വിശ്വാസ തീക്ഷ്ണതയുടെ കരുത്തുറ്റ ശബ്ദം

By on November 1, 2017
2efdc68cc83b6ffe0d9854807267acee09ef8773-tc-img-preview

വിശ്വാസ തീക്ഷ്ണതയുടെ കരുത്തുറ്റ ശബ്ദം

മൂന്നു ലക്ഷത്തോളം വിശ്വാസികള്‍; 61,000 കുടുംബങ്ങള്‍. വിസ്തൃതമായ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംപ്ലാനി നവംബര്‍ എട്ടിന് അഭിഷിക്തനാവുന്നു. പുതിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ആ അജപാലകനെ പരിചയപ്പെടുക…

ക്രൈസ്തവ സമൂഹം എതിര്‍പ്പുകളും വെല്ലുവിളികളും നേരിടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദം വരെയുള്ള ഏതാനും വര്‍ഷങ്ങളായി ആ എതിര്‍പ്പിന് പുതിയ ഭാവരൂപങ്ങള്‍ വന്നിരിക്കുന്നു. സഭയുടെ ആശയപരവും വിശ്വാസപരവുമായ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുകയും അവയ്‌ക്കെതിരെ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ആശയക്കുഴപ്പത്തിലൂടെ സഭാ സംവിധാനങ്ങളെയും സഭാംഗങ്ങളെയും നിര്‍വീര്യരാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇന്ന് സഭ നേരിടുന്ന വെല്ലുവിളി. ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വര്‍ഗീയ പ്രസ്ഥാനങ്ങളും വിശ്വാസവിരുദ്ധ മുന്നേറ്റങ്ങളും മാധ്യമങ്ങളും ചേര്‍ന്നുള്ള അച്ചുതണ്ട് സഖ്യത്തെപ്പറ്റി സഭാ സമൂഹം വേണ്ടത്ര ജാഗരൂകരല്ലെന്നതാണ് സത്യം. എന്നാല്‍ സഭാ നേതൃത്വത്തിലും സഭാംഗങ്ങള്‍ക്കിടയിലും ഇതേപ്പറ്റി ആശങ്ക പുലര്‍ത്തുന്നവരുമുണ്ട്. അവര്‍ പൊതു സമൂഹത്തിനു മുന്നില്‍ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു.
തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നവംബര്‍—–ന് അഭിഷിക്തനാവുന്ന റവ. ഡോ. ജോസഫ് പാംപ്ലാനി വര്‍ത്തമാന കാലത്ത് സഭ നേരിടുന്ന വെല്ലുവിളികളെപ്പറ്റി തികച്ചും ബോധവാനാണ്. സാമ്പ്രദായിക രീതിയിലുള്ള അജപാലന ശുശ്രൂഷയ്ക്കപ്പുറം സഭാപിതാക്കന്മാരും വിശ്വാസികളെ നയിക്കേണ്ട വൈദികരും സന്യസ്തരും അല്‍മായ നേതാക്കളും പുതിയ വെല്ലുവിളികളെ യഥാര്‍ഥ സുവിശേഷ സാക്ഷ്യത്തിലൂടെ എങ്ങനെ നേരിടണമെന്ന അറിവു പകരണം. തന്റേതായ നിലയില്‍ വര്‍ഷങ്ങളായി അതു നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന റവ. ഡോ. പാംപ്ലാനി, പുതിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന അജപാലകനായിരിക്കുമെന്നതില്‍ സംശയമില്ല.
ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’ തുടങ്ങിയ കാലം മുതല്‍ വിശ്വാസ വിരുദ്ധ പ്രസ്ഥാനത്തിനെതിരെ അതു നടത്തിക്കൊണ്ടിരിക്കുന്ന കുരിശുയുദ്ധങ്ങളുടെ മുമ്പന്തിയിലുണ്ടായിരുന്നു റവ.ഡോ. പാംപ്ലാനി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മുഴങ്ങിയിട്ടുണ്ട്, ആളൂര്‍ മാര്‍തോമാ സെന്ററിന്റെ വിശാലമായ അങ്കണത്തില്‍. വാക്കുകളില്‍ കൃത്യതയും ആയിരങ്ങളില്‍ അഗ്നിയും വിശകലനത്തില്‍ തെളിമയുമുള്ള പ്രഗല്‍ഭനായ പ്രഭാഷകനും എഴുത്തുകാരനും ദൈവശാസ്ത്രപണ്ഡിതനുമായ അദ്ദേഹവുമായുള്ള ഊഷ്മളമായ ബന്ധം ‘കേരളസഭ’ യ്ക്ക് അതിന്റെ ദൗത്യനിര്‍വഹണത്തില്‍ എന്നും ആവേശകരമായ പ്രചോദനമായിരുന്നു.
ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റുള്ള റവ.ഡോ. പാംപ്ലാനി, പഠിച്ചതൊക്കെ സാധാരണക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നത് അജപാലന ദൗത്യത്തിന്റെ സുപ്രധാന ഘടകമായി കാണുന്നു. ബൈബിള്‍ പഠനത്തിനും വിജ്ഞാന വ്യാപനത്തിനുമായി 2006ല്‍ അദ്ദേഹം ആരംഭിച്ച ആല്‍ഫ സെന്റര്‍ ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ഈ ദൗത്യമാണ് നിറവേറ്റുന്നത്. വിവിധ രാജ്യങ്ങളിലായി 52 കേന്ദ്രങ്ങളുള്ള ഈ സ്ഥാപനത്തിലൂടെ ആയിരക്കണക്കിനാളുകള്‍ ബൈബിള്‍ സംബന്ധമായ വിഷയങ്ങളില്‍ ബിരുദം നേടി; ആയിരക്കണക്കിനു പേര്‍ പഠനം തുടരുന്നു.
തലശ്ശേരി രൂപത ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ ഡയറക്ടറാണ് 2006 മുതല്‍ അദ്ദേഹം. ആശയവിനിമയത്തിലും വിശകലനത്തിലുമുള്ള അന്യാദൃശ്യമായ പാടവവും നര്‍മം കലര്‍ന്ന വാക്‌ധോരണിയും അദ്ദേഹത്തെ മികച്ച ധ്യാന പ്രഭാഷകനാക്കി. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും ഒരേപോലെ പ്രിയങ്കരമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. ടിവി ചാനലുകള്‍ വഴിയും ക്ലാസുകള്‍ വഴിയും ധ്യാന ചിന്തകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും നേരെ കടന്നാക്രമണങ്ങള്‍ ഉണ്ടായിട്ടുള്ള സന്ദര്‍ഭങ്ങളിലൊക്കെ, മോണ്‍. ഡോ. ജോസഫ് പാംപ്ലാനിയില്‍ ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്നു. ക്രൈസ്തവര്‍ക്കെതിരെ പൊതുവിലും കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ പ്രത്യേകമായും വിവിധ കോണുകളില്‍ നിന്ന് ആക്രമണങ്ങളുണ്ടായപ്പോള്‍, കുടിയേറ്റത്തിന്റെ കഷ്ടപ്പാടും സാഹസികതയും പ്രതീക്ഷിച്ചു കണ്ടു വളര്‍ന്ന കുടിയേറ്റ കര്‍ഷകപുത്രന്‍, അവര്‍ക്ക് സുരക്ഷാകവചം തീര്‍ത്തു.
തലശേരി അതിരൂപതയിലെ ഇരിട്ടി ചരള്‍ ഇടവകാംഗമാണ് റവ.ഡോ. പാംപ്ലാനി. കുടിയേറ്റ കര്‍ഷകരായ പാംപ്ലാനിയില്‍ പി.ഡി തോമസ്-മേരി ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനാണ് ജോസ് എന്ന മോണ്‍. ജോസഫ് പാംപ്ലാനിയില്‍. പിതാവ് അന്തരിച്ചു; അമ്മയും സഹോദരങ്ങളും അദ്ദേഹത്തിന്റെ മെത്രാഭിഷേകത്തില്‍ പങ്കെടുക്കും. 1997 ഡിസംബര്‍ 30ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ലുവെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ്. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം പ്രഭാഷണങ്ങളും എഴുത്തും ധ്യാനങ്ങളും വൈദിക വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളും വഴി തന്റെ പൗരോഹിത്യ ശുശ്രൂഷയെ സാര്‍ഥയമാക്കുന്നു.
വിശ്വാസതീക്ഷ്ണതയുടെയും കഠിനദ്വാനത്തിന്റെയും സുവിശേഷം ജീവിത സാക്ഷ്യമാക്കിയ തലശേരിയുടെ മണ്ണിലും ഏറെ ദൂരങ്ങളിലല്ലാത്ത മലനിരകളിലും ഇനി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് കൈത്താങ്ങായി സമര്‍ഥനായ ഒരു സുഹൃത്തും അജപാലകനും. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ പ്രവര്‍ത്തന മേഖലയായ അതിരൂപതയില്‍ ഇപ്പോള്‍ 61,000 കുടുംബങ്ങള്‍; മൂന്നു ലക്ഷത്തോളം വിശ്വാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>