ഓഖി ദുരന്തത്തിന്റെ നിഴലില്‍ 50 ദിനരാത്രങ്ങള്‍ പിന്നിട്ട്…

By on February 1, 2018

ഓഖി ദുരന്തത്തിന്റെ നിഴലില്‍ 50 ദിനരാത്രങ്ങള്‍ പിന്നിട്ട്…

ഡിസംബര്‍ ആദ്യത്തില്‍ തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ ഓര്‍മകള്‍ അലതല്ലുന്ന ദിനങ്ങളിലേക്കാണ് പുതുവര്‍ഷം പിറന്നത്. എഴുപത്തഞ്ചോളം പേര്‍ മരിക്കുകയും നൂറിലേറെപ്പേരെ കാണാതാവുകയും ലക്ഷക്കണക്കിനു രൂപയുടെ വള്ളങ്ങളും വലകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നശിക്കുകയും ചെയ്ത ദുരന്തം കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തമായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസം മരിച്ചവരുടെ വീടുകളിലോ നാശനഷ്ടം നേരിട്ടവരിലോ എത്തിയിട്ടില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപത വ്യക്തമാക്കിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യുദ്ധകാലാടിസ്ഥാനത്തിലുളള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ദുരന്തത്തെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നതിലും ദുരന്തം നേരിട്ടവരെ സഹായിക്കുന്നതിലും കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിലും പരാജയപ്പെട്ട കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളും സംവിധാനങ്ങളും ഏജന്‍സികളും ഇപ്പോള്‍ അവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും നിസ്സംഗതയാണ് പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം, ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ക്രൈസ്തവ സമൂഹം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും നടപടികളെടുക്കേണ്ട ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവാണ് സഹായം എത്തിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്.
കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പിന്നീട് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ദുരിത മേഖലയില്‍ എത്തി പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിട്ടും ദുരന്തത്തെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നതിലുണ്ടായ പിഴവിന്റെ ഉത്തരവാദിത്തം പരസ്പരം തലയില്‍ കെട്ടിവയ്ക്കുന്നതിലാണ് കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ മത്സരിച്ചത്.
അതേ സമയം, ഓഖി ചുഴലിക്കാറ്റിനെയും അതിന്റെ ദുരന്തങ്ങളെയും ആഘോഷമാക്കി വിറ്റു കാശുണ്ടാക്കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ ആ വിഷയം വിട്ട് മറ്റു മേഖലകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. ദുരന്തമേഖലയില്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും പരാജയപ്പെട്ടപ്പോള്‍, ആളും അര്‍ഥവും നല്‍കി ദുരന്തബാധിതരുടെ കണ്ണീരൊപ്പിക്കൊണ്ടിരുന്ന ക്രൈസ്തവ സമൂഹത്തെ ആക്ഷേപിക്കാനും വിമര്‍ശിക്കാനും വിധിയാളന്മാരായിരുന്ന മാതൃഭൂമി റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ചാനലുകള്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ചീഞ്ഞളിയുന്നിടത്തേ കഴുകന്മാരെ കാണാറുളളൂ എന്ന തത്വമാണ് മനസ്സില്‍ വരുന്നത്.
എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ദീപിക പത്രം ഇവിടെ വേറിട്ട ഒരു കാഴ്ചയായി. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് 50 ദിവസങ്ങള്‍ പിന്നിട്ട ജനുവരി 18ന് ദീപികയുടെ പ്രത്യേക പേജ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുരന്തത്തില്‍ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാന്‍ കഴിയാതെ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന പൂന്തുറ, വിഴിഞ്ഞം പ്രദേശത്തെ ജനങ്ങളുടെ കണ്ണീരോര്‍മകള്‍ ഒപ്പിയെടുത്തതായിരുന്നു പത്രത്തിന്റെ ഒന്നാം പേജ്.
