വിസ്മൃതികളില്‍ നിന്നും സ്മൃതികളെ അനശ്വരമാക്കി ഷെവ. ജോര്‍ജ് മേനാച്ചേരി

By on December 20, 2017
E mail

വിസ്മൃതികളില്‍ നിന്നും സ്മൃതികളെ അനശ്വരമാക്കി
ഷെവ. ജോര്‍ജ് മേനാച്ചേരി

ഫാ. ജോമി തോട്ട്യാന്‍

”പൗരാണികതയെ പാവനമായി സൂക്ഷിക്കാനാകണം. പാരമ്പര്യങ്ങളുടെ മഹത്വമറിയണം. ചരിത്ര സത്യങ്ങളെ വക്രത കൂടാതെ പരിപാലിക്കാനാകണം. സീറോ മലബാര്‍ തനതു പാരമ്പര്യങ്ങളുടെ കലവറയായ ചുമര്‍ ചിത്ര സങ്കേതങ്ങളും പഴമയുടെ അടയാളങ്ങളായ ശേഷിപ്പുകളും വരും തലമുറയ്ക്ക് പ്രചോദനമാകത്തക്കരീതിയില്‍ സംരക്ഷിക്കണം. പുതുക്കി പണിയല്‍ ഫാഷനുകള്‍ക്കു നടുവില്‍ പരമ്പരാഗത സമ്പാദ്യങ്ങള്‍ ബലികഴിക്കാനിടവരുത്.”

സ്മൃതികളിലുറങ്ങുന്ന ചരിത്ര സത്യങ്ങളെ അനശ്വര യാഥാര്‍ത്ഥ്യങ്ങളാക്കുക…വ്യതിരക്തതയുള്ള സാംസ്‌കാരിക പാരമ്പര്യങ്ങളെ തനിമ ചോരാതെ ചരിത്ര പാഠങ്ങളാക്കുക… പൗരാണിക കലാ സങ്കേതങ്ങളിലെ നേരറിവുകള്‍ പരിരക്ഷിച്ച് ജന ഹൃദ്യമാക്കുക… മാര്‍ തോമാ പാരമ്പര്യ മഹത്വം തലമുറകളുടെ ഊര്‍ജ്ജമാക്കുക…നീളുകയാണ് ചരിത്ര-സാംസ്‌കാരിക-ഭാഷാ-മത-കലാ പണ്ഠിതനായ ഷെവ. ജോര്‍ജ് മേനാച്ചേരിയുടെ കര്‍മ്മമേഖലകള്‍.
‘ദ സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ ഓഫ് ഇന്ത്യ’ ‘ഇന്ത്യന്‍ ചര്‍ച്ച് ഹിസ്റ്ററി ക്ലാസിക്‌സ്’ എന്നീ ബൃഹത് ഗ്രന്ഥങ്ങളിലൂടെ ഭാരത ക്രൈസ്തവ ചരിത്രവും സാംസ്‌കാരിക പൈതൃകവും ലോകത്തെങ്ങുമെത്തിക്കാന്‍ പ്രയത്‌നിച്ച ഒരു സാംസ്‌കാരിക ചരിത്ര ഗവേഷകനാണ് ഷെവ. ജോര്‍ജ് മേനാച്ചേരി.
സാധിക്കാവുന്ന വിഷയങ്ങളിലെല്ലാം അറിവ് സമ്പാദിക്കണമെന്ന തീവ്രമായ അഭിലാഷവും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള അഭിവാഞ്ജയും ജീവിത ശൈലിയായിരുന്ന ഈ വിജ്ഞാനദാഹിയുടെ വൈവിധ്യങ്ങളായ പഠനമേഖലകള്‍ ഏവരിലും അത്ഭുതമുണര്‍ത്തും. 1938 ഏപ്രില്‍ രണ്ടിന് ഒല്ലൂര്‍ എരിഞ്ഞേരി (മേനാച്ചേരി) കൊച്ചൗസേപ്പ് കുഞ്ഞേത്തി ദമ്പതികളുടെ ആറാമത്തെ മകനായി ജനിച്ച ഈ വിജ്ഞാനദാഹി ചെറുപ്പം മുതലേ വായനയില്‍ തല്‍പരനായിരുന്നു. മറ്റു കുട്ടികളുമായി കളിക്കുന്നതിനോ കൂട്ടുകൂടുന്നതിനോ അനുവാദമില്ലാതിരുന്നതിനാല്‍ ചങ്ങാതികളെല്ലാം പുസ്തകങ്ങളായിരുന്നു.
