ദൈവത്തിലാശ്രയിച്ച് സ്‌നേഹ ശുശ്രൂഷയ്ക്കായി ഹൊസൂരിന്റെ ഇടയന്‍

By on November 1, 2017
MSRG Joby

ദൈവത്തിലാശ്രയിച്ച് സ്‌നേഹ ശുശ്രൂഷയ്ക്കായി ഹൊസൂരിന്റെ ഇടയന്‍

ഫാ. ജോമി തോട്ട്യാന്‍

ഹൊസൂര്‍ രൂപത പ്രഖ്യാപനമായി. കാത്തിരിപ്പുകള്‍ക്ക് അറുതിയായി ഇരിങ്ങാലക്കുട രൂപതയുടെ ചെന്നൈ മിഷന്‍ ഒരു തനതു രൂപതയെന്ന യാഥാര്‍ഥ്യത്തിലേക്ക് രൂപപ്പെടുകയാണ്. പ്രഥമ അധ്യക്ഷനായി ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാളായ മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍ സാരഥ്യം ഏറ്റെടുക്കുന്നു. സക്രാരിക്കു മുന്നില്‍ പ്രാര്‍ഥനയോടെ ദൈവത്തിലാശ്രയിച്ച് പരിശുദ്ധ അമ്മയേയും വിശുദ്ധ അന്തോണീസിനെയും കൂട്ടു പിടിച്ച് ലാളിത്യത്തോടെ പൗരോഹിത്യ ശുശ്രൂഷ നടത്തിവരുന്ന ഈ അജപാലകന് പറയാനേറെയുണ്ട്. രജത ജൂബിലി വര്‍ഷത്തില്‍ തിരിച്ചറിവ് എന്നപേരില്‍ 25 തിരിച്ചറിവുകളും 60-ാം പിറന്നാളില്‍ നേരറിവുകളെന്ന പേരില്‍ 60 അനുഭവ അറിവുകളും പുസ്തകമായി പ്രസിദ്ധീകരിച്ച ഈ മനുഷ്യസ്‌നേഹിയുടെ ദര്‍ശനങ്ങള്‍ വേറിട്ടതാണ്. ദൗത്യ വഴികളിലെ പദ്ധതികളും ആശങ്കകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും കേരളസഭയുമായി പങ്കുവയ്ക്കുകയാണ്.

തിരഞ്ഞെടുപ്പിന്റെ വഴികള്‍?
ദൈവത്തിന്റെ പദ്ധതികള്‍ നിഗൂഢങ്ങളാണെപ്പോഴും. ഈ ഒരു തലത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി ദൈവമെന്നെ തിരഞ്ഞെടുത്തുയര്‍ത്തിയതാണെന്ന് എല്ലാവരേയും പോലെ എനിക്കും പൂര്‍ണബോധ്യമുണ്ട്. എന്നും പ്രതിസന്ധികളെ പരമാവധി ഒഴിവാക്കുന്ന പ്രകൃതക്കാരനായ ഞാന്‍ ദൈവാശ്രയത്തമെന്ന ഒറ്റ ബലത്തിലാണ് ഈ ശുശ്രൂഷ ഏറ്റെടുക്കുന്നത്. ചെന്നൈയില്‍ ഒരു രൂപതയുണ്ടാകണമെന്ന ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ ദിവംഗതനായ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ പ്രത്യേക മാധ്യസ്ഥം ഈ പ്രഖ്യാപനത്തിന് പുറകിലുണ്ടെന്ന ഉറച്ച വിശ്വാസമാണെനിക്ക്. പിതാവിന്റെ മാധ്യസ്ഥ സഹായം തുടര്‍ന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞാനെപ്പോഴും. സിനഡ് തീരുമാനമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ദൗത്യമെന്നെ അറിയിച്ചപ്പോള്‍ നിഷ്‌കളങ്കമായ പതിവുശൈലി ഒഴിവാകാന്‍ ഒരു ശ്രമം നടത്തിയതാണ്. പക്ഷേ, ദൈവീക പദ്ധതികള്‍ക്ക് എന്നും വിധേയപ്പെട്ടിട്ടുള്ള എനിക്ക് പിതാവിനോട് മറുത്തധികം പറയാന്‍ അവസരം കിട്ടിയില്ല. പ്രായമായ എനിക്കു പകരം നാല്‍പതു നാല്‍പത്തഞ്ചു വയസുള്ള ഒരാളല്ലേ കൂടുതല്‍ അഭികാമ്യമെന്ന ചെറു ചോദ്യത്തിന് സിനഡ് തീരുമാനത്തെ അംഗീകരിക്കുക എന്നതായിരുന്നു മറുപടി. 1997 മുതല്‍ 2006 വരെ ചെന്നൈയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും ഇപ്പോഴത്തെ അവസ്ഥയില്‍ രൂപതയെ നയിക്കാന്‍ വേണ്ട ശൈലികളും എന്നിലെ കഴിവു’കുറവു’കളും കൃത്യമായി പരിശോധിച്ചിട്ടായിരിക്കാം തീരുമാനമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പദ്ധതികള്‍ ഒരുക്കുന്ന തമ്പുരാന് ഈ അയോഗ്യ ദാസനെക്കുറിച്ച് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കാം.
