യുവജന വര്‍ഷാചരണത്തിന് തുടക്കമായി

By on February 1, 2018

യുവജന വര്‍ഷാചരണത്തിന് തുടക്കമായി

വത്തിക്കാനില്‍ ഒക്‌ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിനു മുന്നോടിയായാണ് യുവജനവര്‍ഷം

ഇരിങ്ങാലക്കുട : കേരളത്തിലെ കത്തോലിക്കാ രൂപതകളില്‍ വിവിധ പരിപാടികളോടെ യുവജന വര്‍ഷാചരണത്തിന് ആവേശകരമായ തുടക്കം. 2018 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിനു ഒരുക്കമായാണ് യുവജന ശുശ്രൂഷാ മേഖലകളെ ശക്തിപ്പെടുത്താന്‍ കേരള മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ 2018 ജനുവരി ആറു മുതല്‍ അടുത്ത വര്‍ഷം ജനുവരി ആറുവരെ യുവജനവര്‍ഷാചരണം.
‘യുവജനം, വിശ്വാസം, ദൈവികാഹ്വാനത്തിന്റെ തിരിച്ചറിയല്‍’ എന്നതാണ് മെത്രാന്മാരുടെ സിനഡിന്റെ വിഷയം. യുവജനങ്ങളുടെ ശബ്ദം കേള്‍ക്കുകയും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തര പ്രാധാന്യമാണ് സിനഡില്‍ മെത്രാന്മാര്‍ ചര്‍ച്ച ചെയ്യുക. യുവജനങ്ങളെ സഭയുടെ ഇന്നത്തെയും നാളത്തെയും കരുത്തായും വിശ്വാസ ജീവിതത്തിന്റെ ഊര്‍ജസ്വലമായ മുഖമായും വിലയിരുത്തുകയും അവര്‍ക്ക് സഭാ ജീവിതത്തിലും സമൂഹത്തിലും കൂടുതല്‍ പങ്കാളിത്തം നല്‍കുകയും ചെയ്യേണ്ടതിനപ്പറ്റി സിനഡ് ഗൗരവപൂര്‍വം ചര്‍ച്ച നടത്തും.
കേരള കത്തോലിക്കാ സഭയില്‍ യുവജനവര്‍ഷം ആചരിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ രൂപതയിലും യുവജന പങ്കാളിത്തത്തോടെ നടത്തേണ്ട കര്‍മപദ്ധതികളെപ്പറ്റി കെസിബിസി യൂത്ത് കമ്മിഷന്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം സൂസ പാക്യം സര്‍ക്കുലറില്‍ വിശദമാക്കി.
യുവജനവര്‍ഷത്തില്‍ കേരളത്തിലെ 32 രൂപതകളും കര്‍മപദ്ധതികള്‍ രൂപപ്പെടുത്തി നടപ്പാക്കണം. സഭയുടെ വിവിധ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ സംഘടനകളും സെമിനാരികളും സന്യാസപരിശീലന കേന്ദ്രങ്ങളും യുവജനങ്ങളെ പങ്കെടുപ്പിച്ച് പഠനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും കലാസാഹിത്യ പരിപാടികളും നടത്തണം. ഇടവകകളിലും രൂപതകളിലുമുള്ള വിവിധ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനമേഖലകളെ ശക്തിപ്പെടുത്താനും പൊതുസമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും പുതിയ കര്‍മപദ്ധതികള്‍ കണ്ടെത്തണം.
കേരളത്തിലെ കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങള്‍ കേവലം കടലാസ് സംഘടനകളാകാതെ സഭയ്ക്കും സമൂഹത്തിനും ഭാവാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ പ്രസക്തമാകാനുള്ള അവസരമാണ് യുവജനവര്‍ഷാചരണത്തില്‍ കൈവന്നിരിക്കുന്നത്.
മെത്രാന്മാരുടെ സിനഡിന്റെയും കേരളത്തിലെ യുവജന വര്‍ഷാചരണത്തിന്റെയും ചൈതന്യം ഉള്‍ക്കൊണ്ട് രൂപതകളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ രംഗത്തിറങ്ങേണ്ട സമയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>