വിഷം വമിക്കുന്ന വിമര്‍ശനങ്ങളില്‍ വ്യഥപൂണ്ടൊരു ജനത

By on November 1, 2017
2017-10-28-PHOTO-00001809

വിഷം വമിക്കുന്ന വിമര്‍ശനങ്ങളില്‍ വ്യഥപൂണ്ടൊരു ജനത

ജെ തോട്ട്യാന്‍

‘മെര്‍സല്‍ നായകന്‍ വിജയ് ക്രിസ്ത്യാനിയാണ്. ജോസഫ് വിജയ് എന്ന പേര് അതിന് തെളിവാണ്. ക്രിസ്ത്യാനിയായതിനാലാണ് ബിജെപി സര്‍ക്കാരിന്റെ പുരോഗമന നയങ്ങളെ നായക നടന്‍ കടന്നാക്ഷേപിക്കുന്നത്. മതപരമായ ആശയ തീവ്രതയാണ് മോദി വിരുദ്ധ പ്രചാരണത്തിന് ജോസഫ് വിജയിയെ പ്രേരിപ്പിച്ചത്. ക്ഷേത്രങ്ങള്‍ക്കു പകരം ജനോപകാരപ്രദമായ ആശുപത്രികള്‍ നിര്‍മിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നായകനടന്‍ പള്ളികള്‍ക്കു പകരം ഇത്തരമൊരു പ്രഖ്യാപനം നടത്തുമോ?’ വിവരണങ്ങളും ചോദ്യവുമായി എത്തുന്നത് ബിജെപി പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ. ഒരു തട്ടു പൊളിപ്പന്‍ കൊമേഷ്യല്‍ ചിത്രത്തില്‍ വര്‍ഗീയതയും മതതീവ്രവാദവും കണ്ടെത്തി വിമര്‍ശനങ്ങള്‍ നടത്തി ഒരു ധ്രുവീകരണം നടത്താനുള്ള തീവ്രയത്‌നത്തിലായിരുന്നു ഫാസിസ്റ്റ് പാര്‍ട്ടി പ്രതിനിധി. ഏതുവിധേനയും അടുത്ത തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് സ്വന്തമാക്കാന്‍ വിലകുറഞ്ഞ വിമര്‍ശനത്തിന്റെ ഏതറ്റവും പോകാന്‍ അറപ്പില്ലെന്നാവര്‍ത്തിക്കുകയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നേതാക്കള്‍. ഭരണ പരാജയങ്ങളുടെ തിരിച്ചടികളെ ജാതിമത വര്‍ഗീയ ലേബലുകളൊട്ടിച്ച് അതിജീവിക്കാമെന്ന സംഘപരിവാര്‍ ഗൂഢലക്ഷ്യങ്ങളെ ജനം പുഛിച്ചു തള്ളി. വിഭജനത്തിന്റെ പതിവുശൈലിക്ക് കോമാളിയുടെ പതിവു വിഢിത്തമെന്നലങ്കാരം ചാര്‍ത്തി നല്‍കിയാണ് പ്രബുദ്ധ യുവത ഈ ഭോഷത്തത്തെ നേരിട്ടതെന്ന് മെര്‍സലിന്റെ വിജയം വ്യക്തമാക്കുന്നു. നടന്‍ വിജയിയുടെ മറുപടിക്കുറിപ്പ് അന്ധമായ മതവിരുദ്ധതയ്ക്കുള്ള ഒടുക്കത്തെ ആണിയായി. യേശു രക്ഷിക്കുന്നു (ജീസസ് സേവ്‌സ്) എന്ന തലക്കെട്ടോടെ സി.ജോസഫ് വിജയ് എന്ന മുഴുവന്‍ പേരോടെ ഏവര്‍ക്കും നന്ദി പറഞ്ഞ് പുറത്തിറക്കിയ കത്ത് ഹര്‍ഷാരവത്തോടെ ആരാധക സമൂഹം നെഞ്ചിലേറ്റിയപ്പോള്‍ ഉറക്കം കെട്ടത് വെറിപൂണ്ട് വിവേകമില്ലാത്ത കഥ മെനഞ്ഞവര്‍ക്കാണ്.
