കേരളത്തില്‍ ഭീതി നിറച്ച് കറുത്ത കുര്‍ബാന, കണ്‍മുന്നിലെ കണ്‍മണികളും ഇരകള്‍

By on December 28, 2017
Black Mass

കേരളത്തില്‍ ഭീതി നിറച്ച് കറുത്ത കുര്‍ബാന
കണ്‍മുന്നിലെ കണ്‍മണികളും ഇരകള്‍

കേരളത്തില്‍ കറുത്ത കുര്‍ബാനയും സാത്താന്‍ സേവയും പ്രബലമാവുകയാണ്. വ്യാപക ദുരന്തമാകാവുന്ന ഇതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയണം. പ്രതിരോധിക്കാന്‍ വിവേക പൂര്‍വ്വമായ കരുതല്‍ നടപടികള്‍ അനിവാര്യമാണ്.

ഫാ. ജോമി തോട്ട്യാന്‍

‘ന്യൂ ഇയറിനോടനുബന്ധിച്ച് ആയിരം കന്യകമാരെ പൂര്‍ണ നഗ്നരാക്കി കൊച്ചിയില്‍ പ്രത്യേക രഹസ്യ പ്രാര്‍ഥന സാത്താന്‍ ആരാധകര്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്…’ ‘താമരശേരി രൂപതയിലെ ചെമ്പുകടവ് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നിന്നും ക്രിസ്മസ് ദിവ്യബലി മധ്യേ കറുത്ത കുര്‍ബാനയ്ക്ക് പരിശുദ്ധ കുര്‍ബാന മോഷ്ടിച്ച ആറുപേര്‍ അറസ്റ്റില്‍…’ ‘നന്തന്‍കോട് കൂട്ടകൊലപാതക പ്രതി കേഡല്‍ ജിന്‍സന്‍ സാത്താന്‍ സേവ നടത്തിയിരുന്നതായി പോലീസ് തിരിച്ചറിഞ്ഞു…’ ‘ആര്‍ത്തവ രക്തം പുരണ്ട പാഡുകള്‍ അമ്മ സാത്താന്‍ സേവകര്‍ക്ക് വിറ്റതറിഞ്ഞ് ഭീതിവിട്ടുമാറാതെ യുവതി…’ ഈ അടുത്തകാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് പ്രാധാന്യമേറുകയാണ്. കറുത്ത കുര്‍ബാനയും സാത്താന്‍ സേവയും കേരളത്തില്‍ പടരുകയാണ്. ജില്ലകളുടെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പതിനൊന്നും കോഴിക്കോട് നാലും തിരുവനന്തപുരത്ത് എട്ടും ആലപ്പുഴയില്‍ അഞ്ചും കോട്ടയത്ത് മൂന്നും തൃശൂരില്‍ ഒമ്പതും സജീവ കേന്ദ്രങ്ങളുണ്ടെന്നും സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തിലും മാനസിക വൈകാരിക മേഖലകളിലും സാമൂഹ്യ ക്രമത്തിലും മതാത്മകതയിലും ആത്മീയതയിലും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ അപഭ്രംശനം ഏറെ ആശങ്കകളോടും അതിലേറെ കരുതലോടുംകൂടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്.
അപഭ്രമംശനത്തിന്റെ ചരിത്രവഴി
ഫ്രാന്‍സിന്റെ രാജ്ഞിയായിരുന്ന കാതറിന്‍ ഡി മെറീച്ചി 1500 കളില്‍ കറുത്ത കുര്‍ബാന എന്ന പേരിലും, 1600 കളില്‍ ലൂയി 16 -ാമന്റെ കാലത്ത് എതിരാളികളെ ഇല്ലാതാക്കാന്‍ ‘ബ്ലാക്ക് മോര്‍ച്ചറി മാസ്’ എന്ന പേരിലും ഇത്തരം ആചാരങ്ങള്‍ നടത്തിയിരുന്നതായി തെളിവുകളുണ്ട്. 17-18 നൂറ്റാണ്ടുകളിലെ നാടകങ്ങളിലും കലകളിലും സംഗീതത്തിലും ഇതിന്റെ പ്രവണതകള്‍ പ്രകടമായിരുന്നു. 1896 ല്‍ ‘ബ്ലാക്ക് മാസ്’ എന്ന പേരില്‍ കുറേക്കൂടി ചിട്ടവട്ടങ്ങളോടുകൂടിയ ആരാധനാ ശൈലികള്‍ രൂപപ്പെട്ടു.
