മുള്‍പ്പടര്‍പ്പിനെ സ്‌നേഹിക്കുന്നവന്‍

By on November 1, 2017
burning-bush-exodus-moses

മുള്‍പ്പടര്‍പ്പിനെ സ്‌നേഹിക്കുന്നവന്‍

ദിലീപച്ചന്‍

ദൈവശാപത്തിന്റെ നിഴലില്‍ വളര്‍ന്നവയാണ് മുള്‍ചെടികള്‍. ഏദനിലെ വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങള്‍ക്കിടയില്‍ സന്തോഷത്തോടെ ജീവിച്ചിരുന്നവരായിരുന്നു ആദിമാതാപിതാക്കള്‍. പാപം ദൈവ മനുഷ്യബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയപ്പോള്‍ ആദത്തിനും ഹവ്വയ്ക്കും ഏദന്‍ നഷ്ടമായി. മനുഷ്യനെ ശപിച്ചുകൊണ്ട് ദൈവം പറഞ്ഞു. ‘നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും. അത് മുള്ളും മുള്‍ചെടികളും നിനക്കായ് മുളപ്പിക്കും,. ഫലവൃക്ഷങ്ങളുടെ തോട്ടത്തില്‍ നിന്ന് മുള്ളുകളുടെ താഴ്‌വാരങ്ങളിലേക്ക് ആദിമാതാപിതാക്കള്‍ക്കു ഇറങ്ങേണ്ടതായിവന്നു. മനുഷ്യന്റെ പാപത്തിനു ദൈവം കൊടുത്ത ശിക്ഷയാണ് മണ്ണില്‍ മുള്ളും മുള്‍ച്ചെടിയുമായി രൂപാന്തരപ്പെട്ടത് എന്നാണ് വേദപുസ്തകഭാഷ്യം.
ശാപത്തിന്റെ കറ മുള്‍ച്ചെടികളുടെ രൂപത്തെ വികൃതമാക്കുകയും സാന്നിധ്യത്തെ ഭയപ്പെടുത്തുന്നതാക്കുകയും ചെയ്തു. ജൈവ ലോകത്ത് മുള്‍ച്ചെടികള്‍ അകറ്റി നിര്‍ത്തപ്പെടാന്‍ തുടങ്ങി. മറ്റു സസ്യങ്ങള്‍ മുള്‍ച്ചെടികളുടെ സാന്നിധ്യത്തെ വെറുത്തു. മൃഗങ്ങള്‍ അവയ്‌ക്കെതിരെ മുഖം തിരിച്ചു. മുള്ളിനെ അറിയാതെ പോലും സ്പര്‍ശിക്കാതിരിക്കാന്‍ മനുഷ്യന്‍ പാദങ്ങളില്‍ ചെരുപ്പു ധരിച്ചു. മുള്‍ച്ചെടികള്‍ വളരാതിരിക്കാന്‍ മനുഷ്യന്‍ അവയെ വേരോടെ നശിപ്പിക്കാന്‍ തുടങ്ങി. മുള പൊട്ടാതിരിക്കാന്‍ വേണ്ടി വിത്തുകളെപ്പോലും മനുഷ്യന്‍ ചുട്ടുകരിച്ചു. ഓരോ മുള്‍ച്ചെടിയിലും മനുഷ്യന്റെ അബോധമനസ് ദൈവശാപത്തിന്റെ വേരുകള്‍ കണ്ടു.
ഒറ്റപ്പെടുത്തലിനോളം വേദന മറ്റൊരു മുറിവിനും ഇല്ല. മുള്‍ച്ചെടികളുടെ ഒറ്റപ്പെടലിന്റെ വേദന ദൈവം കണ്ടു. ദൈവത്തിന് ആരെയും വെറുക്കാന്‍ സാധ്യമല്ലല്ലോ. ‘എല്ലാറ്റിനെയും അങ്ങ് സ്‌നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല. ദ്വേഷിച്ചിരുന്നെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല’ (ജ്ഞാനം 11/24). അതിനാല്‍, ജൈവ ലോകത്ത് ഒറ്റപ്പെടലിന്റെ നൊമ്പരം അനുഭവിച്ചിരുന്ന മുള്‍ച്ചെടികള്‍ക്കിടയിലേക്ക് ദൈവം ഇറങ്ങി വന്നു. മോശയോട് സംസാരിക്കുന്നതിന് ഇരിപ്പിടമായി അവിടുന്ന് മുള്‍ച്ചെടികളെ തിരഞ്ഞെടുത്തു. അവയ്ക്കുള്ളിലെ ജീവരസത്തെ ദഹിപ്പിക്കാതെ അവിടുന്ന് മുള്‍പ്പടര്‍പ്പില്‍ അഗ്നിയായി ആളികത്തി. സ്രഷ്ടാവിന് നിന്നോട് പക്ഷപാതമില്ല എന്നാണ് ആ ഇറങ്ങി വരവില്‍ ദൈവം മുള്‍ച്ചെടികളോട് പറഞ്ഞത്.