അമ്മവീട്ടില്‍ താമസിച്ച് ബാല്യകാലപഠനം നടത്തിയ കാലഘട്ടത്തില്‍ കാട്ടൂരുള്ള അപ്പൂപ്പന്റെ വകയായി വീട്ടിലെ ലൈബ്രറിയില്‍ സുക്ഷിച്ചിരുന്ന ആയിരത്തോളം വൈവിധ്യങ്ങളായ പുസ്തകങ്ങളും മാസികകളും വായനയ്ക്ക് പ്രചോദനം നല്‍കി. പിതൃഗൃഹത്തിലെ പുസ്തകങ്ങളും ഹിന്ദു പത്രവും ബാല്യകാലസഖികളായിരുന്നിരിക്കാം.
ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ ചെറുപ്പത്തിലേ വായിച്ചു വളരാന്‍ സാധിച്ചത് മഹാഭാഗ്യമായാണ് ഇന്നു കാണുന്നത്. തൃശ്ശിനാപ്പിള്ളി കോളജിലെ ലൈബ്രറി ശരിക്കും പ്രയോജനപ്പെടുത്തിയവരില്‍ ഇദ്ദേഹവുമുണ്ട്. രണ്ടാം ഭാഷയായി ഫ്രഞ്ചും ഹിന്ദിയുമെടുത്താല്‍ ഉയര്‍ന്ന മാര്‍ക്കു ലഭിക്കുമായിരുന്നിട്ടും മലയാളം രണ്ടാം ഭാഷയായി എടുത്ത് പഠിച്ചത് പ്രത്യേക താല്പര്യം കൊണ്ട് തന്നെ. ഒല്ലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹെസ്‌കൂള്‍ വിദ്യാഭ്യാസം. ബിഎ, എംഎ പഠനങ്ങള്‍ തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ്‌സ് കോളജ്, തൃശൂര്‍ സെന്റ് തോമസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍.
കേരള സര്‍വകലാശാലയില്‍ പിഎച്ച്ഡി ക്ക് ചരിത്രത്തില്‍ രജിസ്ടര്‍ ചെയ്തങ്കിലും ഗൈഡ് ഡോ. മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്ന് തീസിസ്സ് പൂര്‍ത്തിയാക്കാനായില്ല. ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ ഡോക്ടറല്‍ പഠനം. പൂനാ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും 1957 ല്‍ ഡിപ്ലോമ. വേള്‍ഡ് അസംബ്ലി ഓഫ് യൂത്തിന്റെ പരിശീലനം (അലോക, മൈസൂര്‍ 1963).
വിദ്യാഭ്യാസം, ചരിത്രം, സംസ്‌കാരം, ദൈവശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഐടി, ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം നേടി.
മൂന്നു ദശാബ്ദക്കാലം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1992 ല്‍ ഗവേഷണത്തിനും പ്രസിദ്ധീകരണത്തിനുമായി സ്വയം വിരമിക്കുന്നതുവരെ പിജിപ്രൊഫസറും വകുപ്പ് തലവനുമായിരുന്നു. ശാസ്ത്രീയമായ പഠനത്തിലൂടെ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുവാനും ഉയര്‍ന്നക്ലാസുകള്‍ നേടിക്കൊടുക്കാനും സാധിക്കാവുന്ന ‘പെറ്റ് തിയറി’യെന്ന സ്വന്തം സങ്കേതം പരീക്ഷിച്ച് വിജയിച്ചത് ഒരു ചരിത്രമാണ്.
മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയിലും മറ്റു ചില തിയോളജി സെമിനാരികളിലും വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന ഈ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ ഒരു തനിമ പ്രകടമായിരുന്നു.
