ശിവതാണ്ഡവമാടിയവര്‍ക്ക് ക്ലീന്‍ചിറ്റ് !

By on February 1, 2018

ശിവതാണ്ഡവമാടിയവര്‍ക്ക് ക്ലീന്‍ചിറ്റ് !

വി.ശിവന്‍കുട്ടിയെന്ന സിപിഎം നേതാവിനെ തിരുവനന്തപുരത്തുകാര്‍ക്കും പിന്നെ കുറെ പാര്‍ട്ടിഅണികള്‍ക്കും അറിയാം. എന്നാല്‍ പെട്ടെന്നൊരുനാള്‍ അദ്ദേഹം കേരളം മുഴുവന്‍ അറിയപ്പെട്ട നേതാവായി. അതുവരെ അദ്ദേഹത്തിന്റെ താടിവച്ച മുഖവും കരുത്തുറ്റ ശരീരാകൃതിയും മാത്രം വല്ലപ്പോഴുമൊക്കെ പത്രങ്ങളില്‍ കണ്ടിട്ടുളളവര്‍ 2015 മാര്‍ച്ച് 13 ന് കെ.എം മാണിയുടെ ബജറ്റ് അവതരണ ദിവസമാണ് സഖാവിന്റെ വിശ്വരൂപം കണ്ടത്.
മന്ത്രി മാണിയുടെ ബജറ്റ് അവതരണ ദിവസം വി.ശിവന്‍കുട്ടിയുള്‍പ്പെടെയുളള പ്രതിപക്ഷ എംഎല്‍എമാര്‍ നമ്മുടെ നിയമസഭയില്‍ നടത്തിയ ശിവതാണ്ഡവം ടിവിയില്‍ കണ്ട് രോമാഞ്ചമണിഞ്ഞത് പ്രിയവായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും . ആരാധ്യനേതാക്കളായ ഇ. പി .ജയരാജന്‍, കെ. ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, ജമീല പ്രകാശം, ശിവദാസന്‍ നായര്‍ എന്നിവരാണ് ഉന്തിയും തളളിയും ഗുസ്തി പിടിച്ചും കലാപ്രകടനം നടത്തിയത്. സ്പീക്കറുടെ വേദിയില്‍ കയറി ഉറഞ്ഞുതുളളിയും അദ്ദേഹത്തിന്റെ കസേര മറിച്ചിട്ടും ശിവന്‍കുട്ടിയും, ഇ. പി. ജയരാന്‍ സഖാവും കേരളനടനവും കാഴച്ചവച്ചു. ഇതിനിടെ ജമീല പ്രകാശം, ശിവദാസന്‍ നായരുടെ കയ്യില്‍ കയറി ചീറ്റപ്പുലിയെപ്പോലെ കടിച്ചതും വികാരനിര്‍ഭരമായ കാഴ്ചയായിരുന്നു. ഇങ്ങനെ 40 മിനിറ്റു നേരം നിയമസഭ പത്രഭാഷയില്‍ യുദ്ധക്കളമോ ചന്തയോ ആയി മാറുകയും ഇതിനിടയില്‍ മറ്റൊരു വാതിലിലൂടെ വന്ന് മഹാനായ മാണി മന്ത്രി ബജറ്റ് അവതരിപ്പിച്ചു മടങ്ങിപ്പോകുകയും ചെയ്തതോടെ നാടകത്തിന് തിരശ്ശീല വീഴുകയായിരുന്നു.