മുള്‍പ്പടര്‍പ്പില്‍ മോശയെ കാത്തിരുന്ന വേളയില്‍ ദൈവം മുള്‍ച്ചെടികളോട് പറഞ്ഞിട്ടുണ്ടാകണം. ‘ആരൊക്കെ നിന്നെ വെറുത്താലും അകറ്റി നിറുത്തിയാലും ഒറ്റപ്പെടുത്തിയാലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. കാരണം ഞാന്‍ നിന്റെ സ്രഷ്ടാവാണ്. സസ്യ ജാലങ്ങളുടെ ലോകത്താണ് ഏറ്റവും കൂടുതല്‍ വൈവിധ്യങ്ങളുള്ളത്. മനോഹരങ്ങളായ പുഷ്പങ്ങള്‍ വിരിയുന്നതും സുഗന്ധം പരത്തുന്നതുമായ അനേകായിരം മരങ്ങളും ചെടികളുമുണ്ട്. എന്നാല്‍ ഭൂമിയില്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ ദൈവം തിരഞ്ഞെടുത്തത് പൂക്കളോ സുഗന്ധമോ മനോഹാരിതയോ ഇല്ലാത്ത മുള്‍ച്ചെടികളാണ്. മുള്‍ച്ചെടികളോടു ദൈവത്തിനുള്ള സ്‌നേഹത്തിന്റെ ആഴങ്ങള്‍ നമുക്കിവിടെ കണ്ടെത്താനാകും.
മുള്‍ച്ചെടികള്‍ക്കിടയില്‍ കൊമ്പുകള്‍ ഉടക്കികിടക്കുന്ന മുട്ടനാടിന്റെ ചിത്രം ഉല്‍പത്തി പുസ്തകം 22-ാം അധ്യായത്തിലെ കാഴ്ചയാണ്. ബലിവസ്തുവായ ഇസഹാക്കിനു പകരം ദൈവം ചൂണ്ടികാണിക്കുന്നത് മുള്ളുകള്‍ക്കിടയില്‍ കൊമ്പുടക്കി കിടക്കുന്ന ആ മുട്ടാടിനെയാണ്. കാല്‍വരിയിലെ മരക്കുരിശില്‍ മുള്‍ക്കിരീടം ശിരസില്‍ ധരിച്ചുകൊണ്ട് ബലിവസ്തുവായി കിടക്കുന്ന ദൈവപുത്രന്റെ ചിത്രവുമായി ഇതിനു സാദൃശ്യമുണ്ട്. മോറിയ മലയില്‍ മുള്ളുകള്‍ക്കിടയില്‍ കുടുങ്ങികിടന്ന കുഞ്ഞാട് കാല്‍വരിയില്‍ മുള്‍ക്കിരീടമണിഞ്ഞ് കുരിശിലേറിയവന്റെ പ്രതിരൂപമാണ്.
തന്റെ ഭൗതിക ശരീരത്തിലെ ജീവന്‍ വേര്‍പെടുന്ന വേളയില്‍ തനിക്കു കൂട്ടിരിക്കാന്‍ ദൈവപുത്രന്‍ തെരഞ്ഞെടുക്കുന്നത് മുള്‍ച്ചെടികളാല്‍ മെനഞ്ഞെടുത്ത മുള്‍ക്കിരീടത്തെയാണ്. വിലയില്ലാത്തവരായി ആരുമില്ല എന്നും ലോകം അവഗണിക്കുന്നവയെ ദൈവം കൂടുതലായി പരിഗണിക്കുമെന്നും ഈ രംഗം ഉദ്‌ഘോഷിക്കുന്നുണ്ട്.
മുള്‍പടര്‍പ്പുകള്‍ക്കു പ്രഘോഷിക്കാനുള്ളത് ദൈവ സ്‌നേഹത്തിന്റെ ആഴങ്ങളാണ്. ദൈവശാപത്തിന്റെ ഭാഗമാകാനുള്ള നിയോഗം ഒറ്റപ്പെടലിന്റേയും അകറ്റി നിര്‍ത്തപ്പെടുന്നതിന്റേയും നൊമ്പരമായി മാറിയപ്പോള്‍ ദൈവം തന്നെ അവയുടെ വേദനകളിലേക്കു കൂട്ടിരിക്കുവാന്‍ ഇറങ്ങി വന്നു. സര്‍വ പ്രപഞ്ചവും ഉറ്റുനോക്കിയ കാല്‍വരിയിലെ ബലിയര്‍പ്പണത്തില്‍ ദൈവപുത്രന്‍ മുള്ളുകളെ കിരീടമാക്കി ശിരസില്‍ അണിഞ്ഞപ്പോള്‍ ജീവജാലങ്ങള്‍ മുഴുവന്‍ പിറുപിറുത്തു.
‘എന്തേ മുള്‍ച്ചെടികളോടു മാത്രം അങ്ങേക്കു ഇത്രയും പ്രിയം’ സ്വര്‍ഗം മറുപടി കൊടുത്തു. ‘സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവന്റെയും ഒറ്റപ്പെടുന്നവന്റെയും സ്ഥാനം ദൈവത്തിന്റെ ശിരസിലാണ്. ദൈവത്തിന് ഓരോ സൃഷ്ടികളോടുമുള്ള സ്‌നേഹവും കരുതലും എത്രയോ ഉന്നതമാണ്. ‘ഹാ! ദൈവത്തിന്റെ സമ്പത്തിന്റേയും ജ്ഞാനത്തിന്റേയും അറിവിന്റേയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം! (റോമ 11/33).

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>