• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

കനലായി ജോര്‍ജ് നെല്ലായി

By on November 1, 2017

കനലായി ജോര്‍ജ് നെല്ലായി

ജോസ് തളിയത്ത്

ക്രൈസ്തവ സമൂഹത്തില്‍ ഏറെക്കാലം ജ്വലിച്ചു നിന്ന സാഹിത്യകാരനും വാഗ്മിയും അധ്യാപകനുമായിരുന്നു ജോര്‍ജ് നെല്ലായി. ക്രൈസ്തവനും കത്തോലിക്കാ വിശ്വാസിയും ആയിരിക്കുന്നതില്‍ അഭിമാനിക്കുകയും ആ അഭിമാനം ജീവിക്കുകയും ചെയ്ത ആഭിജാത്യത്തിന്റെ പാദമുദ്രകളാണ് ജോര്‍ജ് നെല്ലായിയുടെ ജീവിതത്തിന്റെ ബാക്കിപത്രം.

ക്രൈസ്തവരെ, പ്രത്യേകിച്ച് കത്തോലിക്കരെ സാഹിത്യത്തിന്റെയും കലയുടെയും വേലിക്കെട്ടിനു പുറത്ത് നിര്‍ത്താന്‍ ശ്രമം നടന്നിരുന്ന കാലത്താണ് വാക്കുകളുടെ ശക്തിയും ആദര്‍ശങ്ങളുടെ തെളിച്ചവുംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ജോര്‍ജ് നെല്ലായി എന്ന കത്തോലിക്കാ സാഹിത്യകാരന്‍ രംഗത്തുവന്നത്. കരുത്തനായ നോവലിസ്റ്റ്, പ്രതിഭാധനനായ നാടകകൃത്ത്, ചെറുകഥാകാരന്‍, വാഗ്മി, അധ്യാപകന്‍, ഉള്‍ക്കാഴ്ചയുള്ള പത്രാധിപന്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന ജോര്‍ജ് നെല്ലായിയെ വേറിട്ടു നിര്‍ത്തിയത് ഉറച്ച ക്രൈസ്തവാവാദര്‍ശങ്ങളാണ്. ധാര്‍മിക മൂല്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ രചനകള്‍, വിശ്വമാനവികതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉജ്ജ്വല സൃഷ്ടികളായിരുന്നു.
ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുപോന്ന ജോര്‍ജ് നെല്ലായി കേരളത്തിലെ കത്തോലിക്കാ സമൂഹത്തിന് എക്കാലത്തും ഉയര്‍ത്തിക്കാട്ടാവുന്ന ബഹുമുഖ പ്രതിഭയായിരുന്നു. 1934ല്‍ ഇരിങ്ങാലക്കുടയില്‍ നെല്ലായി വീട്ടില്‍ ജനിച്ച അദ്ദേഹം 1997 ഓഗസ്റ്റ് 20നാണ് അന്തരിച്ചത്.
ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയും വിശ്വാസവും എന്നും കെടാതെ സൂക്ഷിച്ച ക്രൈസ്തവ വീക്ഷണത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ഒട്ടേറെ സ്വകാര്യ ദുരന്തങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി. പിതാവിന്റെയും മകന്റെയും ഭാര്യയുടെയും സഹോദരഭാര്യയുടെയും അകാലമരണങ്ങള്‍ ഒന്നിനു പുറകേ മറ്റൊന്നായി പിന്തുടര്‍ന്നപ്പോഴും, അദ്ദേഹം നിരാശനായില്ല. ജീവിതം പ്രത്യാശ നിറഞ്ഞതാണെന്നും മുന്നില്‍ ഇരുട്ടുമാത്രം കാണുന്നുവെന്ന് തോന്നുമ്പോഴും, അകലെ നമ്മെ നയിക്കാന്‍ ഒരു പ്രകാശമുണ്ടെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ വായനക്കാരോട് പറഞ്ഞു. ക്രൈസ്തവ സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ദൂരീകരിക്കുവാന്‍ അദ്ദേഹം തന്റെ തൂലിക പടവാളാക്കി. നാല്‍പതു വര്‍ഷത്തിനകം അദ്ദേഹം നാന്നൂറിലധികം കഥകള്‍ എഴുതി. നോവല്‍, നാടകം, ഏകാങ്കം, ചെറുകഥ, യാത്രാവിവരണം തുടങ്ങിയ മേഖലകളിലായി അമ്പതോളം പുസ്തകങ്ങളെഴുതി.