സ്വന്തം പത്രാധിപത്യത്തില്‍ ഒരു കൈയെഴുത്തുമാസികയൊ, റിട്ടണ്‍ ആഴ്ചപതിപ്പോ, അച്ചടി മാസികയോ അഞ്ചാം ക്ലാസുമുതല്‍ ബിരുദം നേടുന്നതുവരെ എല്ലാ ക്ലാസുകളിലും പ്രസിദ്ധീകരിച്ചിരുന്ന ഈ വിദ്യാര്‍ഥി അക്കാലഘട്ടത്തിലെ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങള്‍ എഴുതിയിരിക്കുന്നു. ഡിഗ്രികാലഘട്ടത്തില്‍ സ്വന്തം പ്രയത്‌ന ഫലമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്ന ഒമാ ടശരസ മാസികയില്‍ കേരളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ എഴുതിയിരുന്നു. കേരള ക്രോണിക്കിള്‍ എന്ന ഇംഗ്ലീഷ് പത്രത്തില്‍ കോളമിസ്റ്റ്, 1978 മുതല്‍ മലയാളം എക്‌സ്പ്രസ്സില്‍ ലേഖകന്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രശോഭിച്ച എഴുത്തുകാരന്‍ എം.ടി യുടെ കാലത്ത് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘പള്ളികളിലെ കല’ എന്ന സുദീര്‍ഘ ലേഖന പരമ്പരയിലൂടെ കേരളത്തിലങ്ങോളമിങ്ങോളം എല്ലാവരുടേയും പ്രശംസയേറ്റുവാങ്ങി.
തൃശൂരില്‍ ആരംഭിച്ച അല്‍മായ നേതൃത്വ പരിശീലന കേന്ദ്രത്തിന്റെ ദീര്‍ഘകാല ഡയറക്ടറായി പ്രവര്‍ത്തിച്ച ഈ ദീര്‍ഘദര്‍ശിയാണ് ഇതിന്റെ പ്രാരംഭകനും പരിപാലകനും. ന്യൂമാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലത്ത് അസോസിയേഷന്റെ ചാപ്ലിന്‍ ജനറലായിരുന്ന ഫാ. ബലേഗറുമായി ഇടപഴകാനും ഭാരതത്തിലങ്ങോളമിങ്ങോളമുള്ള നിരവധി കോളജുകള്‍ സന്ദര്‍ശക്കുവാനും അവസരം ലഭിച്ചത് ഭാഗ്യം തന്നെ.
1965 ല്‍ സഹ അദ്ധ്യാപകരുമായി ചേര്‍ന്ന് ആരംഭിച്ച ഐഫല്‍ ബുക്‌സ് എന്ന പ്രസിദ്ധീകരണ – വില്‍പനശാല ഒടുവില്‍ സ്വന്തമായി ഏറ്റെടുത്ത് നടത്തേണ്ടി വന്നത് ചരിത്ര നിയോഗമാകാം. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുടെ 35 കൃതികള്‍ ഒന്നിച്ച് പ്രസിദ്ധീകരിച്ച് തുഛമായ വിലയ്ക്ക് സാധാരണക്കാരിലെത്തിക്കാന്‍ 1967 ല്‍ ആരംഭിച്ച ഭാരതീയ സാഹിത്യ സമിതി നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു.
ദുക്‌റാന, ക്രിസ്റ്റ്യന്‍ ഓറിയന്റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക പത്രാധിപ സമിതിയിലും ജേര്‍ണല്‍ ഓഫ് സെന്റ് തോമസ് ക്രിസ്ത്യന്‍സ് പത്രാധിപ സമിതിയിലും അംഗമായിരുന്ന ഈ സര്‍ഗപ്രതിഭ കേരള സാഹിത്യ അക്കാദമിയുടെ മലയാളം ലിറ്റററി സര്‍വ്വേയുടെ ചിഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
മാര്‍പാപ്പ സന്ദര്‍ശന സ്മരണികയുള്‍പ്പെടെ ഒരു ഡസനോളം സ്മരണികകളുടെ ചീഫ് എഡിറ്ററോ, സഹ പത്രാധിപരോ ആയി പ്രവര്‍ത്തിച്ച ഷെവ. മേനാച്ചേരി, 1978ലെ മാര്‍പാപ്പ തിരഞ്ഞെടുപ്പിന് വത്തിക്കാന്‍ അക്രഡിറ്റേഷന്‍ ലഭിച്ച ഏക ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറ് പത്ര പ്രവര്‍ത്തകരില്‍ അറുപതു പേര്‍ക്കു കോണ്‍ക്ലേവ് ഏരിയ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചതില്‍ ഒരാളായിരുന്നു ഇദ്ദേഹം. കോണ്‍ക്ലേവിലേക്ക് കര്‍ദ്ദിനാളന്മാര്‍ പ്രവേശിക്കുന്നതിനു പ്രാരംഭമായുള്ള ‘മാസ് ഫോര്‍ ദ ഇലക്ഷന്‍ ഓഫ് ദി പോപ്പ്’ കവര്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ട പതിനാല് പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരിലും ഷെവ. മേനാച്ചേരി ഉള്‍പ്പെട്ടിരുന്നു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ജോണ്‍പോള്‍ രണ്ടാമന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതും ഉടനെ മാര്‍പാപ്പയോട് സംസാരിക്കാന്‍ സാധിച്ചതും അദ്ദേഹം ഇന്നും തിരുശേഷിപ്പു പോലെ സൂക്ഷിക്കുന്നു.
