കൂട്ടായ്മ നമ്മുടെ കുടുംബങ്ങളിലും ഇടവക സമൂഹങ്ങളിലും അതിരൂപതയിലും യാഥാര്‍ഥ്യമാക്കുകയെന്നതാണ്.
അജപാലന ശുശ്രൂഷയില്‍ ഈ ലക്ഷ്യത്തോടെ താഴത്തു പിതാവിനൊപ്പം നിലകൊള്ളുകയും അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ ശ്രമിക്കുകയുമാവും തന്റെ ദൗത്യമെന്ന് അദ്ദേഹം അടിവരയിടുന്നു. പുതിയ കാലത്തിന്റെ അജപാലന ശൈലിയാണ് ഇന്ന് പ്രയോഗിക്കേണ്ടതെന്ന അവബോധം സഭയിലും സമൂഹത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു. സഭാപിതാക്കന്മാരും വൈദികരും സിസ്‌റ്റേഴ്‌സും മാത്രമല്ല, അജപാലന ശുശ്രൂഷയിലെ ഉത്തരവാദപ്പെട്ടവര്‍. ദൈവജനത്തിനു മുഴുവനും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ട്. അജപാലനം, വിശ്വാസികളുടെ പങ്കാളിത്തമുള്ള ശുശ്രൂഷയായി മാറണം. (ജമൃശേരശുമീേൃ്യ ജമേെീൃമഹ ങശിശേെൃ്യ). അതിരൂപതയിലെ ഇടവകകളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അസംബ്ലികള്‍ ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്.
ഒരു പക്ഷേ, അജപാലനരംഗത്തെ പുതിയ ആവശ്യങ്ങളും സാധ്യതകളും വെല്ലുവിളികളും മുന്നില്‍ കണ്ട് ഏതാനും വര്‍ഷങ്ങളായി അതിരൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന ‘പറോക്ക്’ (ജമേെീൃമഹ അിശാമശേീി ഞലലെമൃരവ മിറ ഛൗൃേലമരവ ഇലിൃേല) എന്ന അതിനൂതന സംരംഭത്തിന്റെ ശില്‍പികളിലൊരാളായ മോണ്‍. ടോണി നീലങ്കാവിലിന് ഇടവക അസംബ്ലികളില്‍ വിശ്വാസി സമൂഹങ്ങള്‍ ആവേശപൂര്‍വം പങ്കെടുക്കുന്ന കാഴ്ച ചാരിതാര്‍ഥ്യം പകരുന്നുണ്ട്. അതിരൂപതയുടെ മൂന്നാമത് അസംബ്ലിക്ക് ശക്തമായ അടിത്തറയിടുന്ന ഇടവക അസംബ്ലികള്‍ക്ക് താഴത്ത് പിതാവിനും അതിരൂപതയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ്, സഹായ മെത്രാന്‍ സ്ഥാനത്തേയ്ക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്.
ഇനിയുളള കാലത്ത്, അജപാലന ശുശ്രൂഷ മേല്‍ത്തട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ നിന്നു അടിസ്ഥാന സമൂഹങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സഭയുടെ വിവിധ തലങ്ങളുടെ ശാക്തീകരണമാണ് ആവശ്യം. പള്ളിയോഗങ്ങള്‍, കുടുംബസമ്മേളനങ്ങള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പോലെയുള്ള പ്രാതിനിധ്യ വേദികള്‍ എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വിശ്വാസ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവയുടെ പങ്കാളിത്തം ഉറപ്പാക്കുകയുമായിരിക്കണം സഭയുടെ ദൗത്യം.
ഇത്തരമൊരു നവ അജപാലന ശൈലി രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ് ‘പറോക്ക്’. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആഹ്ലാദകരമായ തിരിച്ചറിവാണ് ഇടവകകളില്‍ നിന്നും പറോക്ക് നടത്തിയ സര്‍വേകള്‍ക്കും മറ്റു പഠനങ്ങള്‍ക്കും ലഭിച്ച വ്യാപകമായ പിന്തുണ.
ആ പുതിയ അജപാലന ശൈലി അതിരൂപതയിലെ ദൈവജനം ഏറ്റെടുത്തു കഴിഞ്ഞതിന്റെ തെളിവാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇടവക അസംബ്ലികള്‍. തുറന്ന ചര്‍ച്ചകളും സംവാദങ്ങളും ആശയവിനിമയങ്ങളും വിമര്‍ശനങ്ങളും ഒടുവില്‍ സമന്വയത്തിന്റെയും പുതിയ കണ്ടെത്തലുകളുടെയും തീക്ഷ്ണമായ വിശ്വാസി കൂട്ടായ്മകള്‍ ഇവിടെ രൂപംകൊളളുന്നുണ്ട്.
തൃശൂര്‍ അതിരൂപതയുടെ ചരിത്രത്തില്‍ ഇനി ഏറ്റവും അധികം ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് ഈ ഇടവക അസംബ്ലികളായിരിക്കും – മോണ്‍. ടോണി നീലങ്കാവിലിന് സംശയമില്ല. നമ്മള്‍ യാത്ര തുടങ്ങിയിട്ടേയുള്ളൂ, തുടര്‍പരിശീലനങ്ങളും വിലയിരുത്തലുകളും മറ്റും ഉള്‍പ്പെടുന്ന ദീര്‍ഘമായ യാത്രാപഥം മുന്നിലുണ്ട്. മേരിമാത സെമിനാരി അധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും പ്രഭാഷകനുമായ നിയുക്ത മെത്രാന്‍ മോണ്‍. ടോണി നീലങ്കാവിലിന്റെ അജന്‍ഡ വ്യക്തമാണ്. വലിയ പിതാവിനൊപ്പം അതിരൂപതയെ നവ അജപാലന ശൈലിയിലേക്ക് നയിക്കുക; ത്രിതൈ്വക കൂട്ടായ്മയുടെ ചൈതന്യത്തില്‍ അതിരൂപതയിലെ വിശ്വാസികളെയും അവരുടെ അജപാലകരെയും വിവിധ അജപാലന ദൗത്യങ്ങളെയും ഒരേ ചരടില്‍ സുദൃഢമായി കോര്‍ത്തെടുക്കുക.
തൃശൂര്‍ അതിരൂപതയുടെ അല്‍മായ നേതൃത്വനിരയില്‍ ഏറെക്കാലം നിറഞ്ഞുനിന്ന ഷെവലിയര്‍ പ്രഫ. എന്‍.എ. ഔസേപ്പിന്റെയും മേരിയുടെയും മകനാണ് റവ. ഡോ. ടോണി നീലങ്കാവില്‍. 1993 ഡിസംബര്‍ 27ന് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഒല്ലൂര്‍, പാലയൂര്‍ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചശേഷമാണ് ലുവെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്.
ഫീച്ചറുകള്‍ : ജോസ് തളിയത്ത്‌

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>