ഫ്രാന്‍സിലും റഷ്യയിലും ഇംഗ്ലണ്ടിലും ഇത് വ്യാപകമായി. എന്നാല്‍, സാത്താന്‍സേവ വിഭാഗക്കാരുടെ സംഘടിത പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ആന്റണ്‍ എസ്. ലാവേയാണെന്നാണ് ചരിത്ര ഭാഷ്യം. നൈറ്റ് ടെംബ്ലര്‍, ദി ഹെല്‍ഫയര്‍ ക്ലബ്, ദി ഹെര്‍മിറ്റിക് ഓര്‍ഡര്‍, ദി ഗോള്‍ഡന്‍ ഡോണ്‍, അലിസ്റ്റര്‍ ക്രോലീ തുടങ്ങിയവരുടെ ആശയങ്ങള്‍ കൂട്ടിചേര്‍ത്ത് ഒരു സംഘടിത സംവിധാനത്തിന് ആന്റണ്‍ രൂപം നല്കി. 1966 ഏപ്രില്‍ മുപ്പതിനോ ജൂണ്‍ ആറിനോ ആയി തലമുണ്ഡനം ചെയ്ത് ‘ചര്‍ച്ച് ഓഫ് സാത്താന്‍’ എന്ന പേരില്‍ പ്രസ്ഥാനം ആരംഭിച്ചു. സാത്താന്‍ ആരാധകരുടെ അടിസ്ഥാന ഗ്രന്ഥമായ ‘സാത്താനിക ബൈബിള്‍’, ‘സാത്താനിക അനുഷ്ഠാനങ്ങള്‍’ എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ രൂപപ്പെടുത്തി അനുഷ്ടാനങ്ങള്‍ക്ക് രൂപരേഖ നല്‍കി.
ക്രൈസ്തവ സഭയുടെ കൂദാശകളെയും അനുഷ്ഠാനങ്ങളെയും ആരാധനാ ക്രമരീതികളെയും വികലവും വികൃതവുമായ രീതിയില്‍ അനുകരിച്ച് രൂപപ്പെടുത്തിയ ഈ അനുഷ്ഠാന വിധികള്‍ അനുയായികള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടി. ലവേയുടെ രണ്ടാം ഭാര്യ ഡയാനയെ ഉയര്‍ന്ന പുരോഹിതയും മക്കളെ പ്രചാരകരുമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. മകള്‍ കാര്‍ല യൂണിവേഴ്‌സിറ്റികളിലും സുഹൃത്തുക്കള്‍ക്കിടയിലും സാത്താനിക തത്വങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും എടുത്ത ക്ലാസുകള്‍ യുവാക്കളെ വലയില്‍ വീഴ്ത്തതക്ക രീതിയിലുള്ളവയായിരുന്നു.
ദൈവ വിശ്വാസത്തോടും വ്യവസ്ഥാപിത സംവിധാനങ്ങളോടും ധാര്‍മിക മൂല്യങ്ങളോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് സുഖം, ലൈംഗീക ആസക്തി, സന്തോഷം, പ്രതികാരം തുടങ്ങിയവയ്ക്ക് അമിത പ്രാധാന്യം നല്‍കി പ്രചരിച്ച ഈ ആചാര രീതിയെ പിന്തുടര്‍ന്നവര്‍ പലവിധക്കാരായിരുന്നു. ഭൂമിയെ ഭരിക്കുന്ന പ്രകൃതിയിലെ കറുത്ത ശക്തിയായ സാത്താനെ സുഖഭോഗങ്ങള്‍, കാമാസക്തി തുടങ്ങിയവയുടെ ആകെ തുകയായ മനുഷ്യന്‍ ആരാധിക്കേണ്ടതാണെന്നും മനുഷ്യനിലെ ജഡികത ആഘോഷിക്കപ്പെടേണ്ടതാണെന്നുമുള്ള ലാവേയുടെ പഠനങ്ങള്‍ അക്കാല മാധ്യമങ്ങള്‍ ആഘോഷമാക്കി. പൂജ്യ വസ്തുക്കളെ അവഹേളിച്ച്, നിന്ദിച്ച് വൈകൃതമായ ബിംബങ്ങളുപയോഗിച്ച് ദുരൂഹമായ ആരാധന രീതികള്‍ പിന്തുടര്‍ന്ന ഈ സംവിധാനം ഒരു തരം അടിമത്വവും ആസക്തിയുമായി ആരാധകര്‍ക്കിടയില്‍ പടര്‍ന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായ ഈ ദുരാചാരം നവമാധ്യമങ്ങളുടെ സ്വാധീനത്താലും പ്രത്യക ഗ്രൂപ്പുകളുടേയും മാഫിയകളുടേയും ഹിഡന്‍ അജണ്ടകളുടെ സ്വാധീനത്താലും കേരളത്തിലും പ്രബലമാണെന്നത് കണ്ണുതുറപ്പിക്കേണ്ട ഒരു അപകട ഭീതിയാണ്.
