നീതിപീഠങ്ങളില്‍ സത്യം പുലരട്ടെ, ധര്‍മ്മം ജയിക്കട്ടെ

By on January 31, 2018
article-2734163-20CAAFA800000578-912_634x394

നീതിപീഠങ്ങളില്‍ സത്യം പുലരട്ടെ, ധര്‍മ്മം ജയിക്കട്ടെ
ഫാ. ജോമി തോട്ട്യാന്‍
‘ഒരിക്കല്‍ ജനം നീതിലഭിക്കാന്‍ ന്യായപീഠത്തെ സമീപിച്ചിരുന്നു. ഇന്ന് നീതിപീഠം നീതി തേടി ജനങ്ങള്‍ക്കരികിലെത്തിയിരിക്കുകയാണ്’. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനത്തെ തുടര്‍ന്ന് നവ മാധ്യമങ്ങളില്‍ നിറഞ്ഞ ട്രോളുകളിലൊന്നാണ്.
ഇന്ത്യന്‍ ജനാധിപത്യവും നീതി ന്യായ വ്യവസ്ഥിതിയുടെ സുതാര്യതയും, സ്വാതന്ത്ര്യവും ആപത്കരമായ ഒരു പ്രതിസന്ധിയിലാണെന്ന ആശങ്കപരത്തുകയാണ് സുപ്രീം കോടതിയിലെ കൊളീജിയത്തിലെ നാലംഗങ്ങള്‍ ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ പത്രസമ്മേളനം. ജനാധിപത്യത്തിന്റെ കാവലാളായ പരമോന്നത നീതിന്യായ പീഠത്തിനെതിരെ, സ്ഥാപനത്തിലെ തന്നെ മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പങ്കുവച്ച ആശങ്കകള്‍ ആപത്കരമായ പ്രവണതയുടെ തെളിവുകളാണ്. ആശങ്കകളേക്കാള്‍ ഭീതി പടര്‍ത്തുന്ന ഒരസ്വസ്ഥതയായി ഇത് നീറിപ്പുകയുന്നു എന്നത് ഭയാനകമായ ഒരു അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കുന്നു.
ചില പ്രത്യേക ‘ഉദ്ദേശങ്ങളും’ ‘പരിഗണനകളും’ മുന്നില്‍ കണ്ടുകൊണ്ട് ചീഫ് ജസ്റ്റിസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ചില കേസുകള്‍ പ്രത്യേക ബഞ്ചുകള്‍ക്ക് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കൈമാറുന്നുവെന്നതാണ് പ്രധാന ആരോപണം. ലംഘിക്കപ്പെടുന്ന കോടതി പരിഗണനാ ക്രമങ്ങളുടെ അവസ്ഥകളെ കൊളീജിയത്തിലെ ജസ്റ്റിസുമാര്‍ കത്തുമൂലം ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ കൈക്കൊള്ളാത്തതിന്റെ പേരിലാണ് സമൂഹമധ്യത്തില്‍ പരാതിയുമായി എത്തിയതത്രെ. പരാതി കത്തിലെ പ്രസക്ത ഭാഗം ശ്രദ്ധേയമാണ്.’ബോംബെ, മദ്രാസ്, കല്‍ക്കത്ത ഹൈക്കാടതികള്‍ സ്ഥാപിച്ച കാലം മുതല്‍ ജുഡീഷ്യറിയുടെ നടത്തിപ്പില്‍ അംഗീകൃതമായ ചില പാരമ്പര്യങ്ങളും രീതികളും നിലവിലുണ്ട്. മേല്‍പ്പറഞ്ഞ കോടതികള്‍ സ്ഥാപിക്കപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം നിലവില്‍ വന്ന സുപ്രീം കോടതിയും അതേ പാരമ്പര്യങ്ങളെയാണ് ആശ്ലേഷിച്ചത്. ആംഗ്‌ളോ സാക്‌സന്‍ നിയമസംഹിതയിലും നടപടിക്രമങ്ങളിലുമാണ് ഈ പാരമ്പര്യങ്ങളുടെ വേരുകള്‍. ഈ കോടതികളുടെ ‘ജോലിവിഭജന’ത്തിന്റെ മേധാവി ചീഫ് ജസ്റ്റിസ് ആണെന്നത് അംഗീകരിക്കപ്പെട്ട തത്വങ്ങളിലൊന്നാണ്. അദ്ദേഹത്തിനാണ് സഹപ്രവര്‍ത്തകരായ ന്യായാധിപന്മാരുടെ ജോലിക്രമം