മണ്ണിന്റെ കാഴ്ചകള്‍ മകള്‍ക്കൊരുക്കി വിണ്ണിലേക്ക് അമ്മ

By on December 28, 2017
മണ്ണിന്റെ കാഴ്ചകള്‍ മകള്‍ക്കൊരുക്കി 
വിണ്ണിലേക്ക് അമ്മ

മണ്ണിന്റെ കാഴ്ചകള്‍ മകള്‍ക്കൊരുക്കി
വിണ്ണിലേക്ക് അമ്മ

ജോമിയച്ചന്‍

‘എനിക്കു ജീവിക്കാനുള്ള അവകാശമുള്ളതുപോലെത്തന്നെ എന്റെ കുഞ്ഞിനും ജീവിക്കാനുള്ള അവകാശമുണ്ട്. ഞാനിത്രയും നാള്‍ ഈ ലോകം കണ്ടതല്ലേ ഇനിയെന്റെ കുഞ്ഞു കാണട്ടെ’. എട്ടാം കുഞ്ഞിനെ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ കണ്ടെത്തിയ ക്യാന്‍സറിനു പ്രതിവിധിയായി അബോര്‍ഷന്‍ നിശ്ചയിച്ച ഡോക്ടര്‍മാരോട് സപ്‌ന പറഞ്ഞ മറുപടി.
തൃശൂര്‍ ചിറ്റാട്ടുകര സ്വദേശിയായ ജോജുവിന്റെ ഭാര്യ സപ്‌ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴിസായി അന്ന് ജോലി ചെയ്യുകയായിരുന്നു. ഗര്‍ഭാവസ്ഥയിലെ പരിശോധനകള്‍ക്കിടയിലാണ് സപ്‌ന ക്യാന്‍സര്‍ രോഗ ബാധിതയാണെന്ന് തിരിച്ചറിയുന്നത്. പ്രസിദ്ധ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെല്ലാം അപകട നിലയിലായ സപ്‌നയെ രക്ഷിക്കാന്‍ സാധ്യതകള്‍ തിരഞ്ഞു. അബോര്‍ഷനല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥ. പതറാതെ സപ്‌ന തന്റെ ജീവനേക്കാള്‍ കുഞ്ഞിന്റെ ജനനത്തിന് വാശിപിടിച്ചു. മാസം തികയും മുമ്പ് കുഞ്ഞു പിറന്നു. ഓമനത്തമുള്ള കുഞ്ഞിന് ഫിലോമിനയെന്നു പേരിട്ടു. ദൈവത്തിന്റെ പദ്ധതികള്‍ക്ക് മറുവാക്കുകളില്ലത്രെ! ഒഴിവാക്കാനാവാത്ത ചില സഹനങ്ങളെ ജീവിതത്തില്‍ ഒരുക്കുന്നത് സാക്ഷ്യത്തിനാണെന്ന, ചരിത്ര സത്യം ഇവിടേയും യാഥാര്‍ത്ഥ്യമാവുകയായിരുന്നു. പറഞ്ഞ വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ഡിസംബര്‍ 25-ാം തിയതി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായപ്പോള്‍ 8-ാം കുഞ്ഞ് ഫിലോമിന ലോകത്തിന്റെ കാഴ്ചകള്‍ അമ്മയുടെ മൃതദേഹത്തിനരികിലിരുന്ന് കൗതകത്തോടെ കാണുകയായിരുന്നു. കുഞ്ഞുങ്ങള്‍ ഇല്ലാത്തവരുടെ എണ്ണം പെരുകുകയും ലഭിച്ച കുഞ്ഞുങ്ങളെ നശിപ്പിക്കാനൊരുങ്ങുകയും ചെയ്യുന്നവരുടെ ലോകത്ത് ജോജു – സപ്‌ന ദമ്പതികള്‍ അത്ഭുതങ്ങളുടെ കഥപറയുന്നുണ്ട്.
ജീവന്റെ മഹത്വം തിരിച്ചറിഞ്ഞ്, മക്കള്‍ ദൈവ ദാനങ്ങളാണെന്ന വിശ്വാസത്തില്‍ പതിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഈ ദമ്പതികള്‍ക്ക് മക്കള്‍ എട്ട് പേരാണ്. ഈശ്വര വിശ്വാസത്തില്‍ മക്കളെ വളര്‍ത്തി ക്രൈസ്തവ ചൈതന്യത്തില്‍ ജീവിതം ക്രമപ്പെടുത്തി സ്വപ്‌നങ്ങളുടെ ചിറകുകളിലേറി യാത്ര തുടരുമ്പോഴാണ് മക്കളെയും ഭര്‍ത്താവിനേയും ജീവിത സ്വപ്‌നങ്ങള്‍ ഭരമേല്‍പിച്ച് സപ്‌ന യാത്രയായത്.
തളരാതെ, പ്രത്യാശയോടെ അമ്മമനസ്സിന്റെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ കുഞ്ഞു ഹൃദയങ്ങള്‍ക്ക് കരുത്തുണ്ടാകട്ടെ. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഒറ്റ ചിറകിലേറി പറക്കാന്‍ ജോജുവിന് കൃപ ലഭിക്കട്ടെ. മണ്ണിന്റെ കാഴ്ചകള്‍ക്കപ്പുറത്ത് വിണ്ണിന്റെ കാഴ്ചകള്‍ ആസ്വദിക്കുന്ന സപ്‌ന മാലാഖമാര്‍ക്കൊപ്പം ഇവര്‍ക്ക് കൂട്ടൊരുക്കട്ടെ.
‘എന്റെ ജീവന്‍ കാര്യമാക്കേണ്ട ദൈവമെനിക്കു നല്‍കിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം’ എന്ന വാക്കുകളോടെ ദൈവത്തിന്റെ അരികിലേക്ക് യാത്രയായി വിശുദ്ധ പദവിയിലെത്തിയ വി. ജിയന്ന ബെരെറ്റയുടെ ജീവിത തനിയാവര്‍ത്തനം; ചിലപ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്ന ഒന്ന്, അതാണ് സപ്‌നയുടെ ജീവിതമെന്ന് അടുത്തറിഞ്ഞവര്‍ വ്യക്തമാക്കുന്നു. സ്വജീവന്‍ വെടിഞ്ഞ് കുഞ്ഞിനു ജീവന്‍ നല്‍കാന്‍ മഹത്വമായ തീരുമാനമെടുത്ത ഈ അമ്മ സ്വര്‍ഗ്ഗത്തില്‍ മാദ്ധ്യസ്ഥത്തിന്റെ കരുത്താകുമെന്ന് തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>