ഷംഷാബാദ്: മാര് തട്ടില്‍ ചുമതലയേറ്റു

By on January 9, 2018
shamshabad 3

ഷംഷാബാദ്: മാര് തട്ടില്‍ ചുമതലയേറ്റു
ഡോ. റാഫേല്‍ ആക്കാമറ്റത്തില്‍
ഹൈദ്രാബാദ് : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപത സ്ഥാപിതമായി. പ്രഥമ മെത്രാനായി മാര്‍ റാഫേല്‍ തട്ടിലിനെ അജപാലകന്റെ സ്ഥാനിക പീഠത്തില്‍ ഉപവിഷ്ടനാക്കി. ബാലാജി നഗറിലെ സാന്തോം നഗറില്‍ (സികെആര്‍ ആന്‍ഡ് കെടി ആര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികനായി.
വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം സെക്രട്ടറി ഡോ. സിറിള്‍ വാസില്‍ എസ്‌ജെ. ഹൈദ്രാബാദ് ആര്‍ച്ച് ബിഷപ് ഡോ. തുമ്മ ബാല എന്നിവര്‍ സഹകാര്‍മികരായിരുന്നു. സ്ഥാനാരോഹണത്തിനുശേഷം ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ സന്ദേശം നല്‍കി.
കര്‍ദ്ദിനാള്‍മാരും ആര്‍ച്ച് ബിഷപ്പുമാരും മെത്രാന്‍മാരും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായിട്ടാണ് ബലിവേദിയിലേക്കെത്തിയത്. സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ 55 മെത്രാന്മാര്‍ പങ്കെടുത്തു. ഷംഷാബാദ് രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ പുതിയ രൂപതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു.
മാര്‍ റാഫേല്‍ തട്ടില്‍ നല്‍കിയ തിരി തെളിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി രൂപതയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഷംഷബാദ് രൂപത സ്ഥാപിച്ചുകൊണ്ടും പ്രഥമ മെത്രാനായി മാര്‍ റാഫേല്‍ തട്ടിലിനെ നിയോഗിച്ചുകൊണ്ടും പുറപ്പെടുവിച്ച കല്‍പന പൗരസ്ത്യ തിരുസംഘം അണ്ടര്‍ സെക്രട്ടറി മോണ്‍. ലോറേന്‍സോ ലെറുസോ ലത്തീന്‍ ഭാഷയില്‍ വിയിച്ചു. പേപ്പല്‍ ബുളയുടെ ഇംഗ്ലീഷ് പരിഭാഷ സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സിലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് നിയമന പത്രികകള്‍ മാര്‍ തട്ടിലിനു കൈമാറി.
തുടര്‍ന്ന് കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷകള്‍ തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു ശുശ്രൂഷകള്‍. കൈവയ്പ്പു ശുശ്രൂഷയ്ക്കും ആശീര്‍വാദത്തിനും ശേഷം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അംശവടി കൈമാറുകയും മുടി ധരിപ്പിക്കുകയും ചെയ്തു. കാനോനിക പ്രാര്‍ഥനകള്‍ക്കു പുതിയ മെത്രാനെ സ്ഥാനിക പീഠത്തില്‍ ഉപവിഷ്ടനാക്കി. ഇതോടെ സ്ഥാനാരോഹണകര്‍മം പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>