യഥാര്‍ത്ഥത്തില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും കുറിച്ച് വിമര്‍ശനാത്മകമായി ചിത്രീകരിച്ച സംഭാഷണങ്ങളാണ് അഭിമാനവാദികള്‍ക്ക് പൊള്ളലേല്‍പ്പിച്ചത്. സിംഗപ്പുരില്‍ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്, കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ലെങ്കിലും ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട് എന്ന നായകനടന്റെ സംഭാഷണവും പോക്കറ്റടിക്കാരനടുത്ത് കാലിയായ പേഴ്‌സുകാട്ടി ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിക്കുന്ന വടിവേലു സംഭാഷണവും കൈയ്യടികളോടെ പ്രേഷകര്‍ പ്രോത്സാഹിപ്പിച്ചതറിഞ്ഞ് കട്ട കലിപ്പിലായിരുന്നു സംഘികള്‍.
സിനിമയില്‍ നിന്ന് രംഗങ്ങള്‍ വെട്ടിമാറ്റണമെന്നുറച്ചായിരുന്നു ബി.ജെ.പി തമിഴ് ഘടകത്തിന്റെ പ്രക്ഷോപം. സെന്‍സര്‍ ചെയ്ത സിനിമയ്ക്കു വീണ്ടും സംഘികത്രിക. കലയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിനുമേല്‍ കൂച്ചുവിലങ്ങുകളുടെ ഭീഷണ തന്ത്രങ്ങള്‍. ഭരണകൂടത്തിനെതിരെയുള്ള ചെറു പരിഹാസങ്ങള്‍ പോലും ഉള്‍കൊള്ളാനാവാത്ത നെഗളിപ്പിന്റെ അസഹിഷ്ണുത. പ്രതികരണവുമായി പലതുറകളിലുള്ളവരെത്തിയപ്പോള്‍ പ്രതികരിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു സംഘം. മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഒരു ധാരണ നല്കുന്നുണ്ട്. ‘കുഞ്ഞുങ്ങളുടെപോലും വെറുപ്പ് സമ്പാദിക്കുന്ന തരത്തിലാണ് സംഘപരിവാറുകാരുടെ വിഡ്ഢിത്തങ്ങളും വിവരക്കേടും മുന്നേറുന്നത്. കലാസൃഷ്ടികള്‍ക്ക് തീര്‍ച്ചയായും രാഷ്ട്രീയമുണ്ടാകും. ആ രാഷ്ട്രീയം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ അത്ഭുതവുമില്ല.സിനിമയുടെ പ്രമേയത്തോടും രാഷ്ട്രീയത്തോടുമുള്ള എതിര്‍പ്പുകള്‍ സാംസ്‌കാരിക വിമര്‍ശനത്തിന്റെ ഉപാധികളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. പക്ഷേ, അതിനുള്ള കോപ്പൊന്നും സംഘപരിവാറുകാര്‍ക്കില്ല. അത് എഴുത്തിന്റെയും വായനയുടേയും മേഖലയാണ്. അവര്‍ക്ക് ആകെ അറിയാവുന്നത് എന്തിലും വര്‍ഗീയ വിഷം തുപ്പാനുള്ള ഉളുപ്പില്ലായ്മയും ആള്‍ക്കൂട്ടത്തിന്റെ തടിമിടുക്കുകൊണ്ട് എല്ലാവരെയും വരുതിയ്ക്കു നിര്‍ത്താമെന്നും ആക്രോശങ്ങളിലൂടെ അനുസരണ നിര്‍മിക്കാമെന്നുമൊക്കെയുള്ള വ്യാമോഹങ്ങളാണ്.’
