ഷംഷാബാദില്‍ സൂര്യോദയം

By on November 1, 2017
MAr Raphael Thattil

ഷംഷാബാദില്‍ സൂര്യോദയം

സീറോ മലബാര്‍ സഭയ്ക്ക്, കേരളത്തിലും കേരളത്തിന്റെ പുറത്ത് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള 50 ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് ലഭിക്കുന്ന സാര്‍വത്രിക സഭയുടെ അംഗീകാരമാണ് ഷംഷാബാദ് രൂപത. അതിന്റെ പ്രഥമ സാരഥിയായി 2018 ജനുവരി 7ന് സ്ഥാനമേല്‍ക്കുന്ന മാര്‍ റാഫേല്‍ തട്ടില്‍ പുതിയ രൂപതയെയും അതിന്റെ സ്ഥാപനത്തെയും സംബന്ധിച്ച് ‘കേരളസഭ’ വായനക്കാരോട്…

‘നിങ്ങള്‍ ലോകമെങ്ങും പോയി എന്റെ സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന ക്രിസ്തു വചനത്തിന്റെ പൂര്‍ണാര്‍ഥം മനസ്സിലാക്കിയ വ്യക്തിയാണ് മാര്‍ റാഫേല്‍ തട്ടില്‍. കാല – ദേശാതിര്‍ത്തികളും ഭാഷ, വംശം, വര്‍ഗം എന്നീ അതിര്‍ വരമ്പുകളും അതിലംഘിക്കുന്ന സുവിശേഷ പ്രഘോഷണ ദൗത്യമാണ് സകല ക്രൈസ്തവര്‍ക്കും ക്രിസ്തു ഏല്‍പിച്ചു കൊടുക്കുന്നത്. പിന്നെയെന്തിന് മനുഷ്യന്‍ ഇതിലൊരു അതിര്‍വരമ്പ് നിശ്ചയിക്കുന്നുവെന്നായിരുന്നു വൈദികനായിരിക്കുമ്പോഴും തൃശൂര്‍ അതിരൂപത സഹായമെത്രാനായിരിക്കുമ്പോഴും പിന്നീട് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹത്തെ കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായുള്ള അപ്പസ്‌തോലിക് വിസിറ്ററായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചപ്പോഴും അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത്.
ആ ചോദ്യത്തിന് ഇപ്പോള്‍ സുമധുരമായ ഉത്തരം ലഭിച്ചിരിക്കുന്നു. റീത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് ഇന്ത്യയിലെ ഏതു സംസ്ഥാനത്തുമുള്ള സീറോ മലബാര്‍ സഭാംഗങ്ങളുടെയും അജപാലന ശുശ്രൂഷയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സീറോ മലബാര്‍ സഭയ്ക്ക് അവസരം കൈവന്നിരിക്കുന്നു. ആ ചരിത്ര നിയോഗത്തിന്റെ അമരക്കാരനാവാന്‍ മാര്‍ റാഫേല്‍ തട്ടില്‍ എന്ന വിശ്വാസത്തിന്റെ തേരാളി അരമുറുക്കി രംഗത്ത് വന്നിരിക്കുന്നു.
ഇതൊരു ചരിത്ര നിമിഷമാണ്. രണ്ടായിരം വര്‍ഷത്തെ മാര്‍ തോമ ക്രിസ്ത്യാനികളായ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ യുഗസംക്രമ നിമിഷമാണിതെന്നു പറയാം. സഹ്യപര്‍വത നിരകള്‍ക്കിപ്പുറം വളരാനും വികസിക്കാനും വെമ്പല്‍കൊണ്ടു നിന്നിരുന്ന ഒരു ജനപദം, ആ മലമടക്കുകള്‍ ചവിട്ടികയറി ആസേതു ഹിമാചലം വിശ്വാസദീപവുമായി കടന്നുചെല്ലാനുള്ള കവാടങ്ങള്‍ തുറന്നിട്ടിരിക്കുന്നു.
