ഹോട്ടലുകള്‍ ബീയര്‍ നിര്‍മാണ കേന്ദ്രങ്ങള്‍; ഇനി പെട്ടിക്കടകളിലും കിട്ടും മദ്യം

By on November 1, 2017

ഹോട്ടലുകള്‍ ബീയര്‍ നിര്‍മാണ കേന്ദ്രങ്ങള്‍; ഇനി പെട്ടിക്കടകളിലും കിട്ടും മദ്യം

എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ്ങിന്റെ ശുപാര്‍ശയ്ക്ക് മാധ്യമങ്ങളുടെ കയ്യടി

‘ചക്കിക്കു പറ്റിയ ചങ്കരന്‍’ എന്നു പറയാറുണ്ട്. സര്‍ക്കാരിനു പറ്റിയ എക്‌സൈസ് കമ്മിഷനര്‍. അതാണ് ഋഷിരാജ് സിങ്. കേരളത്തിലെ ഹോട്ടലുകളില്‍ ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ‘ബ്രൂവറീസ്’ – ബീയര്‍ വാറ്റു കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ എക്‌സൈസ് കമ്മിഷനറുടെ ശുപാര്‍ശ. നാട്ടിലാകെ മദ്യം ഒഴുക്കിയിട്ടും തൃപ്തി വരാത്ത സര്‍ക്കാരും എക്‌സൈസ് വകുപ്പും അതിന്റെ മന്ത്രിയും ബിവറേജ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരും പൂരപ്പറമ്പില്‍ മദം പൊട്ടിയ ആനയെപ്പോലെ മദ്യവിപ്ലവം നടപ്പാക്കാന്‍ മദിച്ചു നടക്കുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയംമൂലം പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ദേശീയപാതയെന്നോ സംസ്ഥാന പാതയെന്നോ നാട്ടുപാതയെന്നോ ഉള്ള വ്യത്യാസമില്ലാതെ മദ്യ വില്‍പ്പന ശാലകളെ തടഞ്ഞിട്ട് നടക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍. അതൊന്നും പോരാതെയാണ് ഇപ്പോള്‍ ഹോട്ടലുകള്‍ക്ക് ഇഷ്ടംപോലെ ബീയര്‍ ഉണ്ടാക്കാനും വില്‍ക്കാനുമുള്ള അനുമതി കൊടുക്കുന്നത്.
കഴിഞ്ഞ മാസമാണ് സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും 50 മീറ്റര്‍ പരിധിയില്‍ മദ്യക്കച്ചവടം ആകാമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
മദ്യ വില്‍പ്പനയ്ക്ക് പഞ്ചായത്തുകളുടെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും പുതിയ മദ്യ വിപ്ലവത്തില്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഇങ്ങനെ മുച്ചുവടും മദ്യപ്രളയത്തില്‍ ജനങ്ങളെ മുക്കിക്കൊണ്ടിരിക്കുന്ന അധികൃതര്‍, ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തിലൂടെ നടത്തിയിരിക്കുന്നത്.
ചെറിയ ബീയര്‍ നിര്‍മാണ ശാലകള്‍ തുടങ്ങാനും 24 മണിക്കൂറും ബീയര്‍ പാര്‍ലറുകളില്‍ വില്‍പ്പന നടത്താനും അനുമതി തേടി 10 ബാര്‍ ഹോട്ടലുകള്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചിരുന്നുവെന്നും ആഹ്ലാദഭരിതനായ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉടന്‍ ഋഷിരാജ് സിങ്ങിനെ ബംഗളൂരുവില്‍ അയച്ചു അവിടെയുള്ള ബാറുകളിലെ ബീയര്‍ നിര്‍മാണം മനസ്സിലാക്കിയെന്നും പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണത്രെ ബാര്‍ ഹോട്ടലുകളില്‍ മാത്രമല്ല, സാധാരണ ഹോട്ടലുകളിലും ബീയര്‍ വാറ്റിയുണ്ടാക്കാനുള്ള തീരുമാനം.
ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്ത മദ്യാനുകൂലികളായ മാധ്യമങ്ങള്‍ ആ വാര്‍ത്ത ആഘോഷിച്ചു. കുപ്പി പൊട്ടിക്കുന്ന പടം വച്ചും ‘ബീയറിന് ചീയേഴ്‌സ് ‘ പറഞ്ഞും ആഘോഷം കൊഴുപ്പിച്ച ഇവര്‍ ഹോട്ടലുകള്‍ 16 രുചികളിലുള്ള ബീയര്‍ ഉല്‍പ്പാദിപ്പിക്കുമെന്നും അത് മലയാളികള്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്നും മുന്‍കൂര്‍ പ്രമോഷനല്‍ തന്ത്രം ഇറക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും ബീയര്‍ വിറ്റാലേ ഹോട്ടലുകള്‍ക്ക് കച്ചവടം ലാഭകരമാവൂവെന്നു മദ്യ മുതലാളിമാരുടെ വളര്‍ത്തുനായ്ക്കളായ ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടാനും മറന്നിട്ടില്ല. ഏതായാലും തമ്മില്‍തല്ലിക്കഴിയുന്ന കക്ഷികളുള്ള പ്രതിപക്ഷവും പാര്‍ട്ടി സ്ഥാനങ്ങള്‍ക്കുവേണ്ടി കലഹിച്ചു ജനത്തിനു മുന്നില്‍ നാണംകെട്ടു നടക്കുന്ന മുഖ്യഘടക കക്ഷിയായ കോണ്‍ഗ്രസും ഉള്ളത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗ്യം. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയില്‍, ഒരുവിഭാഗം മാധ്യമങ്ങളുടെ പിന്‍ബലവും കൂടിയുള്ളപ്പോള്‍, ‘മദ്യവിപ്ലവ’ ത്തിന്റെ ദുരന്തം തലയില്‍ ഏറ്റുവാങ്ങാനാണ് ജനത്തിന്റെ ദുര്യോഗം.
നോട്ട് നിരോധനം, ജിഎസ്ടി – കറുത്ത ദിനങ്ങളുടെ ഓര്‍മയില്‍ നവംബര്‍ എട്ട്
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. നൂറിലേറെപ്പേരുടെ മരണത്തിനും ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടത്തിനും നിരവധി കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും വഴിയൊരുക്കിയ ആ ‘ഹിമാലയന്‍ വിഡ്ഢിത്തം’ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും സാധാരണക്കാരായ ഗ്രാമീണരുടെയും ഇടത്തരക്കാരുടെയും ജീവിതത്തില്‍ ദൂരവ്യാപകമായ ആഘാതമേല്‍പ്പിച്ച നോട്ട് നിരോധനത്തിന്റെ തുടര്‍ ദുരന്തങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.
നോട്ട് നിരോധനം വഴി സാധാരണക്കാരുടെ ജീവിതം താളം തെറ്റിയപ്പോള്‍, വമ്പന്മാര്‍ തടിച്ചു കൊഴുക്കുകയും കള്ളപ്പണക്കാരും കുത്തകമുതലാളിമാരും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തുവെന്നാണ് നിരവധി സാമ്പത്തിക വിദഗ്ധരും നിഷ്പക്ഷ നിരീക്ഷകരും വിലയിരുത്തുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ച ‘അവിവേകം’ എന്നു പറഞ്ഞവരെ കള്ളപ്പണക്കാരും രാജ്യദ്രോഹികളുമായി മുദ്രകുത്തിയവരൊക്കെ, പക്ഷേ ഇന്ന് മുഖം രക്ഷിക്കാനുള്ള ബദ്ധപ്പാടിലാണ്. ‘സാമ്പത്തിക മാന്ദ്യം’ ഇല്ലെന്നു വാദിച്ചു ജയിക്കാന്‍ ശ്രമിച്ചിട്ടും ഫലമില്ലാതായപ്പോള്‍, കഴിഞ്ഞ ദിവസം ചില പൊടിക്കൈകളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. എങ്കിലും ജനങ്ങളുടെ മേല്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന മിന്നലാക്രമണത്തിന്റെ ആഘാതം ഇന്നും മങ്ങിമറഞ്ഞിട്ടില്ല. നിരോധിച്ച നോട്ടുകളൊക്കെ ബാങ്കുകളില്‍ തിരിച്ചുവന്ന സ്ഥിതിക്ക് കള്ളപ്പണം എവിടെയെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ല.