സഭാചരിത്രവും സംസ്‌കാരവും അതോടൊപ്പം കേരള ഭാരത സംസ്‌കാരങ്ങളും കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ പല പണ്ഡിതന്മാര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും സംഘടനകള്‍ക്കും പ്രചോദനമാകതക്ക രീതിയില്‍ രുപപ്പെട്ട സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ ഒരു അത്യപൂര്‍വ്വ സംഭാവനയാണ്. ഇന്ത്യന്‍ ചര്‍ച്ച് ഹിസ്റ്ററി ക്ലാസിക്‌സിന്റെ പ്രഥമ വാല്യമായ നസ്രാണീസും എന്‍സൈക്ലോപീഡിയയുടെ കേരള വാല്യത്തിന്റെ വിപുലീകരിച്ച പതിപ്പായ തോമാപീഡിയയും ലോകമെമ്പാടുമുള്ള പണ്ഡിതലേകം വരവേറ്റത് ഏറെ താല്പര്യത്തോടെയാണ്.
ദീപിക ക്രിസ്ത്യന്‍ ഡയറക്ടറിയുടെ പ്രസിദ്ധീകരണത്തിലും നല്ല പങ്കുവഹിച്ച ഇദ്ദേഹത്തിന്റെ മറ്റു കൃതികളാണ് ‘പള്ളിക്കലകളും മറ്റും’ (1984) ‘കൊടുങ്ങല്ലൂര്‍ സിറ്റി ഓഫ് സെന്റ് തോമസ്’ (1987) ‘ഡൈവുണ്‍ണ്ടര്‍ബാറെ ജെകസ്‌തെ ഡെര്‍ നസ്രാണീസ് ഓഡര്‍ മലബാര്‍ ക്രിസ്ത്യന്‍ വോണ്‍ ഹെയ്‌ലിഗന്‍ ടോമസ്’ (1994 ജര്‍മ്മന്‍) ‘കൊടുങ്ങല്ലൂര്‍ ക്രാഡില്‍ ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യ’ (2000) ‘ഗ്ലീംപ്‌സസ് ഓഫ് നസ്രാണി ഹെറിറ്റേജ്’ (2005) ‘പാതിരായ്ക്ക് ഒരു ഇറങ്ങിപ്പോക്ക്’ (2005) തുടങ്ങിയവ.