നമ്മുടെ നിയമസഭയില്‍ ഇതിനുമുമ്പും പലതരം കലാപരിപാടികള്‍ നടന്നിട്ടുണ്ടെന്ന കാര്യം ഇവിടെ പ്രസ്താവ യോഗ്യമാണ്. മുദ്രാവാക്യങ്ങള്‍ വിളിക്കുക, നടത്തളത്തിലിറങ്ങി കുത്തിയിരിക്കുക, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുക, മൈക്ക് കുറ്റികള്‍ പിഴുതെടുത്ത് എറിയുക തുടങ്ങിയ നിര്‍ദ്ദോഷമായ പരിപാടികള്‍ മുതല്‍ മുണ്ട് പറിച്ചെടുക്കുക, അസഭ്യം പറയുക, കരണത്തടിക്കുക, പരസ്പരം അടിക്കുക തുടങ്ങിയ ചില്ലറ ക്രിമിനല്‍ പരിപാടികളും നടന്നിട്ടുണ്ടെങ്കിലും, വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന കേരളനടനം പോലെ ഇത്ര തന്മയത്വത്തോടെ നിയമസഭയെ ചന്തയാക്കിയവര്‍ വേറെയില്ല. എംഎല്‍എയാവാന്‍ അല്‍പ്പം മെയ്ക്കരുത്തും വേണ്ടിവന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തലയ്ക്കു മീതെ പോലും നടന്നു നിയമസഭയില്‍ അങ്ങോട്ടുമിങ്ങോട്ടും പോകാനുളള മെയ് വഴക്കവും വേണമെന്ന് അന്ന് ശിവന്‍കുട്ടി മാലോകരെ കാണിച്ചു കൊടുത്തു.
ഈ കലാപരിപാടികളില്‍ പങ്കെടുത്ത വി. ശിവന്‍കുട്ടിയുള്‍പ്പെടെയുളള ആറ് എംഎല്‍എ മാര്‍ക്കെതിരെ രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നതിന് ക്രൈം ബ്രാഞ്ച് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയും 2015 മാര്‍ച്ച് മുതല്‍ ഇതുവരെ മൂന്നു വര്‍ഷത്തോളം മാന്യന്മാരും സര്‍വോപരി ജനാധിപത്യത്തിന്റെ ഉന്നത മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന മഹാന്മാരുമായി നടക്കുകയായിരുന്നു.
ഇപ്പോള്‍ വി. ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തു നല്‍കിയിരിക്കുകയാണ്. നിയമസഭയില്‍ നടന്ന ഉന്നതമായ ജനാധിപത്യ പ്രയോഗത്തിന്റെ പേരില്‍ എടുത്തിട്ടുളള കേസ് അനാവശ്യമാണെന്നും വെറുതെ വൈരാഗ്യം തീര്‍ ക്കാന്‍ വേണ്ടി കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ശിവന്‍ കുട്ടിയുടെ അഭിപ്രായം. ഇതേപ്പറ്റി ചോദിച്ച പത്രക്കാരോട് മഹാനായ ശിവന്‍കുട്ടി ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ ഇപ്രകാരം മൊഴിയുകയും ചെയ്തു: ‘പൗരന്‍ എന്ന നിലയിലുളള നിയമപരമായ അവകാശം ഉപയോഗിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്’.
ശിവന്‍കുട്ടിയെ മുഖ്യമന്ത്രി രക്ഷിക്കും; പക്ഷേ, ജനങ്ങളെയും നമ്മുടെ ജനാധിപത്യത്തെയും അതിന്റെ ശ്രീകോവിലായ നിയമനിര്‍മാണ സഭയെയും ആരു രക്ഷിക്കും? ഒന്നോര്‍ത്താല്‍ ശിവന്‍കുട്ടിയെത്ര ശുദ്ധന്‍! ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭയായ ലോക്‌സഭയിലെ 540 എംപിമാരില്‍ 165 പേരോളം കടുത്ത കുറ്റവാളികളും ക്രിമിനലുകളും കൊലപാതകക്കേസ് പ്രതികളുമാണെന്നറിയുക.