ചെന്നൈയിലെ പ്രവര്‍ത്തന കാലഘട്ടം?
1997 ലാണ് ദിവംഗതനായ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ കല്‍പന പ്രകാരം ചെന്നൈ മിഷനിലെത്തുന്നത്. അയനാവരത്തെ വി. അന്തോണീസ് പുണ്യവാന്റെ നൊവേന തുടങ്ങി വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണമായി അര്‍പ്പിച്ച് മാതാവിന്റെ മധ്യസ്ഥം തേടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സഹ വൈദികര്‍ക്ക് പൂര്‍ണ സ്വാതന്ത്രവും ഉത്തരവാദിത്വവും നല്‍കി പുതു ഇടങ്ങളെ തേടിയിറങ്ങുകയായിരുന്നു ശൈലി. വികേന്ദ്രീകരണം ടാര്‍ഗെറ്റായപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ തീക്ഷ്ണമായി. വ്യക്തി എന്നതിനേക്കാള്‍ കൂട്ടായ്മയ്ക്കു പ്രാധാന്യം നല്‍കിയപ്പോള്‍ ഒത്തൊരുമയോടെ ഒരുപാട് ദൈവീക പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. ബുധനാഴ്ചകളില്‍ നിര്‍ബന്ധമായും വൈദികരെല്ലാവരും ഒത്തു ചേര്‍ന്ന് വിലയിരുത്തുമായിരുന്നു; പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും സ്ഥിര കാഴ്ചകളായിരുന്നു. എല്ലാവര്‍ക്കുമിടയില്‍ ഒരു സ്വന്തത്വം നിലനിന്നിരുന്നു. പുതിയ രൂപതയിലും ഇതുതന്നെയാണ് ഏറെ ആഗ്രഹിക്കുന്നതും ഒരുപാട് പ്രാര്‍ഥിക്കുന്നതും. ദിനചര്യകളില്‍, രാവിലെ പ്രാര്‍ഥനകള്‍ക്കും വിശുദ്ധ ബലികള്‍ക്കും ശേഷം സൈക്കിളില്‍ ഒരു പാക്കറ്റ് കപ്പലണ്ടിയുമായി ഇറങ്ങും. ‘ആടു’കളെയും വീടുകളേയും തേടി ചെന്നൈയിലെ ഇടവഴികളിലൂടെ യാത്ര. പ്രതിസന്ധികള്‍ നിരവധിയായിരുന്നു; പരിഹാരങ്ങള്‍ പലവിധം. പ്രതിബന്ധങ്ങളിലായിരുന്നു കൂട്ടായ്മ പ്രകടമായിരുന്നത്. ആത്മാര്‍ഥതയും പ്രവര്‍ത്തന തീവ്രതയും എന്തും ചെയ്യാന്‍ കെല്‍പുള്ള നിശ്ചയ ദാര്‍ഢ്യവും പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കാനുള്ള മനസുമുള്ള വൈദികരും സിസ്റ്റേഴ്‌സും അല്‍മായ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഒരു ദിവസം കൊണ്ടും ആറുമാസങ്ങള്‍ക്കൊണ്ടും ഒന്നര വര്‍ഷംകൊണ്ടും ദൈവാലയങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. ആവടി, അത്തിപ്പേട്ട്, മുഗൈപേര്‍, ഒട്ടേരി, പെരമ്പൂര്‍, കീള്കട്ടളൈ, ഗൗരിവാക്കം… കൃപയുടേയും കൂട്ടായ്മയുടേയും ഫലംചൂടിയ അത്ഭുതങ്ങള്‍ ഏറെയാണ്.
