സ്‌നേഹത്തിന്റെ നീലാകാശം

By on December 28, 2017
fr kuttikkal

സ്‌നേഹത്തിന്റെ
നീലാകാശം
ജോസ് തളിയത്ത്
അനാഥര്‍ക്ക്
അനവധി
അഭയകേന്ദ്രങ്ങള്‍
ഒരുക്കിയ
‘ആകാശപ്പറവകളുടെ കൂട്ടുകാരന്‍’
ഫാ. ജോര്‍ജ്
കുറ്റിക്കല്‍
ഓര്‍മ്മയായി…

ആകാശത്തിലെ പറവകളെ നോക്കുക, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല; എങ്കിലും സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു……
രണ്ടു സഹസ്രാബ്ദം മുമ്പ് യൂദയായിലെ കുന്നിന്‍ മുകളില്‍ നിന്നു മുഴങ്ങിയ ഈ വാക്കുകള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആള്‍രൂപമെടുത്തതായിരുന്നു ദിവ്യകാരുണ്യ മിഷനറി സമൂഹാംഗമായിരുന്ന, ഡിസംബര്‍ 20 നു അന്തരിച്ച ഫാ. ജോര്‍ജ് കുറ്റിക്കല്‍. ഗിരിപ്ര’ാഷണത്തിന്റെ അന്തഃസത്ത സ്‌നേഹമാണെന്നും സമൂഹത്തിലെ ഏറ്റവും നിര്‍ധനരെയും നിരാലംബരെയും അനാഥരെയും സംരക്ഷിക്കുന്നതില്‍പരം ക്രിസ്തുസാക്ഷ്യമില്ലെന്നും ജീവിതം കൊണ്ടു അടിവരയിട്ടു കാണിച്ച മനുഷ്യസ്‌നേഹിയും കാരുണ്യസാന്നിധ്യവുമായിരുന്നു അദ്ദേഹം.
തെരുവുകളില്‍ അലയുന്നവര്‍ക്ക് കയറിക്കിടക്കാനും വിശപ്പടക്കാനും ഒരിടം. അതായിരുന്നു അദ്ദേഹത്തിന്റെ കര്‍മ മണ്ഡലം. 1994 ജനുവരി 18 ന് തൃശൂര്‍ പീച്ചിക്കടുത്ത് ചെന്നായ്പ്പാറയില്‍ അദ്ദേഹം ആരംഭിച്ച ദിവ്യഹൃദയാശ്രമം, പില്‍ക്കാലത്ത് ‘ആകാശപ്പറവകളുടെ കൂട്ടുകാര്‍’ എന്ന പ്രസ്ഥാനത്തിന്റെ ആദ്യകേന്ദ്രമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നൂറിലധികം കേന്ദ്രങ്ങളുണ്ട് ആകാശപ്പറവകള്‍ക്ക്. ഈ കേന്ദ്രങ്ങളില്‍ എത്തുന്ന അവശരെയും അനാഥരെയും പരിചരിക്കാന്‍ ‘ദിവ്യകാരുണ്യ ഉടമ്പടിയുടെ പുത്രന്മാരും പുത്രിമാരും എന്നറിയപ്പെടുന്ന സമര്‍പ്പിത സഹോദരങ്ങളുമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആകാശപ്പറവകളുടെ കേന്ദ്രത്തില്‍ ഒരാഘോഷവേള. ഹാളില്‍ നിറയെ അനാഥത്വത്തില്‍ നിന്ന് ഫാ. ജോര്‍ജ് കുറ്റിക്കല്‍ സനാഥരാക്കിയ നൂറോളം പേര്‍. പല പ്രായക്കാര്‍. ആഹ്‌ളാദപൂര്‍വം അവര്‍ പരിപാടികളില്‍ സംബന്ധിക്കുകയാണ്. മുഖ്യാതിഥിയുടെ ആശംസാനേരമായി. തൃശൂരിലെ ഒരു രാഷ്ട്രീയ നേതാവാണ് മുഖ്യാതിഥി. അദ്ദേഹം പ്രസംഗം ആരംഭിച്ചു. ആദ്യവാചകം ഇങ്ങനെയായിരുന്നു: ‘തെരുവുകളില്‍ അലഞ്ഞുതിരിയുന്ന അനാഥരെയും ഭിക്ഷയാചിക്കുന്നവരെയും തെണ്ടികളെയും അച്ചന്‍ കൊണ്ടുവന്നു ഇവിടെ പാര്‍പ്പിക്കുന്നത് വലിയ കാരുണ്യപ്രവര്‍ത്തിയാണ്. ആ വാചകം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ, കുറ്റിക്കലച്ചന്‍ ഇടപ്പെട്ടു. അദ്ദേഹം പറഞ്ഞു: പ്രിയപ്പെട്ട സാറേ, അങ്ങനെ പറയരുത് എന്റെ മക്കളെ, തെണ്ടികളേയെന്നു വിളിക്കരുത്. അവര്‍ തെണ്ടികളല്ല എന്റെ മക്കളാണ്…. അത്രയും പറഞ്ഞു, അദ്ദേഹം തന്റെ മക്കളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. അവരുടെ മുന്നിലേക്ക് തിരിഞ്ഞു കൈകള്‍ ഉയര്‍ത്തിപ്പറഞ്ഞു; മക്കളേ, നിങ്ങള്‍ തെണ്ടികളോ ആരോരുമില്ലാത്തവരോ അല്ല. നിങ്ങള്‍ക്ക് ദൈവമുണ്ട്, ഞാനുണ്ട്, ഇവിടെയുളളവരൊക്കെയുണ്ട്. സാര്‍ അറിവില്ലാതെ പറഞ്ഞതാണ്. മക്കള്‍ അതു പൊറുക്കണം.
കണ്ഠമിടറി അദ്ദേഹത്തില്‍ നിന്നു ഉതിര്‍ന്നുവീണുടഞ്ഞ വാക്കുകള്‍ക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു. താന്‍ അറിയാതെ പറഞ്ഞു പോയ വാക്കുകള്‍ക്ക് ക്ഷമ ചോദിച്ചാണ് മുഖ്യാതിഥി വേദി വിട്ടത്.
ഇതായിരുന്നു ജോര്‍ജ് കുറ്റിക്കലച്ചന്‍ . നിരാലംബര്‍ക്ക് അ’യം കൊടുക്കുന്നത് യേശുവിനോടുളള അഗാധമായ സ്‌നേഹത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന സ്വാഭാവികമായ നന്മപ്രവാഹമാണെന്നാണ് അദ്ദേഹം സമൂഹത്തിനു ചൂണ്ടിക്കാട്ടി കൊടുത്തത്. സുവിശേഷത്തിലെ ‘ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തപ്പോള്‍, എനിക്കാണ് നിങ്ങള്‍ ചെയ്തു തന്നത്’ എന്ന അന്ത്യവിധി നാളിലെ നീതിയുടെ ശബ്ദത്തിന് നമ്മുടെ കാലത്തും സമയത്തും നിസ്വാര്‍ഥസേവനങ്ങള്‍കൊണ്ട് ജീവിത ഭാഷ്യം രചിക്കുകയായിരുന്നു അറുപത്തേഴ് വര്‍ഷം ദീര്‍ഘിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ.
ആലപ്പുഴ ജില്ലയിലെ പൂക്കാട് പരേതരായ കുറ്റിക്കല്‍ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളില്‍ രണ്ടാമനാണ് റവ.ഫാ. ജോര്‍ജ് കുറ്റിക്കല്‍. 1950 ജനുവരി 11 ന് ജനനം. എംസിബിഎസ് സഭയില്‍ ചേര്‍ന്ന അദ്ദേഹം മറ്റം, പുതുക്കാട്, ലൂര്‍ദ്ദ് ഇടവകകളില്‍ സഹവികാരിയായിരുന്നു. അക്കാലത്താണ് 1992 ല്‍ ഫാ.വര്‍ഗീസ് കരിപ്പേരി, ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. അലക്‌സാണ്ടര്‍ കൂരിക്കാട്ടില്‍ എന്നിവരോടൊപ്പം വെട്ടുകാട് ജയില്‍ മോചിതര്‍ക്കായുളള കേന്ദ്രം സ്ഥാപിച്ചത്- സ്‌നേഹാശ്രമം. അതിന്റെ ചുമതലക്കാരനായിരിക്കുമ്പോഴാണ് ചെന്നായ്പ്പാറയില്‍ ദിവ്യഹൃദയാശ്രമം ആരംഭിച്ചത്. മാര്‍ ജോസഫ് കുണ്ടുകുളം, മുന്‍മന്ത്രി പി.പി ജോര്‍ജ് എന്നിവര്‍ ആ സംരംഭത്തിന് അദ്ദേഹത്തിന്റെയൊപ്പം നിന്നു.