വൈകൃതമായ ആരാധന രീതികള്‍
സാത്താനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രത്യേക തരത്തിലുള്ള മന്ത്രങ്ങളും ആചാര ക്രമവുമാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ കലഹിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് ഭൂമിയിലേക്ക് പതിച്ച ലൂസിഫര്‍ എന്ന മാലാഖയാണ് അരുടെ ആരാധന പാത്രം. വെള്ളിയാഴ്ചകളിലാണ് പ്രധാനമായും ചടങ്ങുകള്‍ നടക്കുന്നത്. മാസത്തിലെ 13-ാം തിയതി വെള്ളിയാഴ്ചയായി വരുന്ന ദിവസം വിശേഷ ദിനമാണ്. അന്ന് പ്രത്യേക കുര്‍ബാനയും ചടങ്ങുകളും നടത്തുന്നതിന് നേതൃത്വം വഹിക്കുന്നത് വിശിഷ്ട വ്യക്തികളായിരിക്കും. ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചവിട്ടി ആരാധന കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന സാത്താന്‍ സേവകര്‍ മുഖ്യമായും പരിശുദ്ധ കുര്‍ബാനയെ മലിനമാക്കുകയും ലൈംഗീക വൈകൃതങ്ങളിലേര്‍പ്പെടുകയുമാണ് ചെയ്യുന്നത്. മുന്‍ഭാഗം തുറന്ന രീതിയിലുള്ള കറുത്ത കുപ്പായം അണിഞ്ഞ് പുരോഹിതന്‍ സാത്താനെ വാഴ്ത്തിപ്പാടുന്ന പ്രാര്‍ഥനകളോടെ കര്‍മ്മങ്ങളാരംഭിക്കും. കറുപ്പും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ന്ന വസ്ത്രങ്ങളും അന്തരീക്ഷവും ചടങ്ങുകള്‍ക്ക് പശ്ചാത്തലമൊരുക്കും. നഗ്നരായ വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ പങ്കുചേരും. ആര്‍ത്തവ രക്തം പുരട്ടിയ ബൈബിള്‍ വായിക്കുകയും വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ തലതിരിച്ച് വായിക്കുകയും ചെയ്യുന്നത് നിര്‍ബന്ധമാണ്. നഗ്ന സ്ത്രീശരീരത്തെ ബലിപീഠമാക്കി കൂദാശ ചെയ്ത തിരുവോസ്തി മലിനമാക്കിയാണ് ബലിയര്‍പ്പണം. ചിലപ്പോള്‍ പന്നികളേയും ആടുകളേയും കരടികളെയും ബലിപീഠങ്ങളാക്കാറുണ്ട്. പ്രത്യേക പാത്രത്തില്‍ ശേഖരിച്ച ആര്‍ത്തവ രക്തവും പുരുഷ ബീജവും ഉപയോഗിക്കും. മനുഷ്യ തലയോട്ടിയില്‍ നിറച്ചിരിക്കുന്ന മനുഷ്യ മൂത്രം വീഞ്ഞിനു പകരമായി ഉപയോഗിക്കുന്നു. വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ഥനകള്‍ തലതിരിച്ചു ചൊല്ലി ‘ദൈവ’മെന്നിടത്ത് സാത്താനെന്നു തിരുത്തി കറുത്ത കുര്‍ബാന തുടരുന്ന