നിശ്ചയിക്കാനുള്ള പ്രത്യേകവകാശം. ഏതു കേസ് അല്ലങ്കില്‍ ഏതു വിഭാഗം കേസുകള്‍ ഏതു ബെഞ്ച്/ അംഗം കൈകാര്യം ചെയ്യണമെന്നു നിശ്ചയിക്കാനും അതിനു സൗകര്യങ്ങളൊരുക്കാനും വിവിധ കോടതികളുടെ പ്രവര്‍ത്തനം ക്രമബന്ധമായി നടക്കുന്നുവെന്ന ഉറപ്പുവരുത്താനും ഈ പ്രത്യേകവകാശം അനിവാര്യമാണ്. കോടതിയിലെ വിവിധ ബെഞ്ചുകള്‍ക്കു കേസുകള്‍ വീതിച്ചു നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അവകാശം അംഗീകരിക്കുന്ന സമ്പ്രദായം കോടതിയുടെ പ്രവര്‍ത്തനം കൃത്യതയോടെയും കാര്യക്ഷമതയോടെയും നടക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയതാണ്. അല്ലാതെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ ചീഫ് ജസ്റ്റിസിനു നിയമപരമോ വസ്തുതാപരമോ ആയ ഏതെങ്കിലും അധികാരം ഇല്ലതന്നെ. തുല്യരിലെ ഒന്നാമന്‍ മാത്രമാണു ചീഫ് ജസ്റ്റിസ്. അതില്‍ കൂടുതലോ കുറവോ ഇല്ല. ഇതു നിയമ സംഹിതയില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണ്. മുറപ്രകാരം വിവിധ ബെഞ്ചുകളില്‍ വാദം കേള്‍ക്കേണ്ട കാര്യങ്ങള്‍ പ്രഖ്യാപിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള അധികാരം കവര്‍ന്നെടുക്കാന്‍ മറ്റൊരു ബെഞ്ചോ അംഗമോ മുതിരരുതെന്നതാണു മേല്‍ പരാമര്‍ശിച്ചതിനോടു ചേര്‍ന്നു വരുന്ന മറ്റൊരു അനിവാര്യ തത്വം.’
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജസ്റ്റിസ് ബി എച്ച് ലോയ കേസും പ്രൈവറ്റ് മെഡിക്കല്‍ അഡ്മിഷന്‍ കേസും സീനിയോരിറ്റിയില്‍ പത്താം സ്ഥാനത്തു നില്‍ക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയിലാണെന്നത് പ്രതികരണങ്ങള്‍ക്ക് കാരണമായി കാണുന്നവരുണ്ട്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നീതി നിര്‍വഹണ സംവിധാനത്തിന് (ജുഡീഷ്യറി) ഭരണഘടനാ ശില്‍പികളും നിയമ നിര്‍മാണ വിദഗ്ധരും നിയമ ചിന്തകരും പണ്ഡിത ന്യായാധിപന്മാരും കോടതി വിധികളും ചേര്‍ന്ന് ഒരു നീതി ശാസ്ത്രത്തിന്റെ (ജൂറിസ് പ്രുഡന്‍സ്) തനിമയും വിധിക്രമങ്ങളും കല്‍പിച്ചു നല്‍കിയിരുന്നു. അഴിമതി പുരളാത്ത നീതി ന്യായ വ്യവസ്ഥ ദാര്‍ശനികമായി വിഭാവനം ചെയ്ത് കാലാകാലങ്ങളില്‍ ഈ നീതി ശാസ്ത്ര വിധികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ ഇഴുകിച്ചേര്‍ന്നത് സ്വാഭാവികം. ഓസ്റ്റിന്‍ വിഭാവനം ചെയ്ത പോസിറ്റീവിസത്തോടൊപ്പം ലിബറല്‍ വ്യാഖ്യാന രീതികളും ന്യായവിധികളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആത്യന്തിക സത്യമെന്ന നിലയില്‍ നീതി പീഠത്തെ ആദരവോടും ഒരു പരിധിവരെ ദൈവീകതയോടും കണ്ടിരുന്ന ഒരു ജനസമൂഹമായിരുന്നു ഇന്ത്യന്‍ ജനത.