തന്റെ യാത്രകള്‍ക്കിടയില്‍ നിന്നാണ് മാനസികരോഗികളെയും സമൂഹം തെരുവില്‍ ഉപേക്ഷിച്ച ആരോരുമില്ലാത്തവരുടെയും അനാഥജന്മങ്ങള്‍, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ആദ്യമായി ചേക്കേറിയത്. അവര്‍ ആകാശത്തിലെ പറവകളെപ്പോലെയാണെന്ന് അദ്ദേഹം കണ്ടു. അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവര്‍, തെരുവില്‍ ജനിച്ചു തെരുവില്‍ ജീവിച്ചു, തെരുവില്‍ മരിച്ചു വീഴാന്‍ വിധിക്കപ്പെട്ടവരുമുണ്ട് അക്കൂട്ടത്തില്‍. മറ്റു ചിലര്‍, എല്ലാമുണ്ടായിട്ടും, എല്ലാവരുമുണ്ടായിട്ടും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരാണ്. മതനേതാക്കളും രക്ഷിതാക്കളും ബന്ധുക്കളും സ്വന്തക്കാരും വീടുകളില്‍ നിന്ന്, അവരുടെ ജീവിത ചുറ്റുപാടുകളില്‍ നിന്ന്, സുഖങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവര്‍. സമൂഹത്തിന്റെ തുറന്ന ആകാശത്തില്‍ ചേക്കേറാന്‍ ഒരു ചില്ലപോലുമില്ലാതെ, അലയാന്‍ മാത്രം ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നവര്‍. അവര്‍ അങ്ങനെ അലയാന്‍ പാടില്ല. അദ്ദേഹം മനസ്സില്‍ കണ്ടു. അങ്ങനെയാണ് 24 വര്‍ഷം മുമ്പ് ‘ഫ്രണ്ട്‌സ് ഓഫ് ബേര്‍ഡ്‌സ് ഓഫ് ദ എയര്‍’ എന്ന ‘ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രാരംഭം. 1994 ല്‍ ചെന്നായ്പ്പാറയില്‍ തന്റെ സന്യാസസമൂഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ അദ്ദേഹം ആദ്യമായി ദിവ്യഹൃദയാശ്രമം അവര്‍ക്കായി ആരംഭിക്കുകയും ചെയ്തു.
അതുവരെ അനാഥാലയങ്ങളെപ്പറ്റി സമൂഹത്തില്‍ നിലനിന്നിരുന്ന ധാരണകളില്‍ നിന്നു ഭിന്നമായ ജീവിതസാഹചര്യമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ആരോരുമില്ലാത്തവരാണ് അവിടെയെത്തുന്നവരൊക്കെ. ബന്ധുക്കളോ സ്വന്തക്കാരോ സ്വത്തോ ഉടുവസ്ത്രങ്ങള്‍ പോലുമോ ഇല്ലാത്ത ഇവര്‍ക്ക് എല്ലാം നല്‍കുന്ന, എല്ലാം തിരിച്ചു നല്കുന്ന ദിവ്യമായ അഭയകേന്ദ്രം. വിശാലമായ ഒരുപറമ്പില്‍, തണല്‍ മരങ്ങളുടെയും ചെടികളുടെയും സാന്ത്വനത്തണലില്‍ ഏതാനും കൊച്ചു വീടുകള്‍. വിവിധ പ്രായക്കാരായവരെ തിരിച്ചു താമസിപ്പിക്കുന്ന ഓരോ വീടിനും ഒരമ്മ. ഓരോ വീട്ടിലും ഏതാനും അംഗങ്ങള്‍, അവര്‍
കുടുംബാംഗങ്ങളെപ്പോലെ അവിടെ താമസിക്കുന്നു.