യഥാര്‍ഥത്തില്‍, മാര്‍ റാഫേല്‍ തട്ടില്‍ വിഭാവനം ചെയ്ത വിശാലമായ സുവിശേഷ പ്രഘോഷണ ഭൂമികയാണ് സീറോ മലബാര്‍ സഭയ്ക്കു മുന്നില്‍ ഇപ്പോള്‍ തെളിയുന്നത്. കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായി ഒരു കുടക്കീഴില്‍ ‘ദ റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സങ്കല്‍പത്തോടെ ഒരു രൂപത. ഇതായിരുന്നു അപ്പസ്‌തോലിക് വിസിറ്ററായ നിമിഷം മുതല്‍ അദ്ദേഹം കിട്ടാവുന്ന വേദികളിലൊക്കെ മുന്നോട്ടുവച്ചിരുന്ന ദര്‍ശനം.
ഈ ലക്ഷ്യം നെഞ്ചിലേറ്റി അപ്പസ്‌തോലിക് വിസിറ്ററായി നിയമിതനായ 2014 ജനുവരി 11 മുതല്‍ വിശ്രമിച്ചിട്ടില്ല. ഒരേയൊരു സ്വപ്‌നം, സീറോ മലബാര്‍ സഭ പതിറ്റാണ്ടുകളായി നെഞ്ചിലേറ്റിയ ആ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം അതായിരുന്നു അദ്ദേഹത്തിന്റെ രാപകലുകളെ പ്രവര്‍ത്തനരഭിതമാക്കിയത്.
ഇപ്പോള്‍ ഷംഷാബാദ് രൂപത പിറവിയെടുക്കുമ്പോള്‍, അതിന്റെ പ്രഥമ സാരഥിയാകാനും അദ്ദേഹത്തിനു തന്നെ നിയോഗം. ഇത് സീറോ മലബാര്‍ സഭയ്ക്ക്, തൃശൂര്‍ അതിരൂപതയ്ക്ക്, കേരളത്തിനും, കേരളത്തിന്റെ പുറത്ത് ഇന്ത്യയിലും, ഇന്ത്യയ്ക്ക് പുറത്തുമുള്ള 50 ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് ലഭിക്കുന്ന സാര്‍വത്രിക സഭയുടെ അംഗീകാരമാണ്.
സീറോ മലബാര്‍ സഭാംഗങ്ങളായ ഇന്ത്യയിലെ പ്രവാസികളുടെ അജപാലന പ്രശ്‌നങ്ങളെ അടുത്തറിയാനും അവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇപ്പോള്‍ നടക്കുന്ന അജപാലന ശുശ്രൂഷകളെ ഏകോപിപ്പിക്കാനും വേണ്ടിയാണ് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. അക്ഷരാര്‍ഥത്തില്‍ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷവും അദ്ദേഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അവിടത്തെ സീറോ മലബാര്‍ സമൂഹങ്ങളിലും ഓടി നടക്കുകയായിരുന്നു. കാലുകളിലായിരുന്നു അദ്ദേഹത്തിന് ദൈവം അഗ്നിച്ചിറകുകള്‍ നല്‍കിയത്.