സാഹിത്യവും കലയും ക്രൈസ്തവര്‍ക്ക് വഴങ്ങില്ലെന്നു വിധിച്ചിരുന്ന സാഹിത്യത്തമ്പുരാക്കന്മാരുടെ മുന്‍നിരയിലേക്ക് സ്വന്തമായ ഇരിപ്പിടം നീക്കിയിട്ട് ഇരുപ്പുറപ്പിച്ചു ജോര്‍ജ് നെല്ലായി.
തൃശൂരില്‍ നിന്നു 1952ല്‍ ആരംഭിച്ച തൊഴിലാളി വാരികയിലും പിന്നീട് 1954 മുതല്‍ തൊഴിലാളി പത്രത്തിലും സഹപത്രാധിപരായി പത്രപ്രവര്‍ത്തനരംഗത്ത് കടന്നുവന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി, തൃശൂര്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്, ഇരിങ്ങാലക്കുട ഹിന്ദി പ്രചാര മണ്ഡല്‍, സഹൃദയവേദി തുടങ്ങിയ വേദികളില്‍ കരുത്തുറ്റ സാന്നിധ്യമായിരുന്നു. നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയപ്പോഴും അതിനേക്കാളേറെ അദ്ദേഹം വിലമതിച്ചത് തന്റെ കൃതികളെ വായനക്കാര്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നതു കണ്ടപ്പോഴാണ്. തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകളിലെ വിവിധ പള്ളികളിലും സംഘടനകളിലും വാര്‍ഷികങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ജോര്‍ജ് നെല്ലായിയുടെ മുഴങ്ങുന്ന സ്വരത്തിന്റെ ഗാംഭീര്യം അക്കാലത്ത് അവിഭാജ്യഘടകമായിരുന്നു.
രാക്കിളി, സന്ധ്യാപ്രകാശം, വൃശ്ചികക്കാറ്റ്, കടത്തുവഞ്ചി, പൂജാപുഷ്പം, സര്‍പ്പക്കാട് തുടങ്ങിയവയാണ് നോവലുകള്‍. ക്ഷമാപണം, പുകഞ്ഞകൊള്ളി പുറത്ത്, നീ മാലാഖയാണ് തുടങ്ങിയ നാടകങ്ങളും കണ്ണിമാങ്ങ, നീലപ്പാവാട, വേനല്‍ക്കാറ്റ് തുടങ്ങിയ ഏകാങ്കങ്ങളും ഘോഷയാത്ര, മുല്ലമൊട്ടുകള്‍, കടലാനകള്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും അദ്ദേഹത്തിന്റെ രചനകളില്‍ ചിലതാണ്.
എസ്എസ്എല്‍സി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പഠിച്ചു പാസായശേഷം സാമ്പത്തിക ഞെരുക്കംമൂലം പഠനം മുടങ്ങിയ വ്യക്തിയാണ് ജോര്‍ജ് നെല്ലായി. സ്വപ്രയത്‌നം കൊണ്ടും ത്യാഗപൂര്‍വമായ അധ്വാനംകൊണ്ടും പ്രതിബന്ധങ്ങളെ അതിജീവിച്ചു എങ്കിലും ജീവിതത്തോട് തോല്‍വി സമ്മതിക്കാന്‍ അദ്ദേഹം തയാറായില്ല. ഭൂമിയിലെ തങ്ങളുടെ പരിമിതമായ ജീവിതകാലത്ത് അനേകര്‍ക്ക് വെളിച്ചം പകര്‍ന്നവരുടെ കഥകള്‍ ഇന്നത്തെ തലമുറയ്ക്ക് ആവേശം പകരേണ്ടതാണ്. അത്തരമൊരു ജീവിതചിത്രമാണ് ജോര്‍ജിന്റേത്. ക്രൈസ്തവനും കത്തോലിക്കാ വിശ്വാസിയും ആയിരിക്കുന്നതില്‍ അഭിമാനിക്കുകയും ആ അഭിമാനം ജീവിക്കുകയും ചെയ്ത ആഭിജാത്യത്തിന്റെ പാദമുദ്രകളാണ് ഇത്തരം വ്യക്തികളുടെ ചരിത്രത്തില്‍ നാം വായിച്ചെടുക്കുക. സഭയെയും താന്‍ ജീവിച്ചു വളര്‍ന്ന സമൂഹത്തെയും തള്ളിപ്പറയാതെ ഒപ്പം നടക്കുകയും സ്വന്തം സംഭാവനകള്‍കൊണ്ട് ധന്യമാക്കുകയും ചെയ്ത ജീവിതങ്ങളെ അടയാളപ്പെടുത്തി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ചൂണ്ടിക്കാട്ടുകയാണ് മുതിര്‍ന്ന തലമുറയുടെ ദൗത്യം. പ്രതിഭാധനനായിരുന്ന ജോര്‍ജ് നെല്ലായി അത്തരമൊരു അംഗീകാരത്തിന് സര്‍വഥാ യോഗ്യനാണെന്നറിയുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>