രക്തബന്ധങ്ങള്‍ നല്‍കുന്നതിനേക്കാളേറെ സ്‌നേഹം കൊടുത്തും സ്വീകരിച്ചും ജീവിതത്തിന്റെ ആനന്ദം അവരറിയുന്നു. ജീവിതത്തില്‍ കിട്ടാത്തതൊക്കെ, നഷ്ടപ്പെട്ടതൊക്കെ പ്രായമായവരും മധ്യവയസ്‌കരും യുവാക്കളും കുട്ടികളും ഉള്‍പ്പെടുന്ന ഈ കൊച്ചു സമൂഹങ്ങളില്‍ സുലഭം. ഭക്ഷണം തയാറാക്കുന്നതിലും വീട്ടിലെ കൊച്ചുജോലികള്‍ ചെയ്യുന്നതിലും വസ്ത്രങ്ങള്‍ കഴുകുന്നതിലും പച്ചക്കറി കൃഷികള്‍ ചെയ്യുന്നതിലും അവര്‍ ഒരേമനസ്സോടെ ഒന്നിക്കുന്നു. ആശ്രമത്തില്‍ എത്തുന്നവരില്‍ പഠിക്കാന്‍ കഴിവുളളവരെ സ്‌കൂളിലും കോളജിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലും അയച്ചു പഠിപ്പിക്കുന്നു. ആര്‍ക്കും വേണ്ടാതെ ഒടുങ്ങിപ്പോകുമായിരുന്ന എത്രയെത്ര ജീവിതങ്ങളാണ് ആകാശപ്പറവകളുടെ ചിറകിലേറി സന്തോഷവും സമാധാനവും ജീവിതത്തിന് അര്‍ഥവും കണ്ടെത്തിയത്. ചെന്നായ്പാറയിലെ ആദ്യകേന്ദ്രം ഉദ്ഘാടനം ചെയ്തത് വിശുദ്ധ മദര്‍ തെരേസയാണ്. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അമ്മ അത്യധികം ആഹ്‌ളാദിച്ച വേളയായിരുന്നു അത്.
ജോര്‍ജ് കുറ്റിക്കലച്ചന്‍ വിശ്രമത്തിലേക്ക് യാത്രയായെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അദ്ദേഹത്തിന്റെ ദൗത്യം കാര്യക്ഷമമായി ഏറ്റെടുത്തു പോന്നു. ഇന്നും അദ്ദേഹം കൊളുത്തിയ കാരുണ്യത്തിന്റെ കൊച്ചുവിളക്ക് കത്തിജ്വലിക്കുന്നു. സമൂഹത്തിലെ ഉദാരമതികളായ, സന്മനസ്സുളള നിരവധിപേര്‍ ഇത്തരം കേന്ദ്രങ്ങളുടെ അണിയറയില്‍ നിറകയ്യുമായി നില്‍ക്കുന്നുണ്ട്. ആകാശത്തിലെ പറവകളെപോലെ, നാളെയെപ്പറ്റി ഒരു വേവലാതിയുമില്ലാതെ ഈ കേന്ദ്രങ്ങള്‍ നിലകൊളളുന്നു. ദൈവപരിപാലനയിലുളള അടിയുറച്ച വിശ്വാസമാണ് ഇവയുടെ ചാലകശക്തി. ദൈവം വിടര്‍ത്തിയ നീലാകാശത്തില്‍, ദൈവം കൈകൊണ്ടു മെനഞ്ഞെടുത്ത ഈ ഭൂമിയില്‍ ആരും അന്യരോ അനാഥരോ അല്ലായെന്ന് ജീവിതത്തിലും മരണത്തിലും വിളംബരം ചെയ്യുകയാണ് വിടവാങ്ങുന്ന റവ.ഫാ. ജോര്‍ജ് കുറ്റിക്കല്‍.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>