ഭരണ സംവിധാനത്തിന്റെ മറ്റു ഘടകങ്ങളില്‍ അക്രമിച്ചു കയറുകയും പിന്നീട് അനിവാര്യമാവുകയും ചെയ്ത അഴിമതിയുടേയും സ്വാര്‍ഥ താല്‍പര്യങ്ങളുടേയും അനീതിയുടേയും ദുര്‍ഭൂതം നീതിന്യായ സംവിധാനത്തിലും നുഴഞ്ഞുകയറിയത് സ്വാഭാവികം. ‘ആര്‍ത്തി മൂത്ത വവ്വാലുകളും ആഗ്രഹങ്ങള്‍ക്കറുതിവരാത്ത ന്യായാധിപന്മാരും നീതി ദേവതയുടെ കണ്ണുകള്‍ പലവട്ടംകെട്ടിയാണ് തുലാസില്‍ നന്മ തിന്മകള്‍ വേര്‍തിരിക്കുന്നത്’ എന്നൊരു നാടക ഡയലോഗ് ഇവിടെ പ്രസക്തമാവുകയാണ്.
1973 ഏപ്രില്‍ 25 ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് വിമര്‍ശിപ്പിക്കപ്പെട്ട ഒരു ചരിത്ര സംഭവം ഇവിടെ ഓര്‍ത്തെടുക്കേണ്ടതുണ്ട്. മുന്‍ഗണനാ ക്രമങ്ങള്‍ മറന്ന് 1963 ലെ ഭൂപരിഷ്‌കരണ നിയമം ചോദ്യം ചെയ്ത് എടനീര്‍ മഠാധിപന്‍ സ്വാമി കേശവാനന്ദ ഭാരതി നല്‍കിയ കേസില്‍ സര്‍ക്കാരിനെതിരെ വിധിപറഞ്ഞ സീനിയര്‍ ജഡ്ജിമാരായ ജെഎം ഷേലത്ത്, എച്ച്എസ് ഹെഡ്‌ഗെ, എഎന്‍ ഗ്രോവര്‍ എന്നിവരെ മറികടന്ന് സീനിയോരിറ്റിയില്‍ നാലാം സ്ഥാനക്കാരനായ അജിത് നരയന്‍ റേയെ, ജസ്റ്റിസ് എസ്എം സിക്രിക്ക് പിന്‍ഗാമിയായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവരോധിച്ചു. തുടര്‍ക്കഥ പ്രശസ്തമായ ‘ഹേബിയസ് കോര്‍പ്പസ്’ (എഡിഎം ജബല്‍പൂര്‍ – 1977) കേസില്‍ പ്രകടമായിരുന്നു. അടിയന്തിരാവസ്ഥ (എമര്‍ജന്‍സി) കാലഘട്ടത്തില്‍ നിയമവിരുധമായി തടങ്കലിലാക്കപ്പെട്ട രാജ്യത്തെ പൗരന്മാര്‍ക്ക് ഹേബിയസ് കോര്‍പ്പസ് പരാതിയുമായി കോടതിയെ സമീപിക്കാനാവുമോ ഇല്ലയോ എന്ന ചോദ്യത്തിന് എംഎച്ച് ബഗ്, വൈവി ചന്ദ്രചൂഡ്, പിഎന്‍ ഭഗവതി എന്നിവരോട് ചേര്‍ന്ന് ഇല്ലയെന്ന് റേ ഗവണ്‍മെന്റിനോട് ചേര്‍ന്ന് വിധി നല്‍കി. ലോകമെങ്ങും ഏറെ വിമര്‍ശനം ഈ വിധിക്കു നേരിടേണ്ടിവന്നു.
