ആവശ്യമുണ്ട്; ഒഴിഞ്ഞ കല്‍ഭരണികള്‍

By on February 1, 2018
010-迦拿娶亲的宴席-主耶稣使水变酒-20151220

ആവശ്യമുണ്ട്; ഒഴിഞ്ഞ കല്‍ഭരണികള്‍

അവന് എന്നും ആവശ്യം ഒഴിഞ്ഞ കല്‍ഭരണികളെ ആയിരുന്നു. കാനായിലെ കല്യാണ വിരുന്നിലും അവന്‍ പരതിയത് ഒഴിഞ്ഞ കല്‍ഭരണികളെയാണ്. കഴിവുകളുടെ നിറവില്‍ എത്തി നോക്കാന്‍ കഴിവുകേടുകളുടെ പാരമ്യത്തിലാണ് ദൈവം തന്റെ ശക്തി പ്രകടമാക്കുന്നത്. മാനുഷിക ദൃഷ്ടിയില്‍ ശ്രദ്ധിക്കപെടാത്തതും കഴിവില്ലാത്തതും കുറവുകള്‍ ഉളളതുമായ വ്യക്തികളെയാണ് ദൈവം തന്റെ ശക്തി പ്രകടിപ്പിക്കുന്നതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുളളത് എന്ന് വി.ഗ്രന്ഥം വായിക്കുമ്പോള്‍ നമ്മെ അതിശയിപ്പിക്കുന്ന ഒരു വസ്തുതയാണ്.
നിറഞ്ഞു തുളുമ്പുന്ന വീഞ്ഞിനെ ഒഴിഞ്ഞ കല്‍ഭരണികളില്‍ മുന്‍ കാലടി കാണുന്നവനാണ് നമ്മുടെ ദൈവം. ധാരാളം മക്കളുളളവനോട് നീ വലിയ ജനതയുടെ പിതാവാകും എന്നു പറയുന്നതില്‍ ഔചിത്യബോധമുണ്ട്. എന്നാല്‍ മക്കള്‍ ഇല്ലാത്തവനോട് നീ വലിയ ജനതയുടെ പിതാവാകുമെന്നും നിന്റെ സന്തതിയിലൂടെ ഭൂമുഖത്തുളള എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടുമെന്നും പറയാന്‍ ദൈവത്തിനു മാത്രമേ കഴിയു. അബ്രാഹത്തിന്റെ ജീവിതത്തിലേക്കു ദൈവം ഇറങ്ങി വന്നത് അവന്റെ കുറവുകളിലൂടെയാണ്. തന്റെ കുറവുകളില്‍ ഇടപെടാന്‍ ദൈവത്തിനു കഴിയുമെന്ന് അബ്രാഹം വിശ്വസിച്ചു. അവന്റെ വിശ്വാസം അവനു നീതിയായ് പരിഗണിക്കപ്പെട്ടു.
സംഭാഷണപാടവമുളളവനില്‍ പ്രസംഗകനേയും പ്രവാചകനേയും കാണുവാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ വിക്കനായ മനുഷ്യനില്‍ ശക്തനായ പ്രവാചകനെ കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയു. സംഭാഷണപാടവമില്ലെന്നു പറഞ്ഞ് ദൈവത്തിന്റെ മുമ്പില്‍ വിതുമ്പിയ മോശയെ ഇസ്രായേലിന്റെ ചരിത്രം വിശേഷിപ്പിക്കുന്നത് പ്രവാചകന്മാരുടെ ഗണത്തിലെ ഏറ്റവും ശക്തനായ പ്രവാചകനായാണ്. ഒഴിഞ്ഞ കല്‍ഭരണികളില്‍ അത്ഭുതം പ്രവര്‍ത്തിക്കുന്നവനാണ് ദൈവമെന്ന് മോശയുടെ ജീവചരിത്രം നമ്മോടു വിളിച്ചു പറയുന്നുണ്ട്.
ന്യായാധിപന്മാരുടെ ചരിത്രത്തില്‍ ഗിദയോന്റെ ജീവിതം ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകള്‍ വിളിച്ചോതുന്നുണ്ട്. ഭീരുവും ആത്മവിശ്വാസം തീരെ ഇല്ലാത്തവനുമായ ഗിദയോനെയാണ് മിദിയാന്‍കാരെ പരാജയപ്പെടുത്താന്‍ ദൈവം തെരഞ്ഞെടുത്തത്.
ശത്രുക്കള്‍ക്കെതിരെ പൊരുതാന്‍ ഇറങ്ങിയപ്പോള്‍ ഗിദയോനു സഹായികളായി ദൈവം നല്‍കുന്നതും ഭീരുക്കളും ദുര്‍ബലരുമായ ആളുകളെയാണ്.