പുരോഹിതന്‍ നഗ്നയായ സ്ത്രീ ബലിപീഠത്തില്‍ വൈകൃത ആചാരങ്ങള്‍ നടത്തി അവസാനം പരസ്യമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആരാധകര്‍ സമൂഹ നൃത്തത്തിനു ശേഷം പരസ്യ ലൈംഗിക ബന്ധങ്ങളില്‍ മുഴുകി ചടങ്ങുകള്‍ക്ക് സമാപനമാകുന്നു. ചിലയിടങ്ങളില്‍ നവജാത ശിശുക്കളെ ബലിയര്‍പ്പിക്കുന്ന മൃഗീയ വിനോദവും മദ്യവും മയക്കുമരുന്നും സുലഭമായി ഉപയോഗിക്കുന്ന ഈ ആരാധനയുടെ ഭാഗമാകാറുണ്ട്. സാമന്യ ബുദ്ധിക്കു നിരക്കാത്ത, ശരീരത്തില്‍ നിന്നും രക്തം ഒഴുക്കുക, മുടി കത്തിക്കുക, അമാവാസി ദിനങ്ങളില്‍ മൂങ്ങയെ കുരുതി കൊടുക്കുക… തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമാകാറുണ്ട്.
വെളിപാടു പുസ്തകത്തിലെ 13:18 അനുസരിച്ച് മനുഷ്യസംഖ്യയായ ’666′ ഇവരുടെ പ്രധാന സംഖ്യ. 13 ഇഷ്ട സംഖ്യയാണ്. തല തിരിഞ്ഞ കുരിശും പഞ്ചഭൂതങ്ങളോടുകൂടിയ നക്ഷത്രത്തിനുള്ളിലെ ഭീകര മുഖവും പൊട്ടിച്ച ജപമാലയും ജപമാലയിലെ വികൃതവും രൂപ മാറ്റം വരുത്തിയതുമായ കുരിശും തലകീഴായ പെന്റഗ്രാമും സാത്താനിക് പദങ്ങളുടെ തിരിച്ചെഴുത്തും പ്രതീകാത്മക ചിഹ്നങ്ങളും ചിത്രങ്ങളും അക്കങ്ങളും എല്ലാം സാത്താന്‍ ആരാധകരുടെ പ്രത്യേക ബിംബങ്ങളാണ്. ചൂണ്ടുവിരലും ചെറുവിരലും ഉയര്‍ത്തിപിടിച്ച കൈ അടയാളം അവര്‍ വ്യാപകമായി ഉപയോഗിക്കുന്നു.
ദുരാചാരമുയര്‍ത്തുന്ന ആകുലതകള്‍
എളുപ്പവഴിയില്‍ പണം സമ്പാദിക്കുന്നതിനും ശത്രുക്കളുടെ ഉല്‍മൂലന നാശത്തിനും അമിതമായ ആസക്തികളുടെ ശമനത്തിനുമായി പ്രയോജനപ്പെടുത്തുന്ന ഈ ദുരാചാരമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. സമൂഹത്തില്‍ ലൈംഗീക അരാചകത്വം പെരുകാനും ധാര്‍മിക മൂല്യങ്ങള്‍ അധപതിക്കാനും കുറ്റകൃത്യങ്ങള്‍ പെരുകാനും ഇത് കാരണമാകുന്നുവെന്നത് പഠനങ്ങള്‍ തെളിയിക്കുന്നു.
അടിസ്ഥാന വിശ്വാസമുള്ളവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ഉന്നത ജോലികളിലേര്‍പ്പെട്ടിരിക്കുന്നവരും വലിയ പാരമ്പര്യമുള്ളവരും വിദ്ധ്യാര്‍ഥികളും പ്രത്യേകിച്ച് ഹോസ്റ്റലുകളില്‍ താമസിക്കുന്നവരും ഈ സംഘടിത പ്രസ്ഥാനങ്ങളുടെ ഇരകളും ഉപഭോക്താക്കളും പ്രചാരകരും സംഘാടകരുമാണെന്നത് അത്യധികം ആപത്കരമാണ്.