അറബിക്കഥയിലെ
തട്ടിപ്പുകുമാരന്മാര്‍
കേരളത്തിലെ സിപിഎം എന്ന പാര്‍ട്ടിയിലെ നേതാക്കളൊക്കെ, കോണ്‍ഗ്രസുകാരെപ്പോലെത്തന്നെ നിഷ്‌കളങ്കരും സത്യവാന്മാരും അഴിമതിരഹിതരും നിയമം കടുകിട തെറ്റിക്കാത്തവരുമാണെന്ന് നമുക്കറിയാം. ഈ രണ്ടു പാര്‍ട്ടികളെപ്പറ്റി പറഞ്ഞതിനര്‍ഥം, മറ്റുളളവരൊക്കെ കുഴപ്പക്കാരാണെന്നല്ല. ഉദാഹരണത്തിന്, ആര്‍ ബാലകൃഷ്ണപിളളയുടെ പാര്‍ട്ടി. കെ.എം. മാണിസാറിന്റെ പാര്‍ട്ടി. ഇപ്പോള്‍ എല്‍ഡിഎഫിലേയ്ക്ക് ചാടിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി. ഇവരൊക്കെ സത്യസന്ധതയിലും നേരേ വാ നേരേ പോ തത്വത്തിലും അടിയുറച്ചു നില്‍ക്കുന്നവരാണ്. പിന്നെയുളളത് കുമ്മനം ജിയുടെ പാര്‍ട്ടിയാണ്. കേരളത്തില്‍ ഭരണം കിട്ടാത്തതിനാലാണ്, അവരിപ്പോഴും സത്യവാന്മാരും സാവിത്രിമാരുമായി നിലകൊളളുന്നതെന്ന് അസൂയക്കാര്‍ പറയാറുണ്ട്.
അതെന്തായാലും കേരളത്തില്‍ ഒരു മെഡിക്കല്‍ കോളജ് സംഘടിപ്പിച്ചു കൊടുക്കുന്നതിന് ആ പാര്‍ട്ടിയിലെ ഉന്നത ശീര്‍ഷരായ നേതാക്കള്‍ ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയെന്നു വന്‍ പ്രചാരണമുണ്ടായിരുന്നു. മാധ്യമങ്ങളുടെ തണലുണ്ടെങ്കില്‍ ഏതു സത്യവും അസത്യവും ഏത് പ്രചാരണവും കുപ്രചാരണവുമാക്കി മാറ്റാവുന്ന ജാലവിദ്യയുളളതിനാല്‍ കുമ്മനംജിയുടെ കാവിപ്പാര്‍ട്ടി അന്ന് രക്ഷപ്പെട്ടു.
എന്നാല്‍ എല്ലാ പാര്‍ട്ടികളിലും ചിലപ്പോള്‍ ചില അസുരവിത്തുകളുണ്ടാവും. അവര്‍ നീതിനിഷ്ഠരും നീതിമാന്മാരുമായ പാര്‍ട്ടിനേതാക്കളെ നാണം കെടുത്തുന്ന വിധത്തില്‍ അഴിമതി നടത്തുകയും നാട്ടുകാര്‍ക്കു മുന്നില്‍ മുങ്ങിനടക്കുകയും ചെയ്യുന്നുണ്ടെന്ന ദുഃഖകരമായ സത്യത്തിനു നേരെ കണ്ണടയ്ക്കാനാവില്ല.
ജനുവരി 24 നു പുറത്തിറങ്ങിയ മലയാളത്തിലെ ചില പത്രങ്ങളില്‍ കണ്ട ഒരു വാര്‍ത്ത, മേപ്പടി ചിന്തയ്ക്ക് അടിവരയിടുന്നതാണ്.
കേരളത്തിലെ ഉന്നത സിപിഎം സഖാവായ കോടിയേരി ബാലകൃഷ്ണന്റെ പൊന്നുമകന്‍ ദുബായില്‍ 13 കോടിയുടെ പണം തട്ടിപ്പു നടത്തിയെന്നും അയാളെ ദുബായിലെ കോടതിയില്‍ പിടിച്ചുകെട്ടി കൊണ്ടുവരാന്‍ തട്ടിപ്പിനിരയായ കമ്പനി ലോകപൊലിസിന്റെ (ഇന്റര്‍പോള്‍) സഹാ യം തേടുന്നുവെന്നുമായിരുന്നു വാര്‍ത്ത.
നേതാവിന്റെ മകന്‍ ഒരു ഔഡി കാര്‍ വാങ്ങാന്‍ 53.61 ലക്ഷം രൂപയും മറ്റു ബിസിനസ്സുകള്‍ക്കായി 7.7 കോടി രൂപയും കടം വാങ്ങി. 2016 ജൂണ്‍ ഒന്നിനു മുമ്പ് 7.7 കോടി രൂപ തിരിച്ചു നല്‍കുമെന്ന് കക്ഷി കമ്പനി യോട് ആണയിട്ട് പറഞ്ഞിരുന്നു. പക്ഷേ, കടം വാങ്ങിയ പണം തിരിച്ചുകൊടുക്കണമെന്ന കാര്യം പാവം മറന്നു പോയി.