ഡിവിഷന്‍ ബഞ്ചില്‍ കൂടെയുണ്ടായിരുന്ന എച്ച്ആര്‍ ഖന്ന മാത്രം അന്ന് വിരുദ്ധാഭിപ്രായം പ്രകടമാക്കി. മനുഷ്യാവകാശം നിലനില്‍ക്കുന്നില്ലെങ്കില്‍ ഭരണഘടനയും ഭരണസംവിധാനവും എമര്‍ജന്‍സി സാധ്യതയും ഭരണഘടനാവകാശങ്ങളും സാങ്കല്‍പികമാണെന്നും തടങ്കലിനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത ഏതു പൗരനുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ക്കഥയും ശ്രദ്ധേയമാണ്. വിധേയദാസനായി അധികാരത്തിലേറിയ റേ 1977 ജനുവരിയില്‍ വിരമിച്ചു. വിരുധഭിപ്രായം പ്രകടിപ്പിച്ച ഖന്നയെ പിന്തള്ളി, എംഎച്ച് ബഗ് ചീഫ് ജസ്റ്റിസായി നിയമിതനായി. വിരമിക്കലിനുശേഷം മൈനോറിറ്റി കമ്മീഷന്‍ തലപ്പത്തെത്തുകയും ചെയ്തു. ഭരണകക്ഷി പ്രീണന ശൈലി തുടര്‍ക്കഥയായ ചരിത്രം പിന്നെയുമുണ്ട്.
ഈ ചരിത്ര പശ്ചാത്തലത്തിലാണ് ആധുനിക പ്രതിസന്ധിക്ക് പ്രസക്തിയേറുന്നത്. നീതി ന്യായ വ്യവസ്തയുടെ സുരക്ഷിതത്വമില്ലായ്മയും ന്യായാധിപന്മാരുടെ സാധ്യതയും നിസഹായതയും തുറന്നുകാട്ടിയ ഈ പ്രതിസന്ധി ഒരു നേരറിവിന്റെ വാതില്‍ തുറന്നിടുകയാണ്. സുതാര്യത, സത്യസന്ധത, നീതി എന്നിവ മുഖമുദ്രയായ പരമോന്നത നീതിന്യായപീഠത്തില്‍ കറപുരളുന്നുണ്ടെന്നത് പരസ്യമായി ജനമധ്യത്തില്‍ അനാവരണം ചെയ്യപ്പെടുകയാണ്.
മോഹന വാഗ്ദാനങ്ങളും ഭീഷണി തന്ത്രങ്ങളും പ്രയോഗിച്ച് സത്യ നീതി വ്യവസ്ഥയെ അട്ടിമറിക്കാമെന്ന അവസ്ഥ ജനാതിപത്യത്തിന്റെ മരണമണിയാണ്. ഭരണാധിപന്മാരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങി സ്വതന്ത്ര സ്ഥാപനം വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകുമ്പോള്‍ വ്യവഹാര നീതി അന്യമാവും.