ഓള്‍ ഇന്ത്യ റേഡിയോ, വത്തിക്കാന്‍ റേഡിയോ, മറ്റു പാശ്ചാത്യ റേഡിയോ നിലയങ്ങള്‍ ഇവയിലൂടെ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഈ പ്രഭാഷകന്‍ ബ്രിട്ടീഷ്, അമേരിക്ക, ജര്‍മ്മന്‍, ഇന്ത്യ ടിവി ചാനലുകളില്‍ നിരവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. നവോദയ അപ്പച്ചന്റെ ഡല്‍ഹി ദൂരദര്‍ശനില്‍ നിന്നുള്ള ‘ബൈബിള്‍ കീ കഹാനിയാം’ എന്ന ദേശീയ പരമ്പരയില്‍ ഗവേഷണം, പ്രോപ്പര്‍ട്ടി ഇവയ്ക്ക് ചുക്കാന്‍ പിടിച്ചു. ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (ഇംഗ്ലീഷിലും മലയാളത്തിലും) ഏഴരപ്പള്ളികള്‍, ‘അല്‍ഫോന്‍സാമ്മ’ തുടങ്ങി നിരവധി ഡോക്ക്യുമെന്ററികള്‍ക്ക് സ്‌ക്രിപ്റ്റും നേതൃത്വവും നല്‍കിയിട്ടുണ്ട്. മാര്‍പാപ്പാ തെരഞ്ഞെടുപ്പുകള്‍, ജോണ്‍പോള്‍ രണ്ടാമന്റെ മരണം, മദര്‍ തെരേസയുടെ ബിയാറ്റിഫിക്കേഷന്‍ എന്നിങ്ങനെയുള്ള നിരവധി കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ചുള്ള ടി.വി പരിപാടികളില്‍ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
കേരളഗവണ്‍മെന്റ് ആര്‍ക്കിയോളജിക്കല്‍ അഡൈ്വസറി ബോര്‍ഡ് (1975- 1982) കേരള ഹിസ്റ്ററി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം (1974-1984) കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം (1982-1984) നാഷണല്‍ വൈസ് പ്രസിഡന്റ് ന്യൂമന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (1964-1972) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം (1980-1984) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂറ്ററി ഫിനാന്‍സ് കമ്മിറ്റി അംഗം (1981-1985) തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം (1978-2008) തൃശൂര്‍ കലാസദന്‍ പ്രസിഡന്റ് (1985-1993) തൃശൂര്‍ സഹൃദയ വേദി സ്ഥാപക മെമ്പര്‍, തൃശൂര്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ മ്യൂസിയം ക്യൂറേറ്റര്‍ ഡയറക്ടര്‍ (1980 മുതല്‍) ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് തമിഴ്‌നാട് മെമ്പര്‍, ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, ലൈഫ് മെമ്പര്‍ എല്‍എസ്പിഎസ്സ്എസ്സ് ആയുര്‍വേദ കോയമ്പത്തൂര്‍, ഒല്ലൂര്‍ ഐഐറ്റി ഫൗണ്ടിംങ് സമിതിയംഗം, ഡയോസിഷ്യല്‍ മീഡിയാ കമ്മിഷന്‍ ചെയര്‍മാന്‍, ആര്‍ച്ച് ഡയോസിഷന്‍ ആര്‍ക്കൈവ്‌സ് കമ്മീഷന്‍ മെമ്പര്‍, പാലയൂര്‍ ഡവലപ്‌മെന്റ് കമ്മീഷന്‍ മെമ്പര്‍, പലയൂര്‍ മ്യൂസിയം തീര്‍ഥാടനകേന്ദ്രം കമ്മിറ്റി മെമ്പര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ ചെയര്‍ ഗവേണിംഗ് ബോഡി അംഗം, കേരള ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് സൊസൈറ്റി ഫൗണ്ടര്‍ പ്രസിഡന്റ്, സെന്‍സര്‍ ബോര്‍ഡ് പ്രസിദ്ധീകരണവിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ നിലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഷെവ. മേനാച്ചേരി സര്‍ഗ-കൃയാശേഷിയുടെ പ്രകടഭാവങ്ങളാണ്.
ഇന്ത്യയിലെ സഭാ റീജിയണ്‍ സെമിനാര്‍ (1968) ചര്‍ച്ച് ഇന്‍ ഇന്ത്യ നാഷണല്‍ സെമിനാര്‍ ബാംഗ്ലൂര്‍ (1969) പാക്‌സ്‌റൊമാന, അമേരിക്കന്‍ നാഷണല്‍ ഡയറക്‌ടേഴ്‌സ് ന്യൂയോര്‍ക്ക് (1972) യുഎസ് കാത്തലിക് കൗണ്‍സില്‍, എസ്. പെറ്റീഷണര്‍ – ഒബ്‌സര്‍വര്‍ അറ്റ്‌ലാന്റാ, യുഎസ്എ (1972) ന്യൂയോര്‍ക്ക് സെമിനാര്‍ ഓണ്‍ഫൈവ് ഡയമന്‍ഷനല്‍ പെയിന്റിംഗ് റോം (1978) തുടങ്ങി നിരവധി സമ്മേളനങ്ങളില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുകയോ അദ്ധ്യക്ഷത വഹിക്കുകയോ ചെയ്തിട്ടുണ്ട്.