ജെസെയുടെ ഭവനത്തില്‍ സാമുവല്‍ പ്രവാചകന്‍ വിരുന്നിനെത്തിയത് ഇസ്രായേലിന്റെ പുതിയ രാജാവിനെ കണ്ടെത്താനാണ്. ആരോഗ്യവും ആകാരഭംഗിയുമുളള തന്റെ മക്കളെ സാമുവല്‍ പ്രവാചകനു മുമ്പില്‍ ജെസെ അണിനിരത്തി. ദൈവത്തിന്റെ ആത്മാവ് അവിടെയും തിരഞ്ഞത് ഒഴിഞ്ഞ കല്‍ഭരണിയെയാണ്. കണ്ടെത്താതെ വന്നപ്പോള്‍ സാമുവല്‍ പ്രവാചകന്‍ ജെസെയോട് ചോദിച്ചു. ‘നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ?’ അപ്പോഴാണ് ജെസെ ഇളയ മകനായ ദാവീദിനെ വിളിച്ചത്. ജ്യേഷ്ഠന്മാരുടെ അത്രയും ഉയരമോ ആരോഗ്യമോ യുദ്ധനിപുണതയോ ഇല്ലാതിരുന്ന അവനെ ജെസെ ആടുകളെ മേയ്ക്കാന്‍ വിട്ടിരിക്കുകയായിരുന്നു. ദാവീദില്‍ ഒഴിഞ്ഞ കല്‍ഭരണിയെ ദൈവം കണ്ടെത്തി. സാമുവല്‍ പ്രവാചകന്‍ സഹോദരന്മാരുടെ മുമ്പില്‍ വച്ച് ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു.
ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചിരിക്കുന്നു എന്നു ദൈവം പറഞ്ഞപ്പോള്‍ ജറമിയായുടെ മറുപടി ഞാന്‍ സംസാരപാടവമില്ലാത്ത ഒരു കേവലം ബാലനാണ് എന്നതായിരുന്നു. കര്‍ത്താവ് ജറെമിയായില്‍ വിനയമുളളതായി കണ്ടതു ഞാന്‍ ഒന്നുമല്ല എന്ന മനോഭാവം തന്നെയായിരുന്നു. ഒന്നുമില്ലായ്മയിലാണല്ലോ ദൈവം തന്റെ ശക്തി പ്രകടമാക്കുന്നത്. സംസാരപാടവമില്ലാത്ത ഒരു ബാലന്റെ നാവില്‍ വചനത്തെ നിക്ഷേപിച്ചുകൊണ്ട് പിഴുതെറിയുവാനും ഇടിച്ചു തകര്‍ക്കുവാനും നശിപ്പിക്കുവാനും തകിടം മറിക്കുവാനും പണിതുയര്‍ത്തുവാനും നട്ടുവളര്‍ത്താനുമുളള ഉത്തരവാദിത്തം അവനെ ഏല്‍പിച്ചു.
സഭ വളരുവാന്‍ പോകുന്നത് ഇവരിലൂടെയാണെന്ന് അപ്പസ്‌തോലന്മാരെ തെരഞ്ഞെടുക്കുന്നവേളയില്‍ യേശുവിന് അറിയാമായിരുന്നു നേതൃത്വപാടവവും സംഘാടക മികവും പ്രസംഗ ചാതുര്യവും ഉളളവരെ യേശുവിന് വേണമെങ്കില്‍ അപ്പസ്‌തോലന്മാരായി തെരഞ്ഞെടുക്കാമായിരുന്നു. പക്ഷെ അവിടെയും അവന്‍ തിരഞ്ഞത് ഒഴിഞ്ഞ കല്‍ഭരണികളെയാണ്. കാരണം ഒഴിഞ്ഞ കല്‍ഭരണിയിലെ ശൂന്യതയിലാണ് ദൈവം തന്റെ ശക്തി പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്. പൗലോസ് ശ്ലീഹായോട് ഈശോ പറഞ്ഞു, ‘ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്’ (2 കൊറിന്തോസ് 12/9). മനുഷ്യന്റെ കുറവുകളിലും ബലഹീനതകളിലും വെളിപ്പെടുന്ന ദൈവശക്തിയെ തിരിച്ചറിഞ്ഞതുകൊണ്ടാണ് പൗലോസ് ശ്ലീഹ പറഞ്ഞത്. ‘ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത് (2 കൊറിന്തോസ് 12/10).
വീഞ്ഞു തീര്‍ന്നു പോയ ഒരു സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. പുതുവീഞ്ഞായ പരിശുദ്ധാത്മാവിന്റെ സമൃധി ഒരുക്കുവാന്‍ ഈശോ ഇന്ന് അന്വേഷിക്കുന്നത് ഒഴിഞ്ഞ കല്‍ഭരണികളെയാണ്. ഗലീലിയിലെ കാനായില്‍ ചെയ്ത അത്ഭുതത്തിനുശേഷം അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു എന്ന് വചനം രേഖപ്പെടുത്തിയതുപോലെ അനേകം ദൈവമക്കളില്‍ വിശ്വാസം ആളികത്തിക്കുവാന്‍ ദൈവത്തിനു ഒഴിഞ്ഞ കല്‍ഭരണികള്‍ വേണം. അഹംഭാവത്തിന്റേയും, സ്വാര്‍ഥതയുടേയും മാലിന്യങ്ങളില്ലാത്ത ഒഴിഞ്ഞ കല്‍ഭരണികളെയാണ് ദൈവം തിരയുന്നത്. നിന്റെ ജീവിതത്തെ കര്‍ത്താവിനു മുമ്പില്‍ ഒഴിഞ്ഞ കല്‍ഭരണിയില്‍ സമര്‍പ്പിക്കുക. അതില്‍ അവിടുന്ന് നിറക്കുന്ന പുതുവീഞ്ഞ് അനേകരെ വിശ്വാസത്തിലേക്കു നയിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>