നീതി ന്യായ പീഠത്തില്‍ രഹസ്യ അജണ്ടകള്‍ നടപ്പാകുമ്പോള്‍ സത്യം മരിക്കുമെന്നത് തീര്‍ച്ച. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് അനുകൂല വിധി ലഭിക്കാന്‍ സാധ്യതയുള്ള ബഞ്ചുകള്‍ രൂപീകരിക്കുകയും നിയമ സംഹിതയുടെ സത്ത അവഗണിച്ച് വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു സംവിധാനമായി ജുഡീഷ്യറി അധപതിച്ചാല്‍ അരാചകത്വമായിരിക്കും രാജ്യം നേരിടേണ്ടി വരിക. ഗൂഢ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ന്യായാധിപന്മാര്‍ ചിലര്‍ക്കായി ഒത്താശപാടുന്നത് ഗൗരവകരമായ കുറ്റകൃത്യമാണ്. വിരമിക്കലാനന്തര ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ന്യായവിധിന്യായങ്ങളില്‍ കലര്‍പ്പു കലര്‍ത്താന്‍ ശ്രമിക്കുന്ന നീതി സംരക്ഷകര്‍ തകര്‍ത്തെറിയുന്നത് ഒരു ജനതയുടെ അവസാന ആശ്രയ സാധ്യതകളെയാണ്.
ഭരണക്രമത്തിലും ഔദ്യോഗിക പദവികളിലും കീഴ്‌വഴക്കങ്ങളും ജനാധിപത്യ മര്യാദകളും പൊതു നന്മകളും പാലിക്കാതെ തങ്ങളുടെ ആശയങ്ങളും അജണ്ടകളും നടപ്പാക്കുന്ന അനുകൂലദാസരെ തിരുകികയറ്റാനുള്ള ഭരണകൂട ശ്രമം അടുത്ത കാലത്ത് മറനീക്കി പുറത്തു വരുന്നതിന്റെ ലക്ഷണമായി ഈ പ്രതിസന്ധി വിലയിരുത്തപ്പെടുന്നുണ്ട്. നിലനില്‍ക്കുന്ന സംവിധാനങ്ങളിലെല്ലാം നുഴഞ്ഞുകയറി തങ്ങളുടെ അതീശത്വം ഉറപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഭരണതലപ്പത്തിരിക്കെ ആശങ്കാവഹമായ വെല്ലുവിളികള്‍ ഇനിയുമുണ്ടാകും.
ആഗ്രഹിച്ചതെന്തും ധാര്‍ഷ്ഠ്യത്തോടെ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ നേതാക്കളും ഇതിനോടകം ഭരണഘടന പൊളിച്ചെഴുത്തും ന്യൂനപക്ഷ ഉന്മൂലനവും ഒത്തുതീര്‍പ്പുകളില്ലാത്ത ധൃഢ തീരുമാനങ്ങളും പ്രഖ്യാപിച്ച് നടപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
ഇലക്ഷന്‍ കമ്മീഷനും വ്യത്യസ്ഥ കേന്ദ്ര അന്വേഷണ ഏജന്‍സികളും പൊതു മേഖല സ്ഥാപനങ്ങളും സര്‍ക്കാര്‍ മാധ്യങ്ങളും ഭരണ വിഭാഗത്തിന്റെ ഇംഗിതങ്ങള്‍ക്ക് ധര്‍മം മറന്ന് വഴങ്ങുന്നു എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. ജനനന്മ ലക്ഷ്യം വയ്ക്കാതെ ഏക പാര്‍ട്ടി ഏക ജനത എന്ന തീവ്രവിചാരത്തോടെ, ശാശ്വത ഭരണമെന്ന സങ്കല്‍പം ലക്ഷ്യമാക്കി അശ്വമേധം നയിക്കുന്ന ഈ ഭരണകൂടം വിലയിട്ടിരിക്കുന്നത് ജനാധിപത്യത്തിനാണ്.