ഏറ്റെടുക്കുന്ന ദൗത്യത്തെക്കുറിച്ച്?
മദ്രാസ് – മൈലാപ്പൂര്‍, ചെങ്കല്‍പ്പേട്ട്, പോണ്ടിച്ചേരി, വെല്ലൂര്‍, ധര്‍മ്മപുരി തുടങ്ങിയ അഞ്ചു ലത്തീന്‍ രൂപതാതിര്‍ത്തികള്‍ക്കുള്ളില്‍ താമസിക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളെ ഏകോപിപ്പിക്കുക എന്നതാണ് സഭ എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം. സീറോ മലബാര്‍ സഭയുടെ തനതു പാരമ്പര്യത്തിലൂന്നി ആരാധനാക്രമത്തില്‍ അധിഷ്ഠിതമായ ഒരു വിശ്വാസകൂട്ടായ്മയായി ഈ സമൂഹത്തെ രൂപപ്പെടുത്തണം. സമകാലിക വെല്ലുവിളികളില്‍ നിന്ന് സഭയെയും സഭാമക്കളെയും പ്രത്യേകിച്ച് യുവജനങ്ങളെയും സംരക്ഷിക്കുകയും വിശ്വാസധിഷ്ഠിതമായ ഒരു സാക്ഷ്യ ജനതയായി നിലനിര്‍ത്തുകയും ചെയ്യുക എന്ന ശ്രമകരമായ ഒരു ലക്ഷ്യവും മുന്നില്‍ കാണുന്നുണ്ട്. തമിഴ്‌നാട്ടില്‍ വര്‍ധിച്ചുവരുന്ന പ്രവാസി വിശ്വാസികള്‍ക്കായി മാര്‍ തോമ പാരമ്പര്യത്തിന്റെ ശ്രേഷ്ഠതയും തനിമയും നിലനിര്‍ത്തുന്ന വിശ്വാസപ്രഖ്യാപന ശൈലികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി ആത്മീയ ശുശ്രൂഷകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വചനാനുസൃതമായ വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ക്രിസ്തീയ സമൂഹത്തെ പ്രബലപ്പെടുത്തണം. അതോടൊപ്പം ലത്തീന്‍ ആരാധനാ ക്രമത്തില്‍ തുടരുന്ന സീറോ മലബാര്‍ വിശ്വാസികള്‍ക്ക് തനതു പാരമ്പര്യത്തില്‍ വിശ്വാസം പ്രഘോഷിക്കാനും ജീവിക്കാനുമുള്ള സാഹചര്യം സജ്ജമാക്കേണ്ടതുണ്ട്.
നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍?
ഇരിങ്ങാലക്കുട രൂപതയുടെ 33 വര്‍ഷത്തെ ആത്മാര്‍ഥമായ ശുശ്രൂഷയുടെ പരിണിത ഫലമായി അയനാവരം കേന്ദ്രമാക്കി പത്ത് ഇടവകകളും 22ഓളം മിഷന്‍ സെന്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനോടകം പ്രവര്‍ത്തന സജ്ജമാണ്. വ്യത്യസ്ത സന്യാസ സമൂഹങ്ങളുടെ ആതുര – വിദ്യാഭ്യാസ – സാമൂഹിക സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ലഭിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നുണ്ട്. ഹൊസൂര്‍ കേന്ദ്രീകരിച്ച് ഒരു സീറോ മലബാര്‍ വിശ്വാസി കൂട്ടായ്മ ഇതിനോടകം സജീവമാണ്. ലത്തീന്‍ സഭാസമൂഹം തുറവിയോടും സഹമനോഭാവത്തോടും പ്രോത്സാഹന ശൈലിയോടും കൂടെ ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഒരു ബലം.
പ്രതീക്ഷിക്കുന്ന വെല്ലുവിളികള്‍?