അതിനിടെ നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ആവശ്യവുമായി അഡ്വ. എ. അശ്വതമന്‍ നല്‍കിയ ഒരു പൊതു താല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതിയുടെ പരാമര്‍ശവും ശ്രദ്ദേയമാണ്. ‘അതൊരു സിനിമ മാത്രമാണ്. യഥാര്‍ഥ സംഭവമല്ല’.
ഇതുകൊണ്ടൊന്നും കനലണയാനിടയില്ല. ചോരകൊതിയന്‍മാര്‍ കാത്തിരിക്കുന്നുണ്ടാകും വാക്കുകളിലെയും വരകളിലെയും വര്‍ണ്ണങ്ങളിലെയും അനിഷ്ടങ്ങളെ കണ്ടെത്തി ചരമകുറിപ്പെഴുതാന്‍. എല്ലാമറിഞ്ഞിട്ടും പ്രതികരിക്കാതെ പ്രോത്സാഹിപ്പിക്കുന്ന പരിപാലകരുടെ ചെന്നായ്‌തോലുകളെയാണ് കൂടുതല്‍ ഭയക്കേണ്ടത്.
യുനെസ്‌കോ പൈതൃകമായ താജ്മഹലിനെതിരെ വര്‍ഗീയ വിഷംതുപ്പി തീവ്ര ഹിന്ദുത്വ നിലപാടുകളുമായി ആര്‍എസ്എസ് കടന്നെത്തിയിരിക്കുന്നത് മറ്റൊരു ദുരന്ത സൂചനയാകാം. താജ്മഹലില്‍ ശിവപൂജ നടത്താന്‍ അനുവാദം നല്‍കണമെന്ന്. പൂജയ്ക്ക് അനുവാദമില്ലെങ്കില്‍ വെള്ളിയാഴ്ചകളില്‍ മുസ്ലീംങ്ങള്‍ നടത്തുന്ന നിസ്‌കാരവും അനുവദിക്കരുതത്രേ. രോഗലക്ഷണം വാദമുഖങ്ങളില്‍ തന്നെ വ്യക്തമാണ്. തിന്നുകയല്ല, തീറ്റിക്കാതിരിക്കലാണ് പ്രധാനം. രണ്ടും നടക്കാതാവുമ്പോള്‍ പൈശാകിമായ നശീകരണ തന്ത്രം പ്രാവര്‍ത്തികമാക്കാമല്ലോ! അതിനുള്ള പടയൊരുക്കങ്ങളാണ് അണിയറയിലെന്ന് നിരീക്ഷകര്‍. താജ്മഹല്‍ നിര്‍മിച്ച ഷാജഹാന്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയെന്നാരോപിച്ച് ബിജെപി എംഎല്‍എ സംഗീത് സോം രംഗത്തുവന്നതും താജ്മഹല്‍ തേജോ മഹല്‍ എന്ന ശിവക്ഷേത്രമായിരുന്നുവെന്നു തെളിവുകളുണ്ടെന്നു പറഞ്ഞ് ആര്‍എസ്എസ് ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ബാലമുകുന്ദ് പാണ്ഡെയും ബിജെപി നേതാവ് വിനയ് കത്യാറും അഭിപ്രായപ്പെടത് അടുത്തൊരു ബാബറി മസ്ജിദിന്റെ പേടി ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതിനിടെയാണ് പുതിയ വിവാദം.
വര്‍ഗീയതയുടെ വിഷവിത്തുകളെറിഞ്ഞ് അധികാരഫലം കൊയ്യാനൊരുങ്ങുന്നവരുടെ കുടിലത തിരിച്ചറിഞ്ഞില്ലെങ്കില്‍ വിലാപങ്ങള്‍ക്കറുതിയുണ്ടാകില്ല. സുബോധമുള്ള ജനത പ്രതിരോധവലയം തീര്‍ക്കാന്‍ സജ്ജമാകട്ടെയെന്ന പ്രാര്‍ത്ഥന സഫലമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>