പ്രശ്‌ന പരിഹാരത്തിന് കോടതിയെതന്നെ ഭരമേല്‍പ്പിച്ച് ഒഴിഞ്ഞുമാറുന്ന നിയമനിര്‍മാണ സഭയുടെ നടപടികളും വിമര്‍ശനാല്‍മകമാണ്. ഇന്ത്യയില്‍, 2012 മാര്‍ച്ച് മാസം ‘ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍’ ലോകസഭ പാസാക്കിയെങ്കിലും 2014 ല്‍ 15-ാം ലോകസഭയുടെ കാലാവധി തീര്‍ന്നതോടെ രാഷ്ട്രപതിയുടെ അനുവാദമില്ലാത്തതിനാല്‍ ബില്‍ നഷ്ടമായത് ചരിത്രം. രാഷ്ട്രീയ – ഭരണ നേതൃത്വങ്ങള്‍ക്ക് നിയമന കാര്യത്തില്‍ മുന്‍കൈയൊരുക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ നാഷ്ണല്‍ ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയും 2015 ല്‍ സുപ്രീം കോടതി റദ്ദാക്കിയതും ചരിത്രം തന്നെ. അനതിവിദൂര ഭാവിയില്‍ ഭരണഘടനയുടെയും നിലവിലുള്ള സംവിധാനങ്ങളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആവശ്യമായ നിയമ നിര്‍മാണ നടപടികള്‍ പുരോഗമനപരമായി കൈക്കൊള്ളുന്നത് അത്യന്താപേക്ഷിതമാണ്.
കനേഡിയന്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ സമീപ കാല മാറ്റങ്ങള്‍ ഉദാഹരണമാണ്. തുറന്നതും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ ഉത്തരവാദിത്വം ഉറപ്പുവരുത്തുന്ന ന്യായധിപ നിയമന പ്രക്രിയയ്ക്ക് കനേഡിയന്‍ പ്രധാന മന്ത്രി ജെസ്റ്റിന്‍ ട്രൂഡോ രൂപം നല്‍കി പ്രാവര്‍ത്തികമാക്കുന്നത് അനുകരണീയവുമാണ്. മെച്ചപ്പെട്ട ജീവിത വ്യവസ്ഥയും സാമ്പത്തിക സുസ്ഥിരതയും ആര്‍ത്തിയില്ലാത്ത ലക്ഷ്യബോധവും ഉന്നതലങ്ങളില്‍ ഉറപ്പാക്കല്‍ ഒരഴിമതിതടയലാണ്. ജാഗ്രതയോടു കൂടിയുള്ള നിരീക്ഷണങ്ങളും കാലതാമസം നേരിടാത്ത അന്വേഷണ ശിക്ഷ നടപടി ക്രമങ്ങളും കാലഘട്ടത്തിനനുസരിച്ച് രൂപമാറ്റം വരുത്തുന്ന ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളും ഒരു പരിധി വരെ നീതി വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഇടയുണ്ട്.
ജനാധിപത്യത്തിന്റെ കാവല്‍ വിളക്കിന് ശോഭ നഷ്ടപ്പെടരുത്. വ്യക്തി ലാഭങ്ങളും റിട്ടയര്‍മെന്റിനു ശേഷമുള്ള നേട്ടങ്ങളും ലക്ഷ്യം വച്ച് ന്യായാധിപന്മാര്‍ നീതി വ്യവസ്ഥയെ ബലികഴിക്കരുത്. രാഷ്ട്രീയ അജണ്ടകളുടെ ചട്ടുകങ്ങളായി നീതി പീഠം അധഃപതിക്കാന്‍ ഇടവരരുത്. തിരുത്തലുകളിലൂടെ നീതി ന്യായ വ്യവസ്ഥിതിയുടെ ശ്രേഷ്ഠതയും മാന്യതയും മഹത്വവും തിരിച്ചാര്‍ജിച്ചെടുക്കേണ്ടതുണ്ട്.
വാല്‍കഷ്ണം : കൊളിജിയത്തിലെ ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനത്തിനു പിറകില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടത്രേ…കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിയമിക്കാത്ത ലോകായുക്ത പദവി ജസ്റ്റിസ് ജെ ചെലമേശ്വര്‍ക്കായി മാറ്റിവച്ചിരിക്കുകയാണത്രേ….ലാഭനഷ്ടങ്ങള്‍ ആര്‍ക്കാണെന്ന നേരറിവുകളുടെ യാഥാര്‍ത്ഥ്യം, കാലംതന്നെ വെളിപ്പെടുത്തട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>