ചരിത്രം, സംസ്‌കാരം, കലകള്‍, കലാവസ്തുക്കള്‍, വാസ്തു ശില്‍പം ഇവയുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തിലേറെ ഫോട്ടോകള്‍ എടുക്കുകയോ, എടുപ്പിക്കുകയോ ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ 1300ല്‍ ഏറെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിടുണ്ട്. ഇന്ത്യയുടെ ഒരു ചരിത്രഭാഷ സംസ്‌ക്കാരിക അറ്റ്‌ലസ് ഉള്‍പ്പെടെ നിരവധി മാപ്പുകളും ഗ്രാഫുകളും സ്‌കെച്ചുകളും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രിന്റ് ഇലക്‌ട്രോണിക് മീഡിയകള്‍ക്കു പുറമേ തന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുവാന്‍ 1966 മുതല്‍ അന്താരാഷ്ട്ര ഭാഗഭാഗിത്തമുള്ള പുസ്തക പ്രദര്‍ശനങ്ങളും 1971 മുതല്‍ ചരിത്ര സാംസ്‌കാരിക – കലാ പ്രദര്‍ശനങ്ങളും നടത്തിവരുന്ന ഇദ്ദേഹത്തിന്റെ വേള്‍ഡ് ഓഫ് ബുക്‌സ് എക്‌സിബിഷനുകള്‍, പനോരമ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യാനിറ്റി എക്‌സിബിഷനുകള്‍ തുടങ്ങിയവ പ്രധാനങ്ങളാണ്. നിരവധി മ്യൂസിയങ്ങളുടെ കണ്‍സള്‍ട്ടന്റ് കൂടിയാണ് ഷെവ. മേനാച്ചേരി കൈവയ്ക്കാത്ത ശാസ്ത്ര സാങ്കേതിക – സാംസ്‌കാരിക സാഹിത്യ രംഗങ്ങള്‍ വിരളമാണ്. നിരവധി അവാര്‍ഡുകളും ഉപഹാരങ്ങളും ലഭിച്ചിട്ടുള്ള ഈ പ്രതിഭ പാണ്ഡിത്യം കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും അനിതരസാധാരണമായ സര്‍ഗവൈഭവം കൊണ്ടും കലാ-സാംസ്‌കാരിക-ചരിത്ര-സഭാ മേഖലകളിലെ ഒരു അപൂര്‍വതയാണ്.
”പൗരാണികതയെ പാവനമായി സൂക്ഷിക്കാനാകണം. പാരമ്പര്യങ്ങളുടെ മഹത്വമറിയണം. ചരിത്ര സത്യങ്ങളെ വക്രത കൂടാതെ പരിപാലിക്കാനാകണം. സീറോ മലബാര്‍ തനതുപാരമ്പര്യങ്ങളുടെ കലവറയായ ചുമര്‍ ചിത്ര സങ്കേതങ്ങളും പഴമയുടെ അടയാളങ്ങളായ ശേഷിപ്പുകളും വരും തലമുറയ്ക്ക് പ്രചോദനമാകത്തക്കരീതിയില്‍ സംരക്ഷിക്കാനാകണം. പുതുക്കി പണിയല്‍ ഫാഷനുകള്‍ക്കു നടുവില്‍ പരമ്പരാഗത സമ്പാദ്യങ്ങള്‍ ബലികഴിക്കാനിടവരുത്.” ഷെവ. ജോര്‍ജ് ആഹ്വാനം ചെയ്യുന്നു.
”ആധുനിക കാലഘട്ടത്തില്‍ തുറന്ന മനസ്സോടെ സഭൈക്യമനോഭാവത്തില്‍ സാമൂഹ്യ പ്രശ്‌നങ്ങളെ പുരോഗമന ഭാവങ്ങളോടെ കണ്ട് ലോകത്ത് സാക്ഷ്യമാകാന്‍ ക്രൈസ്തവര്‍ക്കാകണം. വേരുകളുടെ ആഴമറിഞ്ഞാലേ വൃക്ഷത്തിന്റെ വളര്‍ച്ചയുടെ സാധ്യതകള്‍ തിരിച്ചറിയാനാകൂ. പാരമ്പര്യ സുകൃതങ്ങളുടെ മൂല്യമറിഞ്ഞ് നല്ല നാളുകളിലേക്ക് പുതു ചരിത്രമൊരുക്കാന്‍ നവ തലമുറ സന്നദ്ധരാകണം.” ദര്‍ശനങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ യത്‌നിക്കുന്ന സര്‍ഗധനന്റെ ആശംസ.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>