ഇനിയും തിരിച്ചുവരാത്ത 108 പേരുടെ ചിത്രങ്ങള്‍ എരിഞ്ഞു കത്തുന്ന മെഴുകുതിരി നാളങ്ങള്‍ക്കു ചുറ്റിലും നിരത്തി പ്രസിദ്ധീകരിച്ച ആ പത്രം, സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും മറവിക്കുള്ള പ്രഹരമായിരുന്നു. നവമാധ്യമങ്ങളില്‍ അതിവേഗം വൈറലായി പടര്‍ന്ന ദീപികയുടെ ഇടപെടല്‍ മറ്റു പത്രങ്ങള്‍ക്ക് മാതൃകയാകട്ടെയെന്നായിരുന്നു നിരവധിപേരുടെ കമന്റ്. ‘തിരികെ തരുമോ ഇവരെ’ യെന്ന തലവാചകത്തോടെയുള്ള പത്രം നിയമസഭയിലും പ്രതിഷേധത്തിന്റെയും സര്‍ക്കാര്‍ അലംഭാവത്തിന്റെയും നേരെയുള്ള കൊടുങ്കാറ്റായി മാറുകയും ചെയ്തു.
ജിമിക്കി കമ്മലും
മലയാളികളും
സമീപകാലത്ത് കൊച്ചുകുട്ടികളെക്കൊണ്ടു പോലും സ്‌കൂള്‍ വാര്‍ഷികങ്ങളിലും മറ്റും മാതാപിതാക്കള്‍ പാടിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്ത സിനിമാ പാട്ടായിരുന്നല്ലൊ ‘ജിമിക്കി കമ്മല്‍’ ആ പാട്ടിന്റെ താളവും ഈണവും ആകര്‍ഷകമായിരുന്നെങ്കിലും, അതിലെ വാക്കുകളുടെ അര്‍ഥം പലരും നിരുപദ്രവകരമായി കാണുകയായിരുന്നു. എന്നാല്‍ താളത്തിനും ഈണത്തിനും വേണ്ടി വാക്കുകളെഴുതിയ വ്യക്തിയും കഥയറിയാതെ ആടിപ്പാടി നടന്നവരും ആ വാക്കുകള്‍ നല്‍കുന്ന സന്ദേശത്തെപ്പറ്റി വേണ്ടത്ര ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചവരുടെ അഭിപ്രായങ്ങള്‍ തട്ടുപൊളിപ്പന്‍ പാട്ടിന്റെയും നൃത്തച്ചുവടുകളുടെയും ബഹളത്തില്‍ മുങ്ങിപ്പോകുകയും ചെയ്തു.
എന്നാല്‍ ഈയിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യത്തെപറ്റി തുറന്നു പറഞ്ഞപ്പോള്‍, അത് ഒട്ടേറെപ്പേരുടെ ചിന്തകളുടെ കൂടി വെളിപ്പെടുത്തലായിരുന്നു. അദ്ദേഹം പറഞ്ഞതിനെയാണ്: ‘കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. ഒരുപാട് നല്ല ആശയങ്ങള്‍ ഇവിടെ രൂപംകൊണ്ടു…എന്നാല്‍ ശരിയല്ലാത്ത ആശയങ്ങളും ഇടക്കിടെ പുറത്തു വരുന്നുണ്ട്…ഇന്ന് ചിന്താഗതികള്‍ മാറുകയാണ്. അമ്മയുടെ ജിമിക്കി കമ്മല്‍ കക്കുന്ന അപ്പനും അപ്പന്റെ ബ്രാണ്ടിക്കുപ്പി കുടിച്ചു തീര്‍ക്കുന്ന അമ്മയും ഒരിക്കലും നമുക്ക് മാതൃകയാവരുത്. മലയാളിയുടെ അമ്മ ഒരിക്കലും അച്ഛന്റെ ബ്രാണ്ടി കുടിക്കില്ല. മലയാളിയുടെ മനസ്സില്‍ അമ്മ എന്നും മാര്‍ഗദീപമാണ്….ഞാന്‍ ജീവിതത്തില്‍ ഒരിക്കലേ മദ്യപിച്ചിട്ടുള്ളൂ. ചെറുപ്പത്തില്‍ ഒരിക്കല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ജയിച്ചപ്പോള്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അന്ന് മദ്യം കഴിച്ചത്. വീട്ടില്‍ ചെന്നപ്പോള്‍ അമ്മ കതകു തുറന്നു. അമ്മയ്ക്ക് കാര്യം മനസ്സിലായി; പക്ഷേ, ഒന്നും പറഞ്ഞില്ല. അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍, ഇനിയൊരിക്കലും കുടിക്കരുതെന്ന് അമ്മ പറഞ്ഞു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ ഉപദേശം ഇതുവരെ പാലിച്ചിട്ടുണ്ട്.