അങ്ങനെ മുതലും പലിശയും കോടതിച്ചെലവും ഉള്‍പ്പെടെ വെറും 13 കോടി കൊടുക്കാനുളളപ്പോഴാണ് പാവം പയ്യന്‍ ഒരു പെട്ടിയും തൂക്കി സ്ഥലം വിട്ടത്. ഒന്നുകില്‍ ടിയാന്‍ കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരിച്ചുകിട്ടണം. ഇത്രയേ കമ്പനി ആവശ്യപ്പെടുന്നുളളു. അതിനുവേണ്ടി കമ്പനി ഉടമകള്‍ കേരളത്തിലെ പാര്‍ട്ടി നേതാവിനെയും ഉന്നതനേതാക്കളെയും ബന്ധപ്പെട്ടു എന്നതാണ് വാര്‍ത്തയിലെ ശുഭാന്ത്യം.
ഇതൊക്കെ വെറുതെ പറയുന്നതാണെന്നാണ് ടിയാന്റെ പിതാവും പാര്‍ട്ടിസഖാക്കളും അവകാശപ്പെടുന്നതെങ്കിലും ജനത്തിന് അതത്ര ബോധ്യം വന്നിട്ടില്ല.
സിപിഎമ്മിലെ ഒരു നേതാവിന്റെ മകന്‍ ഇങ്ങനെ തട്ടിപ്പു നടത്തുമെന്ന് സത്യത്തില്‍ നാം ആരും വിശ്വസിക്കുന്നില്ല. കാള്‍ മാര്‍ക്‌സിന്റെ ‘മൂലധനം’ എന്ന ബ്രഹ്മാണ്ഡ ഗ്രന്ഥത്തിലോ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിലോ സഖാക്കള്‍ പണം മോഷ്ടിക്കുമെന്നോ തട്ടിപ്പുനടത്തുമെന്നോ വായിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരമൊരു തട്ടിപ്പിനെപ്പറ്റി വിശ്വസിക്കാനാവുന്നില്ല.
നമുക്ക് ബലമായി സംശയിക്കാവുന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ കൊളോണിയല്‍ ശക്തികള്‍ നടത്തുന്ന എന്തോ എടാകൂടമാണ്. കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷത്തിന്റെ വളര്‍ച്ച കണ്ട് വിരളി പിടിച്ച മുതലാളിത്ത ശക്തികള്‍ അതിനെ തകര്‍ക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന ഗൂഢാലോചനയാവണം നേതാവിന്റെ മകനെതിരെയുളള കേസ്.
2019ലെ തെരഞ്ഞെടുപ്പില്‍ 540 അംഗങ്ങളുള്ള ലോക്‌സഭ കോണ്‍ഗ്രസ്സിന്റെ കൂട്ടില്ലാതെ ഒറ്റയ്ക്ക് പിടിച്ചെടുക്കാനുള്ള പദ്ധതി പാര്‍ട്ടി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. അപ്പോള്‍ കോടിയേരി സഖാവ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാകില്ലെന്ന് ആരു കണ്ടു!
ഇതിനിടെ, മറ്റൊരു നേതാവിന്റെ മകനും ദുബായില്‍ തട്ടിപ്പുകേസില്‍ പെട്ടുവെന്ന വാര്‍ത്തയുണ്ട്. ഇടത് എംഎല്‍ എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്താണ് ആ കഥയിലെ താരം. ഇനിയും ഇത്തരം താരങ്ങളും ഉദിച്ചുയരട്ടെ.
ഏതായാലും പൊന്നുമക്കള്‍ ദുബായിലേക്ക് ഒരു കാരണവശാലും പോകരുത്. അവിടെ ചെന്നുപ്പെട്ടാല്‍ ചിലപ്പോള്‍ പുറംലോകം കണ്ടെന്നു വരില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>