മൂന്ന് വര്‍ഷംകൊണ്ട് അദ്ദേഹം പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ ട്രെയിനിലും ബസിലും കാറിലും സഞ്ചരിച്ചു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുള്ള സീറോ മലബാര്‍ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നു. അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈദികരെയും സന്യസ്തരെയും ചിതറികിടക്കുന്ന വിശ്വാസികളെയും ഒരു കുടക്കീഴിലാക്കുകയെന്ന ദൗത്യത്തിന് തുടക്കം കുറിച്ചു. പ്രവാസി സമൂഹങ്ങളുടെ ഏകോപനം, പരസ്പരബന്ധം, അജപാലന തുടര്‍ച്ച, എന്നീ മൂന്ന് ആധാരശിലകളായിരുന്നു അദ്ദേഹം തന്റെ ദൗത്യമായി കണ്ടെത്തിയത്. പ്രവാസി സമൂഹങ്ങളുടെ അജപാലനപരവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ സ്ഥിതിഗതികളു പ്രശ്‌നങ്ങളും ചിട്ടയോടുകൂടി പഠിക്കുകയും അജപാലന ശുശ്രൂഷാരംഗത്തെ സാധ്യതകളും വെല്ലുവിളികളും തൊട്ടറിയുകയുമായിരുന്നു അദ്ദേഹം. പ്രവാസി പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അജപാലന ശുശ്രൂഷകളുടെ കാര്യക്ഷമതയും പ്രവാസികളുടെ കൂട്ടായ്മയും അവരുടെ വ്യാപകമാവുന്ന അജപാലനാവശ്യങ്ങളും കണ്ടറിഞ്ഞ അദ്ദേഹം, ‘സന്തോം മിഷന്‍’ എന്ന നവനാമധേയത്തിനു കീഴില്‍ ഒമ്പത് റീജനുകളായി ഇന്ത്യയിലെ മുഴുവന്‍ സീറോ മലബാര്‍ പ്രവാസി സമൂഹങ്ങളേയും ക്രമീകരിച്ചു. തമിഴ് റീജിന്‍ (തമിഴ്‌നാട്, പോണ്ടിച്ചേരി), സതേണ്‍ (ആന്ധ്ര, തെലുങ്കാന), സൗത്ത് സെന്‍ട്രല്‍ (കര്‍ണാടക, ഗോവ, മഹാരാഷ്ട്ര), വെസ്റ്റേണ്‍ (ഗുജറാത്ത്, രാജസ്ഥാന്‍, ദാമന്‍ ദിയു, ദാദ്ര ഹവേലി), സെന്‍ട്രല്‍ (മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ), നോര്‍ത്തേണ്‍ (ഉത്തരാഖണ്ഡ്, യുപി) ഈസ്റ്റേണ്‍ (ബീഹാര്‍, ജാര്‍ഖണ്ഡ്), നോര്‍ത്ത് ഈസ്റ്റേണ്‍ (ബംഗാള്‍ ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍), ഐലന്റ് റീജന്‍ (ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍). ഈ പ്രദേശങ്ങളില്‍ നിലവിലുള്ള സീറോ മലബാര്‍ രൂപതകള്‍ റീജനുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റീജനുകളും അവയുടെ കീഴിലുള്ള മേഖലകളും കോ-ഓര്‍ഡിനേറ്റര്‍മാരും പ്രവാസികളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലെ നൂറോളം നഗരങ്ങളിലായി ഇപ്പോള്‍ സാന്തോം മിഷനില്‍ രണ്ടു ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങളുണ്ട്. ഇടവകകളും ദിവ്യബലിയര്‍പ്പിക്കപ്പെടുന്ന സ്റ്റേഷനുകളും 148, സമീപഭാവിയില്‍ സെന്ററുകളായി വികസിക്കാനിരിക്കുന്നവ 146, വിവിധ സംസ്ഥാനങ്ങളിലെ സീറോ മലബാര്‍ പ്രവാസി സമൂഹങ്ങള്‍ 294, ഇപ്പോള്‍ മിഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വൈദികര്‍ 89. ഒമ്പതു റീജനുകളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടു ദ്വീപുകളും സാന്തോം മിഷന്റെ പരിധിയില്‍ പെടും.
രണ്ടായിരം വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള സീറോ മലബാര്‍ സഭ സുവിശേഷപ്രഘോഷണത്തിന്റെ പുതിയൊരു യുഗത്തിലേക്ക് ഷംഷാബാദ് രൂപതയുടെ ഉദയത്തോടെ ചുവടുവയ്ക്കുകയാണ്. നിലവിലുള്ള കേരളത്തിലെ സീറോ മലബാര്‍ രൂപതയുടെ പരിധിക്കു പുറത്ത് ഇന്ത്യ മുഴുവനുമാണ് ഷംഷാബാദ് രൂപതയുടെ അധികാര പരിധി. അതാണ് നിലവിലുള്ള സീറോ മലബാര്‍ മിഷന്‍ രൂപതകളില്‍ നിന്ന ഷംഷാബാദ് രൂപതയെയും അതിന്റെ സാരഥി മാര്‍ റാഫേല്‍ തട്ടിലിന്റെ ദൗത്യത്തെയും വ്യത്യസ്തവും ചരിത്രപ്രധാനവുമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>