ആഘോഷങ്ങളെ മദ്യസല്‍ക്കാരത്തിനും മദ്യോത്സവത്തിനും അവസരമാക്കുന്നവര്‍ നിലംതൊടാതെ നിന്നു ചുവടുവയ്ക്കുമ്പോള്‍, അവരുടെ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും കണ്ണു നിറയുന്നുണ്ടെന്ന് ഓര്‍ക്കുക. ജിമിക്കി കമ്മലിനെ അത്യുദാത്ത കവിതയായി ഇനിയൊരിക്കലും വാഴ്ത്തരുത്.
സ്‌കൂള്‍ കലോത്സവവും
പിന്നാമ്പുറങ്ങളും
ഇത്തവണ തൃശൂരിലായിരുന്നല്ലൊ ജനുവരിയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നാലായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികളെ വിളിച്ചുകൊണ്ടു വന്നു നടത്തുന്ന കലാമത്സരമാണ് വര്‍ഷങ്ങളായി പരാതികളുടെയും രക്ഷിതാക്കളും ജഡ്ജിമാരും തമ്മിലുളള വാക്കേറ്റങ്ങളുടെയും മാമാങ്കമായി മാറിയിട്ടുള്ള ഈ കലോത്സവം. ലക്ഷക്കണക്കിനു സര്‍ക്കാര്‍ പണം ചെലവഴിച്ചു നടത്തുന്ന ഈ കലോത്സവ ചന്തയില്‍ മത്സരിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ പണക്കരുത്തും സ്വാധീനവും കയ്യൂക്കുമാണ് പതിറ്റാണ്ടുകളായി അരങ്ങു വാഴുന്നത്. കലോത്സവം തുടങ്ങുന്നതിനു മാസങ്ങള്‍ക്കു മുമ്പേ അതേപ്പറ്റിയുള്ള വാര്‍ത്തകള്‍ ആരംഭിക്കും. മത്സരത്തിലെ വിധി കര്‍ത്താക്കളെപ്പറ്റിയുള്ള പരാതികളാണ് ആ വാര്‍ത്തകളിലേറെയും. അവര്‍ക്കു കൊടുക്കുന്ന കൈക്കൂലി, ചരടുവലിക്കുന്ന ഏജന്റുമാര്‍, ഇടനിലക്കാരായി നില്‍ക്കുന്ന അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളാവും.
കലോത്സവം കൊണ്ട് യഥാര്‍ഥത്തില്‍ ഗുണമുണ്ടാകുന്നത് ചില വ്യക്തികള്‍ക്കും മാഫിയാ സംഘങ്ങള്‍ക്കും മാത്രമാണെന്നാണ് വ്യാപകമായി പരാതി. കഴിവുള്ള കുട്ടികള്‍ പിന്തള്ളപ്പെടുകയും കയ്യൂക്കും സ്വാധീനവും പണക്കൊഴുപ്പും ഉള്ളവരുടെ മക്കള്‍ വിജയശ്രീലാളിതരാവുകയും ചെയ്യുന്ന അവസ്ഥ.
ഇത്തവണയും ഇതിന് കുറവുണ്ടായില്ലെന്നാണ് വാര്‍ത്തകള്‍. ജഡ്ജിമാരെ നിശ്ചയിച്ചതിലും വിധിനിര്‍ണയത്തിലും നടന്ന അവിഹിതമായ നടപടികള്‍ ചില പത്രങ്ങളെങ്കിലും പുറത്തുകൊണ്ടുവന്നു. വ്യാജ അപ്പീലുകള്‍ വഴി യഥാര്‍ഥ വിജയികളെ അട്ടിമറിക്കാനുള്ള നീക്കത്തിനു കൂട്ടുനിന്ന ചില അധ്യാപകരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയും കലോത്സവത്തെ ‘ഗംഭീരമാക്കി.’
മാസങ്ങളുടെ ഒരുക്കത്തിനുശേഷം വേദിയില്‍ നൃത്തവും മറ്റു കലാരൂപങ്ങളും അവതരിപ്പിക്കുമ്പോള്‍ ഓട്ടോ ഡ്രൈവറും മത്സ്യക്കച്ചവടക്കാരനും മറ്റും വിധികര്‍ത്താക്കളാകുന്നതിനെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ നൃത്ത ഇനങ്ങളുടെ ജഡ്ജിയായിരുന്നത് ഒരു ഓട്ടോ ഡ്രൈവറാണത്രെ! ഓരോ ഇനത്തിലും വിദഗ്ധരായ വ്യക്തികളാണ് ആ ഇനത്തില്‍ വിധികര്‍ത്താക്കളാകേണ്ടതെന്നതാണ് സാമാന്യ തത്വം. ഇതിനു വിരുദ്ധമായ കാര്യങ്ങള്‍ ഇത്തവണ കലോത്സവത്തിന്റെ ഏതെല്ലാം രംഗങ്ങളില്‍, ഏതെല്ലാം അണിയറകളില്‍ തൃശൂരിലും ചരടുവലികള്‍ നടത്തിയിട്ടുണ്ടാകും!