ആദ്യകാലഘട്ടത്തില്‍ ഉണ്ടാകാവുന്ന എല്ലാ ആകുലതകളും അരക്ഷിതാവസ്ഥയും സ്വാഭാവികമാണല്ലോ. ഒരു രൂപതയുടെ ഘടനയിലേക്ക് ഹൊസൂറിനെ രൂപീകരിച്ചെത്തിക്കുക ദൈവപരിപാലനയില്‍ മാത്രം നടക്കാവുന്ന ഒരത്ഭുതമാണല്ലോ. ഇരിങ്ങാലക്കുട രൂപതയുടെ പ്രവര്‍ത്തന ഫലമായി രൂപീകരിക്കപ്പെട്ട സമൂഹങ്ങളൊഴികെയുള്ളിടത്തെ സീറോ മലബാര്‍ സഭാംഗങ്ങളെ കണ്ടെത്തി ഒന്നിച്ചു ചേര്‍ക്കുക എന്നത് ശ്രമകരം തന്നെയാണ്. ശുശ്രൂഷയ്ക്കായി വൈദികരേയും സന്യസ്ത സമൂഹങ്ങളിലുള്ളവരേയും ഹൊസൂര്‍ രൂപത ശൈലിയില്‍ ലഭിക്കേണ്ടതുണ്ട്. ഇത്രനാള്‍ തുടര്‍ന്നുവന്ന ആരാധനക്രമ ശൈലികളില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നും ഒരു ക്രമീകൃത രൂപത – ഇടവക ഭരണക്രമത്തിലേക്ക് സമൂഹത്തെ പരുവപ്പെടുത്തേണ്ടതുണ്ട്. ഭാഷ – സാംസ്‌കാരിക – സാമൂഹിക പശ്ചാത്തലങ്ങളില്‍ ഒരു പൈതൃക സഭയെ കാലഘട്ടത്തിന് അനുരൂപമായി രൂപീകരിച്ചെടുക്കാന്‍ നിതാന്ത ജാഗ്രത അത്യന്താപേഷിതമാണ്. ലത്തീന്‍ രൂപതകളില്‍ നിന്ന് ഇനിയങ്ങോട്ടുള്ള പ്രതികരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളായിട്ടില്ല. സാമ്പത്തിക മേഖല എല്ലാ സംവിധാനങ്ങളേയും പോലെ ആദ്യ കാലഘട്ടങ്ങളില്‍ ഒരാശങ്കതന്നെയാണ്.
വഴി നടത്തുന്ന ശക്തി സ്രോതസുകള്‍?
ദൈവാശ്രയത്വമാണ് പ്രവര്‍ത്തനോര്‍ജം. വിശുദ്ധ കുര്‍ബാനയാണ് ജീവിത ശക്തി കേന്ദ്രം. ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ ഒരു മണിക്കൂറെങ്കിലും ആയിരിക്കാത്ത ദിനങ്ങളില്ല. അനുദിന പ്രാര്‍ഥനയിലാണ് അത്ഭുതങ്ങളുണ്ടാകുക എന്നത് അനുഭവിച്ചറിഞ്ഞ സത്യമാണ്. വിശുദ്ധ കുര്‍ബാനയും പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥവും വിശുദ്ധ അന്തോണീസ് പുണ്യവാന്റെ ഇടപെടലും ജീവിതത്തില്‍ എന്നും കരുത്താണ്. മാതാപിതാക്കള്‍ ചെറുപ്പം മുതല്‍ എന്നെ അഭ്യസിപ്പിച്ച ഭക്തിയുടെ പാഠങ്ങള്‍ ജീവിതത്തില്‍ ഒരു പാട് അനുഭവങ്ങളൊരുക്കിയിട്ടുണ്ട്. അനാവശ്യമായി ആരെയും പ്രകോപിപ്പിക്കാതിരിക്കാനും ശാന്തതയോടെ പ്രതിസന്ധികളെ തരണം ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. റിസ്‌കുകളെ വിവേകപൂര്‍വം ഒഴിവാക്കാന്‍ ഇടയ്ക്ക് ബോധപൂര്‍വം ശ്രമങ്ങള്‍ നടത്താറുണ്ട്. സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ശ്രദ്ധിച്ചാല്‍ ഏറെ ഗുണകരമാണെന്ന് അനുഭവങ്ങളിലൂടെ പഠിച്ചറിഞ്ഞതാണ്. കൂട്ടായ്മയും കൂട്ടുത്തരവാദിത്വവുമാണ് വിജയമന്ത്രമെന്ന നേരറിവുണ്ട്.
ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍?