ദൈവീക ശക്തിക്കുമേല്‍ പൈശാചിക ശക്തിക്ക് കഴിവുണ്ടെന്ന ധാരണ നന്മയുടെ പൊതു ധാരകള്‍ക്ക് വലിയ വെല്ലുവിളിയാണ്. മൂല്യബോധം നഷ്ടപ്പെട്ട സമൂഹത്തില്‍ മറയില്ലാതെ ധൈര്യമായി തെറ്റുകള്‍ ചെയ്യാനും ആവര്‍ത്തിക്കാനുമുള്ള ഒരു ഉപാധിയായി ഈ ആരാധനാ രീതികളെ പ്രയോജനപ്പെടുത്തുന്നുവര്‍ വര്‍ദ്ധിക്കുകയാണ്. തിന്മയുടെ വഴിയേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം തിന്മകളെ ന്യായീകരിച്ച് തെറ്റുകളെ ‘ശരി’യായി വ്യാഖ്യാനിക്കാനുള്ള മാര്‍ഗ്ഗമായി ഇതു കാണുന്നു.
വിശുദ്ധ കുര്‍ബാന മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നവര്‍ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ ഭയാനകങ്ങളാണ്. പങ്കുചേരാന്‍ പണമില്ലാതാകുമ്പോള്‍ സ്വന്തങ്ങളെ ഒറ്റികൊടുക്കാനും കൂടെയുള്ളവരെ ചതിക്കാനും ഇവര്‍ക്ക് മടിയില്ലെന്നത് സ്വാഭാവികം. മക്കളുടേയും സഹോദരങ്ങളുടേയും നഗ്ന ദൃശ്യങ്ങള്‍ സംഘാടകര്‍ക്കു നല്‍കുന്നതും രക്ത ബന്ധങ്ങളെപ്പോലും മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ വഴിപിഴപ്പിച്ച് അവര്‍ക്കെത്തിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ ബലിപീഠത്തില്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് സാധാരണ കാഴ്ചകളായി മാറുന്നു. കണ്ണു തെറ്റിയാല്‍ കണ്മുന്നിലുള്ളവര്‍ പോലും ഈ കെണിയില്‍ കുരുങ്ങുമെന്നത് പകല്‍ പോലെ വ്യക്തം.
ആദ്യ കാലഘട്ടത്തിലെ അനിയന്ത്രിതമായ എടുത്തു ചാട്ടത്തിനു ശേഷം തിരിച്ചു നടക്കാനാവാത്ത പലരുടേയും മാനസിക നില തെറ്റിയ സംഭവങ്ങള്‍ നിരവധിയാണ്. തിരികെ നടക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കുന്ന വാര്‍ത്തകള്‍ അതിലേറെ. പെരുമാറ്റ വൈകല്യങ്ങളും അമിതമായ ഉന്മാദാവസ്ഥകളും മനോവൈകല്യങ്ങളും ക്രിമിനല്‍ ചിന്താ രീതികളും ഇവരില്‍ പ്രകടമാണ്.
വ്യത്യസ്ത ടീ ഷര്‍ട്ടുകളിലും ആഭരണങ്ങളിലും ജപമാലയില്‍ പോലും സാത്താന്‍ സേവകര്‍ കെണികള്‍ ഒളിപ്പിക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ കഥകളിലും വീഡിയോ ഗെയിമുകളിലും സംഗീതാല്‍ബങ്ങളിലും ഒളിപ്പിച്ചുവയ്ക്കുന്ന സാത്താന്‍ തന്ത്രങ്ങള്‍ തിരിച്ചറിയാതെ പലരും കെണിയില്‍ വീഴുന്നുവെന്നത് യാഥാര്‍ഥ്യമാണ്.