സ്‌കൂള്‍ കലോത്സവത്തിന്റെ ചട്ടവട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും അതിന്റെ മാനുവല്‍ ഉടന്‍ പരിഷ്‌കരിക്കുകയുമാണ് വേണ്ടത്. സ്‌കൂള്‍ കലോത്സവ വേദികള്‍ രക്ഷിതാക്കളുടെയും വിധികര്‍ത്താക്കളുടെയും കയ്യാങ്കളിക്കും ചരടുവലികള്‍ക്കും അഴിമതിക്കും ഇനിയെങ്കിലും അവസരമാക്കരുത്.
അനാവശ്യമായ അതിശയോക്തികളും വര്‍ണകളും ചിത്രങ്ങളും നല്‍കി വായനക്കാരെ ആകര്‍ഷിക്കാനായി പത്രങ്ങള്‍ നടത്തുന്ന നിലവിട്ട മത്സരങ്ങള്‍ കുട്ടികളെയും രക്ഷിതാക്കളെയും കൂടുതലായി തമ്മില്‍ തല്ലിക്കാനേ ഉപകരിക്കുന്നുള്ളൂ. കലോത്സവത്തില്‍ ഒരു എ ഗ്രേഡ് നേടുകയെന്നത് എവറസ്റ്റുകൊടുമുടി കയറിയതിന് തുല്യമാണെന്ന് വരുത്തിതീര്‍ത്ത് കുട്ടികളുടെ സര്‍ഗശക്തിയുടെ കൂമ്പടയ്ക്കുകയാണ് ഒരു വിഭാഗം പത്രങ്ങളും ചാനലുകളും.

വരുന്നൂ, വീണ്ടും മന്ത്രി ശശീന്ദ്രന്‍
കേരളത്തിലെ എന്‍സിപി എന്ന പാര്‍ട്ടിക്കും അതിന്റെ നേതാവ് രാജിവച്ച മുന്‍മന്ത്രി എ.കെ. ശശീന്ദ്രനും ആശ്വാസം. ശശീന്ദ്രനെ ‘ഫോണ്‍ കെണി’കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു. മന്ത്രിയായ ശശീന്ദ്രനെ രാജിവയ്പിച്ച സംഭവത്തിലെ നായികയായ മംഗളം ചാനലിന്റെ മുന്‍ലേഖിക, അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. തനിക്ക് തോന്നിയതാണ്, ശശീന്ദ്രന്‍ തന്നോട് മോശമായി സംസാരിച്ചിട്ടില്ല, അന്ന് അങ്ങനെ പറഞ്ഞത് തന്റെ ഓര്‍മപ്പിശകുമൂലമാണ്, അതുകൊണ്ട് പരാതി പിന്‍വലിക്കുന്നു എന്നൊക്കെയാണ് ശ്രീമതി ഇപ്പോള്‍ പറയുന്നത്. ഇതോടെ മന്ത്രിയാകാനുള്ള കടമ്പ ശശീന്ദ്രന്‍ ചാടി കടന്നിരിക്കുകയാണ്.
ഏതായാലും ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയായി നമ്മെ ഭരിക്കാന്‍ എത്തും. ശുഭാശംസകള്‍. അപ്പോഴും, ജനം മനസ്സില്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ ബാക്കിയാണ്: ലേഖികയ്ക്കുണ്ടായ മനംമാറ്റത്തിനു പിന്നില്‍ എത്ര ലക്ഷങ്ങള്‍ മറിഞ്ഞിട്ടുണ്ടാകും? മറ്റൊന്ന്, കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയാല്‍, സംഭവിച്ചതായി ലേഖികയും ചാനലും എണ്ണിയെണ്ണി പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലാതാവുമോ? അങ്ങനെയൊന്നും നടന്നിട്ടില്ലെങ്കില്‍ ഇതുവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനും ആ ശ്രീമതിക്കെതിരെ കേസെടുക്കേണ്ടേ?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>