നോട്ട് നിരോധനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ജിഎസ്ടി എന്ന ഏകനികുതി സമ്പ്രദായം കൊട്ടിഘോഷിച്ചു സര്‍ക്കാര്‍ കൊണ്ടു വന്നത്. ചെറുകിട വ്യാപാരികളും സംരംഭകരും അതിന്റെ നൂലാമാലകളില്‍പ്പെട്ട് വട്ടം കറങ്ങുകയാണിപ്പോള്‍. അതോടൊപ്പം മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും 28 ശതമാനം വരെ ജിഎസ്ടി നികുതി കൂടി വര്‍ധിച്ചു വില കുതിച്ചു കയറി. ടൂത്ത് പേസ്റ്റ് മുതല്‍ ഹോട്ടല്‍ ഭക്ഷണം വരെ ജിഎസ്ടിയുടെ പേരില്‍ ഇന്ന് കൂടുതല്‍ വിലകൊടുത്തു വാങ്ങണമെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് ഒക്‌ടോബര്‍ മൂന്നാമത്തെ ആഴ്ചയില്‍ ജിഎസ്ടി യെ വിമര്‍ശിച്ചു കേന്ദ്രസര്‍ക്കാരിലെ റവന്യു സെക്രട്ടറി ഹസ്മുഖ് ആധിയ രംഗത്തുവന്നത്. പുതിയ നികുതി സമ്പ്രദായത്തില്‍ കാര്യമായ അഴിച്ചുപണി വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ നരേന്ദ്രമോദിയും അമിത് ഷായും അരുണ്‍ ജയ്റ്റ്‌ലിയും ചേര്‍ന്ന മൂവര്‍സംഘം ജനത്തിനുമേല്‍ കെട്ടിയേല്‍പിക്കുന്ന ദുരിതങ്ങള്‍ നീളുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്ര മോദി നോട്ട് നിരോധനം, ജിഎസ്ടി എന്നിവ ജനം സ്വീകരിച്ചതാണെന്നും കളളപ്പണക്കാരും തന്റെ ശത്രുക്കളുമാണ് എതിര്‍ക്കുന്നതെന്നും പ്രചാരണം അഴിച്ചുവിടുന്നുണ്ട്. ഇതിനെതിരെ ശക്തമായ മറുപടിയുമായി ഗുജറാത്തിലെ കോണ്‍ഗ്രസും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും അങ്കത്തട്ടിലുണ്ട്. അവരും ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് നോട്ട് നിരോധനത്തിന്റെ വാര്‍ഷികം കറുത്ത ദിനമായി ആചരിക്കാനുള്ള ഒരുക്കത്തിലാണ്. വിലക്കയറ്റം, ഇന്ധനവില വര്‍ധന, പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നത് തുടങ്ങിയ ജനദ്രോഹ നടപടികള്‍ തുടരുന്നതിനിടയിലാണ് കറുത്തദിനം.
ഇതിനെതിരെ ബിജെപി ‘കള്ളപ്പണ വിരുദ്ധ ദിന’വും പ്രഖ്യാപിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി നികുതി ഘടനയുടെയും ദൂഷ്യഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ ജനങ്ങള്‍ ‘കറുത്ത ദിന’ത്തെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയുക കൗതുകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>