ദര്‍ശനങ്ങളാകേണ്ട മുന്‍കരുതലുകള്‍
ദൈവത്തിലുള്ള വിശ്വാസമാണ് പരമപ്രധാനം; ഒപ്പം വിശ്വാസ സംവിധാനങ്ങളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും. ആഴമേറിയ വിശ്വാസവും വ്യക്തമായ മൂല്യദര്‍ശനവും ജീവിതാവസാനം വരെ കാത്തുവയ്ക്കാന്‍ പരിശ്രമിക്കേണ്ടത് അനിവാര്യമാണ്. കൗതുകങ്ങള്‍ക്ക് പുറകെ പോകാതിരിക്കാനുള്ള ശ്രമമാണ് പിന്നീട് വേണ്ടത്. കെണികള്‍ ഉണ്ടെന്ന് അറിഞ്ഞു തന്നെ കരുതലോടെയായിരിക്കാന്‍ ശ്രദ്ധ വയ്ക്കണം. മനസാക്ഷി കുറ്റം വിധിക്കാനിടവരരുത്. തിരിച്ചുവരാനാഗ്രഹിക്കുന്ന ഉടനെ തീരുമാനമെടുക്കുകയും കൗണ്‍സിലിംങ്ങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രധാന പ്രതിരോധം.
സര്‍ക്കാര്‍-സഭ സംവിധാനങ്ങളുടെ ജാഗ്രതയും പ്രശ്‌ന പരിഹാര നിലപാടുകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സഭ കാലാകാലങ്ങളില്‍ വ്യക്തമാക്കുന്ന നിലപാടുകളും പ്രതിരോധ വഴികളും വ്യക്തമായി അറിയേണ്ടതുണ്ട്. നിയമ സംവിധാനങ്ങളും സുരക്ഷാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തുന്നത് അഭികാമ്യമാണ്. ഭീഷിണികളെ തരണം ചെയ്യാനുള്ള വഴികളെ കണ്ടെത്തണം. കുടുംബത്തിലുള്ളവര്‍ വ്യതിചലനങ്ങള്‍ കാട്ടിതുടങ്ങുമ്പോള്‍ തന്നെ തിരുത്താന്‍ വൈകരുത്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാലുടന്‍ പ്രതികരിക്കാന്‍ സാധ്യതയുള്ള അധികാരികളെ അറിയിക്കാന്‍ മടിക്കരുത്.
സാത്താന്‍ സേവകരുടെ പ്രചാരണ തന്ത്രങ്ങളെ നേരിടാനുള്ള മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. തിന്മയുടെ ശക്തികള്‍ക്കൊരിക്കലും നന്മകൊതിക്കുന്ന ലോകത്ത് സ്ഥാനമില്ലെന്നത് ചെറുപ്പം മുതലേ കുട്ടികളെ അഭ്യസിപ്പിക്കേണ്ടതുണ്ട്. പ്രതീകങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരില്‍ കൂടി ഒരി നെഗറ്റീവ് എനര്‍ജി പ്രകടമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതുകൊണ്ട് വസ്ത്രങ്ങളിലും ആഭരണങ്ങളിലും സാത്താന്‍ പ്രതീകങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കണം. കാഴ്ചകളിലും വായനകളിലും നൃത്തങ്ങളിലും സംഗീതത്തിലും തിരഞ്ഞെടുപ്പുകള്‍ സസൂക്ഷമമാക്കുന്നത് ഒരു പ്രതിരോധമാണ്.
ദൈവത്തിന്റെ ഛായയുള്ളവനാണ് മനുഷ്യനെന്നും തൃഷ്ണകളെ നിയന്ത്രിക്കുന്നവനാണ് യഥാര്‍ഥ സാമൂഹ്യജീവിയെന്നും ഉള്ള തിരിച്ചറിവ് അനിവാര്യമാണ്. നവ മാധ്യമങ്ങളും സാത്താന്‍ സേവ പ്രചാരകരും പ്രയോജനപ്പെടുത്തുന്ന പരസ്യ സംവിധാനങ്ങളോട് ജാഗ്രത പുലര്‍ത്തണം. ലഭിക്കപ്പെട്ട ജീവന്‍ കാത്തുപാലിക്കേണ്ടതാണെന്നും നല്‍കപ്പെട്ട അവസരങ്ങള്‍ നന്മകള്‍ക്കായി പ്രയോജനപ്പെടുത്തേണ്ടതുമാണെന്ന ലക്ഷ്യ ബോധം കാവലായി ഉണ്ടാകണം. കറുത്തകുര്‍ബാനകള്‍ വെളിച്ചമുള്ള ദൈവസൃഷ്ടികളെ മലിനമാക്കി ഇരുട്ടിലെറിയാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>