എന്റേതായ പദ്ധതികള്‍ ഒന്നുമില്ലെന്നതാണ് ഒരു പദ്ധതി. എല്ലാം ദൈവത്തിന്റെ പദ്ധതികള്‍മാത്രം. ദൈവത്തിനൊരു പദ്ധതിയുണ്ട് അത് നിറവേറണം. ദൈവത്തിലാശ്രയിച്ച് എല്ലാം ആരംഭിക്കണം. ഈ ശുശ്രൂഷയില്‍ ജീവിത ലാളിത്യം അനിവാര്യമാണെന്നും പദവിയല്ല, ശുശ്രൂഷയാണ് പ്രധാനമെന്നും പൂര്‍ണ ബോധ്യമുണ്ട്. രൂപതാ പ്രഖ്യാപനവും മെത്രാഭിഷേക ശുശ്രൂഷകളും നൂത്തന്‍ചേരി കത്തീഡ്രലായി രൂപപ്പെടുന്ന ദൈവാലയത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ നവംബര്‍ 22 ന് നടത്തുന്നു. അന്നേ ദിവസം തന്നെ ‘ഹെല്‍പ് എ ഫാമിലി ഇന്‍ ഹൊസൂര്‍’ എന്ന ഒരു സഹായധന പദ്ധതി വ്യത്യസ്ഥ സഹായ മേഖലകള്‍ക്കായി രൂപപ്പെടുത്താന്‍ ആഗ്രഹമുണ്ട്. അഭിവന്ദ്യ പിതാക്കന്മാരുടേയും ശുശ്രൂഷയ്‌ക്കെത്തുന്ന വൈദികരുടേയും സിസ്റ്റേഴ്‌സിന്റെയും വിശ്വാസികളുടേയും അഭിപ്രായങ്ങളും പൊതു നിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് രൂപതയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതിയ പദ്ധതികള്‍ രൂപപ്പെടുത്തണം. ലഭിച്ചിട്ടുള്ള അജപാലന മേഖലയെ അഞ്ച് ഘടകങ്ങളായി തിരിച്ച് പ്രവര്‍ത്തനങ്ങളെയും ശുശ്രൂഷകളേയും ഏകോപിപ്പിക്കാനും വിപുലപ്പെടുത്താനും വികേന്ദ്രീകരിക്കാനുമായാല്‍ നല്ലതെന്ന ആശയമുണ്ട്. പ്രവാസികള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുന്ന കര്‍മ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കണം. കത്തോലിക്കാ സഭയുടെ വിശ്വാസപ്രബോധനങ്ങളും പാരമ്പര്യങ്ങളുമനുസരിച്ച് സീറോ മലബാര്‍ സഭയുടെ തനതു പാരമ്പര്യങ്ങളും ആരാധനാക്രമവും പിന്‍ തുടര്‍ന്ന് കാലഘട്ടത്തിനനുസൃതമായി ഒരു മാര്‍ഗരേഖ ഒരുക്കണം. മലയാളം ഇംഗ്ലീഷ് തമിഴ് ഭാഷകളിലായി പ്രാര്‍ഥനകളും വൈവിദ്യങ്ങളായ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക അനുരൂപണ ശൈലിയില്‍ സത്തചോരാതെ തയ്യാറാക്കുന്നത് ഏറെ പ്രയോജനകരമായിരിക്കാം. ‘ദൈവത്തിലാശ്രയിച്ച് ഒരു സ്‌നേഹ ശുശ്രൂഷയ്ക്കായി’ എന്ന ആപ്തവാക്യം തിരഞ്ഞെടുത്തത് പ്രയോഗികമാക്കി ദൈവം ഭരമേല്‍പ്പിച്ച ഈ ദാനത്തെ കഴിയും വിധത്തില്‍ വിപുലപ്പെടുത്തുന്ന താലന്തുകളാക്കി തിരികെ നല്‍കണമെന്ന വലിയ പ്രതീക്ഷയോടെയാണ്. പ്രാര്‍ഥനകൊണ്ടും നിര്‍ദ്ദേശങ്ങള്‍കൊണ്ടും തിരുത്തലുകള്‍കൊണ്ടും വ്യത്യസ്ഥ സഹായങ്ങള്‍കൊണ്ടും ഏവരും കൂടെയുള്ളപ്പോള്‍ അത്ഭുതങ്ങളുമായി ദൈവം വഴി നടത്തുമെന്നും ഉറച്ച വിശ്വാസമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>